Kerala
കൊച്ചി: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് പിന്നാലെ സിപിഎം പ്രവർത്തകരുടെ ആക്രമണത്തിൽ തകർന്ന ടാക്സിക്ക് നഷ്ടപരിഹാരം നൽകി ഇഡി.
തിരുവനന്തപുരം സ്വദേശിയായ ടാക്സി ഡ്രൈവർക്കാണ് ഐഡി നഷ്ടം പരിഹാരം നൽകിയത്. നേരത്തെ സിപിഎം ജില്ലാ നേതൃത്വം നഷ്ട പരിഹാരം നൽകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പിൻവാങ്ങിയിരുന്നു.
ഒന്നേമുക്കാൽ ലക്ഷത്തോളം രൂപയാണ് നഷ്ടപരിഹാരം നൽകിയത്. കൊച്ചി ഓഫീസിൽ വിളിച്ചു വരുത്തിയാണ് നഷ്ട പരിഹാരം നൽകിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടിൽ സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന് പിന്നാലെ ഇഡി ഉദ്യോഗസ്ഥർ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു വാഹനം ആക്രമിക്കുകയും ഇഡി ഉദ്യോഗസ്ഥരെ ആക്രമിക്കാനുള്ള ശ്രമം ഉണ്ടാവുകയും ചെയ്തത്.
District News
ഏറ്റുമാനൂർ: സംസ്ഥാനത്തെ പ്രധാന പാതകളിൽ ഒന്നായ എംസി റോഡ് പാടേതകർന്നു. റോഡിൽ ഉടനീളം വിള്ളൽവീണ നിലയിലാണ്. ഇതിനൊപ്പം ചെറുതും വലുതുമായ നിരവധി കുഴികളും രൂപപ്പെട്ടിരിക്കുന്നു.
എട്ടുവർഷം മുമ്പാണ് എംസി റോഡ് വീതികൂട്ടി നവീകരിച്ചത്. റോഡ് വീതികൂട്ടിയ ഭാഗത്താണ് നെടുകെ വിള്ളൽ ഉണ്ടായിരിക്കുന്നത്. റോഡിന്റെ നിർമാണഘട്ടത്തിൽ തന്നെ പാകപ്പിഴകളെ സംബന്ധിച്ച് വ്യാപകമായി ആക്ഷേപം ഉയർന്നിരുന്നു.
എംസി റോഡിന്റെ ചെങ്ങന്നൂർ മുതൽ കോട്ടയം വരെ ദേശീയപാതയുടെ ഭാഗമായി. ഈ ഭാഗം അടുത്തിടെ ടാർ ചെയ്തു. കോട്ടയം മുതലുള്ള ഭാഗമാണ് തകർന്നുകിടക്കുന്നത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് സംരക്ഷണത്തിനായി ആവിഷ്കരിച്ച ഒപിബിആർസി പദ്ധതിയിൽ എംസി റോഡിനെ ഉൾപ്പെടുത്തിയിരുന്നു. 73.83 കോടി രൂപയ്ക്കാണ് 107.75 കിലോമീറ്റർ റോഡ് ഏഴു വർഷത്തെ പരിപാലന ചുമതലയ്ക്കായി കരാർ നൽകിയിരുന്നത്. 2022ൽ ഉദ്ഘാടനം ചെയ്ത പദ്ധതി ഏറെ വൈകാതെ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പിന്നീട് എംസി റോഡിൽ കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.
ഇപ്പോൾ റോഡിലാകെ വിള്ളലും കുഴികളുമാണ്. വലിയ വാഹനങ്ങളിൽ സഞ്ചരിച്ചാൽ പോലും യാത്രക്കാരുടെ നടുവൊടിയുന്ന അവസ്ഥയാണ്. ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവു കാഴ്ചയാണിപ്പോൾ. ചെറിയ അറ്റകുറ്റപ്പണികൾ കൊണ്ട് പരിഹരിക്കാനാകാത്ത വിധം റോഡ് തകർന്നു. സർക്കാർ പ്രത്യേക താത്പര്യമെടുക്കുന്നില്ലെങ്കിൽ ഉടനെങ്ങും റോഡ് സഞ്ചാരയോഗ്യമാകില്ല.
കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിൽ എംസി റോഡ് നാലുവരി പാതയാക്കുന്നതിന് തുക വകയിരുത്തിയിരുന്നു. ആദ്യഘട്ട നിർമാണത്തിന് കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 5217 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. പ്രധാന നഗരങ്ങളിൽ ബൈപാസ് റോഡുകളുടെ നിർമാണവും ജംഗ്ഷനുകളുടെ വികസനവുമാണ് നിർദേശിക്കപ്പെട്ടത്.
അങ്ങനെയെങ്കിൽ റോഡിന്റെ നവീകരണം വർഷങ്ങൾ കഴിയാതെ നടക്കില്ല. റോഡ് നവീകരണം ഉടൻ നടത്താൻ ജനപ്രതിനിധികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം.
Auto
അപകടത്തില് വാഹനത്തിന്റെ നമ്പര്പ്ലേറ്റ് വളഞ്ഞു. യാത്രയ്ക്കിടെ നഷ്ടമായി. അല്ലെങ്കില് മോഷണംപോയി. ഇത്തരം സാഹചര്യങ്ങളില് സമീപത്തെ നമ്പര്പ്ലേറ്റ് നിര്മാണ കേന്ദ്രത്തില്പോയി പുതിയത് ഉണ്ടാക്കി ഘടിപ്പിച്ചാല് പ്രശ്നം തീരും എന്നാണ് പല വാഹന ഉടമകളുടെയും ധാരണ. എന്നാല്, 2019 ഏപ്രില് ഒന്നിനു ശേഷം രജിസ്റ്റര് ചെയ്ത വാഹനങ്ങളുടെ കാര്യത്തില് അത് അത്ര എളുപ്പമല്ല.
ഈ വാഹനങ്ങളില് ഘടിപ്പിച്ചിരിക്കുന്നത് ഹൈസെക്യൂരിറ്റി രജിസ്ട്രേഷന് പ്ലേറ്റ് (HSRP) ആണ്. കേന്ദ്രസര്ക്കാര് നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചാണ് ഇത് നിര്മിക്കുന്നത്. അതിനാല് കേടായാലോ നഷ്ടമായാലോ സാധാരണ നമ്പര്പ്ലേറ്റുപോലെ എവിടെനിന്നും നിര്മിച്ച് ഘടിപ്പിക്കാന് കഴിയില്ല. അംഗീകൃത ഡീലര്മാരുടെയും നിര്മാതാക്കളുടെയും സംവിധാനത്തിലൂടെയാണ് പുതിയ HSRP ലഭിക്കുക.
എന്താണ് HSRP?
രാജ്യത്ത് വാഹനങ്ങളുടെ രജിസ്ട്രേഷന് സംവിധാനം കൂടുതല് സുരക്ഷിതമാക്കുന്നതിനായി കേന്ദ്രസര്ക്കാര് നടപ്പാക്കിയ സംവിധാനമാണ് HSRP. പ്രത്യേക അലുമിനിയത്തില് നിര്മിക്കുന്ന ഈ പ്ലേറ്റില് ഓരോ വാഹനത്തിനും മാത്രമുള്ള ലേസര് എന്ഗ്രേവ് ചെയ്ത സീരിയല് നമ്പര്, അശോകചക്ര ഹോളോഗ്രാം, ‘IND’ അടയാളം, ഉയര്ന്ന നിലവാരമുള്ള റിഫ്ലക്ടീവ് ഷീറ്റ് എന്നിവ ഉള്പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക സ്നാപ് ലോക്കുകളോ റിവറ്റുകളോ ഉപയോഗിച്ചാണ് ഇത് വാഹനത്തില് ഉറപ്പിക്കുന്നത്. അതിനാല് കേടുപാടില്ലാതെ അഴിച്ചുമാറ്റാനോ മറ്റൊരു വാഹനത്തില് ഘടിപ്പിക്കാനോ സാധിക്കില്ല.
മുന്നിലും പിന്നിലും ഘടിപ്പിക്കുന്ന നമ്പര്പ്ലേറ്റുകള്ക്ക് പുറമേ വാഹനത്തിന്റെ മുന് വിന്ഡ്ഷീല്ഡില് പതിക്കുന്ന Third Registration Mark (TRM) എന്ന ടാംപര്-പ്രൂഫ് സ്റ്റിക്കറും HSRP സംവിധാനത്തിന്റെ ഭാഗമാണ്. വാഹനത്തിന്റെ രജിസ്ട്രേഷന് വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ സ്റ്റിക്കര് വാഹനത്തിന്റെ ആധികാരികത ഉറപ്പാക്കാന് സഹായിക്കുന്നു.
