ക്വിക്-കോമേഴ്സ് സേവന രംഗത്തെ മുൻനിര കമ്പനിയായ സെപ്റ്റോയുടെ ഡെലിവറി ഏജന്റിന് ലഭിച്ച ദീപാവലി സമ്മാനം സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. കാഴ്ചയിൽ 500 രൂപയുടെ നോട്ടുകളോട് സാമ്യമുള്ള അഞ്ചാറ് കറൻസികൾ ബോണസായി ലഭിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം.
എന്നാൽ സൂക്ഷിച്ചു നോക്കുമ്പോൾ അത് യഥാർഥ പണമല്ലെന്നും കമ്പനിയുടെ ഡിസ്കൗണ്ട് വൗച്ചറുകളാണെന്നും വ്യക്തമാകുന്നു. ഇതോടെ ജീവനക്കാരെ പരിഹസിക്കുന്ന രീതിയിലാണ് സെപ്റ്റോ പെരുമാറിയതെന്ന തരത്തിലുള്ള വിമർശനം വ്യാപകമായി ഉയർന്നു.
കോടിക്കണക്കിന് ഡോളർ മൂല്യമുള്ള ഒരു കമ്പനി ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്ക് നൽകുന്നത് വെറും പേപ്പർ വൗച്ചറുകളാണെന്നത് അംഗീകരിക്കാനാവില്ലെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.
തുച്ഛമായ തുകയുടെ കൂപ്പണുകൾ നൽകി തൊഴിലാളികളെ പറ്റിക്കുകയാണെന്നാണ് പ്രധാന ആരോപണം. അതേസമയം, വൗച്ചറുകളുടെ തുക ന്യായമായതാണെങ്കിൽ ഇതിൽ തെറ്റുപറയാനില്ലെന്ന വാദവുമായി ചിലർ രംഗത്തെത്തിയിട്ടുണ്ട്. സ്ഥിരം ഉപഭോക്താക്കൾക്ക് പോലും ലഭിക്കാത്ത ഓഫറുകളാണ് ഇതെന്ന രീതിയിൽ തമാശരൂപേണ പ്രതികരിച്ചവരും കുറവല്ല.
ഇന്ത്യയിലെ ഗിഗ് സമ്പ്രാദായത്തെയും സ്റ്റാർട്ടപ്പ് സംസ്കാരത്തെയും ചുറ്റിപ്പറ്റിയുള്ള വിശാലമായ ചർച്ചകൾക്കും ഈ സംഭവം തുടക്കമിട്ടിട്ടുണ്ട്. ഡെലിവറി പങ്കാളികൾ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 'ഗിഗ് തൊഴിലാളികൾ' മാത്രമാണെന്നും, സ്ഥിരം ജീവനക്കാരുടെ ആനുകൂല്യങ്ങൾക്ക് ഇവർ അർഹരല്ലെന്നും ഒരുവിഭാഗം വാദിക്കുന്നു.
മറ്റ് അസംഘടിത മേഖലകളെ അപേക്ഷിച്ച് ഇൻഷുറൻസ്, അപകട പരിരക്ഷ എന്നിവ ഇവർക്ക് ലഭിക്കുന്നുണ്ടെന്ന കാര്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ സംഭവത്തിൽ സെപ്റ്റോയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.