Kerala
കൊച്ചി: ഭൂട്ടാനില്നിന്നുള്ള അനധികൃത ആഡംബര കാര് കടത്ത് കേസിലെ മുഖ്യസൂത്രധാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബംഗാൾ ജൽപായ്ഗുഡി സ്വദേശി ബിസ്വദീപ് ദാസാണ് പിടിയിലായത്. ഒരു ഐടി കമ്പനിയിൽ സീനിയർ എൻജിനിയറാണ് ബിശ്വദീപ് ദാസ്.
ഭൂട്ടാൻ അത്തിർത്തിയിൽനിന്നാണ് ഇയാൾ പിടിയിലായതെന്ന് അധികൃതർ പറഞ്ഞു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ ഓപ്പറേഷൻ നുംഖോറിലൂടെയാണ് തട്ടിപ്പിന്റെ മുഖ്യകണ്ണിയെ കുടുക്കിയത്. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് 15 ആഡംബര കാറുകൾ അധികൃതർ പിടിച്ചെടുത്തിരുന്നു.
ബിശ്വദീപ് ദാസിനെ കൂടാതെ നാല് അസം സ്വദേശികളും പിടിയിലായി. ദീപക് പട്ടോവാരി (57), അയൂബ് അലി (35), മുസ്തഫ അഹമ്മദ് (35), ജലാൽ മണ്ഡാൽ (31) എന്നിവരാണ് അറസ്റ്റിലായത്. അസം പോലീസിന്റെ അന്വേഷണത്തിൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഇവർ 460 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കഴിഞ്ഞ വർഷം സിനിമാതാരങ്ങളുടെയടക്കം 36 വാഹനങ്ങൾ പിടിച്ചെടുത്തിരുന്നു. അന്താരാഷ്ട്ര തലത്തിലേക്ക് കേസ് വ്യാപിച്ചതോടെ ഭൂട്ടാൻ റോയൽ കസ്റ്റംസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത പിടിയിൽ. ടോംഗോ സ്വദേശി ലത്തിഫാറ്റു ഔറോയാണ് അറസ്റ്റിലായത്.
നാല് കിലോ മെത്താക്യുലോൺ ആണ് പിടികൂടിയത്. ദോഹയിൽ നിന്നാണ് പ്രതി കൊച്ചിയിൽ എത്തിയത്. കൊച്ചിയിൽ എത്തി ഇവിടെ നിന്ന് ഡൽഹിയിലേയ്ക്ക് പോകാൻ ടെർമിനലിൽ ഇരിക്കുമ്പോഴാണ് പിടിയിലായത്.
സിയാൽ അധികൃതർ പരിശോധിച്ചപ്പോൾ സംശയം തോന്നി കസ്റ്റംസിന് ബാഗ് കൈമാറി. വിപണിയിൽ രണ്ട് കോടിയിലേറെ വില വരുന്ന രാസലഹരിയാണ് പിടികൂടിയത്.
വിദേശ വനിതയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. നേരത്തെയും ഇവർ ഡൽഹിയിലേയ്ക്ക് രാസലഹരി കടത്തിയിരുന്നുവെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചതായി കസ്റ്റംസ് പറയുന്നു. ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.
Kerala
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിപണിയിൽ 4.3 കോടി രൂപ വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി ഫുക്കറ്റിൽനിന്ന് എത്തിയ കോഴിക്കോട് സ്വദേശികളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
പുതുവർഷ ആഘോഷങ്ങൾ വരാനിരിക്കെ കസ്റ്റംസ് പരിശോധന ശക്തമാക്കിയതോടെയാണ് ഇവർ പിടിയിലായത്. വെളുപ്പിന് 1.20ന് എത്തിയ എയർ ഏഷ്യ വിമാനത്തിലുണ്ടായിരുന്ന ഷാനവാസ്, അബ്ദുൽ നാസർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരെ ലഭിച്ചതിനെ തുടർന്ന് കസ്റ്റംസ് പരിശോധന നടത്തുകയായിരുന്നു.
