District News
ആലപ്പുഴ: മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതിനെത്തുടർന്ന് മൂലം വള്ളംകളിയിൽ അപകടം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി.
29ന് നടക്കുന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ ശാസ്ത്രീയമായ മത്സരക്രമവും കളിവള്ളങ്ങൾ അപകടത്തിൽപ്പെടുന്നതും ഒഴിവാക്കാനുള്ള കർശന നിർദേശങ്ങൾ ജില്ലാ ഭരണകൂടം നൽകിയതായി കുട്ടനാട് തഹസിൽദാർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
കമ്മീഷൻ അംഗം വി. ഗീതയുടെ നിർദേശാനുസരണമാണ് നടപടി. 2023 ജൂൺ നാലിന് നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ 21 വനിതകൾ തുഴഞ്ഞ തെക്കനോടി വള്ളം മറിഞ്ഞ് അപകടമുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്.
പൊതുപ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
District News
കുളത്തൂപ്പുഴ : കൂറ്റൻ മരങ്ങൾ കാരണം ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ. കുളത്തൂപ്പുഴ പഞ്ചായത്തിലെ അരിപ്പയില്‍ പഴയ റോഡ് പ്രദേശത്ത് താമസിക്കുന്ന 45 ഓളം വരുന്ന കുടുംബങ്ങളാണ് ഭീതിയിൽ കഴിയുന്നത്. പ്രദേശത്തെ റിസര്‍ച്ച് വനമേഖലയിലുള്ള കൂറ്റന്‍ മരങ്ങളും മരച്ചില്ലകളും വീടുകള്‍ക്ക് മുകളിലേക്ക് അപകടവസ്ഥയില്‍ ചാഞ്ഞു നില്‍ക്കുന്നതാണ് ഇതിന് കാരണം. മരങ്ങളില്‍ പലതും വേര് തെളിഞ്ഞും മണ്ണൊലിച്ചുപോയും അപകടവസ്ഥയിലാണ്.ചിലതാകട്ടെ ഉണങ്ങി ഏത് നിമിഷവും നിലംപൊത്തിയേക്കാമെന്ന അവസ്ഥയിലാണ്.
അപകടാവസ്ഥയിലുള്ള കൂറ്റന്‍ മരങ്ങള്‍ മുറിച്ച് നീക്കണമെന്നു കാണിച്ചു ഇവര്‍ കാണാത്ത ജനപ്രതിനിധികളില്ല. കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകളുമില്ല.
ഒടുവില്‍ 2023 ല്‍ അന്നത്തെ മുഖ്യമന്ത്രിയെ പിണറായി വിജയന് നേരിട്ട് നടത്തിയ നവകേരള സദസിലും വനംമന്ത്രി ശശീന്ദ്രന് നയിച്ച വന സദസിലും നാട്ടുകാരുടെ കൂട്ട പരാതിയും നിവേദനങ്ങളും എത്തി.
പരാതികളുടെ അടിസ്ഥാനത്തില്‍ സ്ഥലം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും 52 മരങ്ങള്‍ 24 ഓളം വീടുകള്‍ക്കും മനുഷ്യജീവനും അപകടമാണെന്ന് കണ്ടെത്തുകയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്നാൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
റേഞ്ച് ഓഫീസറുടെ റിപ്പോര്‍ട്ട് വന്ന് രണ്ടര വര്‍ഷം കഴിയുമ്പോള്‍ മരങ്ങള്‍ ഒന്നും മുറിച്ചിട്ടില്ല. മാത്രമല്ല റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച മരങ്ങളില്‍ ചിലത് വീണ് വീടുകള്‍ ഉള്‍പ്പടെ തകരുകയും ചെയ്തു. തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഇനി എന്തു ചെയ്യണമെന്നു നാട്ടുകാര്‍ ചോദിക്കുന്നു. അപകടവസ്ഥയിലുള്ള മരങ്ങള്‍ അടിയന്തരമായി മുറിച്ചുനീക്കിയില്ലെങ്കില്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തി ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്ന് വാര്‍ഡ് മെമ്പര്‍ ഷഫീക് ചോഴിയക്കോട് പറഞ്ഞു. എംഎല്‍എയും വനം മന്ത്രിയും ഇക്കാര്യത്തില്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
District News
എരുമേലി: ചേനപ്പാടിയിലെ ഗവൺമെന്റ് എൽപി സ്കൂളിന്റെ പുതിയ ടോയ്ലറ്റ് കെട്ടിടത്തിന്റെ പുറകിലെ ചുറ്റുമതിൽ ഉൾപ്പെട്ട സംരക്ഷണ ഭിത്തി ഇടിഞ്ഞു. സ്കൂളിന്റെ മുറ്റത്ത് മുന്നിലുള്ള സംരക്ഷണ ഭിത്തി ഇടിയുമെന്ന അവസ്ഥയിലും.
