Kerala
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്ത് അതിന്റെ ഓരോ പൗരന്റെയും കൈയിലുള്ള വോട്ടവകാശമാണ്. ഈ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് കേവലം ഒരു അവകാശമല്ല, മറിച്ച് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതിലുള്ള നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സുതാര്യവും ജനകീയവുമാക്കാന്‍ “സമ്മതിദായക കേന്ദ്രീകൃതമായ” വിപുലമായ തയാറെടുപ്പുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശാനുസരണം കേരളത്തില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. നാളെ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോള്‍, സമ്മതിദായകര്‍ക്ക് ആത്മവിശ്വാസത്തോടെയും സൗകര്യപ്രദമായും വോട്ട് രേഖപ്പെടുത്താനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കഴിഞ്ഞു.
» പുതുമകള്‍: സുതാര്യതയുടെ 30 സംരംഭങ്ങള്‍ «
തെരഞ്ഞെടുപ്പ് പ്രക്രിയയെ ആധുനികവത്കരിക്കാനും കൂടുതല്‍ ജനകീയമാക്കാനും മുപ്പതോളം പുതിയ പദ്ധതികളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തവണ നടപ്പിലാക്കുന്നത്. വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമായി നാൽപ്പതിലധികം ആപ്പുകളെയും വെബ്സൈറ്റുകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഏകജാലക ഡിജിറ്റല്‍ സംവിധാനം നിലവില്‍ വന്നു. പോളിംഗ് സുതാര്യമാക്കാന്‍ 100 ശതമാനം വെബ് കാസ്റ്റിംഗ് സംവിധാനവും വോട്ടര്‍മാരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു ബൂത്തില്‍ പരമാവധി 1,200 വോട്ടര്‍മാര്‍ എന്ന ക്രമീകരണവും ഇത്തവണത്തെ പ്രത്യേകതയാണ്.
» പരിശീലനവും സാങ്കേതികവിദ്യയും «
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേരളം, "eVidya'എന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി പരിശീലനം നല്കിവരുന്നു. ഉദ്യോഗസ്ഥര്‍ക്ക് എവിടെയിരുന്നും ലളിതമായി പരിശീലന മൊഡ്യൂളുകള്‍ ഇതിലൂടെ ലഭ്യമാകും. നിലവിലെ പരിശീലനങ്ങള്‍ക്ക് പുറമേയാണിത്. വോട്ടിംഗ് ശതമാനം 85ന് മുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം, തണല്‍, ഇരിപ്പിടങ്ങള്‍, റാമ്പുകള്‍ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഓരോ മണ്ഡലത്തിലും പ്രാദേശിക കലാരൂപങ്ങളും പൈതൃകവും വിളിച്ചോതുന്ന "മോഡല്‍ പോളിംഗ് സ്റ്റേഷനുകളും' സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന ആയിരത്തിലധികം "പിങ്ക് ബൂത്തുകളും' സജ്ജമാണ്. തെരഞ്ഞെടുപ്പ് ജനാധിപത്യ ഉത്സവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ ബൂത്തും സജ്ജമാക്കിയിട്ടുളളത്.
» കന്നിവോട്ടര്‍മാര്‍ക്ക് മധുരമേറിയ സ്വീകരണം «
യുവജനപങ്കാളിത്തം ഉറപ്പാക്കാന്‍ വിപുലമായ ബോധവത്കരണ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. കേരളത്തിലെ 2.71 കോടി വോട്ടര്‍മാരില്‍ 4.6 ലക്ഷം പേര് കന്നിവോട്ടര്‍മാരാണ്. ഇവരെ ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ ഓരോ ജില്ലയിലെയും നിശ്ചിത ബൂത്തുകളില്‍ ആദ്യമെത്തുന്ന 200 കന്നിവോട്ടര്‍മാര്‍ക്ക് ഹല്‍വ വിതരണം ചെയ്യും. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ ഊബറുമായി സഹകരിച്ച് സൗജന്യയാത്രയും.
» സുരക്ഷയും പരാതി പരിഹാരവും «
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ അതിര്‍ത്തികളില്‍ ചെക്ക് പോസ്റ്റുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും സജീവമാണ്. പ്രശ്നബാധിതബൂത്തുകളില്‍ കേന്ദ്ര സായുധ സേനയെ വിന്യസിക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരേ സി-വിജില്‍ ആപ്പിലൂടെ പരാതി നല്കിയാല് 100 മിനിറ്റിനുള്ളില്‍ നടപടി സ്വീകരിക്കും. സംശയനിവാരണത്തിനായി 1950 എന്നടോള് ഫ്രീ നമ്പറില്‍ 24 മണിക്കൂറും കോള്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ വ്യാജവാര്‍ത്തകള്‍ തടയാന്‍ പ്രത്യേക സൈബര്‍ സെല്ലുകളും ജാഗ്രതയിലാണ്.
» കരുതലോടെയുള്ള ഹോം വോട്ടിംഗ് «
ജനാധിപത്യം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം. ഇതിന്റെ ഭാഗമായി 85 വയസ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്കുമായി ഹോം വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തി. ഏകദേശം രണ്ട് ലക്ഷത്തിലധികം പേര് ഈ സൗകര്യം പ്രയോജനപ്പെടുത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കും അവശ്യസേവന വിഭാഗങ്ങള്‍ക്കും പോസ്റ്റല്‍ ബാലറ്റ് വഴിയുള്ള വോട്ടിംഗിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.
» പ്രകൃതിയോടിണങ്ങി «
നൂറു ശതമാനം പ്രകൃതിസൗഹൃദമായ രീതിയില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പരിസ്ഥിതി സംരക്ഷണത്തില്‍ പുതിയ മാതൃക സൃഷ്ടിക്കാന്‍ കേരളം ലക്ഷ്യമിടുന്നു. പ്ലാസ്റ്റിക് ഒഴിവാക്കി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയിലൂടെ ശുദ്ധീകരിക്കപ്പെട്ട 2,71,06,059 വോട്ടര്‍മാരാണ് നിലവില്‍ പട്ടികയിലുള്ളത്. ഈ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജില്ലാ കളക്ടര്‍മാര്‍, ബിഎല്‍ഒമാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സേവനം സ്തുത്യര്‍ഹമാണ്. നാളെ നിങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ഓരോ വോട്ടറെയും ഞാന്‍ ഹൃദയപൂര്‍വം ക്ഷണിക്കുന്നു.
നമുക്ക് വോട്ട് ചെയ്യാം, ജനാധിപത്യം കരുത്തുറ്റതാക്കാം.
Kerala
മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറയുന്നു:
കേരളത്തിൽ ഇടതുപക്ഷത്തിന്റെ കഴിഞ്ഞ പത്തുവർഷത്തെ ഭരണം ജനങ്ങളുടെ താത്പര്യങ്ങളെ മാനിക്കുന്നതായിരുന്നില്ല. സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണ്.
പ്രചാരണത്തിരക്കുകൾക്കിടയിലും ദീപികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുന്നു.
? കഴിഞ്ഞ പത്ത് വർഷം യുഡിഎഫ് അധികാരത്തിന് പുറത്തായിരുന്നു. ഈ തെരഞ്ഞെടുപ്പിലെ വിജയം മുന്നണിക്ക് നിലനിൽപ്പിന്റെകൂടി വിഷയമല്ലേ.
അധികാരത്തിനുവേണ്ടി മാത്രമല്ലല്ലോ രാഷ്ട്രീയ പാർട്ടികൾ നിലനിൽക്കുന്നത്. ജനസേവനമാണ് ഞങ്ങളുടെ ലക്ഷ്യം. നിലവിൽ ഭരിക്കുന്ന മുന്നണിയുടെ തെറ്റുകൾ പൊതുസമൂഹത്തിൽ ചൂണ്ടിക്കാട്ടി അതിന് അവസാനം വേണമെന്നാണ് ഞങ്ങൾ പറയുന്നത്. എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നടപടികൾ ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ തുറന്ന് കാണിക്കുകയാണ്. കേരളത്തിൽ ഭരണമാറ്റത്തിന് ജനങ്ങളും ആഗ്രഹിക്കുന്നുണ്ട്.
? തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും മുസ്ലിംലീഗിലുമുണ്ടായ ഉൾപ്പാർട്ടി പ്രശ്നങ്ങൾ മുന്നണിയുടെ വിജയസാധ്യതയെ ബാധിക്കുന്നതല്ലേ.
അതെല്ലാം കഴിഞ്ഞ കാര്യങ്ങളല്ലേ? ഇപ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടോ? യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും ഒറ്റക്കെട്ടായാണ് പ്രചാരണരംഗത്തുള്ളത്. വലിയ പാർട്ടികളാകുന്പോൾ സ്ഥാനാർഥി നിർണയത്തിൽ ചില ബുദ്ധിമുട്ടുകളുണ്ടാകും. അതെല്ലാം താത്കാലികമാണ്. പരസ്പരം ചർച്ചചെയ്ത് പരിഹരിക്കും. മുസ്ലിം ലീഗിനെ സംബന്ധിച്ച് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ശക്തമായ നേതൃത്വത്തിൽ ഒറ്റക്കെട്ടായാണ് പാർട്ടി മുന്നോട്ടു പോകുന്നത്. എവിടെയും ഭിന്നാഭിപ്രായമില്ല.
? ഈ തെരഞ്ഞെടുപ്പിൽ എന്താണ് യുഡിഎഫിന് ജനങ്ങളോട് പ്രധാനമായും പറയാനുള്ളത്.
കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ വികലമായ നയങ്ങൾ സാധാരണക്കാരായ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തൊഴിലില്ലായ്മ പ്രധാന പ്രശ്നമാണ്. കാർഷിക മേഖലയിൽ കടുത്ത പ്രതിസന്ധിയുണ്ട്. നെൽകർഷകർ നെല്ല് സർക്കാരിന് കൊടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പണം കിട്ടിയിട്ടില്ല.
ഉയർന്ന കെട്ടിട നികുതി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു. സാന്പത്തിക അച്ചടക്കമില്ലായ്മ വലിയ കടക്കെണിയിലേക്കാണ് കേരളത്തെ തള്ളിവിട്ടിട്ടുള്ളത്. ജനങ്ങളുടെ കഷ്ടപ്പാടുകളും ആവശ്യങ്ങളും തിരിച്ചറിഞ്ഞുള്ള ഭരണമാണ് വേണ്ടത്. യുഡിഎഫ് സർക്കാരിനേ അതു കഴിയൂ.
? എൽഡിഎഫ് നടത്തുന്നത് പിആർ വർക്ക് മാത്രമാണ് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ചർച്ചയാകേണ്ടതല്ലേ
കഴിഞ്ഞ പത്തു വർഷത്തെ ഒരു പ്രധാന പദ്ധതിപോലും ചൂണ്ടിക്കാണിക്കാൻ എൽഡിഎഫിനില്ല. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന പദ്ധതികളാണ് ഇപ്പോൾ അവർ ഉയർത്തിക്കാട്ടുന്നത്. യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ പദ്ധതികളുമായി താരതമ്യം ചെയ്താൽ അതിന്റെ ഒരു ശതമാനംപോലും ഇടതുപക്ഷ സർക്കാർ കൊണ്ടുവന്നിട്ടില്ല. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കാൻ മാത്രമുള്ളതാണ്.
? തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ആവർത്തിക്കാൻ ലീഗിന് കഴിയുമോ.
തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രവിജയമാണ് വോട്ടർമാർ മുസ്ലിം ലീഗിന് നൽകിയത്. പ്രാദേശിക വികസനം യുഡിഎഫിനേ കഴിയൂ എന്ന ഉത്തമബോധ്യത്തോടെയായിരുന്നു ആ ജനവിധി. ഇടതുമുന്നണിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന് ഉദാഹരണമാണ് ആ വിധിയെഴുത്ത്. നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങളുടെ വലിയ പിന്തുണ യുഡിഎഫിന് ഉണ്ടാകുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം.
? ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ട പ്രധാന വിഷയങ്ങൾ എന്തൊക്കെയാണ്.
ഒട്ടേറെയുണ്ട്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനിൽപ്പ് പ്രധാനമാണ്. ജനങ്ങൾക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. ജനാധിപത്യമൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന നീക്കങ്ങൾ തടയണം. യുവാക്കൾ, കർഷകർ, കച്ചവടക്കാർ തുടങ്ങി വിവിധ ജനവിഭാഗങ്ങൾ നേരിടുന്ന പലതരം പ്രശ്നങ്ങളും ചർച്ചയാകേണ്ടതുണ്ട്.
? ഈ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് മതിയായ പ്രാതിനിധ്യം മുസ്ലിം ലീഗ് നൽകിയെന്ന് തോന്നുന്നുണ്ടോ.
ഇത്തവണ വനിതകൾക്ക് സാധ്യമായ പരിഗണന നൽകിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ ലീഗിന് നിരവധി വനിതാ പ്രതിനിധികളുണ്ട്. വർഷങ്ങളായി ഈ പരിഗണന തുടരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുന്ന നേതൃത്വമാണ് മുസ്ലിം ലീഗിനുള്ളത്.
? തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്പോൾ യുഡിഎഫിന്റെ വിജയസാധ്യത എത്രത്തോളമാണ്.
മികച്ച രീതിയിലുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തിയിട്ടുള്ളത്. സാധാരണ പ്രവർത്തകർ മുതൽ നേതൃസ്ഥാനത്തുള്ളവർവരെ ഒരേ മനസോടെയാണ് രംഗത്തുള്ളത്. ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ യുഡിഎഫിന്റെ പ്രചാരണത്തിന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിൽ ഭരണമാറ്റം വേണമെന്ന് മഹാഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നു. മാറ്റത്തിനു വേണ്ടിയുള്ള വോട്ടിംഗ് ഇത്തവണയുണ്ടാകും. യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചുവരും.
Kerala
കൊച്ചി: അപര സ്ഥാനാർഥികളെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്ന നടപടിയെന്നു ഹൈക്കോടതി. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ഥിത്വം.
അപരന്മാരെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കും. അപര സ്ഥാനാര്‍ഥികളെ നിയോഗിക്കുന്നതു തടയണമെന്നും ഒരു സ്ഥാനാര്‍ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായരുടെ പേര് തിരുത്തണമെന്ന ഹര്‍ജി പരിഗണിക്കവെയാണു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
ബാലറ്റ് പേപ്പറിലും ഇവിഎം മെഷീനിലും തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷന് അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കാതെ വന്നതിനെതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അഞ്ജലി നായരുടെ ഹര്‍ജി പരിഗണിച്ച കോടതി, ശനിയാഴ്ച 11ന് റിട്ടേണിംഗ് ഓഫീസറോടു ഹിയറിംഗ് നടത്താനും അതിന്മേല് അന്നുതന്നെ തീരുമാനമെടുക്കാനും ഉത്തരവിട്ടു.
ജനാധിപത്യ പ്രക്രിയയില്‍ വോട്ടര്‍മാര്‍ക്ക് അവരുടെ സ്ഥാനാര്‍ഥികളെ ഫലപ്രദമായി തെരഞ്ഞെടുക്കാന്‍ കഴിയണമെന്നും ഒരു വോട്ടര്‍ പോലും തെറ്റിദ്ധരിക്കപ്പെടരുതെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വാക്കാല്‍ പറഞ്ഞു.
അഞ്ജലിയുടെ അപേക്ഷ അനുകൂലമായി പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് കോടതി നിർദേശിച്ചു.
Leader Page
ജനാധിപത്യത്തിന്റെ ഹൃദയം തെരഞ്ഞെടുപ്പാണ്. ഇന്ന് തിരഞ്ഞെടുപ്പുകൾ വോട്ടിംഗ് ബൂത്തിൽ മാത്രമല്ല, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നടക്കുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ്, ട്വിറ്റർ തുടങ്ങിയവ ഇന്ന് രാഷ്ട്രീയ സംവാദങ്ങളുടെ പ്രധാന വേദികളായി മാറിയിരിക്കുന്നു.
അവിടെ ജനാധിപത്യത്തിന്റെ അന്തസും ഡിജിറ്റൽ മര്യാദകളും എത്രത്തോളം സംരക്ഷിക്കപ്പെടുന്നു എന്നത് ഗൗരവതരമായ ചർച്ചയർഹിക്കുന്നു. ജനാധിപത്യത്തിന്റെ വിജയം സംവാദങ്ങളുടെ ഗുണനിലവാരംകൂടിയാണ്.
ആവർത്തനത്തിന്റെ മായാജാലം
മനഃശാസ്ത്രപരമായ ചില തന്ത്രങ്ങളിലൂടെ വോട്ടർമാരുടെ ബോധത്തെ കീഴടക്കാൻ ഇന്ന് രാഷ്ട്രീയ പാർട്ടികൾക്ക് സാധിക്കുന്നുണ്ട്. അതിൽ പ്രധാനമാണ് ‘ഇല്യൂസറി ട്രൂത്ത് ഇഫക്റ്റ്’. ഒരു നുണ ആദ്യമായി കേൾക്കുമ്പോൾ തോന്നുന്ന സംശയം, അത് വിവിധ ഗ്രൂപ്പുകളിലൂടെയും പ്ലാറ്റ്ഫോമുകളിലൂടെയും ആവർത്തിച്ചു കേൾക്കുമ്പോൾ സത്യമാണെന്ന തോന്നലിലേക്ക് വഴിമാറുന്നു.
സൗജന്യം എന്ന മിഥ്യ
“നിങ്ങൾ ഒരു സേവനത്തിന് പണം നൽകുന്നില്ലെങ്കിൽ, നിങ്ങൾ അവിടെ കേവലം ഒരു ഉപഭോക്താവല്ല; മറിച്ച്, അവിടെ വിൽക്കപ്പെടുന്ന ഉത്പന്നമാണ്” എന്ന ആൻഡ്രൂ ലൂയിസിന്റെ വാക്കുകൾ ഡിജിറ്റൽ യുഗത്തിൽ ഏറെ പ്രസക്തമാണ്.
കേരളത്തിലെ വോട്ടർമാർ ഇന്ന് വെറുമൊരു വോട്ട് ബാങ്ക് മാത്രമല്ല, വൻകിട ടെക് കമ്പനികളുടെ ഡാറ്റാബാങ്ക് കൂടിയാണ്.
ഡിജിറ്റൽ രാഷ്ട്രീയത്തിലെ പത്തു കല്പനകൾ
കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത ലോകപ്രശസ്തമാണ്. ആ പ്രബുദ്ധത നമ്മുടെ ഡിജിറ്റൽ ഇടപെടലുകളിലും പ്രതിഫലിക്കണം.
(അവസാനിച്ചു)
District News
ഏറ്റുമാനൂർ: ജനപ്രതിനിധി എന്ന നിലയിലുള്ള വി.എൻ. വാസവന്റെ പ്രവർത്തനം ജനാധിപത്യത്തിന് ഉദാത്ത മാതൃകയാണെന്ന് എൻസിപി ദേശീയ വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ. എൽഡിഎഫ് ഏറ്റുമാനൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ഐ. കുഞ്ഞച്ചൻ അധ്യക്ഷത വഹിച്ചു.
