Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Current But Survived.

Kannur

ത​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട രാ​ജേ​ഷി​നാ​യി പ്രാ​ർ​ഥ​ന​യോ​ടെ ബെ​ന്നി​യും കു​ടും​ബ​വും

ചെ​റു​പു​ഴ: ഉ​രു​ൾ​പൊ​ട്ടി പു​ഴ​യി​ൽ വെ​ള്ള​മു​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മീ​ന്തു​ള്ളി തു​രു​ത്തി​ൽ​നി​ന്നു ത​ന്‍റെ ജീ​വ​ൻ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽപ്പെ​ട്ട് കാ​ണാ​താ​യ രാ​ജേ​ഷി​നാ​യി ക​ണ്ണീ​രോ​ടെ പ്രാ​ർ​ഥ​ന​യി​ൽ ക​ഴി​യു​ക​യാ​ണ് കോ​ലു​വ​ള്ളി​യി​ലെ ശ​ബ​നി​യി​ൽ ബെ​ന്നി. ക​ഴു​ത്തൊ​പ്പം വെ​ള്ള​ത്തി​ൽ നി​സ​ഹാ​യ​നാ​യി നി​ന്നി​രു​ന്ന ബെ​ന്നി​യെ ര​ക്ഷി​ച്ച ശേ​ഷ​മാ​ണ് രാ​ജേ​ഷി​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ​ത്.

കോ​ലു​വ​ള്ളി നോ​ർ​ത്തി​ലെ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ത്തി​യ​താ​യി​രു​ന്നു ബെ​ന്നി. രാ​വി​ലെ 11.30 ഓ​ടെ ക​ർ​ണാ​ട​ക വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി വെ​ള്ളം കാ​ര്യ​ങ്കോ​ടു​പു​ഴ​യി​ലും ബെ​ന്നി​യു​ടെ കൃ​ഷി​യി​ട​ത്തി​ലും കു​ത്തി​യൊ​ലി​ച്ചെ​ത്തി. പി​ന്നീ​ട് വെ​ള്ളം കു​റ​ഞ്ഞ​പ്പോ​ൾ ഷെ​ഡി​ൽ​നി​ന്നും മോ​ട്ട​റും കാ​ടു​വെ​ട്ടു​ന്ന മെ​ഷീ​നും മ​റ്റും മാ​റ്റി​വ​യ്ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ പൊ​ടു​ന്ന​നെ വീ​ണ്ടും വെ​ള്ളം ഉ​യ​ർ​ന്നു. ഉ​ട​നെ പ​ഞ്ചാ​യ​ത്തം​ഗം റോ​ഷി ജോ​സി​നെ വി​ളി​ച്ച് താ​ൻ ഒ​റ്റ​പ്പെ​ട്ടു​പോ​യ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പേ​ടി​ക്കേ​ണ്ട ഉ​ട​ൻ സ​ഹാ​യ​മെ​ത്തു​മെ​ന്നു മ​റു​പ​ടി​യും കി​ട്ടി.

ഇ​തി​നു പി​ന്നാ​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ക​ഴു​ത്തൊ​പ്പം വെ​ള്ള​ത്തി​ലാ​യ ബെ​ന്നി​യു​ടെ മൊ​ബൈ​ലും വെ​ള്ള​ത്തി​ൽ ന​ഷ്ട​പ്പെ​ട്ടു. ഒ​രു മ​ര​ത്തി​ൽ പി​ടി​ച്ച് സ​ഹാ​യം കാ​ത്തു​നി​ന്ന ബെ​ന്നി​യു​ടെ അ​ടു​ത്തേ​ക്ക് മീ​ന്തു​ള്ളി വാ​ട്ട​ർ ഫാ​ൾ​സി​ലെ റെ​പ്പ​ല്ലിം​ഗ് ഇ​ൻ​സ്ട്ര​ക്ട​റാ​യ രാ​ജേ​ഷും സു​ഹൃ​ത്തു​ക്ക​ളാ​യ ഷി​ബി​നും റാ​ഫ്റ്റ​ർ ജി​തി​നും ക​ര​ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന പു​ഴ​യി​ൽ റാ​ഫ്റ്റി​ൽ തു​ഴ​ഞ്ഞെ​ത്തു​ക​യാ​യി​രു​ന്നു. റാ​ഫ്റ്റി​ൽ എ​ത്തി​യ രാ​ജേ​ഷും സു​ഹൃ​ത്തു​ക്ക​ളും എ​ത്തി ക​യ​ർ എ​റി​ഞ്ഞു​ന​ൽ​കി. ഇ​ത് ഒ​രു തെ​ങ്ങി​ൽ കെ​ട്ടി ക​യ​റി​ൽ പി​ടി​ച്ച് ബെ​ന്നി മു​ന്നി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പി​ന്നി​ലു​മാ​യി പു​ഴ ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഏ​റ്റ​വും പി​ന്നി​ലാ​യു​ണ്ടാ​യി​രു​ന്ന രാ​ജേ​ഷ് ക​യ​റി​ൽ​നി​ന്നു​ള്ള പി​ടി​വി​ട്ട് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​തെ​ന്ന് ബെ​ന്നി ഞെ​ട്ട​ലോ​ടെ ഓ​ർ​ക്കു​ന്നു.

രാ​ജേ​ഷ് ത​ന്‍റെ ലൈ​ഫ് ജാ​ക്ക​റ്റും ബെ​ന്നി​ക്ക് ന​ൽ​കി​യി​രു​ന്നു. ലൈ​ഫ് ജാ​ക്ക​റ്റി​ന്‍റെ അ​ഭാ​വ​ത്തി​ൽ രാ​ജേ​ഷ് നീ​ന്താ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മു​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. റോ​പ്പ് ക്ലൈം​ബിം​ഗി​ൽ നി​ര​വ​ധി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ വ്യ​ക്തി​യാ​ണ് രാ​ജേ​ഷ്. അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സം​രം​ഭ​ക​ർ​ക്ക് ക്ലാ​സ് എ​ടു​ക്കു​ന്ന രാ​ജേ​ഷ് നീ​ന്ത​ലി​ലും വി​ദ​ഗ്ദ​നാ​യി​രു​ന്നു. വെ​ള്ള​ത്തി​ൽ ത​ണു​ത്ത് ശ​രീ​രം കോ​ച്ചി​പ്പി​ടി​ച്ച​താ​കാം നീ​ന്താ​ൻ ക​ഴി​യാ​ത്ത​തി​ന് കാ​ര​ണ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. രാ​ജേ​ഷി​ന്‍റെ തി​രി​ച്ചു വ​ര​വി​നാ​യി പ്രാ​ർ​ഥ​ന​യോ​ടെ ക​ഴി​യു​ക​യാ​ണ് ബെ​ന്നി​യും ഭാ​ര്യ ആ​ൻ​സി​യും അ​ട​ങ്ങു​ന്ന കു​ടും​ബം.

Latest News

Corehub Up