കഴിഞ്ഞ ദിവസമാണ് ടോയ്ലറ്റ് കെട്ടിടത്തിന്റെ പുറകിലെ ചുറ്റുമതിൽ ഉൾപ്പെട്ട സംരക്ഷണ ഭിത്തി മഴയെ തുടർന്ന് ഇടിഞ്ഞത്. കല്ലും മണ്ണും നിറഞ്ഞ് മറുവശത്തേക്കുള്ള പഞ്ചായത്ത് വക റോഡിലേക്കുള്ള ഗതാഗതം മുടങ്ങി. ഇതേ തുടർന്ന് വാർഡ് അംഗം സുധ വിജയൻ ഇടപെട്ട് ജെസിബി ഉപയോഗിച്ച് ഇടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും നീക്കി ഗതാഗത തടസം മാറ്റി.
അടിയന്തരമായി ഇവിടെ സംരക്ഷണ ഭിത്തി പുനർ നിർമിച്ചില്ലങ്കിൽ ടോയ്ലറ്റ് കെട്ടിടത്തിന്റെ പുറകിലെ മണ്ണ് ഇടിയും. ഇങ്ങനെ സംഭവിച്ചാൽ ടോയ്ലറ്റ് കെട്ടിടം അപകടത്തിലാകും. ഇത് മുൻനിർത്തി സംരക്ഷണ ഭിത്തിയും മതിലും പുനർനിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സ്കൂളിന്റെ മുന്നിലുള്ള കരിങ്കൽകെട്ട് നിലവിൽ ഇടിയുന്ന അവസ്ഥയിലാണ്. ഇതിന്റെ പുനർ നിർമാണത്തിന് 10 ലക്ഷം രൂപയുടെ പദ്ധതിയുണ്ടെന്നും നടപടികൾ വൈകുകയാണെന്നും മുൻ വാർഡ് അംഗം ടി.വി. ഹർഷകുമാർ പറഞ്ഞു. സുരക്ഷ മുൻനിർത്തി അടിയന്തരമായി സംരക്ഷണ ഭിത്തികളുടെ പുനർ നിർമാണം വേണമെന്ന് ആവശ്യം ശക്തമായി.
District News
കൊപ്രക്കളം: ചളിങ്ങാട് റോഡരികിൽ ഇറക്കിയിട്ടിട്ടുള്ള പൈപ്പ് അപകടഭീഷണിയുയർത്തുന്നു. ചളിങ്ങാട് പള്ളിക്കു സമീപം റോഡിന്റെ ഇരുവശത്തുമായാണ് 500 എംഎം ഡിഎ പൈപ്പ് മാസങ്ങൾക്കുമുമ്പ് ഇറക്കിയിട്ടത്.
റോഡിന്റെ രണ്ടുവശത്തും പൈ പ്പ് ഉള്ളതിനാൽ എതിരേവരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനിടെ പൈപ്പിൽ ഇടിച്ച് അപകടം സംഭവിക്കുന്നത് പതിവാകുകയാണ്.