HSRP നഷ്ടമായാല് ചെയ്യേണ്ടത്
HSRP മോഷണം പോവുകയോ നഷ്ടപ്പെടുകയോ ചെയ്താല് ആദ്യം സമീപത്തെ പോലീസ് സ്റ്റേഷനില് പരാതി നല്കുന്നതാണ് ഉചിതം. പരാതിയുടെ അംഗീകാരരേഖ ലഭിച്ചശേഷം അംഗീകൃത വാഹന ഡീലറെ സമീപിക്കണം. ആവശ്യമായ രേഖകള് പരിശോധിച്ച ശേഷം ഡ്യൂപ്ലിക്കേറ്റ് HSRP അനുവദിക്കുന്നതിനുള്ള നടപടികള് ആരംഭിക്കും.
അപകടത്തില് കേടായാല്?
കേടായ HSRP ഡീലര്ക്ക് കൈമാറിയ ശേഷമാണ് അതേ രജിസ്ട്രേഷന് നമ്പറിലുള്ള പുതിയ പ്ലേറ്റ് അനുവദിക്കുന്നത്. പ്ലേറ്റിന്റെ സുരക്ഷാ സവിശേഷതകള് നഷ്ടപ്പെട്ടാല് അത് സാധുവായി കണക്കാക്കില്ല.
വിന്ഡ്ഷീല്ഡ് ഗ്ലാസ് മാറിയാല് TRM സ്റ്റിക്കറിനും മാറ്റം
വാഹനത്തിന്റെ വിന്ഡ്ഷീല്ഡ് ഗ്ലാസ് അപകടത്തില് തകരുകയോ മാറ്റേണ്ടിവരുകയോ ചെയ്താല് കേടായ ഗ്ലാസിന്റെ തെളിവ് ഡീലര്ക്ക് നല്കണം. ഡീലര് ഇത് അധികൃതരുടെ സംവിധാനത്തില് അപ്ലോഡ് ചെയ്തശേഷം പുതിയ TRM സ്റ്റിക്കര് അനുവദിക്കും.
മൂന്ന് തിരിച്ചറിയല് അടയാളങ്ങളും ഒരുമിച്ച് മാറ്റേണ്ടതുണ്ടോ?
HSRP വാഹനങ്ങളില് മുന്നിലെ നമ്പര്പ്ലേറ്റ്, പിന്നിലെ നമ്പര്പ്ലേറ്റ്, വിന്ഡ്ഷീല്ഡിലെ TRM സ്റ്റിക്കര് എന്നിങ്ങനെ മൂന്ന് തിരിച്ചറിയല് ഘടകങ്ങളാണുള്ളത്. ഇവയില് ഏതെങ്കിലും ഒന്ന് മാത്രമാണ് കേടായതെങ്കില് അത് മാത്രം മാറ്റിസ്ഥാപിച്ചാല് മതി.
കേരളത്തിലെ നിലവിലെ സ്ഥിതി
2019 ഏപ്രില് ഒന്നിന് ശേഷം രജിസ്റ്റര് ചെയ്ത എല്ലാ പുതിയ വാഹനങ്ങള്ക്കും HSRP നിര്ബന്ധമാണ്. എന്നാല് അതിന് മുമ്പ് രജിസ്റ്റര് ചെയ്ത വാഹനങ്ങളില് HSRP ഘടിപ്പിക്കുന്നത് കേരളത്തില് നിലവില് നിര്ബന്ധമാക്കിയിട്ടില്ല. താത്പര്യമുള്ള വാഹന ഉടമകള്ക്ക് അംഗീകൃത സംവിധാനത്തിലൂടെ HSRP ഘടിപ്പിക്കാം.
National
ഛത്രപതി സംഭാജി നഗർ: മഹാരാഷ്ട്രയിലെ നാന്ദെഡ്, ഹിംഗോളി, പർഭനി ജില്ലകളിലുണ്ടായ ഭൂചലനത്തിൽ വീടുകൾക്ക് കേടുപാടുണ്ടായി.
രണ്ടു മണിക്കൂറിനിടെ നാലു ഭൂചലനമാണ് ഇന്നലെ പുലർച്ചെ 1.37നും 3.23നും ഇടയിൽ അനുഭവപ്പെട്ടത്.