ടി.ആർ. രഘുനാഥ്, സന്തോഷ് കുമാർ, ലോപ്പസ് മാത്യു, രാജീവ് നെല്ലിക്കുന്നേൽ, പ്രശാന്ത് നന്ദകുമാർ, കെ.ടി. രമേശ്, രഘു ബാലരാമപുരം, എം.എസ്. സാനു, ഇ.എസ്. ബിജു എന്നിവർ പ്രസംഗിച്ചു. കെ.ഐ. കുഞ്ഞച്ചൻ (പ്രസിഡന്റ്), കെ.എൻ. വേണുഗോപാൽ (സെക്രട്ടറി), ജോസ് ഇടവഴിക്കൽ (കൺവീനർ), എം.എസ്. സാനു (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ ഇലക്ഷൻ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
District News
എടത്വ: പാര്‍ലമെന്റിന്റെ യഥാര്‍ഥ നടപടിക്രമങ്ങള്‍ അതേപടി പുനരാവിഷ്കരിച്ച് എടത്വ സെന്റ് അലോഷ്യസ് കോളജ് വിദ്യാര്‍ഥികൾ. കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്സിന്റെ ആഭിമുഖ്യത്തില്‍ സെന്റ് അലോഷ്യസ് കോളജ് ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക്സും സംയുക്തമായിട്ടായിരുന്നു മോഡല്‍ പാര്‍ലമെന്റ് മത്സരം സംഘടിപ്പിച്ചത്.
രാജ്യത്തിന്റെ പാര്‍ലമെന്ററി നടപടിക്രമങ്ങളെ അടുത്തറിയുന്നതിനും ജനാധിപത്യ മൂല്യങ്ങള്‍ യുവതലമുറയില്‍ വളര്‍ത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നായി 55 വിദ്യാര്‍ഥികള്‍ ജനപ്രതിനിധികളായി അണിനിരന്നു. സഭാ നടപടിക്രമങ്ങളുടെ കൃത്യതകൊണ്ടും വാദപ്രതിവാദങ്ങളുടെ മികവുകൊണ്ടും മോഡല്‍ പാര്‍ലമെന്റ് ജനശ്രദ്ധയാകര്‍ഷിച്ചു.
എടത്വ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ബിജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. ജി. ഇന്ദുലാല്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാന്റി ജോസഫ്, ഫാക്കല്‍റ്റി കോഓര്‍ഡിനേറ്റര്‍മാരായ ഡോ. പോള്‍ ജേക്കബ്, ഡോ. എ. ആശാറാണി, സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍മാരായ അലക്സ് എസ്. മാത്യു, ആര്ന്ദ്ര എം. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
യഥാര്‍ഥ പാര്‍ലമെന്റിനെ അനുസ്മരിപ്പിക്കും വിധം തൊണ്ണൂറ് മിനിറ്റില്‍ ഒന്‍പത് ഘട്ടങ്ങളിലൂടെയാണ് സഭാ നടപടികള്‍ പൂര്‍ത്തിയാക്കിയത്. രാഷ്ട്രപതി സഭയെ അഭിസംബോധന ചെയ്തുകൊണ്ട് സര്‍ക്കാരിന്റെ നയങ്ങള്‍ വിശദീകരിച്ചു.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ദൃഢ പ്രതിജ്ഞയും നടത്തി. അന്തരിച്ച പ്രമുഖ വ്യക്തികള്‍ക്ക് സഭ ആദരമര്‍പ്പിച്ചു. വിവിധ ജനകീയ പ്രശ്നങ്ങളില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ മറുപടി നല്കി. രാജ്യത്തെ പ്രധാനപ്പെട്ട വിഷയങ്ങളിലേക്ക് അംഗങ്ങള്‍ സഭയുടെ ശ്രദ്ധ ക്ഷണിച്ചു. ഔദ്യോഗിക രേഖകള്‍ സഭയുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു.
അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സഭാനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അനുമതി തേടി. പുതിയ ബില്ലുകളുടെ അവതരണവും ചര്‍ച്ചയും നടന്നു. അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും മറ്റും ബന്ധപ്പെട്ടവര്‍ വിശദീകരണം നല്കി. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട അവസാന ഘട്ട ചർച്ചകളും നടന്നു.
പ്രസിഡന്റിന്റെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയചര്‍ച്ചയും ജനശ്രദ്ധയാകര്‍ഷിച്ചു.സഭയുടെ അധ്യക്ഷ പദവി അലങ്കരിച്ച ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥി റ്റിം ചെറിയാന് സഭാ നടപടികള്‍ നിയന്ത്രിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം അവതരിപ്പിച്ചത് രണ്ടാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥി ആർ. ശരണ്‍ ആണ്.
ഭരണപക്ഷത്തിന് നേതൃത്വം നല്‍കിക്കൊണ്ട് മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി ക്രിസ്റ്റി മര്‍ക്കോസ് ഫിലിപ്പ് പ്രധാനമന്ത്രിയായി സഭയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു. സര്‍ക്കാരിന്റെ വീഴ്ചകളെയും ജനകീയ പ്രശ്നങ്ങളെയും സഭയില്‍ ശക്തമായി ഉന്നയിച്ചത് പ്രതിപക്ഷ നേതാവായ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥി അലക്സ് എസ്. മാത്യു ആണ്. വിദേശകാര്യ മന്ത്രിയായി എംകോം വിദ്യാര്‍ഥി എസ്. ആദര്‍ശ്, ധനകാര്യ മന്ത്രിയായി ബികോം വിദ്യര്‍ഥിനി മഹിമ കെ. മോഹനൻ, പ്രതിരോധ മന്ത്രിയായി ഇസിറ്റി വിദ്യാര്‍ഥി ഋഷികേശ്, പരിസ്ഥിതി മന്ത്രിയായി ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി എസ്. സജിമോൾ, ആരോഗ്യ മന്ത്രിയായി ബിഎ ഇക്കണോമിക്സ് വിദ്യാര്‍ഥിനി അപര്ണസുരേഷ്, നിയമ മന്ത്രിയായി ബികോം വിദ്യാര്‍ഥിനി അഭിരമി എസ്. ഐടി മന്ത്രിയായി ബിഎസ്സി വിദ്യാര്‍ഥിനി ഹെലന് തമ്പി എന്നിവര്‍ രാജ്യം നേരിടുന്ന വിവിധ വിഷയങ്ങളില്‍ സഭയില്‍ മറുപടി നല്കി. പരിസ്ഥിതി മലിനീകരണം, സൈബര്‍ സുരക്ഷ, വ്യക്തിഗത വിവര സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ നടന്ന വാദപ്രതിവാദങ്ങള്‍ സഭയെ സജീവമാക്കി. കോളജ് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ വന്‍ ജനപങ്കാളിത്തം പരിപാടിയിലുടനീളം ഉണ്ടായിരുന്നു. യുവതലമുറയ്ക്ക് പാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ച് ആഴത്തിലുള്ള അറിവ് നല്കാന് ഈ മോഡല്‍ പാര്‍ലമെന്റ് സഹായിച്ചുവെന്ന് കോളജ് അധികൃതര്‍ അറിയിച്ചു.
Kerala
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി സ്പീക്കർ എ.എൻ. ഷംസീർ.
സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചത്. പ്രതിഷേധിക്കാം പക്ഷേ കൈയേറ്റം ചെയ്യാൻ പാടില്ല. മന്ത്രിയെ കൈയേറ്റം ചെയ്യുന്നത് ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് സംഭവം.
മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റു. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരതിൽ യാത്രയ്ക്ക് എത്തിയതായിരുന്നു മന്ത്രി. ടിക്കറ്റ് കൗണ്ടറിന് സമീപത്ത് വച്ചാണ് പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി.
കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്നു മന്ത്രി. സ്ഥലത്ത് പ്രതിഷേധവുമായെത്തിയ കെഎസ്യു പ്രവർത്തകരുമായി മന്ത്രി വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെയാണ് സംഭവം.
Leader Page
മതപരിവർത്തന നിയമങ്ങളും അനന്തരഫലങ്ങളും
ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ ‘അനധികൃത മതപരിവർത്തനം’ തടയുന്നതിനായി നിയമങ്ങൾ നിലവിലുണ്ട്. 1967 മുതൽ പല സംസ്ഥാനങ്ങളിലും പ്രാവർത്തികമാക്കിയ ഈ നിയമങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കൂടുതൽ കടുപ്പമാക്കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളിൽ മതപരിവർത്തനത്തിനു മുൻകൂർ അനുമതി ആവശ്യമാണ്; ‘ബലം’ അല്ലെങ്കിൽ ‘പ്രലോഭനം’ പോലുള്ള പദങ്ങൾക്ക് വ്യക്തതയില്ലാത്ത നിർവചനങ്ങളാണ് നൽകിയിരിക്കുന്നത്.
സ്വന്തം ഇഷ്ടപ്രകാരം ക്രിസ്തുമതം സ്വീകരിക്കുന്നവരെയും, പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കള്ളസാക്ഷ്യം പറയിച്ച് അതിന് ഉത്തരവാദികളായവരെയും ജയിലിൽ അടയ്ക്കുന്ന പ്രവണതയും കാണുന്നു. ചില നിയമങ്ങളിൽ ശിക്ഷ 10 വർഷംവരെ തടവാണ്. ഭാരതത്തിന്റെ ഭരണഘടനയുടെ ആർട്ടിക്കിൾ 25 മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതാണ്. “ഓരോ വ്യക്തിക്കും സ്വതന്ത്രമായി ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനും” അവകാശമുണ്ടെങ്കിലും, ഇത്, പൊതുക്രമം, നൈതികത, ആരോഗ്യ സംരക്ഷണം എന്നിവയുടെ പരിധിയിലായിരിക്കണം.
‘സ്വതന്ത്രമായി’ എന്ന പദം മതവിശ്വാസത്തിന്റെ സ്വയംബലവും സ്വതന്ത്ര സ്വഭാവവും ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനതല മതപരിവർത്തന നിയന്ത്രണ നിയമങ്ങൾ ചിലപ്പോൾ ഈ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും അത് വിശ്വാസത്തിന്റെ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നുവെന്നും, അതിലൂടെ മതസ്വാതന്ത്ര്യം പരിമിതപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുവെന്നും പല മനുഷ്യാവകാശ സംഘടനകളും വിലയിരുത്തുന്നുണ്ട്. വിദ്യാഭ്യാസരംഗത്തും സാമൂഹികക്ഷേമരംഗത്തും ശുശ്രൂഷ ചെയ്യുന്നവരെപ്പോലും സംശയത്തിന്റെ നിഴലിൽ നിർത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഉപാധിയായി ഈ നിയമങ്ങൾ മാറുന്നുണ്ട്.
ഉത്തർപ്രദേശിലെ നിയമവിരുദ്ധമായ മതപരിവർത്തന നിരോധന നിയമത്തിന്റെ (2021) അടിസ്ഥാനത്തിൽ ജയിലിൽ അടയ്ക്കപ്പെട്ട നാലുപേർക്കെതിരേയുള്ള എഫ്ഐആർ റദ്ദാക്കണം എന്ന ആവശ്യത്തിൽ തീർപ്പ് കൽപ്പിച്ച അലഹബാദ് ഹൈക്കോടതിയുടെ വിധിയും (മേയ് ഏഴ് 2025), വഞ്ചനാപരമായ മതപരിവർത്തനങ്ങളെ തടയാൻ രൂപപ്പെടുത്തിയതാണ് മതപരിവർത്തന നിരോധന നിയമങ്ങൾ എന്ന സർക്കാർ വാദം അംഗീകരിക്കുകയാണു ചെയ്തത്. ഇതിന്റെ മറവിൽ നടക്കുന്ന ക്രൈസ്തവപീഡനങ്ങളെ പുറത്തുകൊണ്ടുവരാനുള്ള ശ്രമം കോടതിയുടെ ഭാഗത്തും ഉണ്ടായില്ല എന്നത് നിർഭാഗ്യകരമാണ്. അതേസമയം ‘ഘർ വാപ്പസി’ എന്ന പേരിൽ നടക്കുന്ന നിർബന്ധിത മതപരിവർത്തന ശ്രമങ്ങളെ സർക്കാരോ കോടതികളോ കണ്ടതായി നടിക്കുന്നുമില്ല.
ഒഡീഷയിലെ മൃതസംസ്കാരാവകാശ തർക്കങ്ങൾ
ഒഡീഷയിലെ ചില ഗ്രാമങ്ങളിൽ ക്രൈസ്തവ ആദിവാസി കുടുംബങ്ങൾക്ക് മൃതസംസ്കാരാവകാശം നിഷേധിച്ച സംഭവങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ചില സ്ഥലങ്ങളിൽ ഹിന്ദു ആചാരങ്ങൾ സ്വീകരിക്കണമെന്ന നിബന്ധന മുന്നോട്ടു വച്ചതായി ആരോപണമുണ്ട്. ഇത്തരം സംഭവങ്ങൾ ഇന്ത്യയുടെ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തെയും മാനവമര്യാദയെയും ചോദ്യം ചെയ്യുന്നതാണ്. സംസ്ഥാന അധികാരികളുടെ പ്രതികരണം കേസുകൾക്കനുസരിച്ച് വ്യത്യസ്തമാണെന്നതാണ് ഇവിടെയും ആശങ്കപ്പെടുത്തുന്നത്.
ബിജെപിയുടെ വളർച്ചയും ദേശീയതാ ചർച്ചകളും
2014 മുതൽ ദേശീയതലത്തിൽ ബിജെപി അധികാരത്തിൽ തുടരുന്നു. പാർട്ടിയുടെ ആശയപരമായ പശ്ചാത്തലമായി രാഷ്ട്രീയ സ്വയം സേവക് സംഘം (ആർഎസ്എസ്) പ്രവർത്തിക്കുന്നുവെന്നത് സുപ്രസിദ്ധമാണ്. വിമർശകർ പറയുന്നത്, ഹിന്ദുത്വ ആശയധാരയുടെ വളർച്ചയോടെ ന്യൂനപക്ഷങ്ങൾക്കെതിരായ വൈരഭാഷയും അക്രമവും വർധിച്ചുവെന്നാണ്. 2026 ജനുവരിയിൽ പ്രസിദ്ധീകരിച്ച ചില അന്താരാഷ്ട്ര റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷപ്രസംഗങ്ങൾ 2025ൽ വർധിച്ചതായി സൂചനകളുണ്ട്. അതേസമയം, ബിജെപി നേതൃത്വം ആവർത്തിച്ചു പറയുന്നത് അവരുടെ ഭരണകൂടം ‘സർവധർമ സമഭാവ’ നയത്തെ പിന്തുടരുന്നതാണെന്നും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നതാണെന്നുമാണ്.
അതീവ ദേശീയ സംഘടനകളും അക്രമാരോപണങ്ങളും
ബജ്രംഗ് ദൾ, വിശ്വഹിന്ദു പരിഷത് (വിഎച്ച്പി) പോലുള്ള സംഘടനകൾക്കെതിരേ ചില ആക്രമണങ്ങളിൽ പങ്കാളിത്താരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പല സംഭവങ്ങളിലും പ്രാദേശിക സംഘർഷങ്ങൾ മതരൂപം ധരിച്ചുവെന്ന റിപ്പോർട്ടുകളുണ്ട്. പാർട്ടി ഔദ്യോഗികമായി അക്രമങ്ങളിൽനിന്ന് അകന്നുനിൽക്കുന്നുവെന്നു പറയുമ്പോഴും വിമർശകർ സംസ്ഥാനതലത്തിൽ ഗവൺമെന്റിന്റെ ഉത്തരവാദിത്വക്കുറവ് ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യത്തിന്റെ ഭാവി
മതസ്വാതന്ത്ര്യവും സമത്വവും സംരക്ഷിക്കപ്പെടുമ്പോഴേ ജനാധിപത്യം ശക്തമാവുകയുള്ളൂ. ക്രൈസ്തവരുടെ മാത്രമല്ല, എല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഇന്ത്യയുടെ ഭരണഘടനാപരമായ ബാധ്യതയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി അതിന്റെ വൈവിധ്യത്തിലാണ്. മതപരമായ ഭിന്നതകൾ രാഷ്ട്രീയ ആയുധമാകുമ്പോൾ, സമൂഹത്തിന്റെ ഏകതയും ഭരണഘടനയുടെ ആത്മാവും പരീക്ഷിക്കപ്പെടുന്നു.
ഉപസംഹാരം
മാറുന്ന രാഷ്ട്രീയ സമവാക്യങ്ങളുടെ പശ്ചാത്തലത്തിൽ ജനാധിപത്യത്തിന്റെ സ്ഥിരതയും ഭരണഘടനയുടെ ആത്മാവും ഇന്ന് കൂടുതൽ സൂക്ഷ്മമായ പരിശോധനയ്ക്കു വിധേയമാകുകയാണ്. സഖ്യങ്ങളും പുനഃസഖ്യങ്ങളും അധികാര പുനഃക്രമീകരണങ്ങളും രാഷ്ട്രീയത്തിന്റെ സ്വാഭാവിക ഘടകങ്ങളായിരിക്കാം; എന്നാൽ, അവ ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ദുർബലപ്പെടുത്തുന്ന രീതിയിലേക്ക് വഴിമാറരുത്; പ്രത്യേകിച്ച്, ന്യൂനപക്ഷങ്ങളുടെ സുരക്ഷയും അവകാശങ്ങളും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളിൽ. ഭരണഘടനയുടെ ഉറപ്പുകൾ പ്രായോഗികമായി സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതാണ് ജനാധിപത്യത്തിന്റെ യഥാർഥ മാനദണ്ഡം.
ഇന്ത്യ ഭരണഘടനാപരമായി മതസ്വാതന്ത്ര്യത്തിന് പ്രതിബദ്ധമാണ്. എന്നിരുന്നാലും ക്രൈസ്തവസമൂഹം ഉൾപ്പെടെയുള്ള ചില വിഭാഗങ്ങൾ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതായി പല സംഭവങ്ങളും സൂചിപ്പിക്കുന്നു. പ്രശ്നപരിഹാരത്തിന് ആവശ്യമായത് നിയമത്തിന്റെ സമുചിതവും നിഷ്പക്ഷവുമായ പ്രയോഗം, വ്യക്തമായ രാഷ്ട്രീയ ഉത്തരവാദിത്വം, സത്യസന്ധമായ സാമൂഹിക സംഭാഷണം, ഭരണഘടനാ മൂല്യങ്ങളിലേക്കുള്ള പുതുക്കിയ പ്രതിബദ്ധത എന്നിവയാണ്.
മതം ഏതുമാകട്ടെ, എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ ഒരുപോലെയാണ്. അതാണ് ഇന്ത്യയുടെ ശക്തി; അതാണ് സംരക്ഷിക്കപ്പെടേണ്ടത്. ജനാധിപത്യത്തിന്റെ യഥാർഥ വിജയം അധികാരമാറ്റങ്ങളിലല്ല, ജനതയുടെ അവകാശസംരക്ഷണത്തിലാണ്.
(അവസാനിച്ചു)
Leader Page
“ഒരു വര്‍ഷത്തേക്ക് ഒരു വിള വളര്‍ത്തണമെങ്കില്‍, ചോളം നടുക. പതിറ്റാണ്ടുകള്‍ക്കായി ഒരു വിള വളര്‍ത്തണമെങ്കില്‍, മരങ്ങള്‍ നടുക. നൂറ്റാണ്ടുകളിലേക്കായി ഒരു വിള വളര്‍ത്തണമെങ്കില്‍, മനുഷ്യരെ വളര്‍ത്തുക. നിത്യതയ്ക്കായി ഒരു വിള നടണമെങ്കില്‍, ജനാധിപത്യങ്ങളെ വളര്‍ത്തുക.” - പ്രായോഗിക വനവത്കരണത്തിനായുള്ള അമേരിക്കയിലെ ബില്‍റ്റ്മോര്‍ ഫോറസ്റ്റ് സ്കൂളിന്റെ സ്ഥാപകനായ കാള്‍ എ ഷെങ്ക് നൂറ്റാണ്ടു മുമ്പേ പറഞ്ഞതാണിത്. ജര്‍മനിയിലെ ദറംസ്റ്റാട്ട് നഗരത്തില്‍ 1868ല്‍ ജനിച്ച ഇദ്ദേഹം അമേരിക്കയിലെത്തി അധ്യാപകനായ ആളാണ്.