കഴിഞ്ഞ ദിവസം കാറും ബൈ ക്കും പൈപ്പിലിടിച്ച് അപകടം സംഭവിച്ചിരുന്നു. കാലഹരണപ്പെട്ട കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കുന്നതി നായാണ് പൈപ്പ് ഇറക്കിയിട്ടുളളത്.
അപകടസാധ്യത ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നു പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.
Leader Page
ഓരോ മഴക്കാലവും മുല്ലപ്പെരിയാർ അണക്കെട്ട് കേരളീയരുടെ ഉറക്കംകെടുത്താറുണ്ട്. 135 വർഷം പഴക്കമുള്ളതും കരിങ്കല്ലും സുർക്കിയും ഉപയോഗിച്ച് നിർമിച്ചതുമായ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നതോടൊപ്പം കേരളീയരുടെ ചങ്കിടിപ്പും ഉയരുന്നു.
ഈ പഴയ ഡാം തകർന്നാൽ കേരളത്തിൽ വലിയ നാശമുണ്ടാകുമെന്നു നാം ഭയപ്പെടുന്നു. അതേസമയം തമിഴ്നാടിന് പെരിയാർ ജലം ജീവജലമാണ്. അവരുടെ അഞ്ചു ജില്ലകൾ ജലസേചനത്തിനും കുടിവെള്ളത്തിനും പെരിയാർ ജലത്തെയാണ് ആശ്രയിക്കുന്നത് എന്നു നമുക്കറിയാം. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാണല്ലോ നമ്മുടെ മുദ്രാവാക്യം.
അവർക്ക് വെള്ളവും നമുക്കു സുരക്ഷയും ഉറപ്പുവരുത്താനായി കേരള സർക്കാരും മറ്റു ചില വിദഗ്ധരും നിർദേശിക്കുന്നത് ഇപ്പോഴത്തെ ഡാമിന്റെ ഒരു കിലോമീറ്റർ താഴെ ഒരു പുതിയ ഡാം നിർമിക്കുക എന്നതാണ്.
പക്ഷേ, പുതിയ ഡാം കെട്ടാൻ നമുക്കു തമിഴ്നാട് സർക്കാരിന്റെയും കേന്ദ്രത്തിന്റെയും അനുമതി വേണം. അതു ലഭിക്കാനിടയില്ല. രണ്ടാമത്, പുതിയ ഡാമിന് ഇന്നത്തെ നിലയ്ക്ക് 1500 കോടി രൂപയെങ്കിലും ചെലവാക്കേണ്ടിവരും.
മൂന്നാമത്, ഇപ്പോഴത്തെ ഡാമിന്റെ താഴെ പുതിയ ഡാം കെട്ടേണ്ടിവരുന്പോൾ ഇപ്പോഴത്തെ ഡാമിനെക്കാൾ വളരെ കൂടുതൽ ഉയരവും വലിപ്പവുമുള്ള ഡാം ആയിരിക്കണം അത്. ഒരു കിലോമീറ്റർ മാത്രം ദൂരത്തിൽ മറ്റൊരു ഡാം കെട്ടാൻവേണ്ടി മണ്ണു മാറ്റുന്പോൾത്തന്നെ നിലവിലുള്ള പഴയ ഡാമിനു തകർച്ചയുണ്ടാകാനിടയുണ്ട്. ഇങ്ങനെയൊരു റിസ്കെടുക്കാൻ പാടില്ലെന്നാണ് വിദഗ്ധാഭിപ്രായം.
പെരിയാർ വന്യമൃഗസംരക്ഷണ കേന്ദ്രവും മറ്റുമുള്ള പ്രദേശത്ത് ഇങ്ങനെയൊരു ഭീമൻ സ്ട്രക്ചർ കെട്ടിയുയർത്താൻ പരിസ്ഥിതി അനുമതി ലഭിക്കാൻ പോകുന്നില്ലെന്നതാണ് നാലാമത്തെ കാര്യം.