ഹിംഗോളി ജില്ലയിലെ ഷിർലി ഗ്രാമമാണ് റിക്ടർ സ്കെയിലിൽ 3.6നും 4.6നും ഇടയിൽ അനുഭവപ്പെട്ട ഭൂചലന പ്രഭവകേന്ദ്രം.
National
ലക്നോ: ഉത്തർപ്രദേശിൽ ബുധനാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും മിന്നലിലും മരിച്ചവരുടെ എണ്ണം 117 ആയി. 200ലധികം പേർക്ക് പരിക്കേറ്റു. പ്രയാഗ് രാജിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 21 പേരാണ് ഇവിടെ മാത്രം മരിച്ചത്. 227 വീടുകൾ മഴക്കെടുതിയിൽ നശിച്ചു. ഇവയിൽ പലതും പൂർണമായി തകർന്നു.
പ്രയാഗ്രാജ്, ഭാദോഹി, ഫത്തേപൂർ, സോൻഭദ്ര തുടങ്ങിയ ജില്ലകളെയാണ് മഴ ഏറ്റവുമധികം ബാധിച്ചത്. വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും റോഡുകൾ തകരുകയും വാഹനങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.
ദുരന്തത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപ അടിയന്തര ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
District News
കുറ്റിക്കോൽ: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ ചൂരിത്തോട്, മാനടുക്കം മേഖലകളിൽ വ്യാപക നാശനഷ്ടം. മാനടുക്കം ശാസ്ത്രിനഗർ ഉന്നതിയിലെ ഭാസ്കരന്റെ വീടിനും പറമ്പിലെ തെങ്ങിനും മിന്നലേറ്റു.
മിന്നലിന്റെ ആഘാതത്തിൽ പറമ്പിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടു. തൊട്ടടുത്തുള്ള സനൽ കുമാർ, സുജാത, ഏൽദോസ് എന്നിവരുടെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. ഈ വീടുകളിലെ ടിവി, ഫ്രിഡ്ജ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വയറിംഗും കത്തിനശിച്ചു. അപകടസമയത്ത് വീടിനകത്തുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വാർഡ് അംഗം ജോസ് പാറത്തട്ടേൽ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി.
NRI
കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിന് നേരെയുണ്ടായ നടന്ന ഡ്രോൺ ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചു.
ശനിയാഴ്ച പുലർച്ചെയാണ് സംഭവമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിമാനത്താവളത്തിലെ റഡാർ ഇൻഫ്രാസ്ട്രക്ചറിന് കേടുപാടുകൾ സംഭവിച്ചതായി ഡിജിസിഎ വക്താവ് അബ്ദുള്ള അൽ രാജി പ്രസ്താവനയിൽ അറിയിച്ചു.
ബന്ധപ്പെട്ട സുരക്ഷാ ഏജൻസികളുമായി ചേർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായും സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ സംഭവിച്ച ഈ ആക്രമണം അധികൃതർ ഗൗരവമായാണ് കാണുന്നത്.
അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് ഡ്രോണുകൾ വെടിവച്ചിട്ടതായി നാഷണൽ ഗാർഡ് വ്യക്തമാക്കി. കുവൈറ്റ് ആർമി, നാഷണൽ ഗാർഡ്, പോലീസ്, ഫയർ ഫോഴ്സ് എന്നിവർ ഏകോപനത്തോടെ അതീവ കാര്യങ്ങൾ നിയന്ത്രിച്ചു വട്ടികയാണ്.
രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന ഏത് വെല്ലുവിളിയെയും ശക്തമായി നേരിടുമെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ അൽ ഫദൽ വ്യക്തമാക്കി.
International
ലണ്ടൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ്ക്ക് ഫെബ്രുവരി 28നുണ്ടായ ഇസ്രേലി-യുഎസ് ആക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ടെന്നും ആന്തരികാവയവങ്ങൾക്കു ഗുരുതരമായി പരിക്കേറ്റെന്നും കോമയിലാണെന്നും റിപ്പോർട്ട്. ഇറാനിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടനിലെ ദി സൺ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുജ്തബ ടെഹ്റാനിലെ സിനാ യൂണിവേഴ്സിറ്റി ആശുപത്രിയിൽ കനത്ത സുരക്ഷയിൽ ചികിത്സയിൽ കഴിയുകയാണെന്നും ആശുപത്രി പരിസരം സൈന്യം സീൽ ചെയ്തിരിക്കുകയാണെന്നും റിപ്പോർട്ടിലുണ്ട്.