Kerala
കൊച്ചി: കസ്റ്റംസ് പിടിച്ചെടുത്ത നടൻ അമിത് ചക്കാലക്കലിന്റെ ഒരു വാഹനം വിട്ടു നൽകി. മധ്യപ്രദേശ് രജിസ്ട്രേഷനിലുള്ള ലാന്ഡ്ക്രൂയിസര് വാഹനമാണ് വിട്ടു നൽകിയത്.
അമിതിന്റെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെ തീരുമാനം. ബോണ്ടിന്റെയും 20ശതമാനം ബാങ്ക് ഗ്യാരണ്ടിയുടെയും അടിസ്ഥാനത്തിലാണ് നടപടി.
വാഹനം ഉപയോഗിക്കരുത്, കേരളത്തിന് പുറത്തുകൊണ്ട് പോകരുത് തുടങ്ങി വ്യവസ്ഥകളോടെയാണ് വിട്ടു നൽകിയത്. ഓപ്പറേഷൻ നുംഖോറില് നടൻ അമിത് ചക്കാലക്കൽ നേരത്തെ പലതവണ കസ്റ്റംസിന് മുന്നിൽ ഹാജരായി രേഖകൾ ഹാജരാക്കായിരുന്നു.
Kerala
കോഴിക്കോട്: ഭൂട്ടാനില്നിന്നു സൈനികവാഹനങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തിയ കേസില് ഭൂരിഭാഗം വാഹനങ്ങളും കേരളത്തില് ‘അപ്രത്യക്ഷമായതായി’ കസ്റ്റംസ്.
വാഹനങ്ങള് കെവശമുള്ളവര് അത് ഒളിപ്പിക്കുകയോ കേരളത്തിനു പുറത്തേക്കു മാറ്റുകയോ ചെയ്തുവെന്നാണ് ഉദ്യോഗസ്ഥര് പറയുന്നത്. ഈ സാഹചര്യത്തില് സംസ്ഥാന മോട്ടോര് വാഹന വകുപ്പുമായി സഹകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണു തീരുമാനം.
140ലധികം ഭൂട്ടാന് വാഹനങ്ങള് സംസ്ഥാനത്തുനിന്ന് ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഉദ്യോഗസ്ഥര് പറയുന്നത്.
കസ്റ്റംസിന്റെ ഓപ്പറേഷൻ നുമ്ഖോർ പരിശോധനയിലാണ് സമീപകാലത്തു ഭൂട്ടാനുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കിയത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ ഭൂട്ടാനിൽനിന്നു കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കഴിഞ്ഞ ദിവസം ഒരു ആഡംബര കാർകൂടി കസ്റ്റംസ് പ്രിവന്റിവ് വിഭാഗം കസ്റ്റഡിയിലെടുത്തിരുന്നു. കോഴിക്കോട് മുക്കത്തുനിന്നാണു വാഹനം പിടികൂടിയത്. ഇതുൾപ്പെടെ നാല്പതോളം വാഹനങ്ങളാണു സംസ്ഥാനത്തുടനീളം ഇതുവരെ പിടിച്ചെടുത്തത്.
അതേസമയം, ഇരുനൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇവ കണ്ടെത്താൻ മോട്ടർ വാഹനവകുപ്പടക്കം മറ്റ് ഏജൻസികളുടെ സഹായവും കസ്റ്റംസ് തേടിയിട്ടുണ്ട്. മോട്ടോര് വാഹന വകുപ്പിന്റെ കാമറകളുള്പ്പെടെ പരിശോധിക്കുന്നുണ്ട്. എന്നാല്, ഇക്കാര്യത്തില് പരിമിതികളുണ്ടെന്ന് മോട്ടോര് വാഹനവകുപ്പ് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്.
Kerala
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ആറര കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവിനെ പിടികൂടി. വയനാട് സ്വദേശി അബ്ദുൽ സമദ് ആണ് പിടിയിലായത്.
ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാളെ കസ്റ്റംസ് പിടികൂടിയത്. ഇന്ന് പുലര്ച്ചെയാണ് ഇയാള് ബാങ്കോക്കിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയത്.
വിമാനത്താവളത്തിൽ നിന്ന് യുവാവ് പുറത്തിറങ്ങിയ ഉടനെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര് പരിശോധന നടത്തുകയായിരുന്നു. സമദിന്റെ കൈയിലുണ്ടായിരുന്ന പെട്ടി പരിശോധിച്ചപ്പോഴാണ് വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തത്.
ആറര കിലോ കഞ്ചാവാണ് ചെറിയ പാക്കറ്റുകളിലാക്കി പെട്ടിയിൽ ഒളിപ്പിച്ചിരുന്നത്. ആറരകിലോ ഹൈബ്രിഡ് കഞ്ചാവിന് ആറര കോടിയോളം രൂപ വിലവരുമെന്നാണ് കസ്റ്റംസ് പറയുന്നത്.
രണ്ടാഴ്ച മുമ്പാണ് ഇയാള് വിദേശത്തേക്ക് പോയത്. ആദ്യം വിയറ്റ്നാമിലേക്കും അവിടെ നിന്നും ബാങ്കോക്കിലേക്കും പോയശേഷമാണ് കൊച്ചിയില് തിരിച്ചെത്തിയത്.
Kerala
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ദുൽഖർ സൽമാന്റെ ലാൻഡ് റോവർ ഡിഫൻഡർ വാഹനം കസ്റ്റംസ് വിട്ടുനൽകും. ബാങ്ക് ഗാരണ്ടിയിലാണ് വാഹനം വിട്ടുനൽകുക. കസ്റ്റംസ് അഡീഷണൽ കമ്മീഷണറുടെയാണ് തീരുമാനം.
ദുൽഖർ സമർപ്പിച്ച രേഖകളും കോടതി നടത്തിയ ചില നിരീക്ഷണങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് കസ്റ്റംസ് വാഹനം വിട്ടു നൽകാൻ തീരുമാനിച്ചത്. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാൽ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിന് പുറത്തേക്ക് വാഹനങ്ങൾ കൊണ്ടുപോവരുത്, ആവശ്യപ്പെടുന്ന സാഹചര്യങ്ങളിൽ വാഹനം ഹാജരാക്കണം എന്നിവയാണ് നിബന്ധനകൾ. പിടിച്ചെടുത്ത ലാൻഡ് റോവർ ഡിഫൻഡർ തിരികെ വേണമെന്ന ദുൽഖറിന്റെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതി കസ്റ്റംസിനോട് നിർദേശിച്ചിരുന്നു.
ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് ദുല്ഖറിന്റെ ഡിഫന്ഡര്, ലാന്ഡ് ക്രൂയിസര്, നിസാന് പട്രോള് വാഹനങ്ങള് പിടിച്ചെടുത്തത്. ഇതില് ഡിഫന്ഡര് വിട്ടുനല്കണം എന്നാവശ്യപ്പെട്ടായിരുന്നു ദുല്ഖര് കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: ഓപ്പറേഷൻ നുംഖോറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനായി ദുൽഖർ സൽമാൻ ഉടൻ കസ്റ്റംസിന് അപേക്ഷ നൽകും. ഹൈക്കോടതി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് നേരത്തെ ദുല്ഖര് സല്മാന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ട കോടതി കസ്റ്റംസ് അഡീഷണർ കമ്മീഷണർ ദുൽഖറിന്റെ ആവശ്യം പരിഗണിക്കണമെന്ന് ഇടക്കാല ഉത്തരവിട്ടു.
വാഹനം വിട്ടു നൽകാൻ സാധിക്കില്ലെങ്കിൽ കാരണം വ്യക്തമാക്കണമെന്നും കസ്റ്റംസിനോട് നിര്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലാന്ഡ് റോവര് വിട്ടുകിട്ടാൻ ദുല്ഖര് അപേക്ഷ നല്കാന് ഒരുങ്ങുന്നത്.
