ആലുവ: നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സ് പാർക്കിംഗ് ഗ്രൗണ്ടിൽ ചില്ല് തകർത്ത നിലയിൽ കണ്ടെത്തിയ കാർ ആശങ്ക പരത്തി. കാറിനകത്ത് താറാവും മുയലും, സീറ്റിൽ കത്തിയും ചുറ്റികയും മറ്റ് ആയുധങ്ങളും കൂടിയായതോടെ കാറിനു ചുറ്റും ജനം തടിച്ചുകൂടി. ഒടുവിൽ മണിക്കൂറുകൾ നീണ്ട ദുരൂഹത മാറിയത് ഉടമ സ്ഥലത്തെത്തി വിശദീകരിച്ചപ്പോൾ മാത്രം.
റെയിൽവേ സ്റ്റേഷൻ റോഡിലെ പ്രമുഖ ഷോപ്പിംഗ് കോംപ്ലക്സ് സെന്ററിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ഇന്നലെ രാവിലെ ഏഴരയോടെയാണ് കാർ സെക്യൂരിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടത്. കാസിനോ തീയറ്ററിനു സമീപം താമസിക്കുന്ന ആലുവ സ്വദേശിയുടെ പേരിലുള്ള വാഹനമായിരുന്നു ഇത്. നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ല് തകർത്തത് താൻ തന്നെയാണെന്ന് പിന്നീട് ഉടമയെത്തി പറഞ്ഞതോടെയാണ് ആശങ്ക വഴിമാറിയത്. കാർ പാർക്ക് ചെയ്ത ശേഷം ‘ഒന്നു മിനുങ്ങാൻ’ പോയി തിരിച്ചെത്തിയപ്പോൾ കാറിന്റെ കീ നഷ്ടപ്പെട്ടതോടെയാണ് കാറിന്റെ ഇടതുവശത്തെ ചില്ല് തകർത്തതെന്ന് ഉടമ വിശദമാക്കി.
വളർത്തുമൃഗങ്ങളോട് ഭ്രമമുള്ള ഇയാൾ കഴിഞ്ഞ ദിവസം തോട്ടുമുഖത്തെ നഴ്സറിയിൽ നിന്നാണ് മുയലിനെയും താറാവിനെയും വാങ്ങിയത്. ഇതുമായി നഗരത്തിലെത്തിയ ഇയാളുടെ വാഹനത്തിന്റെ താക്കോൽ നഷ്ടപ്പെട്ടതോടെയാണ് ചില്ല് തകർത്തതത്രേ. ഓട്ടോമേഷൻ സ്ഥാപനം നടത്തുന്ന ഇയാളുടെ പണിയായുധങ്ങളാണ് കാറിലുണ്ടായിരുന്നതെന്നും ഇയാൾ വ്യക്തമാക്കി.