കല്പ്പറ്റ: മുട്ടില് സൗത്ത് വില്ലജിലെ റവന്യു പട്ടയഭൂമികളില്നിന്നു 2020-21ല് നിയമവിരുദ്ധമായി ഈട്ടി മരങ്ങള് മുറിക്കുന്നതിനെതിരേ നിലപാട് സ്വീകരിച്ച അന്നത്തെ ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ ജോസഫ് മാത്യുവിനെ ഒതുക്കാന് റവന്യു പ്രിന്സിപ്പല് സെക്രട്ടറിയായിരിക്കേ ഡോ.എ. ജയതിലക് കരുക്കള് നീക്കി. ജോസഫ് മാത്യുവിനെതിരേ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് ഡോ.ജയതിലക് 2021 ജൂണ് 16ന് ചീഫ് സെക്രട്ടറിക്ക് നല്കിയ കത്തിലെ ഉള്ളടക്കമാണ് ഇതിലേക്ക് വിരല് ചൂണ്ടുന്നത്.
ഡോ.ജയതിലക് 2020 ഒക്ടോബര് 24ന് പുറപ്പെടുവിച്ച ഉത്തരവിന് മറവിലാണ് സംസ്ഥാനത്ത് വിവിധ ജില്ലകളില് റവന്യു പട്ടയ ഭൂമികളില് ഈട്ടി, തേക്ക്് മുറി നടന്നത്. റവന്യു പട്ടയഭൂമികളിലെ നൂറ്റാണ്ടുകള് പഴക്കമുള്ള ഈട്ടികള് മുറിക്കുന്നതില് നിയമവിരുദ്ധതയുണ്ടെന്നും തടയേണ്ടതാണെന്നും ഗവ.പ്ലീഡര് ആന്ഡ് പബ്ലിക് പ്രോസ്യുട്ടര് എന്ന നിലയില് ജോസഫ് മാത്യു ജില്ലാ കളക്ടര്ക്കും സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കും നിയമോപദേശം നല്കിയിരുന്നു.
മരം മുറി അനുവദിച്ച് റവന്യു പ്രിന്സിപ്പല് സെക്രട്ടറി ഉത്തരവായത് തെറ്റാണെന്നും നിയമോപദേശത്തില് പറഞ്ഞിരുന്നു. 2021 ജനുവരി എട്ടിന് ജില്ലാ കളക്ടര് ആവശ്യപ്പെട്ടതുപ്രകാരമാണ് നാല് ദിവസത്തിനുശേഷം ഗവ.പ്ലീഡര് നിയമോപദേശം നല്കിയത്.
നിയമോപദേശം നല്കിയ വിവരം മാധ്യമങ്ങളുമായി പങ്കുവച്ചതുവഴി ജോസഫ് മാത്യു സര്ക്കാര് ഉദ്യോഗസ്ഥര്ക്ക് ബാധകമായ ചട്ടലംഘനം നടത്തിയതായി ജില്ലാ കളക്ടര് അഡീഷണല് ചീഫ് സെക്രട്ടറിക്ക് പരാതി നല്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റവന്യു പ്രിന്സിപ്പല് സെക്രട്ടറി ജോസഫ് മാത്യുവിനെതിരേ ചീഫ് സെക്രട്ടറിക്ക് കത്ത് നല്കിയത്.
റവന്യു അധികൃതരുടെ ഭാഗത്തെ വീഴ്ചകളാണ് കാര്യങ്ങള് വഷളാക്കിയതെന്ന് ഗവ.പ്ലീഡര് പറഞ്ഞുവെന്ന് ആരോപിച്ചായിരുന്നു റവന്യു പ്രിന്സിപ്പല് സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിന്റെ തുടക്കം. മരം മുറി അനുവദിക്കുന്ന ഉത്തരവ് സംബന്ധിച്ച് 2020 ഡിസംബര് മൂന്നിന് നിയമവകുപ്പിന്റെ ഉപദേശം തേടിയെന്നും 2021 ജനുവരി 20ന് നിയമോപദേശം ലഭിച്ചെന്നും ഇതിനിടെ ജില്ലാ ഗവ.പ്ലീഡര് നിയമോപദേശം നല്കിയത് നിയമവിരുദ്ധമാണെന്നും ചീഫ് സെക്രട്ടറിക്കുള്ള കത്തില് വിശദീകരിച്ചിരുന്നു.
ഇതേത്തുടര്ന്ന് ചീഫ് സെക്രട്ടറിയുടെ നിര്ദേശാനുസരണം മാനന്തവാടി സബ് കളക്ടര് നോട്ടീസ് നല്കി ജോസഫ് മാത്ുവില്നിന്നു മൊഴിയെടുക്കുകയുണ്ടായി. താന് സര്ക്കാര് ഉദ്യോഗസ്ഥനല്ലെന്നും അതിനാല് ചട്ടങ്ങള് ബാധകമല്ലെന്നുമായിരുന്നു സബ് കളക്ടര്ക്ക് ജോസഫ് മാത്യു നല്കിയ മൊഴിയില്. പിന്നീട് അഡീഷണല് അഡ്വ.ജനറലിനെ നേരില്കണ്ട് ജോസഫ് മാത്യു കാര്യങ്ങള് ശ്രദ്ധയില്പ്പെടുത്തുകയുമുണ്ടായി. മാസങ്ങള്ക്കുശേഷമാണ് ജോസഫ് മാത്യുവിനെതിരായ നീക്കം റവന്യു വകുപ്പ് അവസാനിപ്പിച്ചത്.
ഗവ.പ്ലീഡര് പദവിയില്നിന്നു പിരിഞ്ഞ ജോസഫ് മാത്യുവിനെ മുട്ടില് മരംമുറി കേസ് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അന്വേഷണസംഘം മേധാവിയുടെ ശിപാര്ശയില് സര്ക്കാര് സ്പെഷ്യല് പ്രോസിക്യുട്ടറായി നിയമിച്ചിരുന്നു. കേസില് ജോസഫ് മാത്യു 2024 മാര്ച്ച് 13ന് സര്ക്കാരിനുവേണ്ടി കോടതിയില് ഹാജരായി. പിന്നീട് അദ്ദേഹത്തെ സ്പെഷ്യല് പ്രോസിക്യുട്ടര് സ്ഥാനത്തുനിന്നു സര്ക്കാര് ഒഴിവാക്കുകയാണ് ചെയ്തത്.