ലോകത്തിലെ ജനാധിപത്യത്തിന്റെ മാതാവ് (മദര്‍ ഓഫ് ഡൊമോക്രസി) എന്നാണ് ഇന്ത്യ അറിയപ്പെടുന്നത്. സ്വാതന്ത്ര്യം, സമത്വം, നിയമവാഴ്ച എന്നീ തത്വങ്ങളില്‍ വേരൂന്നിയതും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, സ്ഥിരതയുള്ള, ഊര്‍ജസ്വലമായ സംവിധാനമായാണ് ഇന്ത്യന്‍ ജനാധിപത്യം ആഘോഷിക്കപ്പെടുന്നത്. മറ്റൊരു പ്രബല ജനാധിപത്യ രാജ്യമാണ് അമേരിക്ക. ഇന്ത്യ-അമേരിക്ക വ്യാപാരക്കരാര്‍ പ്രഖ്യാപിച്ചതാണ് വലിയ വാര്‍ത്ത. എന്നാല്‍, രണ്ടു രാജ്യങ്ങളിലെയും ജനാധിപത്യം പല തരത്തിലുള്ള വെല്ലുവിളികളിലൂടെയാണു കടന്നുപോകുന്നത്.
► തുല്യാവസരങ്ങള് പ്രധാനം
രാജ്യത്തെ എല്ലാ പൗരന്മാര്ക്കും തുല്യാവസരങ്ങള് നല്കി ദുര്‍ബലരെ ശക്തീകരിക്കുന്ന സംവിധാനമായി മഹാത്മാഗാന്ധി ജനാധിപത്യത്തെ നിര്‍വചിച്ചിട്ടുണ്ട്. “ജനാധിപത്യത്തിനു കീഴില്‍, അഭിപ്രായസ്വാതന്ത്ര്യവും പ്രവര്‍ത്തനസ്വാതന്ത്ര്യവും അസൂയയോടെ സംരക്ഷിക്കപ്പെടുന്നു” എന്നും ഗാന്ധിജി പറഞ്ഞു. ജനാധിപത്യത്തിലൂടെ രാജാക്കന്മാര് പോകുകയും അധികാരം ജനങ്ങളുടെതാകുകയും ചെയ്യുന്നുവെന്ന് സ്വാമി വിവേകാനന്ദനും ചൂണ്ടിക്കാട്ടുന്നു.
“സ്വതന്ത്രവും നീതിയുക്തവും സുതാര്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ പ്രവേശിക്കാവുന്നതുമായ (ആക്സസ് ചെയ്യാവുന്നത്) രീതിയില്‍ നടത്തുന്ന സമാധാനപരമായ സംഭാഷണവും പങ്കാളിത്തവുമാണ് ജനാധിപത്യത്തിന്റെ സവിശേഷത. ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയെ സത്യസന്ധമായി ജനാധിപത്യം പ്രതിഫലിപ്പിക്കുന്നു.” കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പറയുന്നതാണിത്. പക്ഷേ ജനാധിപത്യത്തിന്റെ ഇന്നത്തെ അവസ്ഥ ഫലത്തില്‍ ഇതൊന്നുമല്ല.
► നവകാല രാജാക്കന്മാര് വേണ്ട
ജനങ്ങളില്‍ ഒരാളായി എളിമയും ലാളിത്യവും പ്രതിബദ്ധതയും കഠിനാധ്വാനവും സമര്പ്പണവുംകൊണ്ടു ജനഹൃദയങ്ങളില്‍ കുടിയേറി ജനസേവകര്‍ ആകേണ്ടവരാണ് രാഷ്ട്രീയ നേതാക്കള്‍. എന്നാല്‍, മിക്ക ഭരണാധികാരികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുതല്‍ ചില ന്യായാധിപന്മാര് വരെയുള്ളവര്‍ നവകാല രാജാക്കന്മാരായി സുരക്ഷയുടെ മറവിലാണു ജനങ്ങളെ അകറ്റുന്നത്. വ്യക്തിപൂജ, കുടുംബാധിപത്യം, മക്കള്‍ സ്നേഹം, ചങ്ങാത്ത മുതലാളിത്തം, ജാതി-മത പ്രീണനം തുടങ്ങി പലതും ജനാധിപത്യത്തിന്റെ അന്തഃസത്ത ചോര്‍ത്തുന്നു.
പൊതുജനാഭിപ്രായമാണു ജനാധിപത്യത്തിന്റെ പ്രധാന ശക്തി. ഇപ്പോഴിതു ചങ്ങാത്ത മുതലാളിമാരും ജാതി-മത നേതാക്കളുമാണെന്നതാണു ദുരന്തം. ഭരണഘടനയുടെ സാരാംശത്തിനും ആത്മാവിനും വിരുദ്ധമായ പലതും വിവിധ ജനകീയ സര്‍ക്കാരുകള്‍ ഉളുപ്പില്ലാതെ, മറയില്ലാതെ നടപ്പാക്കുന്നു. ജനാധിപത്യത്തിന്റെ പേരു പറഞ്ഞുള്ള ജനാധിപത്യ ധ്വംസനങ്ങളും വ്യാപകമായി.
► പാര്‍ലമെന്റ് ദുര്‍ബലപ്പെടരുത്
ഇംഗ്ലണ്ടിലെ വെസ്റ്റ് മിനിസ്റ്റര്‍ ശൈലിയിലുള്ള സംവിധാനത്തിലാണ് ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യം സ്ഥാപിതമായത്. ജനകീയ പരമാധികാരം, ഫെഡറലിസം, അധികാരങ്ങളുടെ വേര്‍തിരിവ്, സ്വതന്ത്ര ജുഡീഷറി എന്നിവയെല്ലാം ഇതിന്റെ അടിസ്ഥാനശിലകളാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവയെല്ലാം ഭരണഘടനയിലൂടെ ഉറപ്പാക്കിയിട്ടുമുണ്ട്. ഉത്തരവാദിത്വവും സ്ഥിരതയുമുള്ള സര്‍ക്കാരും ശക്തമായ പ്രതിപക്ഷവും ജനാധിപത്യത്തിന്റെ കരുത്താണ്. ജനകീയ പരമാധികാരവും ജനാഭിലാഷവും പ്രകടമാക്കുന്നതാണു നിയമനിര്‍മാണ സഭകള്‍.
സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുന്ന പാര്‍ലമെന്റ്. പാര്ലമെന്റില്നിന്നാണ് എക്സിക്യൂട്ടീവ് എന്ന ഭരണകൂടം ഉരുത്തിരിയുന്നത്. യഥാര്‍ഥ എക്സിക്യൂട്ടീവ് അധികാരം പ്രധാനമന്ത്രിക്കും മന്ത്രിസഭയ്ക്കുമാണ്. മന്ത്രിമാരുടെ കൗണ്‍സിലിന് (എക്സിക്യൂട്ടീവ്) ലോക്സഭയോടു കൂട്ടായി ഉത്തരവാദിത്വമാണ്. രാഷ്ട്രപതിയാണു പാര്‍ലമെന്റിന്റെയും ഭരണസംവിധാനത്തിന്റെയും തലപ്പത്ത്. നിയമനിര്‍മാണ സഭയായ പാര്‍ലമെന്റിന്റെ അംഗീകാരമില്ലാതെ ഒരു നികുതിയും ചെലവും നടപ്പാക്കാന്‍ കഴിയില്ല.
► പരമോന്നതമാണു ഭരണഘടന
നിയമനിര്‍മാണ സഭയുടെ ഭാഗമാണ് എക്സിക്യൂട്ടീവ് എങ്കിലും, ജുഡീഷറി സ്വതന്ത്രമാണ്. ജുഡീഷല്‍ അവലോകനത്തിലൂടെ ഭരണഘടനയുടെ മേധാവിത്വവും ഉറപ്പാക്കുന്നു. നിയമവാഴ്ച ഉറപ്പാക്കുകയെന്നത് പ്രധാനമാണ്. എല്ലാ പൗരന്മാരും നിയമത്തിനു മുന്നില്‍ തുല്യരാണ്. ഏകപക്ഷീയമായ അധികാരത്തിനു പകരം നിയമപരമായ ചട്ടക്കൂടുകളാലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്.
ഏകീകൃത സവിശേഷതകളുള്ള ഫെഡറല്‍ സംവിധാനമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറ്റൊരു കരുത്ത്. ശക്തമായ കേന്ദ്രവും സംതൃപ്തമായ സംസ്ഥാനങ്ങളുമാണു ലക്ഷ്യം. അധികാര, സാമ്പത്തിക വിതരണത്തിലൂടെയാണു ഫെഡറല്‍ സംവിധാനം ശക്തിപ്പെടുക. മതനിരപേക്ഷതയാണു ജനാധിപത്യത്തിന്റെ പ്രധാന ശക്തി. ഒരു മതത്തോടും സര്‍ക്കാരിനു വിവേചനം പാടില്ല. എല്ലാ വിശ്വാസങ്ങളെയും തുല്യമായി പരിഗണിക്കണമെന്നു ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഭരണഘടനയാണ് പരമോന്നത നിയമം. മൗലികാവകാശങ്ങളും (അനുച്ഛേദം 14 മുതല്‍ 30 വരെ) സംസ്ഥാന നയത്തിന്റെ നിര്‍ദേശക തത്വങ്ങളും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നു.
► പ്രതിപക്ഷമാണു കാവല്ക്കാരന്
ജനാധിപത്യത്തിന്റെ ഉപയോഗപ്രദവും അനിവാര്യവുമായ ഘടകമാണ് പ്രതിപക്ഷം. ഉത്തരവാദിത്വമുള്ളതും സുതാര്യവുമായ സര്‍ക്കാര്‍ ഉറപ്പാക്കുന്നതില്‍ പ്രതിപക്ഷത്തിനു വലിയ പങ്കുണ്ട്. ആഫ്രിക്കന്‍ പാര്‍ലമെന്റുകളിലെ ഭൂരിപക്ഷ, ന്യൂനപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ച് 1999ല്‍ വികസിപ്പിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രതിപക്ഷത്തിന്റെ ഫലപ്രദമായ സംഭാവന ഉറപ്പാക്കുന്ന നിയമങ്ങളിലേക്കുള്ള ആദ്യപടിയാണിത്. ഇന്ത്യയിലും റഫറന്‍സ് ആക്കാവുന്നതാണിത്. പ്രതിപക്ഷത്തിന്റെ പരാജയം അനിയന്ത്രിതമായ എക്സിക്യൂട്ടീവിലേക്കു നയിച്ചേക്കാം. ജനാധിപത്യ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ പോലുമുള്ള സാധ്യത ഇതിലുണ്ട്.
ഭരണത്തിലുള്ള സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗം തടയുന്നതിനുള്ള കാവല്‍ക്കാരനായാണ് പ്രതിപക്ഷം പ്രവര്‍ത്തിക്കേണ്ടത്. എക്സിക്യൂട്ടീവ് നടപടികള്‍, നയങ്ങള്‍, ചെലവുകള്‍ എന്നിവ സൂക്ഷ്മമായി പരിശോധിക്കുകയെന്നത് പ്രതിപക്ഷത്തിന്റെ പ്രധാന റോളുകളില്‍ ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുകയും മന്ത്രിമാരെ ചോദ്യം ചെയ്യുകയും പൊതുതാത്പര്യം നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. ഒപ്പം, മികച്ച ഭരണം പ്രോത്സാഹിപ്പിക്കുന്നതിനു രാഷ്ട്രതന്ത്രജ്ഞതയോടെ പ്രതിപക്ഷം കടമ നിറവേറ്റണം.
► ചെറുതല്ല, പ്രതിപക്ഷനേതാവ്
ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞാല്‍ ഏറ്റവും പ്രധാന പദവിയാണ് പ്രതിപക്ഷ നേതാവ് (ലീഡര്‍ ഓഫ് ഓപ്പോസിഷന്‍-എല്‍ഒപി). നിഴല്‍ പ്രധാനമന്ത്രി (ഷാഡോ പ്രധാനമന്ത്രി) എന്നാണു വിളിക്കുക. ഓഫീസ്, സ്റ്റാഫ് സൗകര്യങ്ങള്‍, ശമ്പളം, ആനുകൂല്യങ്ങള്‍ അടക്കം കാബിനറ്റ് മന്ത്രിയുടെ പദവിയാണ് പ്രതിപക്ഷ നേതാവിന്റേത്. 1977 മുതല്‍ നിയമപരമായ പദവിയാണിത്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ നേരിട്ട് അഭിമുഖീകരിച്ച് പ്രതിപക്ഷ നിരയുടെ നായകസ്ഥാനത്താണ് എല്ഒപിയുടെ സീറ്റ്. ഇന്ത്യയിലെ മുന്‍ഗണനാ ക്രമത്തില്‍ പ്രതിപക്ഷ നേതാവിന് ഏഴാം സ്ഥാനമുണ്ട്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുതല്‍ ലോക്പാല്‍, സിബിഐ, സിവിസി (വിജിലന്‍സ് കമ്മീഷണര്‍), മനുഷ്യാവകാശ കമ്മീഷന് (എന്‍എച്ച്ആര്‍സി), ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ (സിഐസി) പോലുള്ള നിര്‍ണായക ദേശീയ തസ്തികകളിലേക്കുള്ള സ്റ്റാറ്റ്യൂട്ടറി സമിതികളുടെ തലവന്മാരെയും അംഗങ്ങളെയും നിയമിക്കുന്ന ഉന്നതാധികാര സമിതിയില്‍ പ്രധാനമന്ത്രിയോടൊപ്പം പ്രതിപക്ഷ നേതാവിനും അംഗത്വമുണ്ട്. ഭരണകക്ഷി വീണാല്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിച്ചു രാജ്യഭരണം ഏറ്റെടുക്കാന്‍പോലും പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്താവുന്നതാണ്.
Kerala
തിരുവനന്തപുരം: ബാനർ ഉയർത്തി അംഗങ്ങളെ കാണാനാകാത്ത വിധം സ്പീക്കറെ അന്ധനാക്കി മുഖംമറയ്ക്കുന്നതു ജനാധിപത്യത്തിനു ഭൂഷണമല്ലെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിനു മാത്രമല്ല, സ്പീക്കർക്കും അവകാശങ്ങളുണ്ട്.
സ്പീക്കറുടെ അവകാശങ്ങൾക്കുമേലാണ് പ്രതിപക്ഷം കയറുന്നതെന്ന് ഓർക്കണം -സ്പീക്കർ പറഞ്ഞു.
National
ന്യൂഡൽഹി: റിപ്പബ്ലിക് ദിന ആശംസ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. നമ്മുടെ ഭരണഘടന ലോകത്തിലെ മികച്ച ജനാധിപത്യം വിഭാവന ചെയ്യുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു.
ലോക ചരിത്രത്തിലെ ഏറ്റവും വലിയ റിപ്പബ്ലിക്കിന്റെ അടിസ്ഥാന രേഖയാണ് ഇന്ത്യൻ ഭരണഘടനയെന്നും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ അതിൽ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ഭരണഘടനാ വ്യവസ്ഥകളിലൂടെ ദേശീയതയുടെ ആത്മാവിനും രാജ്യത്തിന്റെ ഐക്യത്തിനും ഭരണഘടനാ ശിൽപികൾ ശക്തമായ അടിത്തറ നൽകിയിട്ടുണ്ട്.
റിപ്പബ്ലിക് ദിന സന്ദേശത്തിൽ സൈന്യത്തെയും പോലീസ് സേനകളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഇന്ന് രാജ്യം വോട്ടർ ദിനം ആഘോഷിക്കുന്നു. തെരഞ്ഞെടുപ്പിൽ വനിതകളുടെ പങ്കാളിത്തം രാജ്യ പുരോഗതിക്ക് ആവശ്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകൾ രാജ്യപുരോഗതിയുടെ എല്ലാ തലങ്ങളിലും പങ്കാളിത്തം വഹിക്കുന്നു. ഐസിസി വുമൺ ക്രിക്കറ്റ് ലോകകപ്പും ബ്ലൈൻഡ് ലോകകപ്പും നേടിയ താരങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു.
Kerala
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം അംഗീകരിക്കുന്നതിന് പകരം കുതിരക്കച്ചവടത്തിലൂടെ അധികാരം ഉറപ്പിക്കാനുള്ള സിപിഎം നടപടികള്‍ പ്രതിഷേധാര്‍ഹവും തികച്ചും ജനാധിപത്യ വിരുദ്ധവുമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുന്നതിന് യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച അംഗത്തെ സിപിഎം വിലയ്ക്കെടുത്തത് എങ്ങനെയെന്നതു തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടുണ്ട്. അധികാരസ്ഥാനവും ലക്ഷക്കണക്കിന് രൂപയും വാഗ്ദാനം ചെയ്തും നല്‍കിയും അധികാരത്തുടര്‍ച്ചയ്ക്ക് വേണ്ടി സിപിഎം നടത്തിയ അധാര്‍മികവും നിയമവിരുദ്ധവുമായ നടപടികള്‍ അവരുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടും പങ്കാളിത്തത്തോടും കൂടിയാണ് നടന്നിട്ടുള്ളത്.
മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലും കൂറുമാറ്റത്തിനും കുതിരക്കച്ചവടത്തിനും സിപിഎം നടത്തിയ കുതന്ത്രങ്ങളും കുടിലബുദ്ധിയും അവരുടെ ജനാധിപത്യ ധ്വംസനത്തിന്റെ മറ്റൊരു ഉദാഹരണമാണ്. വടക്കാഞ്ചേരിയിലെ ഗുരുതരമായ കുറ്റകൃത്യത്തില്‍ നേരിട്ടും ഗൂഢാലോചനയിലും പങ്കാളികളായവരെ അറസ്റ്റ് ചെയ്തു നിയമനടപടി സ്വീകരിക്കണം. ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാനുള്ള ധൈര്യം സിപിഎം കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ഇഡിയും സിബിഐയും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഉന്നം വയ്ക്കാനുള്ള ഏജന്‍സികളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അവരെത്ര കേസെടുത്താലും പേടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എഫ്ഐആര്‍ ഇടാനുള്ള നടപടി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര അന്വേഷണ ഏജന്‍സികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കൂട്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ഒരു ഭാഗം പിടിക്കുകയാണ്. പൗരന്മാരുടെ വോട്ട് മാറ്റാനുള്ള ബിജെപിയുടെ എക്സര്‍സൈസാണ് എസ്ഐആര്‍. കേരളത്തിലത് സിപിഎം ചെയ്യുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
Editorial
കുറ്റക്കാരായ ജനപ്രതിനിധികളെ കൈകാര്യം ചെയ്യുന്നതിനുള്ള ബിൽ പാസായാലും പ്രധാനമന്ത്രിയോ ബിജെപിക്കൊപ്പമുള്ള മന്ത്രിമാരോ കേസിൽ പെടുമെന്ന് സാമാന്യബോധമുള്ള ഒരു പൗരനും കരുതുന്നില്ല. പരസ്യത്തിലുള്ളതാകില്ല ലക്ഷ്യത്തിലുള്ളത്.
ഗുരുതരമായ കുറ്റകൃത്യം ചെയ്യുന്നതു പ്രധാനമന്ത്രിയായാലും കസേര തെറിക്കുമെന്ന നിയമം ഒരു ജനാധിപത്യരാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തായി ആഘോഷിക്കപ്പെടേണ്ടതാണ്. പക്ഷേ, 130-ാം ഭരണഘടനാ ഭേദഗതിയായി ബിജെപി അതു കൊണ്ടുവരുന്പോൾ ജനാധിപത്യ ധ്വംസനവും അഴിമതിയുമായി ചിത്രീകരിക്കപ്പെടുന്നു.
