വടശേരിക്കരയ്ക്ക് ഭീതിയുടെ പകൽ, കാടുകയറാതെ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ
വടശേരിക്കര: പട്ടാപകലും ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയതോടെ വടശേരിക്കര ജനതയുടെ ഭീതി ഇരട്ടിച്ചു. മാസങ്ങളായി കാട്ടാനയുടെ ശല്യം കാരണം ഉറക്കൊഴിഞ്ഞിരുന്ന പ്രദേശവാസികൾ ഇന്നിപ്പോൾ പകലും പുറത്തിറങ്ങാനാകാത്ത അവസ്ഥയിലായി. ഇന്നലെ പകൽ ശബരിമല പ്രധാന പാതയോരത്തിനു സമീപം വരെയാണ് കാട്ടാന എത്തിയത്.
അഞ്ച് കിലോമീറ്റർ അകലെയുള്ള വനമേഖലയിൽ നിന്നും കല്ലാറ് നീന്തിക്കടന്ന് മറുകരയിലെത്തുന്ന കാട്ടാനകൾ വടശേരിക്കര ടൗണിനു സമീപംവരെ രാത്രിയിൽ എത്തി നാശം വരുത്തിയിരുന്നു. രാത്രിയിൽ കാടിറങ്ങുന്ന കാട്ടാന നേരം പുലരുന്നതോടെ മടങ്ങുന്ന സ്ഥിതിയായിരുന്നു. എന്നാൽ ഇന്നലെ കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ തന്നെ നിലയുറപ്പിക്കുകയായിരുന്നു. കോട്ടപ്പുറം മലമുകളിലാണ് കാട്ടാനയെ ആദ്യം കണ്ടത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനേ തുടർന്നു സ്ഥലത്തെത്തിയ വനപാലകർ ഇവയെ തുരത്താനുള്ള ശ്രമങ്ങൾ തുടങ്ങി.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ മനോരമ ജംഗ്ഷനു 100 മീറ്റര്‍ അകലെ സെന്റ് ആന്‍ഡ്രൂസ് മാർത്തോമ്മാ പള്ളിക്കു സമീപം ചരിവുകാലപുരയിടത്തില് ആനയെ കണ്ടെത്തി. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. അവിടെ നിന്ന് ഓടിയിറങ്ങിയ ആനയാണ് ആദ്യം കുന്പളത്താമൺ റോഡിലൂടെ ഓടിയത്. നിരവധിയാളുകൾ തടിച്ചുകൂടി നിന്നതിനു സമീപത്തു കൂടിയാണ് ആന പാഞ്ഞത്. ശബരിമല പ്രധാന പാതയ്ക്ക് തൊട്ടരികിലൂടെയാണ് ആന പാഞ്ഞത്. ഉച്ചകഴിഞ്ഞും വൈകുന്നേരവുമായി മൂന്ന് ആനകൾ കൂടി ഇതേ പാതയിൽ പാഞ്ഞു.
കാവൽ നിന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും
കാട്ടാനക്കൂട്ടം കാടുകയറിയിട്ടില്ലെന്നു മനസിലായതോടെ പ്രദേശവാസികൾ ഇന്നലെ കാത്തിരിക്കുകയായിരുന്നു. വിവരം അറിഞ്ഞു മറ്റു സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തി. കുട്ടികളെ സ്കൂളിൽ വിടാനും, ജോലിക്ക് പോകാനും പോലും കഴിയാത്ത അവസ്ഥയായിരുന്നു. വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പോലും ആളുകൾ ഭയന്നു. ഇതിനിടയിൽ ചില പ്രതിഷേധ പ്രകടനങ്ങൾ നടന്നെങ്കിലും ഫോട്ടോയെടുത്ത് അവരും മടങ്ങി.
