വത്തിക്കാൻ സിറ്റി: മനുഷ്യന്റെ അന്തസിനും പവിത്രതയ്ക്കുമെതിരായ ആക്രമണമാണു വധശിക്ഷയെന്നും അതു സ്വീകാര്യമല്ലെന്നുമുള്ള കത്തോലിക്കാസഭയുടെ നിലപാട് ആവർത്തിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ലോക വധശിക്ഷാവിരുദ്ധ ദിനത്തിൽ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് മാർപാപ്പയുടെ പ്രതികരണം.
വധശിക്ഷ ഒഴിവാക്കിക്കൊണ്ടുതന്നെ നീതിയുടെ ആവശ്യങ്ങൾ നിറവേറ്റാനും സമൂഹത്തിന്റെ പൊതുനന്മ സംരക്ഷിക്കാനും സാധിക്കും. മനുഷ്യന്റെ അന്തസിനു നിരക്കാത്തതും ക്രിസ്തീയ പ്രബോധനങ്ങൾക്ക് എതിരുമാണ് വധശിക്ഷയെന്നും ലോകമെമ്പാടും ഇതിന്റെ നിരോധനത്തിനായി സഭ നിലകൊള്ളുമെന്നും മാർപാപ്പ വ്യക്തമാക്കി.
അമേരിക്കയിൽ ഫോർട്ട് ഹുഡ് വെടിവയ്പു കേസിലെ പ്രതി യുഎസ് കരസേനാ മേജർ നിദാൽ മാലിക് ഹസന്റെ വധശിക്ഷ പരസ്യമായി നടപ്പാക്കാനുള്ള പെന്റഗൺ തീരുമാനത്തിനെതിരേ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിനും യുഎസ് ബിഷപ്സ് കോൺഫറൻസ് പ്രസിഡന്റും രംഗത്തെത്തിയിരുന്നു. മരണത്തെ ഒരു ‘കാഴ്ച’യാക്കി മാറ്റുന്നത് അസ്വീകാര്യമാണെന്ന് ഇരുവരും വ്യക്തമാക്കി.