അഞ്ചാമതായി, മറ്റൊരു പ്രാധാന കാര്യം -100 കൊല്ലം കഴിയുന്പോൾ ഇപ്പോൾ നിർമിക്കുന്ന പുതിയ ഡാമും പഴയതാകുമെന്നതാണ്. അത് ബലഹീനമാണ്. പുതുക്കിപ്പണിയണം എന്ന് ആവശ്യമുയരും. അപ്പോൾ നിലവിലുള്ള ഡാമിന്റെ കീഴ്ഭാഗത്ത് വീണ്ടും താഴോട്ടുമാറി ഡാമിന് സ്ഥലം കണ്ടെത്തേണ്ടിവരും. ഇങ്ങനെ കേരളത്തിനകത്ത് ഇറങ്ങിക്കെട്ടുന്ന ഡാമിന്റെ വലിപ്പം ആലോചിച്ചു നോക്കുക. ചുരുക്കത്തിൽ, പുതിയ ഡാം അപ്രായോഗികം. അപ്പോൾ കേരളത്തിന്റെ ആശങ്കയ്ക്ക് പരിഹാരമില്ലേ?
മുല്ലപ്പെരിയാർ ഡാമിന്റെ ഏറ്റവും ഉയർന്ന ജലനിരപ്പ് 152 അടിയാണ്. 1979ൽ ഡാമിൽനിന്നു വെള്ളം ചോർന്നൊഴുകുന്നു, ഡാം ബലഹീനം മുതലായ പരാതികൾ ഉയർന്നപ്പോൾ കേന്ദ്ര വാട്ടർ പവർ കമ്മീഷന്റെ ചെയർമാനായിരുന്ന മലയാളി എൻജിനിയർ ഡോ. കെ.ഡി. തോമസ് ഡാം സന്ദർശിച്ചു പരിശോധന നടത്തി രണ്ടു നിർദേശങ്ങൾ നല്കി.
1. ഡാമിലെ ഉയർന്ന ജലനിരപ്പ് ഉടൻതന്നെ 152 അടിയിൽനിന്ന് 136 അടിയായി കുറയ്ക്കുക. അതോടെ ഡാമിൽ സംഭരിക്കുന്ന വെള്ളത്തിന്റെ അളവ് മൂന്നിലൊന്ന് കുറയുന്നു. അതോടെ ഡാമിന്മേൽ ഉണ്ടാകുന്ന ജലത്തിന്റെ സമ്മർദവും കുറയുന്നു.
2. ഡാം ബലപ്പെടുത്തി ശക്തമാക്കുക. അന്ന് നിർദേശിച്ച ശക്തമാക്കൽ പണി മുഴുവൻ തമിഴ്നാട് സർക്കാർ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. കേന്ദ്ര വാട്ടർ കമ്മീഷന്റെ വിദഗ്ധന്മാർ പരിശോധിച്ച് ഈ പണി തൃപ്തികരമായി പൂർത്തിയാക്കിയതായി പ്രഖ്യാപിക്കുകയുംചെയ്തു.
അതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി 126 അടിക്കു പകരം 142 അടിവരെ ജലം അണക്കെട്ടിൽ സംഭരിക്കാൻ അനുവാദം നൽകിയിരിക്കുന്നത്. ഈ അനുവാദം ഉണ്ടെങ്കിലും ഇക്കഴിഞ്ഞ ദിവസം അണക്കെട്ടിലെ ജലനിരപ്പ് 136 അടിവരെ ഉയർന്നപ്പോൾത്തന്നെ തമിഴ്നാട് സ്പിൽവേകൾ തുറന്ന് പെരിയാറിലേക്കു ജലം ഒഴുക്കിവിട്ട് 136 അടിയിൽ താഴെയായി നിയന്ത്രിച്ചുനിർത്തി.