ഇതു ചർച്ച ചെയ്യാനുള്ള പാർലമെന്ററി സമിതിയെ പ്രതിപക്ഷം ഒന്നടങ്കം ബഹിഷ്കരിച്ചു. എന്തുകൊണ്ടാണിത്? ജനാധിപത്യ ഭരണഘടനയ്ക്കു ചുവട്ടിലിരുന്ന് പ്രതിപക്ഷമുക്ത ഭാരതം സ്വപ്നം കാണുന്ന ബിജെപിയുടെ രാഷ്ട്രീയമാണ് പ്രധാന കാരണം.
മറ്റൊന്ന്, ഈ നിയമം വന്നാൽ, പ്രധാനമന്ത്രിയോ ബിജെപിക്കൊപ്പമുള്ള ഏതെങ്കിലും മന്ത്രിയോ കേസിൽ പെടുകയോ സ്ഥാനഭ്രഷ്ടരാകുകയോ ചെയ്യുമെന്ന് സാമാന്യബോധമുള്ള ഒരു പൗരനും കരുതുന്നില്ല. യുക്തിസഹമായി ചിന്തിച്ചാൽ, മോദിയുടെ 10 വർഷത്തിനിടെ അഴിമതിക്കാരനായ ഒരു ബിജെപിക്കാരനെപ്പോലും കണ്ടെത്താനാകാത്ത ഇഡിക്ക് ഇനിയും ജനാധിപത്യ ശുദ്ധീകരണത്തിന് പ്രതിപക്ഷം വേണ്ടിവരും.
ഉറപ്പാണ്, ഈ നിയമം ദുരുപയോഗിക്കപ്പെടും. ആയിരം രാഷ്ട്രീയ കുറ്റവാളികൾ രക്ഷപ്പെട്ടാലും ഈ ജനാധിപത്യവും ഫെഡറൽ സംവിധാനവും ശിക്ഷിക്കപ്പെടരുത്!
അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസിൽ തുടർച്ചയായി 30 ദിവസത്തിലേറെ അറസ്റ്റിലാകുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ പദവികളിൽനിന്നു നീക്കം ചെയ്യുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണു വിവാദ ബിൽ.
പാർലമെന്റിന്റെ കഴിഞ്ഞ വർഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പ്രതിപക്ഷ എതിർപ്പിനെ അവഗണിച്ച്, ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളുടെ സർക്കാർ ഭേദഗതി ബിൽ, ജമ്മു-കാഷ്മീർ പുനഃസംഘടനാ ഭേദഗതി ബിൽ എന്നിവയുമുണ്ടായിരുന്നു.
ഇവ ചർച്ച ചെയ്യാൻ, സംയുക്ത പാർലമെന്ററി സമിതി രൂപീകരിക്കുന്നതിനു മുന്‍പുതന്നെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ബഹിഷ്കരിച്ചിരിക്കുകയാണ്. ഭരണകക്ഷിക്കൊപ്പം ചെറുപാർട്ടികളെയും സ്വതന്ത്രരെയും ഉൾപ്പെടുത്തി കേന്ദ്രം ജെപിസി രൂപീകരിച്ചേക്കും.
കുറ്റകൃത്യ-അഴിമതി വിരുദ്ധമെന്നു ബിജെപി പരസ്യം കൊടുത്തിരിക്കുന്ന ബില്ലിന്റെ കാണാച്ചരടുകൾ ശത്രുസംഹാരക്രിയയിലൂടെ ജനാധിപത്യ ധ്വംസനത്തിനുള്ളതായിരിക്കുമെന്നു ഭയപ്പെടാൻ കാര്യമുണ്ട്.
നിലവിലെ നിയമമനുസരിച്ച്, പാർലമെന്റ് അംഗവും നിയമസഭാംഗവും രണ്ടു വർഷത്തിലേറെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ മാത്രമേ അയോഗ്യരാകുകയുള്ളൂ. എന്നാൽ, പുതിയ ഭേദഗതികളനുസരിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രജിസ്റ്റർ ചെയ്യുന്ന കേസിൽ അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കാവുന്ന ക്രിമിനൽ കേസിൽ 30 ദിവസം അറസ്റ്റിൽ കഴിഞ്ഞാൽ അയോഗ്യരാകും. ഇവിടെ പ്രധാന ചോദ്യം, ആരാണ് കുറ്റവാളിയെ തീരുമാനിക്കുന്നത് എന്നതാണ്.
വിശ്വാസ്യത നഷ്ടപ്പെട്ട് കോടതികളിൽ പോലും തലകുനിച്ചു നിൽക്കുന്ന അന്വേഷണ ഏജൻസികൾ! ഈ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അഞ്ചു വർഷത്തിലേറെ ശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും കുറ്റം ചുമത്തി പ്രതിപക്ഷത്തെ ഒരു മന്ത്രിയെ അറസ്റ്റ് ചെയ്യുന്നതും ജാമ്യം കിട്ടാത്ത വാദങ്ങൾ നിരത്തി 30 ദിവസം അകത്തിടാൻ കോടതിയിൽനിന്ന് അനുമതി വാങ്ങുന്നതും നിസാരമാണെന്ന് ആർക്കാണറിയാത്തത്? ഈ നിയമം വന്നാൽ, സംസ്ഥാന സർക്കാരിനു കീഴിലുള്ള ഉന്നതോദ്യോഗസ്ഥർ കേന്ദ്രത്തിനെതിരേ എന്തെങ്കിലും തീരുമാനമെടുക്കുമോ?.
130-ാം ഭരണഘടനാ ഭേദഗതിയുടെ ആപത്സാധ്യതകളെ, അന്വേഷണ ഏജൻസികളുടെ ബിജെപി ഭരണത്തിലെ നടപടികളുമായി ചേർത്തല്ലാതെ വിശകലനം ചെയ്യാനാകില്ല. ഇക്കഴിഞ്ഞ മാർച്ചിൽ, ഇഡി കേസുകളുമായി ബന്ധപ്പെട്ട് എ.എ. റഹീം എംപിയുടെ ചോദ്യത്തിനു മറുപടിയായി രാജ്യസഭയിൽ കേന്ദ്രമന്ത്രി പങ്കജ് ചൗധരി പറഞ്ഞതനുസസരിച്ച്, 10 വർഷത്തിനിടെ ഇഡി 193 കേസുകളെടുത്തു.
തെളിയിക്കാനായത് രണ്ടു ശതമാനം. 2014 മുതൽ 2022 വരെ എട്ടു വർഷത്തിനിടെ 121 രാഷ്ട്രീയ നേതാക്കൾക്കെതിരേ കേസെടുത്തു. 95 ശതമാനവും പ്രതിപക്ഷ നേതാക്കൾ. അതിലേറെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെ കോൺഗ്രസുകാർ.
അതേസമയം, യുപിഎ സർക്കാരിന്റെ 2004 മുതലുള്ള 10 വർഷത്തിനിടെ 26 രാഷ്ട്രീയ നേതാക്കൾക്കെതിരേയാണ് ഇഡി കേസെടുത്തത്. ഇതിൽ ഏകദേശം പകുതി, അതായത് 14 പേർ മാത്രമായിരുന്നു പ്രതിപക്ഷത്തുനിന്നുള്ളത്. അഴിമതിക്കേസുകളില്‍ പ്രതികളായവര്‍ ബിജെപിയില്‍ ചേര്‍ന്നാൽ പിന്നെ കേസ് വേറെ വഴിക്കാകും.
ഇഡി ഫെഡറൽ സംവിധാനത്തെ വെല്ലുവിളിച്ച് സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുകയാണെന്നു സുപ്രീംകോടതി വിമർശിച്ചതു രണ്ടു ദിവസം മുന്‍പാണ്. മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപറേഷന് (ടാസ്മാക്) എതിരായ ഇഡി അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീട്ടിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ആഞ്ഞടിച്ചത്.
മൂന്നുമാസം മുന്‍പ്, രാഷ്ട്രീയപ്പോരിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതെന്തിനാണെന്നും തങ്ങളേക്കൊണ്ട് കൂടുതൽ പറയിച്ചാൽ ഇഡിക്കെതിരേ കഠിനമായ പരാമർശങ്ങൾ നടത്താൻ നിർബന്ധിതരാകുമെന്നുമാണ് ചീഫ് ജസ്റ്റീസ് തന്നെ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പു നൽകിയത്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഭൂമിയിടപാട് കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ ഇഡി അപ്പീൽ നൽകിയതിനെയാണ് സുപ്രീംകോടതി വിമർശിച്ചത്.
പലതും ചേർത്തുവായിക്കേണ്ടതാണ്. അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, തെരഞ്ഞെടുപ്പു കമ്മീഷനെ നിയമിക്കുന്നതിലെ സർക്കാർ അപ്രമാദിത്വം, തുടർന്നുണ്ടായ വോട്ടർപട്ടികയിലെ ക്രമക്കേട് ആരോപണങ്ങൾ എന്നിവയ്ക്കൊപ്പം ഈ ഭേദഗതി നിയമത്തിന്റെ ദുരുപയോഗവുമുണ്ടായാൽ പ്രതിപക്ഷമുക്ത സ്വസ്ഥഭരണത്തിന്റെ കുറുക്കുവഴിയാണ് തെളിയുന്നത്. ആ വഴി ജനാധിപത്യത്തിന്റേതല്ല.
ഭരണഘടനാ ഭേദഗതിയായതിനാൽ പാർലമെന്റിലെ മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാതെ ബിൽ പാസാകില്ലെന്നു പ്രതിപക്ഷത്തിനു മാത്രമല്ല, ഭരണപക്ഷത്തിനും അറിയാമെന്നതു മറക്കരുത്. സർക്കാരിനു സമയമുണ്ട്.
പ്രതിപക്ഷത്തെ കൊടികെട്ടിയ അഴിമതിക്കാരെയോർത്താൽ ഈ നിയമം അനിവാര്യം തന്നെയാണ്. പക്ഷേ, ‘ഇവരെ സൂക്ഷിക്കുക’ എന്ന പോസ്റ്ററൊട്ടിക്കുന്നത് ഏകാധിപത്യമാണെങ്കിൽ പോസ്റ്ററിലേക്ക് മാത്രമല്ല നോക്കേണ്ടത്. മമത ബാനർജി സമൂഹമാധ്യമത്തിൽ കുറിച്ചതുപോലെ “ഇഡി, സിബിഐ തുടങ്ങിയ തെരഞ്ഞെടുക്കപ്പെടാത്ത അധികാരികൾക്ക്, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ അവസരം കൊടുക്കരുത്.”
Editorial
ലഡാക്കിലെ നിരാഹാര സമരങ്ങൾ തെരുവുയുദ്ധങ്ങളായി മാറിയതിന്റെ നാൾവഴി പരിശോധിക്കേണ്ടതാണ്. അതിവേഗ മാറ്റങ്ങളുടെ ഡിജിറ്റൽ തലമുറ, കെടുകാര്യസ്ഥതയുടെ ഇഴയുന്ന രാഷ്ട്രീയത്തെ ചോദ്യംചെയ്യുകയാണ്.
കാഷ്മീരിലെ മഞ്ഞുമലകൾക്കു കീഴിലെ അഗ്നിപർവതങ്ങൾ അണഞ്ഞിട്ടില്ല. ലഡാക്കിലെ യുവാക്കളുടെ കണ്ണുകളിലൂടെ അതു പുകയുന്നുണ്ടെങ്കിൽ കേന്ദ്രസർക്കാർ പരിഗണനയുടെയും അംഗീകാരത്തിന്റെയും ലേപനങ്ങളുമായി അവിടെയെത്തണം. കേന്ദ്രഭരണപ്രദേശമെന്ന പദവിയിൽ പ്രതീക്ഷയർപ്പിച്ചിരുന്നവരാണ് ഇപ്പോൾ സംസ്ഥാനപദവി ആവശ്യപ്പെട്ടു സമരത്തിനിറങ്ങിയിരിക്കുന്നത്.
ലഡാക്കിലെ നിരാഹാര സമരങ്ങൾ തെരുവുയുദ്ധങ്ങളായി മാറിയതിന്റെ നാൾവഴി പരിശോധിക്കേണ്ടതാണ്. അതിവേഗ മാറ്റങ്ങളുടെ ഡിജിറ്റൽ തലമുറ, കെടുകാര്യസ്ഥതയുടെ ഇഴയുന്ന രാഷ്ട്രീയത്തെ ചോദ്യംചെയ്യുകയാണ്. അക്രമാസക്തമല്ലെങ്കിൽ ജെൻ-സി സമരങ്ങളെ രോഗമായല്ല, വൃദ്ധരാഷ്ട്രീയത്തിനുള്ള മരുന്നായി കണ്ടാൽ മതി.
ലഡാക്കിനു പൂർണ സംസ്ഥാന പദവി നല്‍കുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി തദ്ദേശീയരുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം പത്തു മുതൽ 15 നേതാക്കൾ 35 ദിവസത്തെ നിരാഹാരസമരം നടത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടർന്ന് സമരക്കാരെ ചൊവ്വാഴ്ച ആശുപത്രിയിലേക്കു മാറ്റി.
ഇതോടെ ലഡാക്ക് അപ്പെക്സ് ബോഡി (എൽഎബി) എന്ന സംഘടനയുടെ യൂത്ത് വിംഗ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ലഡാക്കിലെ പ്രധാന സമുദായങ്ങളായ ബുദ്ധ-മുസ്ലിം സംഘടനകൾ ഈ പ്രക്ഷോഭത്തിൽ ഒന്നിച്ചാണ്. ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് മുന്‍പും ചർച്ച നടന്നിരുന്നു.
ഒക്ടോബർ ആറിന് ആഭ്യന്തര മന്ത്രാലയവും എൽഎബി, കാർഗിൽ ഡെമോക്രാറ്റിക് അലൈൻസ് (കെഡിഎ) എന്നിവയുടെ പ്രതിനിധികളും വീണ്ടും ചർച്ച നടത്താനിരിക്കേയാണു സംഘർഷം. നാലുപേർ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. 22 പോലീസുകാർ ഉൾപ്പെടെ 59 പേർക്കു പരിക്കേറ്റു.
ജമ്മു കാഷ്മീരിനെ വിഭജിച്ച് ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ 2019 മുതൽതന്നെ സംസ്ഥാനമാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. തൊഴിലില്ലായ്മ ഉൾപ്പെടെ പല പ്രതിസന്ധികളും ഉടലെടുത്തതോടെയാണ് ആവശ്യം ശക്തമായത്.
ലഡാക്കിനായി പ്രത്യേക പബ്ലിക് സർവീസ് കമ്മീഷൻ സ്ഥാപിക്കുക, നിലവിലുള്ള ഒന്നിനു പകരം രണ്ട് ലോക്സഭാ സീറ്റുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കൊന്നും വിഘടനവാദ പശ്ചാത്തലമോ ഭരണഘടനാവിരുദ്ധതയോ ആരോപിക്കാനുമാകില്ല. സംസ്ഥാനപദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പദവിയും ഒരുപോലെ നൽകില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഒന്നും കൊടുത്തിട്ടുമില്ല.
നിരാഹാരസമരത്തിലായിരുന്ന സമരനായകനും പരിസ്ഥിതി പ്രവർത്തകനും മഗ്സസെ അവാർഡ് ജേതാവുമായ സോനം വാങ്ചുക്കിന്റെ വാക്കുകളിൽ പ്രക്ഷോഭത്തിന്റെ കാരണം കേന്ദ്രസർക്കാരിന്റെ ഉദാസീനതയാണെന്ന സൂചനയുണ്ട്. “കഴിഞ്ഞ അഞ്ചുവര്‍ഷമായി ഞങ്ങള്‍ സമാധാനപാതയിലായിരുന്നു. അഞ്ചുതവണ നിരാഹാരസമരം നടത്തി.
ലേയില്‍നിന്ന് ഡല്‍ഹിയിലേക്കു നടന്നു. പക്ഷേ, സമാധാനസന്ദേശങ്ങൾ പരാജയപ്പെടുന്നതാണു കണ്ടത്.” സംഘർഷം അക്രമാസക്തമായതോടെ സോനം സമരം പിൻവലിച്ചു. എന്നാൽ, സോനത്തിന്റെ പ്രകോപനപരമായ പ്രസംഗമാണു പ്രക്ഷോഭത്തിനു കാരണമെന്നാണ് കേന്ദസർക്കാരിന്റെ നിലപാട്.
നേപ്പാളിലെ ജെന്‍-സി പ്രതിഷേധങ്ങളുമായും അറബ് വസന്തവുമായും ലഡാക്കിലെ സമരത്തെ താരതമ്യപ്പെടുത്തിയെന്ന് സർക്കാർ പറയുന്നു. ജനങ്ങൾക്കിടയിൽ വർഷങ്ങളായി ഉരുത്തിരിയുന്ന അസംതൃപ്തി കണ്ടില്ലെന്നു നടിച്ചവർ ഒടുവിലതു സ്ഫോടനാത്മകമായപ്പോൾ തലേന്നത്തെ സംഭവങ്ങളെ പ്രതിക്കൂട്ടിലാക്കുന്നതു യഥാർഥ കാരണങ്ങളിൽനിന്നുള്ള ഒളിച്ചോട്ടമാണ്.
വേണമെങ്കിൽ സമരക്കാരുടെ വിദേശബന്ധങ്ങളെയും ജെൻ-സി വിപ്ലവത്തെയുമൊക്കെ പഴിക്കാം. ഡൽഹിക്കു തെറ്റു പറ്റിയിട്ടില്ലെന്നു സ്ഥാപിക്കാൻ അതു മതി. പക്ഷേ, പ്രശ്നം പരിഹരിക്കാൻ ലഡാക്കിലെ വിദ്യാർഥികളും യുവാക്കളും ബുദ്ധസന്യാസികളും ചൂണ്ടിക്കാണിക്കുന്ന യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കണം.
തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഉണ്ടായിട്ടും സുപ്രീംകോടതി പറഞ്ഞിട്ടും സംസ്ഥാനപദവി നൽകാതെ കാഷ്മീരിനെ മഞ്ഞത്തു നിർത്തിയതുപോലെയാകരുത് കാര്യങ്ങൾ.
Editorial
ക്രൈസ്തവർക്കെതിരേ സംഘപരിവാർ നേതാവ്,ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയ മതപരിവർത്തനാരോപണ ലേഖനത്തിനൊടുവിൽ തനിനിറം പുറത്തെടുക്കുന്നുണ്ട്: “വേണ്ടിവന്നാൽ ഭരണഘടന ഭേദഗതി ചെയ്യണം”.
ക്രൈസ്തവർ ആഗോളതലത്തിലെന്നപോലെ രാജ്യത്തിനും ഭീഷണിയാണെന്നും ജാഗ്രത പാലിക്കണമെന്നും ധ്വനിപ്പിക്കുന്ന വിഷലിപ്ത ലേഖനം സംഘപരിവാറിന്റെ പോഷക സംഘടനകളിലൊന്നിന്റെ നേതാവ് ആർഎസ്എസ് പ്രസിദ്ധീകരണത്തിലെഴുതിയതിൽ അതിശയോക്തിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽനിന്നു മാറിനിന്ന് ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ടുകൊടുത്ത വർഗീയ പ്രസ്ഥാനം, ദേശസ്നേഹികൾ സാമ്രാജ്യത്വത്തെ ആട്ടിപ്പായിച്ചതിനുശേഷവും അതേ പണി തുടരുകയാണ്. അടുത്തയിടെ ബിജെപി സംസ്ഥാനങ്ങൾ മൂർച്ചകൂട്ടിയ മതപരിവർത്തന നിരോധന നിയമങ്ങൾ ഭരണഘടനാവിരുദ്ധവും കോടതിയിൽ ചോദ്യം ചെയ്യേണ്ടതുമാണെന്ന പ്രതികരണങ്ങളാകാം പ്രകോപനം.
