തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് പണമിടപാടു കേസിൽ അഴിമതിതടയൽ നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയും മരുമകനും പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ മുഹമ്മദ് റിയാസിനെതിരെയും കേസെടുത്ത് അന്വേഷിക്കണമെന്ന ഹൈക്കോടതി വിധി സിപിഎമ്മിനു രാഷ്ട്രീയമായി വലിയ തിരിച്ചടിയായി.
മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കണ്ടെത്തലുകൾ ഗൗരവമാണെന്ന നിഗമനത്തിലാണു കോടതി കേസെടുത്ത് അന്വേഷിക്കാൻ നിർദേശം നൽകിയത്.
കോടതിയുടെ ഈ ഇടപെടൽ നിയമപരമായി നേരിടുകയെന്നതും സിപിഎമ്മിനും പിണറായി വിജയനും ഇനി അഗ്നിപരീക്ഷണമാണ്.
പതിവ് ആവർത്തിച്ച് സിപിഎം
മാസപ്പടി കേസിൽ ഹൈക്കോടതി വിധിയെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന പതിവു പല്ലവി സിപിഎം ഇന്നലെയും ആവർത്തിച്ചു. സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി തന്നെ പിണറായിക്കും മുഹമ്മദ് റിയാസിനും പിന്തുണയുമായെത്തി. പിന്നാലെ പാർട്ടി സംസ്ഥാന നേതൃത്വവും ഇതേ നിലപാട് ആവർത്തിച്ചു. ഇതോടെ മാസപ്പടി കേസിൽ പാർട്ടി പിണറായി വിജയനു പൂർണ സംരക്ഷണ കവചമൊരുക്കുകയാണ്.
കോടതി നിർദേശ പ്രകാരം വിജലൻസ് സ്വാഭാവികമായും പിണറായി വിജയനെതിരേയും മുഹമ്മദ് റിയാസിനെതിരേ യും കേസെടുത്ത് അന്വേഷണം തുടങ്ങും. കോടതി വിധിയായിനാൽ നിയമരപായി നേരിടാനാൻ തന്നെയാണു സിപിഎം തീരുമാനം.
അപ്പീലിന് പാർട്ടി
സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിലേക്കു അപ്പീൽ പോകാനുള്ള നടപടികൾ പാർട്ടി ആരംഭിച്ചുകഴിഞ്ഞു. ഇനി ഡിവിഷൻ ബഞ്ച് വിധി അനുകൂലമല്ലെങ്കിൽ സുപ്രീംകോടതിയിൽ പോകാനാനുള്ള സാധ്യതകളും പാർട്ടി നോക്കുന്നുണ്ട്. കേസിൽ സർക്കാർ എന്തായാലും അപ്പീൽ പോകാൻ സാധ്യതയില്ല.പിണറായിക്കെതിരേ വിജിലൻസ് അന്വേഷണം തുടങ്ങിയാൽ അതു സിപിഎമ്മിന് രാഷ്ട്രീയമായി വലിയ പ്രതിസന്ധിയൊന്നും സൃഷ്ടിക്കാൻ ഇടയില്ല.
ലാവ്ലിൻ കേസിനെ പിണറായിയും സിപിഎമ്മും നേരിട്ട അനുഭവം രാഷ്ട്രീയ കേരളത്തിനുണ്ട്. അത്രയൊന്നും രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കാനുള്ള ശക്തി മാസപ്പടി കേസിന് ഇല്ലായെന്നാണു സിപിഎമ്മും കരുതുന്നത്. അതുകൊണ്ടുതന്നെ കേസ് അതിന്റെ വഴിക്കു പോകട്ടേയെന്ന ധാരണയിലാണു പാർട്ടി നേതൃത്വം.
സ്ഥാനമൊഴിയാൻ സമ്മർദമേറും
വിജിലൻസ് കേസെടുത്താൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണമെന്ന ആവശ്യം പ്രതിപക്ഷത്തുനിന്നും പൊതുവെ ഉയരാം. എന്നാൽ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നവർ ഉൾപ്പെടെ മന്ത്രിമാരടക്കം ധാരാളം പേർ വിജിലൻസ് കേസിൽ പ്രതിയായിട്ടുണ്ട്. പ്രതിയായവരൊന്നും സ്ഥാനങ്ങൾ രാജിവച്ചിട്ടില്ല. ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അങ്ങനെയൊരു പ്രതിസന്ധി ഉണ്ടാകുന്നുള്ളൂ. മാസപ്പടി കേസിലും ഇതുതന്നെയാകും ഉണ്ടാകാൻ പോകുക.
സിപിഎമ്മിൽ പിണറായി പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയണമെന്ന് ഈ ഘട്ടത്തിൽ ആരും ആവശ്യപ്പെടില്ലെന്നു മാത്രമല്ല, അങ്ങനെയൊരു ചർച്ചപോലും ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.
ഇപ്പോൾ നടന്നുവരുന്ന വിശാല ജില്ലാ കമ്മിറ്റി യോഗങ്ങളിൽ പിണറായി വിജയനും പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഏറെ വിമർശിക്കപ്പെടുന്നുണ്ടെങ്കിലും പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതു തെറ്റായിപ്പോയെന്ന തരത്തിലുള്ള ഒരു ചർച്ചയും ഉണ്ടായിട്ടില്ല.
സിപിഎമ്മിന്റെ ഉൾപാർട്ടി രാഷ്ട്രീയം പിണറായി വിജയന് ഇത്രത്തോളം അനുകൂലമായി നിൽക്കുന്പോൾ ഒരു തരത്തിലുമുള്ള രാഷ്ട്രീയ പ്രതിസന്ധിയും വരാൻ പോകുന്ന വിജിലൻസ് അന്വേഷണത്തിന്റെ പേരിൽ അദ്ദേഹത്തിനോ പാർട്ടിക്കോ ഉണ്ടാകാനിടയില്ല.