1979 മുതൽ 2015 വരെ 35 വർഷം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിക്കു മുകളിൽ വരാതെ നിയന്ത്രിച്ചു നിർത്തിയിരുന്നല്ലോ. ഈ 35 വർഷം തമിഴ്നാടിന് എന്തെങ്കിലും നഷ്ടം സംഭവിച്ചോ? 1979ൽ പെരിയാർ ജലം ഉപയോഗിച്ച് തമിഴ്നാട്ടിൽ 1,70,000 ഏക്കർ നിലത്ത് കൃഷി നടത്തി. 2015ൽ ഈ കൃഷിഭൂമിയുടെ വിസ്തീർണം 2,20,000 ഏക്കറായി വർധിച്ചു.
അപ്പോൾ 35 വർഷം ജലനിരപ്പ് 136 അടിയിൽ നിയന്ത്രിച്ചതുകൊണ്ട് തമിഴ്നാടിനു യാതൊരു നഷ്ടവുമുണ്ടായില്ല. മുല്ലപ്പെരിയാറിൽ എത്തിച്ചേർന്ന വെള്ളം മുഴുവൻ കിഴക്കോട്ടൊഴുക്കി കൊണ്ടുപോകാൻ അവർക്കു കഴിഞ്ഞു. ജലസേചനം നൽകിയ കൃഷിഭൂമിയുടെ വിസ്തീർണം ഉയരുകയും ചെയ്തു. അതേസമയം ജലനിരപ്പ് 136 അടിയിൽ നിർത്തുന്പോൾ കേരളത്തിലും ആർക്കും പരാതിയില്ല.
അപ്പോൾ സാധാരണ സാഹചര്യങ്ങളിൽ 136 അടിയായി ജലനിരപ്പ് നിയന്ത്രിച്ചു നിർത്തിയാൽ തമിഴ്നാടിനും കേരളത്തിനും ആശങ്കയില്ല, പ്രശ്നങ്ങളില്ല.
പക്ഷേ, ഒരു ഭൂകന്പമുണ്ടായാൽ 136 അടി ജലനിരപ്പുള്ളപ്പോൾപോലും ഡാമിന്റെ മുഴുവൻ കൊള്ളളവിന്റെ മുന്നിൽ രണ്ടു ഭാഗംവരെ ജലം സംഭരിക്കപ്പെടും.അപ്പോൾ കുറേ നഷ്ടമുണ്ടാകുകതന്നെ ചെയ്യും.
ഈ സാഹചര്യത്തിലാണ് ഡാമിലെ ജലനിരപ്പ് 50 അടിയായി കുറയ്ക്കണമെന്നും അതിനു മുകളിലുള്ള ജലം മുഴുവൻ ഒരു തുരങ്കമുണ്ടാക്കി അതിലൂടെ തമിഴ്നാട്ടിലേക്കു കൊണ്ടുപോകാമെന്നും അങ്ങനെ തമിഴ്നാടിന് ഡാമിലുള്ള ജലത്തിന്റെ സിംഹഭാഗവും എടുക്കാമെന്നും വെറും 50 അടി നിരപ്പിൽ മാത്രം ജലം ഡാമിൽ നിൽക്കുന്പോൾ ഭൂകന്പമുണ്ടായി ഡാം തകർന്നാൽപോലും പ്രശ്നമില്ലെന്നും അഭിപ്രായം ഉയർന്നുവരുന്നത്. ഇ. ശ്രീധരൻ ഉൾപ്പെടെയുള്ള വിദഗ്ധർ ഈ നിർദേശത്തിന് പിന്തുണ നൽകുന്നു.
അതേസമയം, ഇപ്പോൾത്തന്നെ ഡാമിൽ 106 അടി നിരപ്പിൽ ഒരു തുരങ്കമുണ്ട്. ഈ തുരങ്കംവഴി തമിഴ്നാട് ഇപ്പോഴും ജലം കൊണ്ടുപോകുന്നുണ്ട്. അങ്ങനെ ഡാമിലെ ജലനിരപ്പ് 106 അടിയായി കുറയ്ക്കാനും കഴിയും.