‘ആഗോളമതപരിവർത്തനത്തിന്റെ നാൾവഴികൾ’ എന്ന ലേഖനം ഇഴഞ്ഞ് അവസാന വരികളിലെത്തിയപ്പോഴാണ് വിഷദംശനം: “വേണ്ടിവന്നാൽ ഭരണഘടന ഭേദഗതി ചെയ്യണം”. അതാണു കാര്യം. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം. കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്കു കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയാണെന്നു മനസിലാകാത്തവർക്കും മനസിലായില്ലെന്നു നടിക്കുന്ന ഇടനിലക്കാർക്കും മതരാഷ്ട്ര-മനുസ്മൃതി സ്വപ്നങ്ങൾ തുടരാം. മറ്റുള്ളവർ സ്വാതന്ത്ര്യസമര-ദേശസ്നേഹ പൈതൃകത്തിൽ ഉരുത്തിരിഞ്ഞ ഇന്ത്യൻ ഭരണഘടനയെ കൈവിടില്ല. ഘർ വാപ്പസിക്കാരുടെ മതപരിവർത്തന നിരോധന ബില്ലുകളുടെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്യപ്പെടണം.
ഭരണഘടനയെ നോക്കുകുത്തിയാക്കി ബിജെപി സംസ്ഥാനങ്ങൾ ചുട്ടെടുത്തുകൊണ്ടിരിക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെ ന്യായീകരിക്കുന്ന വ്യാജവിവരങ്ങളും നുണകളുമാണ് ലേഖനത്തിലുടനീളം. “ക്രൈസ്തവർ രഹസ്യമായി തുടര്‍ന്നുവന്നിരുന്ന മതപരിവര്‍ത്തനം മറനീക്കി പുറത്തുവന്നത് ഛത്തീസ്ഗഡ് റെയില്‍വേ പോലീസ് ജൂലൈ 25ന് രണ്ട് കന്യാസ്ത്രീകളെ മതപരിവര്‍ത്തനം, മനുഷ്യ കടത്ത് കുറ്റങ്ങള്‍ക്ക് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതിലൂടെയാണ്. കന്യാസ്ത്രീകള്‍ ആയതുകൊണ്ട് അവരെ നിരുപാധികം വിട്ടയയ്ക്കണമെന്നായിരുന്നു സഭാ നേതാക്കളുടെയും ഇടത്-വലത് രാഷട്രീയ നേതാക്കളുടെയും ആവശ്യം”. കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്നവർ ക്രൈസ്തവരായിരുന്നതിനാൽ മതപരിവർത്തനമായിരുന്നില്ല ലക്ഷ്യമെന്നും മതഭ്രാന്തുപിടിച്ച ഒരു സ്ത്രീയുടെ നേതൃത്വത്തിൽ ബജ്രംഗ്ദൾ എന്ന ഹിന്ദുത്വ സംഘടന പാക്കിസ്ഥാൻ ശൈലിയിൽ നടത്തിയ ആൾക്കൂട്ടവിചാരണയാണ് യഥാർഥ പ്രശ്നമെന്നും ലേഖകൻ അറിഞ്ഞിട്ടേയില്ല!
“125ലധികം രൂപതകളിലായി പുരോഹിതന്മാരും കന്യാസ്ത്രീകളും വിദേശ പാതിരിമാരും പ്രചാരണവും പരിവര്‍ത്തനവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നു. 28,000ലധികം പള്ളികള്‍, 11,000 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 1,000ത്തിലേറെ കോളജുകള്‍, 10,000ത്തിലധികം ഹോസ്റ്റലുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നു.” ലേഖകൻ വിശദീകരിക്കുന്നുണ്ട്. ഈ കണക്കുകളുടെ യാഥാർഥ്യം എന്തുമാകട്ടെ, ക്രൈസ്തവർ നടത്തുന്ന ആശുപത്രികളിൽ ചികിത്സതേടിയ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച, അവിടെത്തന്നെ മക്കൾ പഠിക്കണമെന്ന് ശാഠ്യം പിടിക്കുന്ന ബിജെപി നേതാക്കളോടെങ്കിലും മതം മാറിയോയെന്ന് അന്വേഷിക്കാമായിരുന്നു. ക്രൈസ്തവഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ഹിന്ദുമതപ്രചാരണം നടത്തുന്നതും ക്ഷേത്രങ്ങൾ നിർമിക്കുന്നതുമൊക്കെ വിശകലനം ചെയ്യാമായിരുന്നു.
വിദേശഫണ്ടിനെക്കുറിച്ചോർത്തു വിഷമിക്കുന്ന ലേഖകൻ കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശഫണ്ട് എത്തുന്ന ഹൈന്ദവകേന്ദ്രങ്ങളെക്കുറിച്ച് അന്വേഷിക്കുന്നില്ല. ലേഖകന്റെ നുണ മുഴുവൻ ഇവിടെ പകർത്താനാകില്ലെങ്കിലും ചിലതുകൂടി സൂചിപ്പിക്കാതെ വയ്യ. “ഓരോ പ്രദേശത്തും പ്രാദേശിക ഭാഷകളെ ഇല്ലാതാക്കി അവിടെയൊക്കെ ഇംഗ്ലീഷ് ഭാഷ കൊണ്ടുവരുക എന്നത് അവരുടെ (മിഷനറിമാരുടെ) പരിപാടിയായിരുന്നു”. അടുത്ത വാക്യത്തിൽ നേരേ വിപരീതമാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.
“മതപരിവർത്തനം ത്വരിതപ്പെടുത്താനായി അതത് പ്രാദേശിക ഭാഷകളിൽ നിഘണ്ടുക്കള്‍ പ്രസിദ്ധീകരിച്ചു. അങ്ങനെയാണ് മലയാളത്തില്‍ ഗുണ്ടര്‍ട്ടിന്റെയും കന്നടയില്‍ ഫാദര്‍ കിട്ടെലിന്റെയും കൊങ്കണിയില്‍ ഫാദര്‍ സ്റ്റീഫന്‍ സണ്‍സിന്റെയും സംസ്കൃതത്തില്‍ ഫാദര്‍ മോനിയര്‍ വില്യംസിന്റെയും മറ്റും നിഘണ്ടുകള്‍ പുറത്തുവരുന്നത്”. ഈ ചരിത്ര അപനിർമിതി സംഘപ്രസിദ്ധീകരണങ്ങളിലല്ലാതെ സാധ്യമാകുമോ?
പിന്നെ ഉറക്കച്ചടവിലെന്നപോലെ ചില ആരോപണങ്ങളുമുണ്ട്. “നരേന്ദ്ര മോദിജിയുടെ ഭരണത്തിന്റെ തുടര്‍ച്ച സംഭവിക്കാതിരിക്കാന്‍ ആഗോള മതനേതൃത്വം അവിശുദ്ധസഖ്യത്തിന് നേതൃത്വം കൊടുത്തു. ഭാരതത്തെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് സംഘപരിവാറും കേന്ദ്ര നേതൃത്വവും തടസമാണെന്ന് അറിയാവുന്നതുകൊണ്ട് അന്താരാഷ്ട്ര ഗൂഢാലോചനയാണ് നടന്നത്... ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും ഇവര്‍ക്കായി വിടുപണി ചെയ്യുന്നു. ഇതാണ് വര്‍ത്തമാനകാല യാഥാര്‍ഥ്യം”. തുടർഭരണം ഉറപ്പാക്കാൻ വോട്ട് മോഷണം നടത്തിയെന്ന ആരോപണത്തിൽനിന്നു തെരഞ്ഞെടുപ്പു കമ്മീഷൻ ഓടിയൊളിക്കവേയാണ് അന്താരാഷ്ട്ര ഗൂഢാലോചന!
ലേഖകന്റെ വർഗീയധ്രുവീകരണശ്രമവും കാണാതിരിക്കരുത്. “നിയമവിരുദ്ധ പ്രവൃത്തികളില്‍ നിയമനടപടി ഉണ്ടായാല്‍ ന്യൂനപക്ഷ പീഡനമാണ്, നിയമനിഷേധമാണ് എന്ന് പ്രസ്താവിച്ച് തെരുവിലിറങ്ങി ഭൂരിപക്ഷസമൂഹത്തെ വെല്ലുവിളിക്കുകയാണ്”. ഹിന്ദുത്വ നേരിടുന്ന വെല്ലുവിളിയെല്ലാം ഭൂരിപക്ഷ സമൂഹത്തിന്റേതുകൂടിയാണെന്നു സ്ഥാപിക്കാനുള്ള ദയനീയ ശ്രമം! അബദ്ധജടിലവും വിദ്വേഷകലുഷിതവുമായ ഈ പ്രചാരണങ്ങളുടെ മുൻപിൽ നിശബ്ദത പാലിക്കണമോ എന്ന് ക്രൈസ്തവ നേതൃത്വം ആത്മ പരിശോധന നടത്തേണ്ട സമയമായി.
കേരളത്തിൽ മാത്രം ക്രൈസ്തവരെ തുല്യപൗരന്മാരായി കാണുന്ന ബിജെപി ഇതിനൊക്കെ മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. വിജയിച്ചാലും ഇല്ലെങ്കിലും ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ബിജെപി സംസ്ഥാനങ്ങൾ പാസാക്കുന്ന മതപരിവർത്തന നിരോധനനിയമങ്ങളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. രാജസ്ഥാനിൽ ദിവസങ്ങൾക്കുമുന്പു പാസാക്കിയ ബില്ലിൽ ജീവപര്യന്തം തടവ്, ഒരു കോടി രൂപ വരെ പിഴ, സ്വത്ത് കണ്ടുകെട്ടൽ എന്നിവയൊക്കെയുണ്ട്. അതേസമയം, ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്യിക്കുന്നവർക്കു ശിക്ഷയില്ല!
തീർന്നില്ല, ഈ നിയമത്തിനോ അതുപ്രകാരം സ്ഥാപിച്ച ഏതെങ്കിലും ചട്ടത്തിനോ ഉത്തരവിനോ അനുസൃതമായി, ‘സദുദ്ദേശ്യ’ത്തോടെ സ്വീകരിച്ച നടപടികളുടെ പേരിൽ ഏതെങ്കിലും അധികാരിക്കോ ഉദ്യോഗസ്ഥനോ പരാതിക്കാരനോ എതിരേ ഒരു നിയമ നടപടിയുമില്ല. ഉത്തരാഖണ്ഡിൽ, സ്വന്തം മതത്തെ മഹത്വവത്കരിക്കുന്നതുപോലും പ്രലോഭനങ്ങളായി കണക്കാക്കും. ഇ-മെയിലോ സമൂഹമാധ്യമങ്ങളോ വഴിയുള്ള സന്ദേശങ്ങള്‍പോലും കുടുക്കാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യൻ ഭരണഘടനയോടുള്ള ഈ വെല്ലുവിളി കണ്ടില്ലന്നു നടിക്കാനാവില്ല.
ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാരിതര ഭൂവുടമസ്ഥർ കത്തോലിക്കാസഭയാണെന്ന് ആർഎസ്എസ് എഴുതിയത് ആറു മാസം മുന്‍പായിരുന്നു. നൂറാം പിറന്നാളിലും ആർഎസ്എസിന് അതിന്റെ വിചാരധാരകളെ ഒളിപ്പിക്കാനാവില്ല. പക്ഷേ, ബ്രിട്ടീഷുകാരെയും ഹിന്ദുത്വയെയും ഒരുപോലെ എതിർത്ത് സ്വാതന്ത്ര്യം നേടിത്തന്ന ദേശീയനേതാക്കളുടെ പിന്മുറക്കാർക്ക്, ഭിന്നിപ്പിക്കൽ തന്ത്രങ്ങൾക്കു മുന്നിൽ അടിയറവ് പറയാനാകില്ല. രാജ്യത്തെ മതരാഷ്ട്രമാക്കാനാഗ്രഹിക്കുന്നവർക്കു മാത്രം സംപൂജ്യവും മറ്റുള്ളവർക്കു ജാത്യാധിഷ്ഠിത നീചനിയമങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയുമൊക്കെ കറുത്ത പുസ്തകവുമായ മനുസ്മൃതിയല്ല, അതു കത്തിച്ചവരുടെ മുൻകൈയിൽ രൂപം കൊണ്ട ഇന്ത്യൻ ഭരണഘടനയാണ് ജീവശ്വാസം. മതപരിവർത്തന നിരോധന നിയമങ്ങൾ ചോദ്യം ചെയ്യപ്പെടണം.
Editorial
നേപ്പാളിൽ മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിട്ട് ജനാധിപത്യ ഹിംസയ്ക്കിറങ്ങിയ സർക്കാരിനെതിരേ ജെൻ സി അഥവാ ഓൺലൈൻ തലമുറ നടത്തിവരുന്ന പ്രക്ഷോഭം ഒരു മുന്നറിയിപ്പാണ്. ജനാധിപത്യത്തിലെ പുതിയ സിലബസാണ്.
എങ്ങനെയെങ്കിലും വോട്ട് ധ്രുവീകരണം നടത്തി അധികാരത്തിലേറുക, പിന്നെ അധികാരമുപയോഗിച്ച് തെരഞ്ഞെടുപ്പ് ഉൾപ്പെടെ സകല ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിച്ച് അധികാരം നിലനിർത്തുക. കമ്യൂണിസ്റ്റ്-വലതുപക്ഷ വ്യത്യാസമില്ലാതെ ഏകാധിപതികളുടെ അടവുനയമാണിത്.
അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധരായതിനാൽ, മാധ്യമങ്ങളെ ഇവർ തലവേദനയായിട്ടാണ് കാണുന്നത്. അങ്ങനെ മാധ്യമങ്ങളെ ഒതുക്കാനിറങ്ങിയ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയെ നേപ്പാളിലെ യുവാക്കൾ ഒതുക്കി. ജനാധിപത്യത്തിനു ശുഭകരമായ വാർത്ത.
സമൂഹമാധ്യമങ്ങൾ, അഴിമതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളെ മുൻനിർത്തി സമീപകാലത്ത് ശ്രീലങ്കയിലും ബംഗ്ലാദേശിലും സർക്കാരുകൾക്കെതിരേ വലിയ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. അവിടെയൊക്കെ ഭരണകൂടങ്ങൾ അട്ടിമറിക്കപ്പെടുകയും ചെയ്തു.
അതിന്റെ തുടർച്ചയായിത്തന്നെ നേപ്പാളിലെ സമരത്തെയും വിലയിരുത്താം. സമൂഹമാധ്യമ അടിമത്തത്തിൽനിന്നുണ്ടായ സമരം എന്ന പരിഹാസത്തെ മറികടന്ന് അഴിമതിക്കും സ്വേഛാധിപത്യത്തിനുമെതിരായ പുതിയ തലങ്ങളിലേക്ക് നേപ്പാളിലെ സമരം വ്യാപിക്കുകയാണ്.
ശത്രുസംഹാരത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധമായ രാജ്യസുരക്ഷയും ദേശസ്നേഹവുമാണ് നേപ്പാളിലും സർക്കാർ പുറത്തെടുത്തത്. ഇതിനായി കോടതിവിധിയെ ഉപയോഗിച്ചു. രാജ്യസുരക്ഷയ്ക്ക് ഹാനികരമാണെങ്കിൽ സമൂഹമാധ്യമങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്ന് സുപ്രീംകോടതി കഴിഞ്ഞവർഷം വിധിച്ചിരുന്നു.
പിന്നാലെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നേപ്പാളിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമം സർക്കാർ കൊണ്ടുവന്നു. ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ നാലുവരെയായിരുന്നു സമയം. യുട്യൂബ്, ഫേസ്ബുക്ക്, വാട്സ് ആപ്പ്, ഇൻസ്റ്റഗ്രാം, എക്സ് തുടങ്ങി 26 പ്രധാന പ്ലാറ്റ്ഫോമുകൾ രജിസ്റ്റർ ചെയ്തില്ല. കാരണം, അതു വെറുമൊരു രജിസ്ട്രേഷനല്ല.
നേപ്പാളിൽ ഓഫീസ് തുറക്കണം, പരാതി പരിഹരിക്കാനും പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാനുമായി നേപ്പാൾ സ്വദേശിയും സർക്കാരിന്റെ പ്രതിനിധിയും ഉണ്ടാകണം തുടങ്ങിയ നിബന്ധനകൾ കൂച്ചുവിലങ്ങായിരുന്നു. സർക്കാരിനെ വിമർശിക്കുന്നതും അഴിമതി ചൂണ്ടിക്കാണിക്കുന്നതുമായ മധ്യമങ്ങളെ രാജ്യസുരക്ഷയിൽ കുടുക്കുകയായിരുന്നു ലക്ഷ്യം.
രജിസ്റ്റർ ചെയ്യാത്ത പ്ലാറ്റ്ഫോമുകൾ നിരോധിച്ചത് എരിയുന്ന അമർഷത്തെ പൊട്ടിത്തെറിയിലെത്തിച്ച തീപ്പൊരിയായി. യുവാക്കൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പ്ലാറ്റ്ഫോമുകൾ പ്രവർത്തനരഹിതമായത് വ്യക്തിസ്വാതന്ത്ര്യത്തെയും പഠനത്തെയും ബിസിനസിനെയുമൊക്കെ ബാധിച്ചുവെന്നാണ് ജെൻ സിയുടെ പരാതി.
അഴിമതിയും ദുർഭരണവും മൂടിവയ്ക്കാനാണ് സോഷ്യൽ മീഡിയ നിരോധനമെന്നും ജെൻ സി ആരോപിച്ചു. നേപ്പാളിൽ ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ ഏകദേശം 1.35 കോടിയും ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ 36 ലക്ഷവുമാണ്. ഭരണസിരാകേന്ദ്രത്തിലേക്കും പ്രക്ഷോഭകർ എത്തിയതോടെ വെടിവയ്പിൽ 19 പേർ കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനാളുകൾക്കു പരിക്കേറ്റു.
കാഠ്മണ്ഡുവിൽനിന്നു 400 കിലോമീറ്റർ അകലെ ദമാക്കിലുള്ള പ്രധാനമന്ത്രി ഒലിയുടെ വീട്ടിലേക്കും കല്ലേറുണ്ടായി. കാര്യങ്ങൾ കൈവിട്ടതോടെ സമൂഹമാധ്യമ വിലക്ക് പിൻവലിക്കുകയും ആഭ്യന്തരമന്ത്രി രാജിവയ്ക്കുകയും ചെയ്തു. എന്നാൽ, സമൂഹമാധ്യമങ്ങളെ വിലക്കിയ തീരുമാനത്തിൽ പശ്ചാത്താപം ഇല്ലെന്നാണ് വാർത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് പറഞ്ഞത്.
അതായത്, കൂടുതൽ ഒരുക്കങ്ങളോടെ മാധ്യമനിയന്ത്രണത്തിനു ശ്രമിക്കാനായിരുന്നു പദ്ധതിയെന്ന് വ്യക്തം. എന്നാൽ, പ്രക്ഷോഭം കടുത്തതോടെ ഇന്നലെ പ്രധാനമന്ത്രിയും പ്രസിഡന്റുമെല്ലാം രാജിവച്ചു. സർക്കാർ വീണു. കലാപം ആളിപ്പടരുകയും ചെയ്തു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (സിപിഎൻയുഎംഎൽ) നേതാവായ ഒലിക്ക് ഇന്ത്യയോടല്ല, കമ്യൂണിസ്റ്റ് ചൈനയോടാണ് കൂറ്.
നേപ്പാളിലെ ജനാധിപത്യ ചട്ടക്കൂട് ഇല്ലായിരുന്നെങ്കിൽ ജെൻ സിക്കും അടിച്ചമർത്തൽ നേരിടേണ്ടിവരുമായിരുന്നു. 1989ലെ വസന്തകാലത്ത് ടിയാനൻമെന്നിലെ വിദ്യാർഥിസമരത്തെ ബൂർഷ്വ ലിബറലിസം എന്നു മുദ്രയടിച്ച് വെടിവച്ചും ടാങ്കുകൾ കയറ്റിയും കമ്യൂണിസ്റ്റ് ഭരണകൂടം തകർത്ത കാര്യം ഓർക്കുക.