ദുൽഖറിന്റെ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തെങ്കിലും ഒരു വാഹനം മാത്രം വിട്ട് നൽകാൻ ആവശ്യപ്പെട്ടാണ് നടൻ കോടതിയെ സമീപിച്ചത്. അതേസമയം ഭൂട്ടാനില് നിന്ന് കടത്തി ഇന്ത്യയിലെത്തിച്ച കൂടുതല് വാഹനങ്ങള് പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് കസ്റ്റംസ്.
Kerala
കൊച്ചി: "ഓപ്പറേഷന് നുംഖോറു'മായി ബന്ധപ്പെട്ട് കേരളത്തിലേക്ക് എത്തിച്ച ആഡംബര വാഹനങ്ങള് കണ്ടെത്താനാകാതെ കസ്റ്റംസ് സംഘം. സംസ്ഥാനത്തേക്ക് 150 ലേറെ വാഹനങ്ങള് അനധികൃതമായി എത്തിച്ചെന്നാണ് കസ്റ്റംസിന് ലഭിച്ച പ്രാഥമിക വിവരം. എന്നാല് 38 വാഹനങ്ങളെ ഇതുവരെ കണ്ടെത്താന് കഴിഞ്ഞിട്ടുള്ളു.
കടത്തിയ വാഹനങ്ങളിലേറെയും ഒളിപ്പച്ചതായാണ് സംശയം. റെയ്ഡ് വിവരം ചോര്ന്നതായും സംശയിക്കപ്പെടുന്നു. നാലു ദിവസം കഴിഞ്ഞെങ്കിലും നടന് ദുല്ഖര് സല്മാന്റെ വാഹനങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനങ്ങള് കണ്ടെത്താനായി പോലീസിന്റേയും മോട്ടോര് വാഹന വകുപ്പിന്റേയും സഹായം തേടാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്.
അമിത് ചക്കാലക്കല് സംശയനിഴലില്
നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അമിത് വാഹന ഉപഭോക്താവ് മാത്രമല്ല, ഇടനിലക്കാരനുമാണെന്നാണു കസ്റ്റംസ് സംശയിക്കുന്നത്. അനധികൃതമായി ഭൂട്ടാനില്നിന്നെത്തിക്കുന്ന വാഹനങ്ങള് കേരളത്തിലടക്കം വിറ്റഴിക്കുന്ന ഇടനിലസംഘവുമായുള്ള നടന്റെ ഇടപാടുകള് കേന്ദ്രീകരിച്ച് കസ്റ്റംസ് പരിശോധന ആരംഭിച്ചു.
കഴിഞ്ഞദിവസം പിടികൂടിയ വാഹനങ്ങളില് ചിലതു തന്റേതല്ലെന്ന് അമിത് വ്യക്തമാക്കിയിരുന്നു. ഈ വാഹനങ്ങള് കേരളത്തിലെത്തിയതു സംബന്ധിച്ച് കസ്റ്റംസ് നടത്തിയ അന്വേഷണമാണ് ഇപ്പോള് അമിത് ചക്കാലയ്ക്കലില് എത്തിനില്ക്കുന്നത്.
ഇടനിലസംഘം വിറ്റഴിച്ച പല പ്രീമിയം വാഹനങ്ങളുടെ വില്പനയിലും അമിതിന് നേരിട്ടു പങ്കുള്ളതായാണ് കസ്റ്റംസിനു ലഭിച്ചിട്ടുള്ള വിവരം. കോയമ്പത്തൂരിലെ വാഹനക്കച്ചവടസംഘത്തെ അറിയാമെന്ന് അമിത് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ നടനെ വിശദമായി ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് കസ്റ്റംസ്.