യുദ്ധം ആരംഭിച്ചതിനുശേഷം ഇനിയും പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തതും ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ടു 13 ദിവസം പിന്നിട്ടിട്ടും മൃതദേഹം സംസ്കരിക്കാത്തതും മുജ്തബയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉറപ്പിക്കുന്നതായി മറ്റുചില പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, മുജ്തബ ജീവനോടെയുള്ളതായാണു റിപ്പോർട്ടെന്നും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ തള്ളിക്കളയാനാകില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
“മുജ്തബ ജീവനോടെയുണ്ടെന്നാണ് ഞാൻ കരുതുന്നത്, പക്ഷേ ശാരീരികമായി വലിയ തകർച്ച നേരിട്ടിട്ടുണ്ടാകാം...’’ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു.
ഇറാനിലെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും ശരീരം വികൃതമാക്കപ്പെട്ടതായും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെതും സ്ഥിരീകരിച്ചു.
ഫെബ്രുവരി 28ന് ആയത്തുള്ള അലി ഖമനയ് കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഭാര്യയും മകളും രണ്ടു കൊച്ചുമക്കളും മരിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
കഴിഞ്ഞദിവസം മുജ്തബയുടേതെന്ന പേരിൽ ഇറേനിയൻ ദേശീയ ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനകൾ വിപ്ലവഗാർഡ് മേധാവികൾ തയാറാക്കിയതാണെന്നു റിപ്പോർട്ടുകളുണ്ട്. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരേ കടുത്ത മുന്നറിയിപ്പാണ് ഈ പ്രസ്താവനയിലൂടെ മുജ്തബയുടെ പേരിൽ നൽകിയത്.
രക്തസാക്ഷികളുടെ മരണത്തിനു പകരം ചോദിക്കുമെന്നും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ച പ്രസ്താവനയിൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ അവിടുത്തെ ജനങ്ങളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി.
അമേരിക്ക നൽകുന്ന സുരക്ഷാ വാഗ്ദാനങ്ങൾ വെറും നുണയാണെന്നും അയൽരാജ്യങ്ങൾക്കെതിരായ ആക്രമണം തുടരുമെന്നും മുജ്തബയുടേതെന്ന പേരിൽ പുറത്തുവിട്ട പ്രസ്താവനയിലുണ്ട്.
National
ഭുവനേശ്വർ: ഒഡീഷയിൽ കത്തോലിക്കാ ദേവാലയത്തിനുനേരേ ആക്രമണം. റായഗഡ ജില്ലയിലെ ദെംഗാസ്വാർഗി ഗ്രാമത്തിലെ സെന്റ് പൗള മോണ്ടെൽ പള്ളിക്കു നേരേയാണ് കഴിഞ്ഞദിവസം തീവ്ര ഹിന്ദുത്വവാദികളായ ഗ്രാമവാസികൾ ആക്രമണം നടത്തിയത്.
പള്ളിയുടെ മുഖവാരം തകർത്ത അക്രമിസംഘം വാതിൽ തല്ലിത്തകർത്ത് അകത്തുകയറി അൾത്താരയും തിരുസ്വരൂപങ്ങളും നശിപ്പിക്കുകയും വിശുദ്ധ വസ്തുക്കൾ പുറത്തേക്കു കൊണ്ടുപോയി തീയിടുകയും ചെയ്തു.
സംഭവദിവസം രാത്രി ഏഴോടെ ഒരുസംഘം ഗ്രാമവാസികൾ സംഘടിച്ചെത്തി ഗ്രാമത്തിൽ താമസിക്കുന്ന മൂന്ന് കത്തോലിക്കാ കുടുംബങ്ങൾ വീടുകളിൽനിന്ന് പുറത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടുവെന്ന് റായഗഡയിലെ കത്തീഡ്രൽ ഇടവക വികാരി ഫാ. അബേദ് കുമാർ പറഞ്ഞു.
