ശ്രീകണ്ഠപുരം: ചുഴലിയിൽ പശുക്കിടാവിനെ പുലികടിച്ചുകൊന്നതിന് പിന്നാലെ നാടിനെ ഭീതിയിലാഴ്ത്തിയ പുലിയെ കാടിളക്കി നടത്തിയ തെരച്ചലിലും കണ്ടെത്താനായില്ല. പുലിയുടെ കാൽപ്പാടുകൾ കാണപ്പെട്ട ചെങ്ങളായിയിലെ ചുഴലി, പടിഞ്ഞാറെമൂല, കുളത്തൂർ എന്നിവിടങ്ങളിലെ കാടുമൂടി കിടക്കുന്ന പ്രദേശങ്ങളിൽ തളിപ്പറമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി. സനൂപ് കൃഷ്ണൻ, ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ് ഓഫീസർ എ.കെ. ബാലൻ, ചെങ്ങളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന, വൈസ് പ്രസിഡന്റ് കെ.കെ. രവി, വില്ലേജ് ഓഫീസർ എ.പി. രാജൻ, എന്നിവരുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ വിവിധ സെക്ഷനിലെ ജീവനക്കാർ, വാർഡ് മെംബർമാർ, നാട്ടുകാർ, പഞ്ചായത്ത് സുരക്ഷാ സേനയായ സജ്ജം അംഗങ്ങൾ, ബെന്നി മറ്റത്തിലിന്റെ നേതൃത്വത്തിലുള്ള കർഷകരക്ഷാ സേനാ ഷൂട്ടേഴ്സ് അംഗങ്ങൾ എന്നിവരടങ്ങിയ 60 അംഗങ്ങൾ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
എന്നാൽ പുലിയെ കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഒന്പതു മുതൽ തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തിവരികയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കൂട് സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. നിരീക്ഷണ കാമറകളിലും പിന്നീട് ഒന്നും പതിഞ്ഞിട്ടില്ല. അതേസമയം വിനോദിന്റെ വീട്ടിലെ വളർത്തുനായയെ കാണാതായിട്ടുണ്ട്. പുലർച്ചെ മൂന്നു വരെ കാമറയിൽ നായയുടെ ദൃശ്യമുണ്ടായിരുന്നു. ഇതിന് ശേഷം കാണാതാവുകയായിരുന്നു.
വനംവകുപ്പിന്റെ സഹായതോടെ തെരച്ചിൽ നടത്തിയെങ്കിലും നായയെ കണ്ടെത്താനായില്ല. ഇന്നലെ സമീപപ്രദേശമായ കൊളത്തൂരിലും പുലിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. വെൽഡിംഗ് തൊഴിലാളിയായ അജയൻ ആണ് നാട്ടുകാരെ വിവരം അറിയിച്ചത്. രാത്രിയിൽ ശബ്ദംകേട്ട് വീടിന് പുറത്തേക്ക് നോക്കിയപ്പോൾ പന്നിക്കുട്ടിയെ കടിച്ച് റബർതോട്ടത്തിലേക്ക് പുലി നടക്കുന്നത് കണ്ടുവെന്നാണ് അജയൻ പറയുന്നത്. തുടർന്ന് വിവരം വനംവകുപ്പിനെയും വില്ലേജ് ഓഫീസറേയും അറിയിക്കുകയായിരുന്നു. പുലിഭീതി കാരണം ഇരുചക്ര വാഹനയാത്ര രാത്രി പലരും ഒഴിവാക്കു ന്നുണ്ട്. വീടിന് പുറത്തിറങ്ങാനും പലർക്കും ഭയമുണ്ട്.