ധാംബുള്ള: എ ടീമുകളുടെ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയുടെ ഫൈനലിൽ ശ്രീലങ്കൻ ബൗളർമാരെ തല്ലിച്ചതച്ച് ഇന്ത്യയുടെ പതിനഞ്ചുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശി. ഗ്രൂപ്പ് ഘട്ടത്തിൽ ലങ്കൻ താരങ്ങളുമായുണ്ടായ വാക്കേറ്റ വിവാദങ്ങൾക്ക് ബാറ്റ് കൊണ്ട് വായടപ്പിക്കുന്ന മറുപടി നൽകിയ താരം വെറും 11 പന്തിൽ അർധസെഞ്ചുറി തികച്ചു.
ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന ലോക റിക്കാർഡും താരം സ്വന്തം പേരിൽ കുറിച്ചു. ടോസ് നേടി ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയക്കാനുള്ള ലങ്കൻ നായകന്റെ തീരുമാനം പൂർണമായും പാളിയെന്ന് തെളിയിക്കുന്നതായിരുന്നു മൈതാനത്ത് അരങ്ങേറിയ ഇന്ത്യൻ ഓപ്പണർമാരുടെ സിക്സർ പൂരം.
സൂര്യവംശി കളം നിറഞ്ഞ് കത്തിയതോടെ ഒമ്പത് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എന്ന അതിശക്തമായ നിലയിലാണ് ഇന്ത്യ. തുടക്കം മുതൽ ലങ്കൻ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കിയ സൂര്യവംശി 29 പന്തിൽ 94 റൺസ് നേടിയാണ് പുറത്തായത്.
പത്ത് ബൗണ്ടറികളും എട്ട് പടുകൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ കൗമാരതാരത്തിന്റെ ഇന്നിംഗ്സ്. വെറും ആറ് റൺസ് അകലെ സെഞ്ചുറി നഷ്ടമായെങ്കിലും ധാംബുള്ളയിൽ ഒരു പുതിയ ലോകചരിത്രം എഴുതിച്ചേർത്താണ് താരം ക്രീസ് വിട്ടത്.