അഹമ്മദാബാദ്: അന്താരാഷ്ട്ര സൈബർ അടിമത്ത ശൃംഖലയുടെ തലവനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തതായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘ്വി അറിയിച്ചു. മ്യാൻമറും കംബോഡിയയും കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന തട്ടിപ്പ് ശൃംഖലയ്ക്ക് നേതൃത്വം നൽകിവന്നിരുന്ന നീലേഷ് പുരോഹിതാണു പിടിയിലായത്.
സൈബർ കുറ്റകൃത്യങ്ങൾ നടത്തുന്നതിനായി ഈ ശൃംഖലയ്ക്ക് ഇന്ത്യയിൽനിന്ന് ആളുകളെ എത്തിച്ചുനൽകിയിരുന്നത് ഇയാളാണ്. ‘ദ ഗോസ്റ്റ്’ എന്നും നീലേഷ് അറിയപ്പെട്ടിരുന്നു. ഇയാളുടെ രണ്ട് പ്രധാന കൂട്ടാളികളായ ഹിതേഷ് സോമയ്യ, സോണൽ ഫാൽദു എന്നിവർ അടുത്തിടെ വലയിലായിരുന്നു.
126 സബ് ഏജന്റുമാരെ നീലേഷ് നിയന്ത്രിച്ചിരുന്നു. ഇവരിൽ 30 പേർ പാക്കിസ്ഥാനി ഏജന്റുമാരാണ്. സമൂഹമാധ്യമങ്ങൾ വഴി ഉയർന്ന ശന്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ വശീകരിക്കുകയും പിന്നീട് ഭീഷണിയിലൂടെ ഇവരെ ഉപയോഗിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുകയുമായിരുന്നു സംഘത്തിന്റെ രീതി. ഇവരുടെ പാസ്പോർട്ട് ബലമായി പിടിച്ചെടുത്ത് മ്യാൻമറിലേക്ക് കടത്തുകയാണു ചെയ്തിരുന്നത്.