കമ്യൂണിസ്റ്റ് കണക്കിൽ മരണം 300ൽ താഴെയാണെങ്കിലും ‘ടിയാനൻമെൻ അമ്മമാർ’ പോലുള്ള സംഘടനകളുടെ കണക്കിൽ 8,000നും 10,000നും ഇടയ്ക്കാണ്. നേപ്പാളിൽ ജനാധിപത്യവും ഭരണഘടനയും ഒലിക്കു തടസമായി. സ്മാർട്ട്ഫോണുകൾ, ഇന്റർനെറ്റ്, ഡിജിറ്റൽ ഇടപാടുകൾ, സോഷ്യൽ മീഡിയ എന്നിവയ്ക്കു മുമ്പുള്ള കാലഘട്ടത്തെക്കുറിച്ച് അറിയില്ലാത്തതും അറിയാൻ അത്ര താത്പര്യമില്ലാത്തതുമായ തലമുറയാണ് ജെൻ സിയും ജെൻ ഇസെഡും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
ജെൻ സി ഇതിലെ ഇളമുറക്കാരാണ്. വോട്ട് ചെയ്യാൻ പോലും അത്ര താത്പര്യമില്ലാത്ത ഇക്കൂട്ടർ നേപ്പാളിൽ നടത്തിയ പ്രക്ഷോഭത്തിന്റെ പ്രഥമലക്ഷ്യം ജനാധിപത്യ പ്രതിബദ്ധതയായി കാണാമോ എന്ന് സംശയിക്കുന്നവരുണ്ട്. അവർ ഉന്നമിട്ടത്, പ്രധാനമായി തങ്ങളുടെ ഡിജിറ്റൽ സ്വാതന്ത്ര്യത്തിനും ഓൺലൈൻ അധിഷ്ഠിത തൊഴിൽ-വ്യാപാര-വ്യക്തി താത്പര്യങ്ങൾ സംരക്ഷിക്കാനുമാണ്.
എങ്കിലും, തത്കാലത്തേക്കെങ്കിലും സംരക്ഷിക്കപ്പെട്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നായ മാധ്യമസ്വാതന്ത്ര്യമാണ്. സമരത്തിന്റെ ഊന്നൽ അഴിമതി, സ്വജനപക്ഷപാതം, സ്വേഛാധിപത്യം എന്നിവയിലേക്കു മാറുന്നതായാണ് സൂചനകൾ. നേപ്പാൾ വിപ്ലവത്തിൽ പാഠങ്ങളുണ്ട്.
തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നവർ ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ളവരാകണമെന്നില്ല. ഏതുവിധേനയും അധികാരത്തിൽനിന്നിറങ്ങാതിരിക്കാൻ അവർ ശ്രമിക്കും. ജനാധിപത്യത്തിന്റെ കാവൽപുരകൾ തകർക്കാൻ ജനാധിപത്യ സംവിധാനങ്ങളെത്തന്നെ ദുരുപയോഗിക്കും. ജനവികാരം പ്രകടിപ്പിക്കുകയും പ്രതിരോധങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മാധ്യമങ്ങളെ ലക്ഷ്യമിടും.
തോക്കു ചൂണ്ടുന്നത് മാധ്യമങ്ങൾക്കുനേരേ ആണെങ്കിലും ആവശ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ തലയാണെന്നു നേപ്പാളും ചൂണ്ടിക്കാണിക്കുന്നു. നേപ്പാളിൽ ജെൻ സി, സമൂഹമാധ്യമനിരോധനത്തെ ചെറുത്തിരിക്കുന്നു. എന്നാൽ, ജനാധിപത്യ സംരക്ഷണത്തിൽ മുന്നിലുള്ളതും അതേസമയം, ജെൻ സിയെ നേരിട്ടു ബാധിക്കാത്തതുമായ പത്രങ്ങൾ ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങളുടെ കാര്യത്തിൽ ഈ വിപ്ലവം ഉണ്ടാകുന്നതായി കാണുന്നില്ല.
അതുകൊണ്ട്, ഏകാധിപത്യ പ്രവണതയുള്ള സർക്കാരിനെ ചെറുക്കുന്നതിനൊപ്പം ജെൻ സി തലമുറയെ ജനാധിപത്യത്തോട് കൂടുതൽ ചേർത്തുനിർത്താനും പ്രതിപക്ഷം ഉൾപ്പെടെയുള്ള ജനാധിപത്യ ചേരി സജ്ജരാകണം. ചുരുക്കത്തിൽ, നേപ്പാളിലെ ജെൻ സി വിപ്ലവം ജനാധിപത്യത്തിലെ പുതിയ സിലബസാണ്.
Editorial
ഉണരുക! നാടുകാണാൻ ചക്രവർത്തി എത്തിയിരിക്കുന്നു. ആഘോഷങ്ങൾക്കൊടുവിൽ വന്യജീവികളോ തെരുവുനായകളോ മയക്കുമരുന്നടിമകളോ വർഗീയ ആൾക്കൂട്ടങ്ങളോ പോലീസോ ആക്രമിക്കാതെ പാതാളത്തിലേക്കു മടങ്ങാൻ അനുവദിക്കാം.
എല്ലാ വിഷമങ്ങളും മറന്ന് ആ മാവേലിപ്പാട്ട് പാടാനിരിക്കേയാണ് കേരളത്തിൽ ഇടിനാദം മുഴങ്ങിയത്. കുറ്റവാളിയല്ലാത്ത ഒരാളെ പോലീസുകാർ കുനിച്ചുനിർത്തി ഇടിക്കുന്ന ശബ്ദം! വെറുപ്പിന്റെ പ്രസംഗകരെ സുഖിപ്പിക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയവും കൊഴുത്തു.
പീഡനങ്ങളും വ്യാജപീഡനക്കേസുകളും വെളിച്ചം കെടുത്തുന്നു. എങ്കിലും നമുക്കിന്ന് ഓണമാഘോഷിച്ചേ പറ്റൂ. വിശപ്പില്ലാത്ത, സമാധാനവും സമത്വവുമുള്ള നാടു പണിയൂ എന്നു വീണ്ടും പറയാൻ ദൈവത്തിന്റെ സ്വന്തം നാടെന്ന കെട്ടുകാഴ്ചയിലേക്ക് മഹാബലി പാതാളത്തിൽനിന്നെത്തിയിരിക്കുന്നു.
ജാതി-മത ഭേദമില്ലാതെ നാനാത്വത്തിന്റെ മണ്ണിൽ ഒന്നിച്ചൊരു പൂക്കളമിടാം. ചക്രവർത്തിയായിരുന്നെങ്കിലും അകന്പടിയില്ലാതെത്തിയ മഹാബലിയെ വന്യജീവികളോ തെരുവുനായകളോ മയക്കുമരുന്നടിമകളോ വർഗീയ ആൾക്കൂട്ടങ്ങളോ പോലീസോ ആക്രമിക്കാതെ തിരിച്ചുപോകാൻ അനുവദിക്കാം. എല്ലാവർക്കും ഓണാശംസകൾ!
ഓണത്തിന്റെ സന്ദേശം രാഷ്ട്രീയമാണ്. എല്ലാ വർഷവും അതൊരു ക്ഷേമരാഷ്ട്രത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു. പരാജയപ്പെട്ട ഭരണാധികാരികളെ അതു തുറന്നുകാണിക്കുന്നു. ജനാധിപത്യത്തിന്റെ കൊടിയേന്തിയവരെ മഹാബലിയെന്ന ചക്രവർത്തി ജനക്ഷേമം പഠിപ്പിക്കുന്നു.
അധികാരികൾക്ക് മാവേലി ശല്യമാണ്. അദ്ദേഹത്തിന്റെ ഭരണകാലത്തെക്കുറിച്ചുള്ള ആ പാട്ടും അവരുടെ സമാധാനം കെടുത്തും. ഓരോ ദിവസവും കഴിയുന്തോറും അസാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു രാഷ്ട്രസങ്കൽപം ആ പാട്ടിലുണ്ട്.
സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച ‘സഹോദര സംഘ’ത്തിന്റെ മുഖപത്രമായ ‘സഹോദര’നിൽ 1921 ജനുവരി-ഫെബ്രുവരി പതിപ്പിൽ ‘മാവേലി നാടു വാണീടും കാലം’ എന്ന ഓണപ്പാട്ട് പ്രസിദ്ധീകരിച്ചിരുന്നു. അയ്യപ്പന്റെ പേരിലായിരുന്നു അത്. എന്നാൽ, അജ്ഞാത കവി എഴുതിയതാകാമെന്നും പരിഷ്കരിക്കപ്പെട്ടതാണെന്നുമുള്ള വാദമുണ്ട്.
പാട്ടിലുള്ളതു സങ്കൽപമായിരിക്കാം. പക്ഷേ, നാം കെട്ടിപ്പടുക്കേണ്ടതായ മാതൃകാ രാഷ്ട്രത്തിന്റെ കരടുരൂപം അതിലുണ്ട്. ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്നു തുടങ്ങുന്ന ഭരണഘടനയുടെ അടിസ്ഥാനമായ തുല്യതാ സങ്കൽപം അതിലുണ്ട്. അതും ഇന്ത്യൻ ഭരണഘടന നിലവിൽവരുന്നതിനു മുന്‍പ് എഴുതപ്പെട്ട ഒരു പാട്ടിൽ. ഓണം ഒരു ഐതിഹ്യമല്ല, നവലോകത്തിന്റെ പ്രകടനപത്രികയാണ്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:
“മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല
ആധികള്‍ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല
ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ...
തുടർന്നുള്ള വരികളിൽ സ്ത്രീ സ്വാതന്ത്ര്യം, തുല്യത, ജാതിവിരുദ്ധത തുടങ്ങിയവയെല്ലാമുണ്ട്. ഇത്തരമൊരു ഓണസങ്കൽപവുമായി ചേർന്നുപോകാൻ സമകാലിക ഭരണകൂടങ്ങൾക്കു കഴിയുന്നില്ല. പൗരന്മാർക്കും കഴിയുന്നില്ല.
വർഗീയത, തീവ്രവാദം, അഴിമതി, നാട്ടിലിറങ്ങിയ വന്യജീവികൾ, പേ പിടിച്ച തെരുവുനായകൾ, ഗുണ്ടായിസം, പോലീസ് അതിക്രമം, ഭരണകൂട-മുതലാളിത്ത കൂട്ടുകെട്ട്, മയക്കുമരുന്ന്, മദ്യം, ദളിത്-ആദിവാസി-സ്ത്രീവിരുദ്ധതകൾ... എല്ലാം ഭയപ്പെടുത്തുന്നു.
മൂന്നാറിൽ കോപ്പിയടി പിടിച്ച അധ്യാപകനെ വിദ്യാർഥിനികൾ പീഡനക്കേസിൽ കുടുക്കിയിരിക്കുന്നു. കുന്നംകുളത്ത് പോലീസ് നടപടി ചോദ്യം ചെയ്ത യുവാവിനെ സ്റ്റേഷനിൽ വളഞ്ഞിട്ടു മർദിച്ചു. ദൃശ്യങ്ങൾ ഉന്നത ഉദ്യോഗസ്ഥരൊക്കെ കണ്ടിരുന്നു. എന്നിട്ടും കുറ്റവാളികളികൾ ‘നിയമപാലനം’ തുടരുകയാണ്.
ഈ ഭീരുക്കൾ, ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാവിന്റെ മുന്നിൽപോലും മുട്ടിടിച്ചുനിൽക്കും. മയക്കുമരുന്നു മാഫിയയെ തൊടില്ല, ഗുണ്ടകളെ കണ്ടില്ലെന്നു നടിക്കും... 10 കൊല്ലമായിട്ടും നവകേരളമെന്നു വായിട്ടലയ്ക്കുന്നതല്ലാതെ സഞ്ചാരം പിന്നോട്ടുതന്നെയാണ്. മഹാബലിയെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ.
നാടു നന്നാക്കേണ്ടത് ഭരിക്കുന്നവരുടെയും രാഷ്ട്രീയക്കാരുടെയും മാത്രം ഉത്തരവാദിത്വമല്ല. അതുകൊണ്ടാണ് നല്ലവരല്ലാതെയില്ല പാരിൽ എന്ന വരികളും ഓണപ്പാട്ടിൽ ചേർത്തിരിക്കുന്നത്. മറക്കരുത്, നല്ലവരുടെ ചക്രവർത്തിയായിരുന്നു മഹാബലി. ഈ പകലൊടുങ്ങുന്പോൾ മഹാബലി മടങ്ങും. പാതാളം അടയ്ക്കും. പഴയ കേരളത്തിലേക്ക് നാം ഉറങ്ങിയെണീൽക്കും.
ഓണം കളറാക്കാൻ സർക്കാരെടുത്ത വായ്പയുടെ പലിശയും പുതിയ ബാധ്യതകളിലുണ്ടാകും. പാട്ടു പാടിക്കൊണ്ടേയിരിക്കാം. ഇനിയും മഹാബലി വരും. ഇത്രകാലം പാതാളത്തിൽനിന്നെത്തി പറഞ്ഞിട്ടും ഒരു മാവേലിനാടു സൃഷ്ടിക്കാതെ പണ്ടത്തെ പാട്ടുംപാടി നടക്കുകയാണോ എന്നറിയാൻ.
Leader Page
ബിഹാർ രാഷ്ട്രീയം തിളച്ചുമറിയുകയാണ്. ഒക്ടോബറിലോ നവംബറിലോ നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായി രാഷ്ട്രീയപോരാട്ടം പതിവിലേറെ മുറുകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും ബിഹാറിലെത്തി അങ്കം കുറിച്ചതോടെ കടുത്ത വീറും വാശിയും പ്രകടമാണ്. ജെഡിയു- ബിജെപി സഖ്യവും ആർജെഡി- കോണ്‍ഗ്രസ് സഖ്യവും ഇത്തവണ വിട്ടുകൊടുക്കാൻ തയാറല്ല.
ജാതി സെൻസസ് രാഷ്ട്രീയം
വോട്ടുകൊള്ള മുതൽ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ 65 ലക്ഷം പാവങ്ങളുടെ വോട്ടവകാശം റദ്ദാക്കാനുള്ള നീക്കം വരെ ബിഹാറിൽ വലിയ ചർച്ചയാണ്. എങ്കിലും ജാതി സെൻസസും പതിവ് ജാതി, മത സമവാക്യങ്ങളും തന്നെയാകും ജനവിധി നിർണയിക്കുക. രാഹുൽ ഗാന്ധി തുടർച്ചയായി ആവശ്യപ്പെട്ട ജാതി സെൻസസ് പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാർ നിർബന്ധിതമായത് ഇതു മനസിലാക്കിയാണ്.
ജാതി സെൻസസിനെ ആദ്യം എതിർക്കേണ്ടിയിരുന്നില്ലെന്നാകും ബിജെപി ഇപ്പോൾ ചിന്തിക്കുക. ജാതി സെൻസസിന്റെ പ്രധാന ക്രെഡിറ്റ് രാഹുലിന്റേതായതിൽ ബിജെപിക്കു സ്വയം പഴിക്കാനേ കഴിയൂ. രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, രൂപയുടെ റിക്കാർഡ് തകർച്ച, കാർഷിക പ്രതിസന്ധി അടക്കമുള്ള പ്രധാന പല പ്രശ്നങ്ങളും ബിഹാറിൽ മുഖ്യ ചർച്ചയാകാനിടയില്ല.
രാഹുലിന്റെ വോട്ടവകാശ യാത്ര
രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്ര (വോട്ട് അധികാർ യാത്ര) തിങ്കളാഴ്ച പാറ്റ്നയിൽ സമാപിക്കുന്നതോടെ കളം മുറുകും. പാറ്റ്നയിലെ ഗാന്ധി മൈതാനത്തുനിന്ന് അംബേദ്കറുടെ പ്രതിമയിലേക്കു മാർച്ച് ചെയ്യുന്ന ഘോഷയാത്രയോടെയാണു യാത്ര അവസാനിക്കുക. വോട്ടവകാശ യാത്രയുടെ സമാപനം വലിയൊരു രാഷ്ട്രീയ പോരാട്ടത്തിന്റെയും പ്രതിപക്ഷ മുന്നേറ്റത്തിന്റെയും തുടക്കമാകുമെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്.
സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും പ്രതീക്ഷിച്ചതിലേറെ ആവേശമുയർത്താൻ രാഹുലിനു കഴിഞ്ഞത് നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും ഉറക്കം കെടുത്തും. ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രായവും രാഷ്ട്രീയ ചാഞ്ചാട്ടങ്ങളും ഉയർത്തുന്ന വെല്ലുവിളിക്കു പുറമെയാണ് ഭരണസഖ്യത്തിനു മുന്നിൽ രാഹുലിന്റെ വോട്ടവകാശ യാത്രയുടെ തിരതള്ളൽ.
വോട്ട് ആയുധവും ശക്തിയും
ജനാധിപത്യഭരണത്തിൽ പൗരന്മാർക്കുള്ള ഏറ്റവും ശക്തമായ അക്രമരഹിത ആയുധമാണു വോട്ട്. തുല്യാവകാശവും തുല്യനീതിയും നേടിയെടുക്കാനുള്ള ആയുധം. വിലയേറിയ ഈ വോട്ടവകാശത്തിൽ കൃത്രിമം നടത്തി ജനവിധി അട്ടിമറിക്കപ്പെടുന്നുവെന്ന തോന്നൽപോലും ആപത്കരമാണ്.
വോട്ടുകൊള്ളയെക്കുറിച്ച് ഡിജിറ്റൽ പ്രസന്റേഷനോടെ പ്രതിപക്ഷനേതാവ് നടത്തിയ പത്രസമ്മേളനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇന്നേവരെ ഒന്നും പറയാത്തതുതന്നെ കള്ളം വെളിപ്പെടുത്തുന്നുവെന്നാണ് രാഹുൽ ആരോപിച്ചത്.
വോട്ടുമോഷണം കെട്ടുകഥയല്ല
കർണാടകയിലെ മഹാദേവപുര നിയമസഭാ മണ്ഡലത്തിൽ മാത്രം ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ തട്ടിപ്പാണ് ബിജെപിക്കുവേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയതെന്ന പ്രതിപക്ഷനേതാവിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിവിട്ട കോളിളക്കം അത്രവേഗം കെട്ടടങ്ങില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടികയിൽനിന്നു രാഹുൽ ചൂണ്ടിക്കാട്ടിയത് പലതും ശരിയാണെന്നു ഭൂരിപക്ഷം ജനങ്ങൾ മനസിലാക്കി.
രാഹുൽ ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ തെരഞ്ഞെടുപ്പു കമ്മീഷൻ ഇനിയും നിഷേധിച്ചിട്ടില്ല. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെ ന്യായീകരിക്കാൻ ബിജെപി മന്ത്രിമാരും നേതാക്കളും വക്താക്കളും നിരയായി രംഗത്തിറങ്ങിയെന്നതും അപഹാസ്യമായി.
ഒരു വീട്ടിൽ 947 വോട്ടർമാർ!
ബിഹാറിലെ ബോധ് ഗയയിൽ നിഡാനി ഗ്രാമത്തിലെ ഒരു വീട്ടിൽ 947 വോട്ടർമാർ ഉണ്ടെന്നാണു രാഹുൽ ഗാന്ധി ഇന്നലെ ഉയർത്തിയ ആരോപണം. നിഡാനിയിലെ ഒരൊറ്റ വീട്ടുനന്പറിൽ (നന്പർ ആറ്) ആയിരത്തോളം പേരാണു വോട്ടർപട്ടികയിലുള്ളത്. നൂറുകണക്കിന് വീടുകളുള്ള ഗ്രാമമാണിത്. ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) വീടുതോറും നേരിട്ടു ചെന്നു പരിശോധിച്ചാണ് വോട്ടർപട്ടികയിലെ വീട്ടുനന്പർ അടക്കമുള്ള വിവരങ്ങൾ ചേർക്കുന്നതെന്നാണ് പറയുന്നത്. സ്ഥിരമായ വീട്ടുനന്പറുകൾ ഇല്ലാത്തതിനാൽ ആ ഗ്രാമത്തിലെ വോട്ടർമാർക്കെല്ലാം ഒരേ സാങ്കല്പിക വീട്ടുനന്പർ നൽകിയെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ ഇന്നലെ വിശദീകരിച്ചത്.