വൈകുന്നേരം 4. 30 ഓടെ രണ്ട് ആനകൾ കൂടി മടങ്ങിയതോടെയാണ് സമാധാനമായത്. വനപാലകർ കാവൽ നിന്നാണ് ആളുകളെ നിയന്ത്രിച്ചത്. പൊലിസും സ്ഥലത്തുണ്ടായിരുന്നു. പഴകുളം മധു എംഎൽഎ, വടശേരിക്കരയിലെ മറ്റു ജനപ്രതിനിധികൾ എന്നിവരും ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ, ആനകൾ മടങ്ങും വരെ, ജനങ്ങളുടെ സുരക്ഷയ്ക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ആക്കേമൺ, മുള്ളൻപാറ ഭാഗങ്ങൾ സ്ഥിരം കേന്ദ്രം
കാടുവിട്ടിറങ്ങുന്ന കാട്ടാനകൾ ആക്കേമൺ, മുള്ളൻപാറ ഭാഗങ്ങളാണ് കേന്ദ്രീകരിച്ചിരുന്നത്. ഇവിടെ നിന്നും കഴിഞ്ഞദിവസങ്ങളിൽ കുരിശുംമൂട് ഭാഗംവരെ എത്തി. നിരവധിയാളുകളുടെ കൃഷിയിടങ്ങളിൽ നാശംവരുത്തി. മുള്ളൻപാറയിൽ ഒരു വീടിന്റെ മതിൽ തകർത്തു. കുന്പളത്താമൺ റോഡിൽ വൈ
കുന്നേരത്തോടെ കാട്ടാനയുടെ സാന്നിധ്യവും പതിവാണ്. സെന്റ് ആൻഡ്രൂസ് പള്ളിയുടെ സമീപത്തു കൂടിയാണ് ആന സ്ഥിരമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്.
പ്രദേശത്തെ നിരവധി കർഷകരുടെ കാർഷിക വിളകളും ആനക്കൂട്ടം വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.ശബരിമല പാതയിൽ വാഹനത്തിരക്ക് വർധിച്ചുവരുന്ന സാഹചര്യത്തിൽ കാട്ടാനകൾ പ്രധാന റോഡിലേക്ക് ഇറങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട് വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
ഇന്നലെ പകൽ ആനകളെ വനത്തിലേക്ക് തിരിച്ച് ഓടിച്ചെങ്കിലും അവ വീണ്ടും പൂർവാധികം ശക്തിയോടെ ജനവാസ മേഖലയിൽ തിരിച്ച് ഇറങ്ങുമെന്നു തന്നെയാണ് നാട്ടുകാർ പറയുന്നത്. ഇന്നലെ രാത്രി സ്ഥലത്തു വനപാലകരും പൊലിസും കാവൽ നിൽക്കകയാണ്.
കൃഷിയിടങ്ങൾക്കു വ്യാപക നഷ്ടം
സ്ഥിരമായി കാടുവിട്ട് ജനവാസ മേഖലകളിലേക്ക് എത്തുന്ന കാട്ടാനകൾ കൃഷിയിടങ്ങളിൽ വ്യാപകമായ നാശമാണ് വരുത്തുന്നത്. വായ്പയെടുത്തും മറ്റും കൃഷി ചെയ്യുന്നവരാണ് ഏറെയും. മികച്ച കർഷകനുള്ള പുരസ്കാരം നേടിയിട്ടുള്ള ചെറുകാട്ട് തോമസിന്റെ കൃഷിയിടത്തിൽ പ്രവേശിച്ച കാട്ടാനകൾ പതിനായിരങ്ങളുടെ കൃഷി നാശമാണ് വരുത്തിയത്. ശാസ്ത്രീയമായി കൃഷി നടത്തിയിരുന്നയാളാണ് അദ്ദേഹം. വായ്പയെടുത്താണ് ഈ മേഖലയിൽ പ്രവർത്തിച്ചിരുന്നതെന്ന് തോമസ് പറഞ്ഞു. പതാലിൽ ഐസിയുടെ കൃഷിയിടത്തിലും നാശങ്ങൾ വരുത്തി. മുന്‍പും ഈ ഭാഗങ്ങളിൽ കാട്ടാന കൃഷി നാശം വരുത്തിയിട്ടുണ്ട്. എന്നാൽ നഷ്ടപരിഹാരം നാമമാത്രമായാണ് ലഭിച്ചത്.
മുള്ളൻപാറയിൽ ഏബ്രഹാം മാത്യുവിന്റെ വീടിനോടു ചേർന്നുണ്ടായിരുന്ന മതില് തകർത്തു തരിപ്പണമാക്കി. ഇവിടെ രാത്രിയിലും പുലർച്ചയിലുമാണ് കാട്ടാനകൾ എത്തിയത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് വടശേരിക്കരയുടെ വിവിധ ഭാഗങ്ങളിൽ ആനകൾ വരുത്തി വച്ചത്.