കായംകുളം: സമൂഹത്തെ ഒന്നാകെ നശിപ്പിക്കുന്ന ലഹരിയെ ചെറുത്തുനിർത്താൻ ഓരോരുത്തരും തയാറാകണമെന്ന് ഷാഫി പറമ്പിൽ എംപി. വിദ്യാഭ്യാസ കലാ-കായിക രംഗത്തെ മികച്ച പ്രതിഭകൾക്കായി മന്ത്രി എം. ലിജു ഏർപ്പെടുത്തിയ മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മക്കളാൽ കൊല്ലപ്പെടുന്ന അച്ഛനമ്മമാരുടെ വാർത്തകളാണ് നാം കേൾക്കുന്നത്. നമ്മുടെ ബോധം നശിപ്പിക്കുന്ന വസ്തുക്കളെയും ആളുകളെയും ചെറുക്കാൻ നമ്മൾ തയാറാവണം. വലിയൊരു പോരാട്ടത്തിന്റെ ഭാഗമാവാൻ വിദ്യാർഥികൾകൂടി അണിനിരക്കേണ്ട കാലമാണിതെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.
സൗഹാർദത്തോടെ ജീവിക്കാൻ മനുഷ്യന് കഴിഞ്ഞില്ലെങ്കിൽ ശാസ്ത്രവും സാങ്കേതികവിദ്യയും കൊണ്ട് കാര്യമില്ലെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ പറഞ്ഞു. ആലപ്പുഴ എസ്ഡി കോളജ് അസോസിയേറ്റ് പ്രഫ.ഡോ. സജിത്ത് ഏവൂരേത്ത് മുഖ്യാതിഥിയായി. പരിസ്ഥിതി സംരക്ഷക പത്മശ്രീ ജി. ദേവകിയമ്മയെ ചടങ്ങിൽ ആദരിച്ചു.
കായംകുളം നിയോജകമണ്ഡലത്തിൽനിന്ന് എസ്എസ്എൽ സി, ഹയർ സെക്കൻഡറി, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയവർക്കും ഉന്നത ബിരുദം നേടിയവർക്കും കലാ-കായികരംഗത്തെ മികച്ച പ്രതിഭകൾക്കുമായാണ്അവാർഡ് ഏർപ്പെടുത്തിയത്.