ന്യൂഡൽഹി: സൈബർ സുരക്ഷാ രംഗത്ത് നിർണായക നേട്ടം കൈവരിച്ച് ഗൂഗിൾ ഡീപ്മൈൻഡ് . വാട്സ്ആപ്പ്, സിഗ്നൽ, ഗൂഗിൾ മെസേജസ് എന്നിവയിലെ സ്വകാര്യ സന്ദേശങ്ങൾക്ക് സുരക്ഷയൊരുക്കുന്ന 'സിഗ്നൽ ക്രിപ്റ്റോഗ്രാഫിക് പ്രോട്ടോക്കോൾ' പൂർണമായും പിഴവുകളില്ലാത്തതാണെന്ന് ഗൂഗിളിന്റെ പുതിയ എഐ സംവിധാനം ഗണിതശാസ്ത്രപരമായി തെളിയിച്ചു.
ഡീപ്മൈൻഡിലെ ഗവേഷകനായ സ്വരത് ചൗധരിയാണ് എക്സിലൂടെ ഈ സുപ്രധാന നേട്ടം പങ്കുവെച്ചത്. 'ആൽഫാപ്രൂഫ് കോഡ്' എന്ന പുതിയ എഐ ഫ്രെയിംവർക്ക് ഉപയോഗിച്ചാണ് കോഡുകളുടെ മെഷീൻ-കോഡ് തലം വരെ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയത്. ഇതോടെ, ഈ എൻക്രിപ്ഷൻ സംവിധാനം വാഗ്ദാനം ചെയ്യുന്ന സുരക്ഷ പൂർണമായും കൃത്യമാണെന്നും യാതൊരു പഴുതുകളുമില്ലെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ്. കോടിക്കണക്കിന് ഉപയോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്ന കണ്ടെത്തലാണിത്.
മുൻകാലങ്ങളിൽ ഒരു സോഫ്റ്റ്വെയർ കോഡ് പൂർണമായും സുരക്ഷിതമാണെന്ന് ഗണിതശാസ്ത്രപരമായി തെളിയിക്കാൻ വിദഗ്ദ്ധരായ മനുഷ്യരുടെ പതിറ്റാണ്ടുകളുടെ അധ്വാനം വേണ്ടിവരുമായിരുന്നു. എന്നാൽ എഐ ഈ രംഗത്ത് വലിയ മാറ്റമാണ് കൊണ്ടുവന്നത്.
2026 ഒക്ടോബറിലെ നാല് ആഴ്ചകൾക്കുള്ളിൽ, ആൽഫാപ്രൂഫ് കോഡ് ഏജന്റുകൾ ആറ് ദശലക്ഷത്തിലധികം വരികളുള്ള ഗണിതശാസ്ത്ര തെളിവുകൾ തയ്യാറാക്കി. ഏറ്റവും പുതിയ 'ജെമിനി കാർബൺ' മോഡലുകളുടെ സഹായത്തോടെ പ്രവർത്തിച്ച എഐ ഏജന്റുകളാണ് പ്രധാന ജോലികളെല്ലാം ചെയ്തത്.
മനുഷ്യ വിദഗ്ദ്ധർക്കൊപ്പം പ്രവർത്തിച്ച്, കൂടുതൽ പരിശോധന ആവശ്യമുള്ള ഭാഗങ്ങൾ എഐ കൃത്യമായി ചൂണ്ടിക്കാണിച്ചു. ഒടുവിൽ കോഡ്ബേസിന്റെ വെറും ഒരു ശതമാനം മാത്രമാണ് മനുഷ്യർക്ക് പരിശോധിക്കേണ്ടി വന്നത്. എഐ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, മുൻപ് പരിഹരിച്ച രണ്ട് പഴയ പിഴവുകൾ ഗവേഷകർ സിഗ്നൽ കോഡിൽ വീണ്ടും ഉൾപ്പെടുത്തി. എഐ സംവിധാനം ഈ രണ്ട് പിഴവുകളും കൃത്യമായി കണ്ടെത്തി.
മനുഷ്യർക്ക് സംഭവിക്കുന്ന ചെറിയ കോഡിംഗ് പിഴവുകളാണ് മിക്ക സൈബർ ആക്രമണങ്ങൾക്കും കാരണമാകുന്നത്. എഐ ഉപയോഗിച്ച് ഇത്തരം പിഴവുകൾ മുൻകൂട്ടി കണ്ടെത്തുന്നതിലൂടെ ഹാക്കർമാർ അവ ദുരുപയോഗം ചെയ്യുന്നതിന് മുൻപ് തന്നെ പരിഹരിക്കാൻ സാധിക്കും.
ഇതൊരു തുടക്കം മാത്രമാണെന്നും ലോകത്തിലെ മുഴുവൻ സോഫ്റ്റ്വെയർ അടിസ്ഥാന സൗകര്യങ്ങളിലെയും പിഴവുകൾ ഇല്ലാതാക്കി സുരക്ഷിതമാക്കുകയാണ് തങ്ങളുടെ അന്തിമ ലക്ഷ്യമെന്നും സ്വരത് ചൗധരി വ്യക്തമാക്കി. ഓപ്പൺ സോഴ്സ് സമൂഹത്തിന് പരിശോധിക്കാനും തുടർപഠനങ്ങൾ നടത്താനുമായി ഡീപ്മൈൻഡ് ഇതിന്റെ മുഴുവൻ വിവരങ്ങളും ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വാട്സ്ആപ്പ് ചാറ്റുകൾ മുതൽ മെഡിക്കൽ ഉപകരണങ്ങളും പവർ ഗ്രിഡുകളും വരെയുള്ള നിർണായക സംവിധാനങ്ങളെ പൂർണമായും 'ഹാക്ക്-പ്രൂഫ്' ആക്കി മാറ്റുന്നതിലേക്കുള്ള വലിയൊരു ചുവടുവെപ്പായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.