Kerala
കൊച്ചി: ഭൂട്ടാനില് നിന്നു നികുതി വെട്ടിച്ച് ഇന്ത്യയില് എത്തിച്ച ആഡംബര കാറുകള് കണ്ടെത്താൻ കസ്റ്റംസ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല് വിവരങ്ങള് പുറത്ത്. നടന് അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് കൂടുതല് അന്വേഷണത്തിന് കസ്റ്റംസ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി താരത്തെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് വിളിച്ചുവരുത്തിയേക്കും.
വാഹനയിടപാടുകളിലെ മുഖ്യ ഇടനിലക്കാരില് ഒരാളാണ് അമിത് എന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. കോയമ്പത്തൂരിലെ വാഹനമാഫിയയുമായി താരത്തിന് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അതേസമയം, സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ച് കൊടുക്കാന് ഇടനിലക്കാരനായി താന് നിന്നിട്ടില്ലെന്ന് അമിത് ചക്കാലയ്ക്കൽ മാധ്യമങ്ങളോട് പ്രതികരിച്ചു. സുഹൃത്തുക്കളായ സെലിബ്രിറ്റികൾ മിക്കവരും വാഹനങ്ങൾ എടുക്കുമ്പോൾ തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നാല് നിലവില് ദുല്ഖറുമായും പ്രൃഥ്വിരാജുമായും ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന കാര്യങ്ങളില് തനിക്ക് ബന്ധമില്ലെന്നും ആ വാഹനങ്ങൾ കണ്ടിട്ടില്ലെന്നും അമിത് പറഞ്ഞു.
തന്റെ ഗരേജില് ഒന്നിലധികം വണ്ടികളുണ്ട്. ഈ വണ്ടികൾക്ക് വേണ്ട പാര്ട്സ് ശരിയാക്കുന്നതുൾപ്പെടെയുള്ള പണികൾ നടത്താറുണ്ട്. കൊയമ്പത്തൂര് സംഘത്തില് നിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ആ സംഘം ആദ്യം വണ്ടിക്കച്ചവടം അല്ല നടത്തിയിരുന്നത്. വാഹനങ്ങളുടെ പാര്ട്സ് വില്ക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: ഭൂട്ടാനില്നിന്ന് നികുതി വെട്ടിച്ച് രാജ്യത്തെത്തിച്ച ആഡംബര കാറുകള് കണ്ടെത്തുന്നതിനായി കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന "ഓപ്പറേഷന് നുംഖോര്' പരിശോധനയുമായി ബന്ധപ്പെട്ട വാർത്തകളിൽ പ്രതികരണവുമായി നടന് അമിത് ചക്കാലയ്ക്കല്.
തന്റെ പക്കൽനിന്ന് ആറു വാഹനങ്ങൾ പിടിച്ചെടുത്തു എന്നത് തെറ്റാണെന്നും ഒരു കാർ മാത്രം ആണ് തന്റെ ഉടമസ്ഥതയിൽ ഉള്ളതെന്നും അമിത് പറഞ്ഞു. അഞ്ച് വര്ഷമായി സ്വകാര്യ വാഹനമായി ഉപയോഗിച്ചുകൊണ്ടിരുന്ന വണ്ടിയാണ് ഉദ്യോഗസ്ഥര് കൊണ്ടുപോയതെന്നും എല്ലാ രേഖകളും കൈവശമുണ്ടെന്നും താരം മാധ്യമങ്ങളോടു പറഞ്ഞു.
കസ്റ്റംസിന്റെ മൊഴിയെടുപ്പ് രാത്രി തന്നെ പൂര്ത്തിയായിരുന്നു. താന് സമര്പ്പിച്ച രേഖകളെല്ലാം പരിശോധിച്ചു. വണ്ടി പത്തു ദിവസത്തിനുള്ളിൽ വിട്ടുനൽകും എന്ന് കസ്റ്റംസ് അറിയിച്ചുവെന്നും അമിത് കൂട്ടിച്ചേർത്തു.