ഭയപ്പെട്ട കുടുംബാംഗങ്ങൾ തങ്ങൾ ആക്രമിക്കപ്പെടുമെന്ന ഭയത്താൽ വീടുകൾക്കു പുറത്തിറങ്ങാൻ തയാറായില്ല. ഇതോടെ പിന്തിരിഞ്ഞുപോയ അക്രമിസംഘം രാത്രി ഒന്പതോടെ സ്ഥലത്തെ പള്ളിയിൽ സംഘടിച്ചെത്തി അതിക്രമം നടത്തുകയായിരുന്നു.
പള്ളിയുടെ പ്രധാന വാതിൽ തല്ലിത്തകർത്ത് അകത്തു കടന്ന സംഘം അൾത്താരയിൽ അതിക്രമം നടത്തുകയും മൂന്നു തിരുസ്വരൂപങ്ങളും കുരിശും കുരിശിന്റെ വഴിയുടെ ചിത്രങ്ങളും തകർക്കുകയും ചെയ്തു. വിശുദ്ധ വസ്ത്രങ്ങളും ബൈബിളും മറ്റ് പൂജ്യവസ്തുക്കളും പുറത്തേക്ക് കൊണ്ടുപോയി തീയിടുകയും ചെയ്തു. പള്ളിക്കുള്ളിലെ കസേരകൾ, ഫാനുകൾ, ലൈറ്റുകൾ എന്നിവ തല്ലിത്തകർത്ത അക്രമിസംഘം പള്ളിപ്പരിസരത്തെ കുഴൽക്കിണർ അശുദ്ധമാക്കി.
റായഗഡ് ബിഷപ് ആപ്ലിനാർ സേനാപതിയുടെ പരാതി പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ജില്ലാ പോലീസ് സൂപ്രണ്ടും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം ഒരു ക്രൈസ്തവ വിശ്വാസി സംഭാവന ചെയ്തതാണെങ്കിലും പള്ളി നിർമിച്ചത് അനധികൃതമായാണെന്ന് നേരത്തേ മുതൽ ഒരുസംഘം ഹിന്ദുത്വവാദികൾ ആരോപണമുന്നയിച്ചിരുന്നു. കൂടാതെ ക്രൈസ്തവർ വാഹനങ്ങൾ ഉപയോഗിക്കുന്നതും മിഷൻ പ്രദേശത്തെ സിസ്റ്റേഴ്സ് അടുത്തിടെ തങ്ങളുടെ പ്രവർത്തനത്തിന്റെ രജതജൂബിലി ആഘോഷിച്ചതുമാണ് തീവ്ര ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചത്.
പോലീസിന്റെ നേതൃത്വത്തിൽ ഇരു സമുദായങ്ങളുടെയും പ്രതിനിധികൾ ചേർന്നു സമാധാനസമിതി രൂപീകരിച്ചിട്ടുണ്ട്.
ക്രൈസ്തവ കുടുംബങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് അധികൃതർ ഉറപ്പു നൽകിയതായി സഭാ വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗ്രാമത്തിൽ പോലീസ് സാന്നിധ്യം തുടരും.
ക്രൈസ്തവർക്ക് പള്ളിയിൽ ആരാധന നടത്താൻ അനുമതി നൽകുമെന്നും അധികൃതർ ഉറപ്പുനൽകി. താത്കാലിക ക്രമീകരണമെന്ന നിലയിൽ ഗ്രാമത്തിലെ തെരുവിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
International
അമ്മാന്: പശ്ചിമേഷ്യയിലെ മിസൈല് പ്രതിരോധ സംവിധാനങ്ങളെയാകെ ഏകോപിപ്പിക്കുന്ന അമേരിക്കയുടെ നിര്ണായകമായ താഡ് റഡാര് സംവിധാനം ഇറാന്റെ മിസൈല് ആക്രമണത്തില് തകര്ന്നതായി റിപ്പോർട്ട്.
ജോര്ദാനിലെ മുവാഫാഖ് സാള്ട്ടി വ്യോമതാവളത്തിൽ ഏകദേശം 30 കോടി ഡോളര് ചെലവിട്ടു സ്ഥാപിച്ച റഡാര് സംവിധാനമാണു തകര്ത്തത്. റഡാര് സംവിധാനത്തിന്റെ തകര്ച്ച ഗള്ഫ് മേഖലയെ ലക്ഷ്യമിട്ടുള്ള ഇറാന്റെ മിസൈലുകളെ നേരിടുന്നതില് വെല്ലുവിളി സൃഷ്ടിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര് പറയുന്നു.