152 അടി നിരപ്പിൽ ജലം സംഭരിക്കുന്ന ഡാമിൽ 136 അടി ജലനിരപ്പ് നിയന്ത്രിച്ചാൽ ഡാമിന്റെ വ്യാപനത്തിന്റെ 66 ശതമാനം മാത്രം ജലമായിരിക്കും ഡാമിലുള്ളത് എന്നു നാം കണ്ടുകഴിഞ്ഞു. അതു വീണ്ടും 30 അടികൂടി കുറച്ച് 106 അടിവരെ മാത്രം ജലം സംഭരിച്ചാൽ ഡാമിൽ മൊത്തം ശേഷിയുടെ അഞ്ചിലൊന്ന് ജലംപോലും ഉണ്ടായിരിക്കില്ല. അപ്പോൾ 106 അടിവരെ ജലമുള്ളപ്പോൾ ഭൂകന്പമുണ്ടായി ഡാം തകർന്നാൽപ്പോലും നഷ്ടമുണ്ടാകില്ല.
ഇപ്പോൾ ചിലർ നിർദേശിക്കുന്നതുപോലെ 50 അടിവരെ ജലനിരപ്പ് കുറയ്ക്കേണ്ട ആവശ്യമില്ല. അങ്ങനെ കുറച്ചാൽ തമിഴ്നാട്ടിൽ അവർ ഇപ്പോൾ കിഴക്കോട്ട് ഒഴുക്കിയെടുക്കുന്നതിനേക്കാൾ കൂടുതൽ ജലം അങ്ങോട്ടു കൊണ്ടുചെല്ലാൻ അവർക്കു കഴിയും. ഇപ്പോൾ 106 അടിയിൽ താഴെയുള്ള ജലം മുഴുവൻ ഡാമിൽ ഡെഡ് സ്റ്റോറേജ് ആയി നിൽക്കുന്നതുകൊണ്ട് കേരളത്തിന് ഡാമിന്റെ താഴെയുള്ള ഇടുക്കി, കോട്ടയം ജില്ലകളിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും ഭൂഗർഭ ജലനിരപ്പ് താഴ്ന്നുപോകാതെ വേനൽക്കാലത്ത് കുടിവെള്ളക്ഷാമം ഉണ്ടാകാതെ സംരക്ഷിക്കാൻ കഴിയും.
106 അടിക്കു പകരം 50 അടിവരെ മാത്രം ജലം ഡാമിൽ നിൽക്കുന്പോൾ കോട്ടയം, ഇടുക്കി ജില്ലകളിൽ വേനൽക്കാലത്ത് ഭൂഗർഭജലനിരപ്പ് കുറഞ്ഞുപോകുകയും ഇന്നില്ലാത്ത രീതിയിൽ ജലക്ഷാമം ഉണ്ടാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഡാമിലെ നിരപ്പ് 106 അടിവരെ മാത്രം കുറച്ചാൽ മതിയാകും. ഡെഡ് സ്റ്റോറേജ് 50 അടിയായി കുറയ്ക്കരുത്. 106 അടിയിൽ ഇപ്പോൾത്തന്നെ തുരങ്കമുണ്ട്. വേണമെങ്കിൽ അതിന്റെ വ്യാപ്തം വർധിപ്പിക്കാൻ തമിഴ്നാടിന് അധികാരം നൽകാം.
പക്ഷേ, 106 അടിയിൽ താഴേക്കു ഡാമിലെ ജലനിരപ്പ് കുറയ്ക്കാൻ അനുവദിക്കുന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും. 106 അടിയിൽ ഇന്നു പ്രവർത്തിക്കുന്ന തുരങ്കത്തിന്റെ വലിപ്പം വർധിപ്പിച്ച് ജലം പെട്ടെന്ന് കിഴക്കോട്ട് കൊണ്ടുപോകട്ടെ. തമിഴ്നാട്ടിൽ കൂടുതൽ ജലം സംഭരിച്ചുവയ്ക്കാനായി സഹ്യപർവതത്തിന്റെ കിഴക്കേ ചെരിവിൽ നിലവിലുള്ള ഫോർബേ ഡാമിന്റെ ഉയരം അല്പം വർധിപ്പിക്കുകയും ചെയ്യാം.