പോസിറ്റീവ് ആയാണ് ആര്ടിഒ റിപ്പോര്ട്ട് കൊടുത്തത്. കഴിഞ്ഞ ഒന്ന്, രണ്ട് വര്ഷത്തിനിടയില് ഭൂട്ടാനില് നിന്ന് വന്ന വണ്ടികളില് ഉള്പ്പെട്ടതാണോ എന്നാണ് അവര്ക്ക് അറിയേണ്ടിയിരുന്നത്. ഞാന് നുണ പറയുന്നതല്ല എന്നത് അവര്ക്ക് പരിശോധിച്ച് ഉറപ്പിക്കണമായിരുന്നുവെന്നും അമിത് ചക്കാലയ്ക്കല് പറയുന്നു.
Kerala
കൊച്ചി: കസ്റ്റംസിന്റെ ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര് വാഹനമാണ് സംഘം പിടിച്ചെടുത്തത്. ഇതിന് പുറമെ, കൂടുതല് വാഹനങ്ങള് ഉണ്ടെങ്കില് ഹാജരാക്കണമെന്ന് അറിയിച്ച് സമന്സും നല്കി.
കൊച്ചിയിൽ നിന്ന് രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തത്. അതിലൊന്ന് ദുൽഖറിന്റേതാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഏഴിടങ്ങളിൽ നിന്നായി 11 വാഹനങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങള് കരിപ്പൂര് വിമാനത്താവളത്തിലുള്ള കസ്റ്റംസ് ഓഫീസില് എത്തിക്കുമെന്നാണ് റിപ്പോര്ട്ട്.
ഭൂട്ടാനില് നിന്നുള്ള ആഡംബര കാറുകള് നികുതി വെട്ടിച്ച് ഇന്ത്യയില് എത്തിയെന്ന ഇന്റലിജന്സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് പരിശോധന നടത്തിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാല് ഷോറൂമുകളിലും മൂന്ന് വീടുകളിലുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര് പരിശോധന നടത്തിയത്. ഓപ്പറേഷന് സംബന്ധിച്ച് വിവരങ്ങള് നല്കുന്നതിനായി കസ്റ്റംസ് കമ്മീഷണര് വൈകുന്നേരം മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.
വില കൂടിയ ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നൂംഖോർ. ഇത്തരത്തിൽ വാഹനങ്ങൾ കൈപ്പറ്റിയ ഉപഭോക്താക്കളെ തേടിയാണ് ഇന്ന് പരിശോധന നടത്തുന്നത്. നൂംഖോർ എന്നാൽ ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നാണ് അർഥം.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയിൽ തേവരയിലെ പൃഥ്വിരാജിന്റെ ഫ്ലാറ്റിലും പനമ്പള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിലും പരിശോധന നടന്നു. കേരളത്തിലെ പ്രമുഖരായ വ്യവസായികളുടെ വീടുകളിലും കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.
റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസും കേസ് അന്വേഷിക്കുന്നത്.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നു. ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത വാഹനം പിന്നീട് ഹിമാചൽ പ്രദേശിലെത്തിക്കുന്നു. അവിടെ നിന്നുമാണ് കേരളത്തിലേക്ക് എത്തുന്നത്.
ഹിമാചൽ പ്രദേശിലെ എച്ച്പി–52 റജിസ്ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ എൻഒസി ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വിൽക്കുന്നത്.
കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്ത് ‘കെഎൽ’ നമ്പറുകളാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
District News
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണക്കടത്ത് പിടികൂടി. ഇന്ന് രാവിലെ ദുബായിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയായ യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കടത്താൻ ശ്രമിച്ച ഒരു കിലോയോളം സ്വർണ്ണമാണ് പിടികൂടിയത്. സ്വർണ്ണത്തിന് വിപണിയിൽ ഏകദേശം 60 ലക്ഷം രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണ്ണക്കടത്ത് വർധിക്കുന്ന സാഹചര്യത്തിൽ കസ്റ്റംസ് പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ വലിയ സ്വർണ്ണക്കടത്ത് കേസാണിത്. സംഭവത്തിന് പിന്നിൽ വലിയ റാക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.