വണ്ണപ്പുറം: പട്ടയ ഭൂമിയില്‍ കര്‍ഷകരും ആദിവാസികളും നട്ടു പരിപാലിച്ചു വളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനു വനം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും മരം മുറിക്കാനുള്ള അവകാശം നല്‍കണമെന്നുമാവശ്യപ്പെട്ട് റവന്യു, വനം മന്ത്രിമാര്‍ക്കു വണ്ണപ്പുറം യുഡിഎഫ് മണ്ഡലം കമ്മിറ്റി നിവേദനം നല്കി. പട്ടയ ഭൂമിയില്‍ കര്‍ഷകരും ആദിവാസികളും നട്ടുപിടിപ്പിച്ച് പരിപാലിച്ച മരങ്ങള്‍ വെട്ടാന്‍ വനം വകുപ്പ് അനുവദിക്കുന്നില്ല.
1964, 1993ലെയും ഭൂമി പതിവ് ചട്ടപ്രകാരം പട്ടയം ലഭിച്ച കര്‍ഷകരെയാണു വനം വകുപ്പ് വലയ്ക്കുന്നത്. പട്ടയത്തിലെ ചില നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്റെ അനാവശ്യ നടപടി.
ലാന്‍ഡ് അസൈന്മെന്റ് നിയമങ്ങളിലെ അവ്യക്തതകള്‍ നീക്കി, കര്‍ഷകര്‍ക്ക് തങ്ങളുടെ ഭൂമിയിലെ മരങ്ങളില്‍ പൂര്‍ണ അവകാശം നല്കുന്ന രീതിയില്‍ നിയമഭേദഗതി കൊണ്ടുവരണമെന്നും പട്ടയ ഭൂമിയിലെ മരങ്ങളുടെമേലുള്ള വനം വകുപ്പിന്റെ അനാവശ്യ ഇടപെടലുകളും സങ്കീര്‍ണമായ അനുമതി നടപടികളും ഒഴിവാക്കണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു മൂലം സാധാരണക്കാരായ കര്‍ഷകരും ആദിവാസികളുമാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
തങ്ങള്‍ നട്ടു വളര്‍ത്തിയ മരങ്ങള്‍ ആവശ്യഘട്ടങ്ങളില്‍ മുറിച്ച് വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇത് കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും നിരാശയിലേക്കും തള്ളിവിടുന്നുണ്ട്. നിരവധിതവണ പരാതികള്‍ ഉയര്‍ന്നിട്ടും ഇതിന് ശാശ്വത പരിഹാരം കാണാത്ത പശ്ചാത്തലത്തിലാണ് വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് യുഡിഎഫ് നിവേദനം നല്‍കിയത്. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫിനൊപ്പം യുഡിഎഫ് നേതാക്കളായ ബേബി വട്ടക്കുന്നേല്‍, സണ്ണി കളപ്പുര, പി.എം. ഇല്യാസ്, രാജീവ് ഭാസ്കരന് എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.