മോദിയുടെ അമൃതകാല, ഡിജിറ്റൽ ഇന്ത്യയിൽ ബിജെപി ഭരണ സംസ്ഥാനത്തെ ഒരു ഗ്രാമത്തിൽ ആയിരത്തോളം പേർക്ക് ഇപ്പോഴും സ്വന്തമായി വീട്ടുനന്പർ പോലും ഇല്ലെന്നതു പരിഹാസ്യവും അവിശ്വസനീയവുമാണ്.
ഇനി അങ്കം സുപ്രീംകോടതിയിൽ
ബിഹാർ വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണത്തെക്കുറിച്ചുള്ള (സ്പെഷൽ ഇന്റൻസീവ് റിവിഷൻ - എസ്ഐആർ) എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിന്മേൽ സുപ്രീംകോടതി തിങ്കളാഴ്ച വാദം കേൾക്കും. ജസ്റ്റീസുമാരായ സൂര്യകാന്തും ജോയ്മല്യ ബാഗ്ചിയും അടങ്ങുന്ന ബെഞ്ചാണ് ഇന്നലെ ഇക്കാര്യം നിർദേശിച്ചത്.
ജുഡീഷൽ ഇടപെടലില്ലെങ്കിൽ ലക്ഷക്കണക്കിന് വോട്ടർമാർ സ്ഥിരമായി ഒഴിവാക്കപ്പെട്ടേക്കാമെന്ന് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് കോടതിയിൽ ചൂണ്ടിക്കാട്ടി. പരാതിയുമായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചവർക്കു തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരും ന്യൂനപക്ഷങ്ങളുമായ 65 ലക്ഷം പേരുടെ വോട്ടവകാശമാണു കവർന്നതെന്ന് രാഹുൽ നേരത്തേ ആരോപിച്ചിരുന്നു.
സംശയനിഴലിൽ കമ്മീഷൻ
പാർശ്വവത്കരിക്കപ്പെട്ട ഗ്രാമീണസമൂഹങ്ങളിലെ യഥാർഥ വോട്ടർമാരുടെ വോട്ടവകാശം ശാശ്വതമായി നിഷേധിക്കപ്പെടാനുള്ള സാധ്യത ജനാധിപത്യത്തിന്റെ അടിവേരറക്കുന്നതാണ്. പത്തോ നൂറോ ആയിരമോ പേർക്കല്ല, ബിഹാറിൽ 65 ലക്ഷം പേർക്കാണ് തെരക്കിട്ടു വോട്ടവകാശം നിഷേധിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ശ്രമിച്ചത്. പരിഷ്കരണ പ്രക്രിയയിലെ സുതാര്യതയുടെ അഭാവം വോട്ടർപട്ടികയുടെ സമഗ്രതയെക്കുറിച്ചുള്ള സംശയങ്ങൾ പലതും ശരിവയ്ക്കുന്നതാണ്.
സുപ്രീംകോടതി ഇടപെടുന്നതുവരെ ഒഴിവാക്കിയ വോട്ടർമാരുടെ വിവരം വെളിപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ തയാറായില്ല. ഒഴിവാക്കപ്പെട്ട എല്ലാ വോട്ടർമാരുടെയും പേരുകൾ കമ്മീഷന്റെ വെബ്സൈറ്റിലും ബൂത്തുതല ഓഫീസുകളിലും പ്രസിദ്ധീകരിക്കുക, ഒഴിവാക്കപ്പെടാനുള്ള കാരണങ്ങൾ സുതാര്യമായി നൽകുക, ഒഴിവാക്കപ്പെട്ട വോട്ടർമാരെ അവരുടെ ആധാർ കാർഡ് ഉപയോഗിച്ച് ഓണ്‍ലൈനായി ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ അനുവദിക്കുക എന്നിവയാണ് കോടതി കഴിഞ്ഞ 22ന് നിർദേശിച്ചത്.
വേലിതന്നെ വിളവ് തിന്നുന്നു
എല്ലാ പൗരന്മാർക്കും വോട്ടവകാശം ഉറപ്പാക്കാനും കള്ളവോട്ടുകൾ തടയാനും ബാധ്യതപ്പെട്ട തെരഞ്ഞെടുപ്പു കമ്മീഷൻ ഇതിനു വിരുദ്ധമായ നടപടികളെടുക്കുന്നതാണ് ദുരന്തം. വേലിതന്നെ വിളവ് തിന്നുന്നു. കമ്മീഷന്റെ തൊടുന്യായങ്ങൾ സുപ്രീംകോടതി തള്ളിയതിൽ കാര്യം വ്യക്തം. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി തീവ്രപരിഷ്കരണമെന്ന പേരിൽ നടപ്പാക്കിയത് ബിജെപിയുടെ രാഷ്ട്രീയ താത്പര്യമാണെന്ന പ്രതിപക്ഷ ആരോപണം തീർത്തും തെറ്റല്ലെന്നു സുപ്രീംകോടതിയുടെ നിർദേശങ്ങളിൽ തെളിയുന്നു. ബിഹാറിൽ കരട് വോട്ടർപട്ടികയിലുള്ള 98.2 ശതമാനം ആളുകളും അവരുടെ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദം വിശ്വസിക്കാൻ കഴിയില്ലെന്നു തെരഞ്ഞെടുപ്പു വിശകലന വിദഗ്ധനായ യോഗേന്ദ്ര യാദവ് പറയുന്നു. കമ്മീഷൻ ആവശ്യപ്പെടുന്ന 11 രേഖകളിൽ ഒന്നുപോലും ഏകദേശം 43 ശതമാനം പേർ സമർപ്പിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 11 ശതമാനം പേർ മാത്രമാണു രേഖകൾ നൽകിയത്. ബിഹാറിൽ രണ്ടു കോടിയോളം പാവങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുമെന്നാണു യാദവ് പറയുന്നത്.
ജനാധിപത്യം മോഷ്ടിക്കരുത്
ഒരാൾക്ക് ഒരു വോട്ട് എന്നതു ജനാധിപത്യത്തിന്റെ അടിസ്ഥാനമാണ്. പ്രായപൂർത്തിയായ ഒരു പൗരനുപോലും വോട്ടവകാശം നിഷേധിക്കരുത്. ഭരണഘടനയുടെ സമത്വത്തിനായുള്ള അനുച്ഛേദം 14, 18 വയസ് തികഞ്ഞവർക്കു സാർവത്രിക വോട്ടവകാശത്തിനുള്ള അനുച്ഛേദം 326 എന്നിവ പരമപ്രധാനമാണ്. രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വോട്ടർപട്ടിക ക്രമക്കേടുകളിൽ ഇവയെല്ലാം ലംഘിക്കപ്പെടുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിൽ ഈ വിഷയം ചർച്ച ചെയ്യാൻ സമ്മതിക്കാതിരുന്ന സർക്കാരിന് ചില ഭയപ്പാടുകളും മറയ്ക്കാൻ ചിലതും ഉണ്ടെന്നു വ്യക്തം. ജനവിധി അട്ടിമറിക്കാനും ജനാധിപത്യം മോഷ്ടിക്കാനും ആരെയും അനുവദിക്കാനാകില്ല. ജനാധിപത്യവും ഭരണഘടനയും പോറലേൽക്കാതെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ രാഷ്ട്രീയം പാടില്ല. കണ്ണിലെ കൃഷ്ണമണിപോലെ ജനാധിപത്യ, ഭരണഘടനാവകാശങ്ങൾ കാത്തു പരിപാലിക്കുക.
Leader Page
ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെട്ടാൽ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും നീക്കംചെയ്യാൻ അനുവദിക്കുന്ന 130-ാം ഭരണഘടനാ ഭേദഗതി ബിൽ രാജ്യമെമ്പാടും വലിയ ചർച്ചകൾക്കു വഴിവച്ചിരിക്കുകയാണ്.
ഭരണഘടന (130-ാം ഭേദഗതി) ബിൽ 2025, ജമ്മു കാഷ്മീർ പുനഃസംഘടന (ഭേദഗതി) ബിൽ 2025, കേന്ദ്രഭരണ പ്രദേശങ്ങളുടെ ഭരണ (ഭേദഗതി) ബിൽ 2025 എന്നിങ്ങനെ മൂന്നു ബില്ലുകളാണ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്. ഭരണഘടനയുടെ 75, 164, 239 എഎ വകുപ്പുകളിൽ മാറ്റം വരുത്താൻ 130-ാം ഭേദഗതി ബിൽ നിർദേശിക്കുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാര്‍ക്കും ഇതേ വ്യവസ്ഥകള്‍ ബാധകമാക്കുന്നതാണ് കേന്ദ്രഭരണപ്രദേശ ഭരണ ഭേദഗതി ബില്‍.
ജമ്മു കാഷ്മീരിനെയും ഇതേ ചട്ടക്കൂടിനു കീഴില്‍ കൊണ്ടുവരുന്നതാണ് ജമ്മു കാഷ്മീര്‍ പുനഃസംഘടന (ഭേദഗതി) ബില്‍. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്യപ്പെടുന്ന പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ 30 ദിവസം കസ്റ്റഡിയിലായിട്ടും രാജിവയ്ക്കുന്നില്ലെങ്കില്‍ മുപ്പത്തൊന്നാം ദിവസം നിര്‍ബന്ധിത രാജി ഉറപ്പാക്കുന്ന വ്യവസ്ഥയാണു വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.
നിലവിലുള്ളത് ശക്തമായ നിയമങ്ങൾ
കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിനു നിലവിൽ ശക്തമായ നിയമങ്ങളുള്ളപ്പോൾ ആരോപണവിധേയരായി എന്നതുകൊണ്ടു മാത്രം തത്സ്ഥാനങ്ങളിൽനിന്നു പുറത്താക്കുന്നതിനു പുതിയ നിയമത്തിന്റെ ആവശ്യമെന്താണ് എന്നാണ് നിയമവിദഗ്ധരും പ്രതിപക്ഷനേതാക്കളും ചോദിക്കുന്നത്. നിലവില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടുവര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷിക്കപ്പെട്ടാല്‍ എംഎല്‍എമാരെയും എംപിമാരെയും അയോഗ്യരായി പ്രഖ്യാപിക്കാം. 2001ലെ ബി.ആർ. കപൂർ v/s സ്റ്റേറ്റ് ഓഫ് തമിഴ്നാട് കേസിൽ നിയമസഭാംഗമായി പ്രവർത്തിക്കുന്നതിൽനിന്ന് വിലക്കപ്പെട്ട ആർക്കും മുഖ്യമന്ത്രി സ്ഥാനം വഹിക്കാൻ അർഹതയില്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
എംപി/എംഎൽഎ തുടങ്ങിയവരുടെ അംഗത്വം ഭരണഘടനയുടെ ആർട്ടിക്കിൾ 102,191, ജനപ്രാതിനിധ്യ നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണു നിയന്ത്രിക്കുന്നത്. നിലവിൽ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യനാക്കപ്പെട്ടില്ലെങ്കിൽ, വിചാരണ നേരിടുമ്പോഴോ കസ്റ്റഡിയിലായിരിക്കുമ്പോഴോ തത്സ്ഥാനത്തു തുടരുന്നതിൽനിന്ന് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ഒരു നിയമവും തടഞ്ഞിട്ടില്ല.
ലക്ഷ്യം പ്രതിപക്ഷവേട്ട
130-ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്കു നിരക്കാത്തതാണെന്നും പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്ലാണിതെന്നുമുള്ള ശക്തമായ വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിധി ലംഘിക്കുന്നു എന്ന വിമർശനം പലതവണ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായതു പ്രതിപക്ഷ ആരോപണങ്ങൾക്കു ബലം നൽകുന്നുണ്ട്. 2015 മുതൽ കള്ളപ്പണ നിരോധന നിയമ പ്രകാരം ഇഡി രജിസ്റ്റർ ചെയ്ത 5,892 കേസുകളിൽ കോടതി ശിക്ഷിച്ചത് 15 കേസുകളിൽ മാത്രമാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി രാജ്യസഭയിൽ പറഞ്ഞിരുന്നു. കേസുകളിൽ 0.25% മാത്രമാണു ശിക്ഷിക്കപ്പെട്ടത്.
കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയ 2014 മുതല്‍ ഇഡി രജിസ്റ്റര്‍ ചെയ്ത 95% കേസുകളും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്ക്കെതിരേയാണെന്ന കണക്കുകളും പുറത്തുവന്നിട്ടുണ്ട്. യുപിഎ ഭരിച്ച 2004-2014 കാലത്ത് ഇഡി കേസെടുത്തത് 26 രാഷ്ട്രീയനേതാക്കള്‍ക്കെതിരേ ആയിരുന്നെങ്കിൽ 2014 മുതല്‍ 2022 വരെ ഇഡി അന്വേഷണം നേരിടുന്നത് 121 രാഷ്ട്രീയ നേതാക്കളാണ്. ഇതില്‍ 115 പേര്, അതായത് 95 ശതമാനം പേര് പ്രതിപക്ഷപാര്ട്ടികളിലുള്ളവരാണ്. യുപിഎ കാലത്ത് പ്രതിപക്ഷ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ 14 പേര് അഥവാ 54 ശതമാനം മാത്രമാണ്.
വിവിധ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായിരുന്ന ലാലുപ്രസാദ് യാദവ്, ഭൂപേഷ് ബാഘേല്‍, അശോക് ഗഹ്ലോട്ട്, അരവിന്ദ് കേജരിവാൾ, ഹേമന്ദ് സോറൻ, ഭുപീന്ദര്‍ സിംഗ് ഹൂഡ, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, നബാം തുകി, ഒക്രം ഇബോബി സിംഗ്, ശരദ് പവാര്‍, രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന് പൈലറ്റ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളെല്ലാം നിലവിൽ ഇഡിയുടെ അന്വേഷണപരിധിയിലാണ്.
അതേസമയം, ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ക്കെതിരായ ഇഡി കേസുകള്‍ പാതിവഴി നിലച്ചതിന്റെയും വേഗം കുറഞ്ഞതിന്റെയും ഉദാഹരണങ്ങളും നിരവധിയുണ്ട്. അജിത് പവാര്‍, ഹിമന്ത ബിശ്വ ശര്‍മ, സുവേന്ദു അധികാരി, മുകുള്‍ റോയി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നതോടെ അവർക്കെതിരായ കേസുകളെല്ലാം മാഞ്ഞുപോയി. ബിജെപിക്കെതിരേ പ്രതിപക്ഷം ഉന്നയിച്ച "വാഷിംഗ് മെഷീൻ' ആരോപണം ശരിയാണെന്നതിലേക്കാണ് ഇക്കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്.
അഴിമതിക്കേസുകളിൽ കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കേന്ദ്ര ഏജൻസികളുടെ നടപടി നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബിജെപിയിൽ ചേർന്നു. എന്നാൽ, ബിജെപിയുടെയോ ബിജെപിയിൽ ചേർന്നതോ ആയ ഒരു നേതാവിനെതിരേയും അന്വേഷണമില്ല. ഈ ഇരട്ടത്താപ്പാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. അഴിമതിക്കേസില്‍ അറസ്റ്റിലായവര്‍ പാര്‍ട്ടി മാറി ബിജെപിയിലെത്തിയാല്‍ വിശുദ്ധരാകുന്ന വിചിത്ര യുക്തി ഏത് ഭരണഘടനാ ധാര്‍മികതയുടെ പേരിലാണെന്നുകൂടി ബിജെപി വിശദീകരിക്കേണ്ടതുണ്ട്.
Editorial
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
അത്യന്തം നാടകീയ രംഗങ്ങളാണ് ഇന്നലെ പാർലമെന്റിലുണ്ടായത്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധവും ബഹളവും. അഞ്ചു വർഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കിടന്ന മന്ത്രിമാരെ പദവിയിൽനിന്ന് പുറത്താക്കുന്നതിനുള്ള ഭരണഘടനയുടെ 130-ാം ഭേദഗതി ബിൽ അവതരണമാണ് പ്രതിപക്ഷ ബഹളത്തിൽ കലാശിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. കേസുകളിൽ അറസ്റ്റിലായാൽ മന്ത്രിമാരെയും മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കാനുള്ള അധികാരം നൽകുന്ന ബിൽ ഭരണഘടനാവിരുദ്ധവും ഫെഡറൽ തത്വങ്ങൾ അട്ടിമറിക്കാനുള്ള ശ്രമവുമാണെന്നാണ് പ്രതിപക്ഷ ആരോപണം.
ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നതു മുതൽ പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു. ‘കോൺഗ്രസ് മുക്ത ഭാരതം’ എന്ന തികച്ചും ജനാധിപത്യവിരുദ്ധമായ മുദ്രാവാക്യവുമായി വന്ന അവരുടെ അസഹിഷ്ണുത പത്തുവർഷത്തിലേറെയായി കൂടിവരികയാണ്.
വ്യക്തമായ ലക്ഷ്യം. കൃത്യമായ പദ്ധതി. ജനാധിപത്യത്തിലൂടെ അധികാരത്തിലേറി ജനാധിപത്യത്തെ പതുക്കെപ്പതുക്കെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. കുളം കലക്കാനും അടിച്ചൊതുക്കാനും വിവിധ ഹിന്ദുത്വശക്തികളും കൂട്ടുണ്ട്.
“നാളെ നിങ്ങൾ ഏതു മുഖ്യമന്ത്രിയെയും കേസിൽ കുടുക്കും. ജയിലിലാക്കും. 30 ദിവസം അവിടെ കിടത്തിയശേഷം അധികാരത്തിൽനിന്നു പുറത്താക്കും. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്”-കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാക്കുകളിൽ പ്രതിപക്ഷരോഷത്തിന്റെ കനലുണ്ടായിരുന്നു. പ്രതിപക്ഷ എംപിമാർ സഭയിൽ ബിൽ കീറിയെറിഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ബില്ലിന് അനുമതി നൽകിയിരുന്നെങ്കിലും രാത്രി ഏറെ വൈകിയാണ് എംപിമാർക്കടക്കം ഇവയുടെ പകർപ്പുകൾ കിട്ടിയത്. ആസൂത്രിത പ്രതിഷേധം ഭയന്നാകാം അർധരാത്രി കഴിഞ്ഞശേഷം മാത്രം വിവരങ്ങൾ പുറത്തുവിട്ടത്.
ഈ ബിൽ അനുസരിച്ച്, അറസ്റ്റിലാകുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ 30 ദിവസത്തിനുള്ളിൽ സ്വയം രാജിവച്ചില്ലെങ്കിൽ 31-ാം ദിവസം പദവി താനേ നഷ്ടപ്പെടും. കേന്ദ്രമന്ത്രിമാരുടെ കാര്യത്തിൽ അറസ്റ്റ് ചെയ്ത് 31-ാം ദിവസം പ്രധാനമന്ത്രി രാഷ്ട്രപതിയോടും, സംസ്ഥാന മന്ത്രിമാരുടെ കാര്യത്തിൽ മുഖ്യമന്ത്രി ഗവർണറോടും അതത് മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ ശിപാർശ ചെയ്യണം. ശിപാർശ ചെയ്തില്ലെങ്കിൽ 31-ാം ദിവസം സ്ഥാനം താനേ നഷ്ടമാകും.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ പുറത്താക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കു കൈമാറുന്നതാണ് ബില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വിവിധ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കുന്നത് പതിവായ നാട്ടിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള മറ്റൊരു മാർഗമായി ഈ ബില്ലിനെ കരുതിയാൽ തെറ്റുപറയാനാകില്ല.