ഫെബ്രുവരി 28നും മാര്ച്ച് മൂന്നിനും ജോര്ദാനിലെ യുഎസ് സൈനിക താവളത്തിനു നേരേ ഇറാന്റെ ആക്രമണമുണ്ടായതായാണ് പറയപ്പെടുന്നത്.
ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള യുഎസിന്റെ പ്രധാന ആയുധങ്ങളിലൊന്നാണ് താഡ് മിസൈല് സംവിധാനം. അമേരിക്കയ്ക്ക് ലോകത്താകെ എട്ട് താഡ് മിസൈല് പ്രതിരോധ സംവിധാനമാണുള്ളത്.
Kerala
കോഴിക്കോട്: പന്തീരാങ്കാവ് ബൈപ്പാസിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്. രണ്ട് കാറുകൾക്കും ലോറിക്കും നേരെയാണ് ആക്രമണമുണ്ടായത്.
പുലർച്ചെ നാലരയോടെ രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനങ്ങൾക്ക് നേരെ മെട്രോ ആശുപത്രിക്ക് സമീപത്തുവച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ ലോറിയുടെ ചില്ല് തകർന്നു. കാറുകൾക്കും കേടുപാടുണ്ട്. ആർക്കും പരിക്കില്ല.
യാത്രക്കാർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Kerala
തൃശൂർ: കാമറയ്ക്കും ലെൻസുകൾക്കും തകരാർ ആരോപിച്ചു ഫയൽ ചെയ്ത ഹർജിയിൽ സിനിമാ സ്റ്റിൽ ഫോട്ടോഗ്രഫർക്ക് 4.06 ലക്ഷം രൂപ നൽകാൻ വിധി. സിനിമാ സ്റ്റിൽ ഫോട്ടോഗ്രഫർ തൃശൂർ കോട്ടപ്പടി കണ്ടിക്കൽ വീട്ടിൽ കെ.കെ. ബൈജു ഫയൽ ചെയ്ത ഹർജിയിൽ കൊച്ചിയിലെ സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എംഡി, തൃശൂരിലെയും എറണാകുളത്തെയും സർവീസ് സെന്റർ ഉടമകൾ എന്നിവർക്കെതിരേയാണു വിധി.
സോണി കന്പനിയോട് ഉത്പന്നത്തിന്റെ വിലയായ 3,66,000 രൂപയും മൂന്ന് സർവീസ് സെന്ററുകൾ മാനസിക ബുദ്ധിമുട്ടുകൾക്കും അസൗകര്യങ്ങൾക്കും പരിഹാരമായി 30,000 രൂപയും ചെലവിലേക്ക് 10,000 രൂപയും നൽകാനാണു വിധി.
കാമറയുടെ ബോഡിക്കു തകരാറും ഫോക്കസ് ഔട്ട് പ്രശ്നവും ഉണ്ടായിരുന്നു. സർവീസിനു നൽകുന്പോൾ വൈകിയാണു തിരിച്ചുകിട്ടിയത്. കാമറയുടെ തകരാറുകൾ ഉടമയ്ക്കു ബുദ്ധിമുട്ടുണ്ടാക്കിയതോടെയാണു ഹർജി ഫയൽ ചെയ്തത്.
കോടതി നിയോഗിച്ച വിദഗ്ധ കമ്മീഷൻ പരിശോധന നടത്തി തകരാറുകൾ ശരിവച്ചിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി.ടി. സാബു, മെന്പർമാരായ എസ്. ശ്രീജ , ആർ. റാംമോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയാണു വിധി പുറപ്പെടുവിച്ചത്.
Kerala
കൊല്ലം: കൊട്ടിയത്ത് നിർമാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ജില്ലാ കളക്ടർ എൻ. ദേവീദാസിന്റെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജിയണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.
കൊല്ലം മൈലക്കാടാണ് ദേശീയപാതയുടെ ഉയരപ്പാത ഇടിഞ്ഞു വീണത്. ദേശീയപാതയുടെ പാര്ശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സര്വീസ് റോഡ് തകര്ന്നു. മൈലക്കാട് പാലത്തിനു സമീപത്തെ അപ്രോച്ച് റോഡില് വലിയ ഗര്ത്തം രൂപപ്പെടുകയും ചെയ്തിരുന്നു.
ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്വീസ് റോഡില് സ്കൂള് വാനടക്കമുണ്ടായിരിന്നു. നൂറു മീറ്ററിലേറെ നീളത്തിലാണ് ഉയരപ്പാത തകർന്നത്. പത്ത് മീറ്ററിലധികം ഉയരത്തിലാണ് ഈ ഭാഗത്ത് ദേശീയപാതയുടെ പ്രധാന റോഡ് നിർമിക്കുന്നത്.
അപകടം സംഭവിക്കുമ്പോൾ സർവീസ് റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നു പൊയ്ക്കാണ്ടിരിക്കുകയായിരുന്നു.ഒരു സ്കൂൾ ബസും രണ്ടു കാറുകളും അപകടത്തിൽപ്പെട്ടു. റോഡ് തകർന്നു സർവീസ് റോഡിൽ വലിയ കുഴികൾ ഉണ്ടായി. ഈ കുഴികളിലാണ് സ്കൂൾ ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വീണത്. കുഴിയിൽപ്പെട്ട വാഹനങ്ങളിലെ യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടിരുന്നു,
കൊട്ടിയത്തുനിന്നും ചാത്തന്നൂരിലേയ്ക്കുള്ള വഴിയിൽ മൈലക്കാട് ഇറക്കത്താണ് അപകടമുണ്ടായത്. മൈലക്കാട് ഇറക്കം ജില്ലയിലെ തന്നെ വലിയ കയറ്റിറക്കമാണ്. ഈ കയറ്റിറക്കം ഒഴിവാക്കി റോഡ് നിരപ്പാക്കാനാണ് ഉയരപ്പാത നിർമിക്കുന്നത്. ഏലായുടെ മധ്യത്തിലൂടെയാണ് ദേശീയ പാതയും ഉയരപ്പാതയും കടന്നുപോകുന്നത്.
Kerala
മലപ്പുറം: പൊന്നാനിയിൽ കടലാക്രമണത്തിൽ എഴു വള്ളങ്ങൾ തകര്ന്നു. ബുധനാഴ്ച വൈകുന്നേരം മീൻപിടുത്തം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര് വള്ളങ്ങളാണ് അപ്രതീക്ഷിതമായി ഉണ്ടായ കടലാക്രമണത്തിൽ നശിച്ചത്.
പുലര്ച്ചെ മൂന്ന് മണിയോടെയായിരുന്നു പാലപ്പെട്ടി അജ്മേര് നഗരിൽ കടലേറ്റം. വളളത്തിൽ ഉണ്ടായിരുന്ന എഞ്ചിനുകൾക്കും കേടുപറ്റിയിട്ടുണ്ട്.
Kerala
വൈപ്പിൻ: സംസ്ഥാനപാതയിൽ പതിനഞ്ചു വയസുകാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു, രണ്ടു പേർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ഞാറയ്ക്കൽ പോലീസ് കാർ പിന്തുടർന്നാണ് കാറും യാത്രക്കാരെയും കസ്റ്റഡിയിലെടുത്തത്.
തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തുകയും കാർ ഓടിച്ചിരുന്ന 15കാരന്റെ പിതാവ് കലൂർ അറക്കപ്പറമ്പിൽ അബ്ദുൾ റഷീദി(55)നെതിരെ കേസ് എടുക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
ഇന്ന് രാവിലെയായിരുന്നു സംഭവം. കലൂരിൽ നിന്ന് രണ്ട് സഹപാഠികളുമായി ഗോശ്രീ പാലം വഴിയാണ് പത്താം ക്ലാസ് വിദ്യാർഥിയായ 15കാരൻ കാറോടിച്ച് ചെറായി ബീച്ചിൽ എത്തിയത്. തിരികെ വരുന്ന വഴി ചെറായിയിലും എടവനക്കാടുമായി രണ്ടു പേരെ ഇടിക്കുകയും നിരവധി വാഹനങ്ങളിൽ തട്ടുകയും ചെയ്തു.
ഇതോടെ പരിഭ്രാന്തനാകുകയും പലയിടത്തും വച്ച് കാർ റിവേഴ്സ് എടുത്ത് വെട്ടിത്തിരിച്ച് റോഡിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. ഒടുവിൽ ഞാറക്കൽ പോലീസ് കാള മുക്കിൽ വച്ച് കാറും യാത്രക്കാരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.