പാരീസ്: ഫ്രാൻസിലെ ദേശീയ തപാൽ സേവനദാതാക്കളായ ലാ പോസ്റ്റിന്റെ ഡിജിറ്റൽ ഉപകമ്പനിയായ മൈലേവയ്ക്കുനേരേയുണ്ടായ സൈബർ ആക്രമണത്തിൽ 2.2 കോടി പേരുടെ വ്യക്തിവിവരങ്ങൾ ചോർന്നു. രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്നിനെ ബാധിച്ച വിവരചോർച്ച ഫ്രാൻസിലെ ഏറ്റവും വലിയ സൈബർ സുരക്ഷാ വീഴ്ചകളിലൊന്നായാണു വിലയിരുത്തപ്പെടുന്നത്.
ലാ പോസ്റ്റിന്റെ ഡിജിറ്റൽ വിഭാഗമായ ഡോകപോസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന മൈലേവയ്ക്കെതിരേ സെപ്റ്റംബർ മധ്യത്തിലാണ് ആക്രമണമുണ്ടായത്. ഭവനപദ്ധതികളിലെ ഗുണഭോക്താക്കൾ, മെഡിക്കൽ ലബോറട്ടറികൾ, സുറെസ്നിലെ ഫോഷ് ആശുപത്രിയിലെ രോഗികൾ എന്നിവരുടെ വിവരങ്ങളും ചോർന്നവയിൽ ഉൾപ്പെടുന്നു.
പണമടയ്ക്കാനുള്ള ഓർമപ്പെടുത്തൽ കത്തുകളിലെ വിവരങ്ങൾ ഹാക്കർമാർ കൈക്കലാക്കിയതായാണു റിപ്പോർട്ട്. ഇൻവോയ്സ് നമ്പറുകൾ, ചികിത്സാതീയതികൾ, അടയ്ക്കാനുള്ള തുക തുടങ്ങിയവ ഇതിലൂടെ പുറത്തായി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പുരോഗമിക്കുകയാണ്.
70,000ത്തിലധികം സ്ഥാപനങ്ങൾക്കു സേവനം നൽകുന്ന മൈലേവ ശമ്പളരേഖകൾ, ഇൻവോയ്സുകൾ, രജിസ്റ്റർ ചെയ്ത തപാൽ സന്ദേശങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ്.