ബിജെപിയെയും പ്രധാനമന്ത്രിയെയും എതിർത്തവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡിയെത്തി. പല മുഖ്യമന്ത്രിമാർക്കെതിരേയും കേസുകൾ വന്നു. നീണ്ട ചോദ്യംചെയ്യലുകൾക്കൊടുവിൽ ചിലർ ജയിലിലുമായി. ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിന്റെയും ജാർഖണ്ഡിലെ ഹേമന്ത് സോറന്റെയും അനുഭവം നമുക്കു മുന്നിലുണ്ട്.
നീതിക്കു നിരക്കാത്ത ഈ വേട്ടയാടലുകൾക്കെതിരേ പ്രതിഷേധം കത്തിനിൽക്കുന്പോഴാണ് പുതിയ അടവുമായി ബിജെപി സർക്കാർ എത്തിയിട്ടുള്ളത്. ഈ ബില്ല് ഘടകകക്ഷി നേതാക്കളായ മുഖ്യമന്ത്രിമാർക്കുള്ള താക്കീതായും പ്രതിപക്ഷനേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
പോലീസും ഉദ്യോഗസ്ഥവൃന്ദവും അധികാരത്തിനൊപ്പം എങ്ങനെയും വളയുന്ന നാട്ടിൽ, ഒരാളെ ഇല്ലാത്ത കേസിൽപ്പെടുത്തി ഒരു മാസം ജയിലിടുകയെന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. തെളിവുശേഖരണവും നീണ്ട വിചാരണകളും കഴിഞ്ഞ ശേഷമാണ് കോടതി ഒരാളെ കുറ്റക്കാരനാണോ അല്ലയോ എന്നു വിധിക്കുന്നത്.
“ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത്” എന്നത് ക്ലീഷേയാണെങ്കിലും നമ്മുടെ നീതിബോധത്തിന്റെ കാതലാണ്. അതിനെയൊന്നും വകവയ്ക്കാത്ത തികഞ്ഞ ധാർഷ്ട്യമാണ് ഈ ബില്ലിലൂടെ തെളിയുന്നത്.
ഈ ബില്ലിൽ പ്രധാനമന്ത്രിയെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ഗീർവാണമാണ് ഏറ്റവും വലിയ തമാശ. ഒരു കേന്ദ്രസർക്കാർ ഏജൻസി അവരെ നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യുമെന്നും 30 ദിവസം തടവിലിടുമെന്നും കരുതാൻ മാത്രം വങ്കത്തം ഇവിടെയാർക്കുമുണ്ടാകുമെന്നു തോന്നുന്നില്ല. ഈ ബിൽ നിയമമാകാൻ ഇനിയുമേറെ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.
മോദി ഭരണകാലത്തു കടുത്ത പ്രതിഷേധത്തെത്തുടർന്ന് പല ബില്ലുകളും പിൻവലിക്കുകയോ അവയിൽ മാറ്റം വരുത്തുകയോ ചെയ്യേണ്ടിവന്നിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. എങ്കിലും നിതാന്തജാഗ്രത പുലർത്തി ചെറുത്തുനിൽക്കുക മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യവും ഫെഡറൽ സ്വഭാവവും സംരക്ഷിക്കാൻ നമുക്കു മുന്നിലുള്ള ഏക പോംവഴി.
Leader Page
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷൻ സാധാരണ നടപടിക്രമങ്ങളിൽനിന്നു വ്യത്യസ്തമായി പ്രത്യേക സംഗ്രഹ പുനരവലോകനത്തിന് (Special Intensive Revision -എസ്ഐആർ) നടപടി സ്വീകരിച്ചു. എസ്ഐആർ മാർഗനിർദേശങ്ങളെയും നടപടിക്രമങ്ങളയെും സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾ ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളുടെ അടിസ്ഥാനതത്വങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്.
എസ്ഐആറും വോട്ടർപട്ടിക പരിഷ്കരണവും സംബന്ധിച്ച് ലോക്സഭയിലെ പ്രതിപക്ഷനേതാവു കൂടിയായ രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. ജനാധിപത്യം അതിന്റെ അർഥത്തിലും വ്യാപ്തിയിലും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങളിൽ അന്തർലീനമായിരിക്കുന്ന വിഷയങ്ങളെ സംബന്ധിച്ച് അന്വേഷണവും നടപടിയും പരിഹാരവും അനിവാര്യമാണ്. നിഷ്പക്ഷവും സുതാര്യവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പു നടത്തുവാനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷനിലാണ്. ഉത്തരവാദിത്വബോധമുള്ള ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്നു ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും പ്രതീക്ഷിക്കുന്നത് നിഷ്പക്ഷവും നീതിപൂർവകവുമായ നടപടികളാണ്.
ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നാണ് ഉണ്ടാവുക എന്നതിനെ സംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ബിഹാറിൽ തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ കാലാവധി അഞ്ചുവർഷം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ നിയമസഭാ തെരഞ്ഞെടുപ്പു നടത്താനുള്ള ഒരുക്കങ്ങൾ കാലേക്കൂട്ടി നടത്തേണ്ടതും കമ്മീഷനാണ്. വോട്ടർപട്ടിക പുതുക്കുന്നതിന് ഏതൊക്കെ മാനദണ്ഡങ്ങളാണ് പാലിക്കേണ്ടതെന്ന് വ്യക്തമായ ചട്ടങ്ങൾ നിലവിലുള്ളപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്വാഭാവികമായും നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് വോട്ടർപട്ടിക പുതുക്കാനുള്ള ബാധ്യത തെരഞ്ഞെടുപ്പ് കമ്മീഷൻ നിർവഹിച്ചിട്ടുണ്ടോ? നിർവഹിച്ചിട്ടില്ലെങ്കിൽ എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി പറയാനുള്ള ബാധ്യത കമ്മീഷന് ഇല്ലേ? 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21-ാം വകുപ്പ് ഉപവകുപ്പ് 3 പ്രകാരം ഏതെങ്കിലും ഒരു മണ്ഡലത്തിലെയോ ഏതെങ്കിലും ഒരു മണ്ഡലത്തിലെ ഒരു ഭാഗത്തെയോ വോട്ടർപട്ടികയുടെ പ്രത്യേക ഭാഗമോ പ്രത്യേക സംഗ്രഹ പുനരവലോകനമോ നടത്താൻ തെരഞ്ഞെടുപ്പു കമ്മീഷന് അവകാശമുണ്ട്. എന്നാൽ, സാധാരണ ഗതിയിലുള്ള വോട്ടർപട്ടിക പരിഷ്‍കരണത്തിൽനിന്നു മാറി എസ്ഐആർ നടത്തണമെങ്കിൽ അതിനുള്ള കാരണങ്ങൾ കാര്യകാരണസഹിതം എഴുതി ബോധ്യപ്പെടുത്തേണ്ടതാണ്. എന്നാൽ, ബിഹാറിൽ എസ്ഐആർ നടത്താനുള്ള പ്രത്യേക സാഹചര്യം ജനാധിപത്യ ഇന്ത്യയെ ബോധ്യപ്പെടുത്തുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് നിലവിലെ വിവാദങ്ങളുടെ അടിസ്ഥാന കാരണം. ജനാധിപത്യത്തിന്റെ അടിത്തൂൺ തെരഞ്ഞെടുപ്പു പ്രക്രിയയിലെ നിഷ്പക്ഷതയും സുതാര്യതയും നീതിപൂർവമുള്ള നടപടികളുമാണ്. നിഷ്പക്ഷതയിലും സുതാര്യതയിലും നീതിപൂർവമായ നടപടികളിലും സംശയമുളവായാൽ, ചോദ്യങ്ങൾ ഉയർന്നാൽ അത് ദൂരീകരിക്കേണ്ട പ്രാഥമികമായ ഉത്തരവാദിത്വം തെരഞ്ഞെടുപ്പു കമ്മീഷന്റേതാണ്. വോട്ടർപട്ടികയിലെ വിശ്വാസ്യത, നിഷ്പക്ഷത എന്നിവ സംശയത്തിന്റെ നിഴലിലായാൽ അതു ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളെ അസ്ഥിരപ്പെടുത്തും.
ഇത് ജനാധിപത്യത്തിനു ഭൂഷണമോ?
തെരഞ്ഞെടുപ്പു കമ്മീഷൻ സർക്കാരിന്റെ നിർദേശപ്രകാരം പ്രവർത്തിക്കേണ്ട ഒരു വകുപ്പോ ഒരു സ്ഥാപനമോ അല്ല. കക്ഷി രാഷ്ട്രീയത്തിന്റെ മറ്റേതെങ്കിലും ഘടകത്തിനും സ്വാധീനിക്കാൻ കഴിയാത്തവണ്ണം സുതാര്യമായും നിഷ്പക്ഷമായും നീതിപൂർവമായും പ്രവർത്തിച്ച് രാജ്യത്തിന്റെ ജനാധിപത്യം നിലനിർത്താൻ പര്യാപ്തമായ തരത്തിൽ തെരഞ്ഞെടുപ്പുകൾ നടത്താനും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണത്. തെരഞ്ഞെടുപ്പു കമ്മീഷനിൽ നിക്ഷിപ്തമായിരിക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയയിലെ അടിസ്ഥാനഘടകമായ വോട്ടർപട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്നിട്ടുള്ള ആശങ്കകൾക്കും ആരോപണങ്ങൾക്കും ചോദ്യങ്ങൾക്കും മറുചോദ്യം ഉന്നയിച്ചും നിയമനടപടികൾ സ്വീകരിക്കുമെന്നു കാണിച്ച് നോട്ടീസ് നൽകിയും പ്രത്യാക്രമണ സ്വഭാവത്തോടെ പ്രതികരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. ബിഹാർ വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളുടെ അടിസ്ഥാനത്തിൽ പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടർപട്ടിക സൂക്ഷ്മപരിശോധന നടത്തി വ്യക്തമായ തെളിവുകളോടെ വോട്ടർപട്ടികയിലെ അപാകതകൾ വോട്ടർമാരുടെ മുൻപിൽ രാഹുൽ ഗാന്ധി കൊണ്ടുവന്നു.
വോട്ടർപട്ടികയിലെ ഗുരുതരമായ പിഴവുകൾ പൊതുജന സമക്ഷം അവതരിപ്പിച്ച രാഹുൽ ഗാന്ധിയുടെ നടപടിയെ പ്രശംസിക്കുകയും വോട്ടർപട്ടികയിൽ അപാകത വരുത്തിയവരെ കണ്ടെത്തി അവർക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ നിയമാനുസരണം നടപടി സ്വീകരിക്കുകയും ചെയ്തിരുന്നുവെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശ്വാസ്യത പതിന്മടങ്ങു വർധിച്ചേനെ. പിഴവുകൾ ചൂണ്ടിക്കാട്ടുന്നവരെ പ്രകീർത്തിക്കുന്നതിനു പകരം ശിക്ഷിക്കും എന്നുള്ള ദുർവ്യാഖ്യാനത്തോടുകൂടി നോട്ടീസ് നൽകുന്നത് ഇന്ത്യയുടെ ജനാധിപത്യത്തിന് ഭൂഷണമാണോ? വോട്ടർപട്ടികയിലെ പിഴവുകൾക്ക് തെരഞ്ഞെടുപ്പു കമ്മീഷന് യാതൊരു ബന്ധവും ഇല്ലെങ്കിൽ പിഴവുകൾ വരുത്തിയത് ബിഎൽഒമാരോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരോ ആണെങ്കിൽ അവർക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ തെരഞ്ഞെടുപ്പു കമ്മീഷൻ വിമുഖത കാണിക്കുന്നത് എന്തുകൊണ്ട്?
ഭരണഘടനയുടെ അനുച്ഛേദം 324 (5) പ്രകാരം ചീഫ് ഇലക്ഷൻ കമ്മീഷനെ പദവിയിൽനിന്നു നീക്കം ചെയ്യുന്നതിന് സുപ്രീംകോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനു സമാനമായ നടപടികൾ സ്വീകരിക്കണമെന്ന സംരക്ഷണമുണ്ട്. ഈ സംരക്ഷണം തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രവർത്തനങ്ങളെ ചോദ്യംചെയ്യാൻ പാടില്ല എന്ന് ദുർവ്യാഖ്യാനം ചെയ്യപ്പെടുകയാണ്. സുപ്രീംകോടതിയുടെ വിവിധ വിധിന്യായങ്ങളെ രാജ്യം പലതവണ തലനാരിഴകീറി ചർച്ച ചെയ്തിട്ടുണ്ട്. പൊതുജന നന്മയും ക്ഷേമവും കണക്കിലെടുത്ത് വിഷയം ചർച്ചചെയ്തവരെ അല്ലെങ്കിൽ ഉത്തരവുകളെ വിമർശിച്ചവരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിച്ച് കൽത്തുറുങ്കിൽ അടയ്ക്കുമെന്ന സമീപനം സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
അന്വേഷണമോ നടപടിയോ ഇല്ല
യാതൊരുവിധ ഭരണഘടനാ പദവിയുമില്ലാത്തവരാണ് വോട്ടർപട്ടിക തയാറാക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരും ഇതര ഉദ്യോഗസ്ഥരും. വോട്ടർപട്ടികയിൽ ഗുരുതരമായ പിഴവ് വരുത്തിയെന്ന് ഇന്ത്യയുടെ പ്രതിപക്ഷനേതാവ് ആശങ്ക ഉയർത്തിയിട്ടും ഒരു അന്വേഷണമോ നടപടിയോ സ്വീകരിക്കില്ല എന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ നിലപാടിനെതിരേയാണു രാജ്യത്ത് പ്രതിഷേധം ഇരുമ്പുന്നത്. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച് നിയമിച്ചിട്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ നടപടികളിൽ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുന്ന പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്ന് പാർലമെന്റിലെ പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെടുമ്പോൾ അതിൽ ചർച്ച പാടില്ലെന്ന് നിഷ്കർഷിക്കുന്ന സർക്കാരിന്റെ നിലപാട് നിയമപരമോ ജനാധിപത്യപരമോ അല്ല. ജനാധിപത്യം നിലനിർത്താൻ തെരഞ്ഞെടുപ്പു കമ്മീഷനും സർക്കാരിനും ഉത്തരവാദിത്വമുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ അടിസ്ഥാന ഘടകമായ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുക, ഓരോ സമ്മതിദായകന്റെയും ജനാധിപത്യപരമായ പരമോന്നത അവകാശമാണ്.
വോട്ടവകാശം നിഷേധിക്കരുത്
നിയമാനുസരണം വോട്ടിന് അവകാശമുള്ള ഒരാളുടെപോലും വോട്ടവകാശം നിഷേധിക്കരുത്. അർഹതയില്ലാത്ത ഒരാൾപോലും വോട്ടർപട്ടികയിൽ ഇടം പിടിക്കരുത്. ഒരാൾക്ക് ഒന്നിൽ കൂടുതൽ വോട്ട്, ഒരേ ആളിന് വിവിധ മണ്ഡലങ്ങളിൽ വോട്ട് , വ്യാജ മേൽവിലാസത്തിൽ വോട്ട്, സ്ഥിരതാമസമുള്ളതും സ്വഭാവികമായി വോട്ടർപട്ടികയിൽ പേര് വരേണ്ടതുമായ മേൽവിലാസം അല്ലാതെ ഒരു രാഷ്ട്രീയ കക്ഷിയുടെയോ സ്ഥാനാർഥിയുടെയോ താത്പര്യപ്രകാരം വോട്ടർപട്ടികയിൽ പ്രത്യേക സ്ഥലങ്ങളിൽ വോട്ട് ചേർക്കുക തുടങ്ങി വോട്ടർപട്ടികയിലെ അപാകതകൾ കർശനമായും ഒഴിവാക്കപ്പെടണം. ഇതാണ് രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ആശയം. ഇത് തെറ്റാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ എങ്ങനെ പറയും? സർക്കാരിന് ഈ നിർദേശം തള്ളിക്കളയാൻ സാധിക്കുമോ? തെരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലപ്രകാരം സ്വമേധയാ ചെയ്യേണ്ട കാര്യങ്ങളാണ് ഇവ. ചുമതലകളിൽ അപാകത ഉണ്ടെങ്കിൽ, വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പരിശോധിക്കണം, നടപടിയെടുക്കണം, തിരുത്തണം. ജനാധിപത്യം സംരക്ഷിക്കാൻ അതാണ് ആവശ്യം. അതിന് മുതിരാതെയുള്ള കമ്മീഷന്റെ നിലപാടാണ് കൂടുതൽ ആപത്കരം. ജനാധിപത്യം ഇന്ത്യയുടെ ഭരണഘടന വിഭാവന ചെയ്യുന്ന അടിസ്ഥാന മൂല്യമാണ്. അതിന്റെ അസ്തിത്വത്തിൽ കോട്ടം വരുത്തുന്ന ഒന്നിനോടും സന്ധി ചെയ്യാൻ ജനാധിപത്യ വിശ്വാസികൾക്കു കഴിയില്ല.
ബിഹാർ വോട്ടർപട്ടിക: ആരോപണങ്ങൾ
ബിഹാർ വോട്ടർപട്ടികയിലെ എസ്ഐആർ സംബന്ധിച്ച് ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ ഇവയാണ്:
►കൂട്ടത്തോടെ വോട്ടർപട്ടികയിൽനിന്നു പേരുകൾ ഒഴിവാക്കുന്നു.
►ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ വിശദമായ വിവരങ്ങൾ ലഭ്യമാകുന്നില്ല.
►ആവശ്യമായ സമയം വോട്ടർമാർക്ക് നൽകാതെ ധൃതഗതിയിൽ വോട്ടർപട്ടിക പരിഷ്കരണ നടപടികൾ പൂർത്തീകരിക്കുന്നു.
►വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അടിസ്ഥാന രേഖകളായ ആധാർ, വോട്ടർമാരുടെ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് എന്നിവ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള ആധികാരിക രേഖകളായി സ്വീകരിക്കുന്നില്ല.
►ദളിതരും ദരിദ്രരും ന്യൂനപക്ഷവും ഉൾപ്പെടെ പാർശ്വവത്കരിക്കപ്പെട്ട ഇതര വിഭാഗങ്ങളെ മനഃപൂർവമായി വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുന്നു.
ഈ വിഷയം സുപ്രീംകോടതി പരിഗണിക്കുകയും ആധാർ, വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് തുടങ്ങിയവ ആധികാരിക രേഖകളായി സ്വീകരിക്കാൻ നിർദേശിക്കുകയുമുണ്ടായി. ഉന്നയിക്കപ്പെട്ട ആശങ്കകൾ സാധൂകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും നിർദേശങ്ങളും ഉണ്ടാവുകയും ചെയ്തു. പ്രഥമദൃഷ്ട്യാ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങളെ സാധൂകരിക്കുന്ന നിലപാടല്ല സുപ്രീംകോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്.
Editorial
ഒരു വോട്ടിലെന്തിരിക്കുന്നു എന്ന് ജനാധിപത്യത്തിൽ ആരും ചോദിക്കില്ല. കാരണം, അതിലാണ് എല്ലാം. അതില്ലെങ്കിൽ തെരഞ്ഞെടുപ്പില്ല, തെരഞ്ഞെടുപ്പില്ലെങ്കിൽ ജനാധിപത്യവുമില്ല. അപ്പോൾ അടുത്ത ചോദ്യം വരും; തെരഞ്ഞെടുപ്പുണ്ടെങ്കിൽ ജനാധിപത്യമുണ്ടോ? നിർബന്ധമില്ല; തെരഞ്ഞെടുപ്പിലൂടെയും ഏകാധിപത്യവും സർവാധിപത്യവും ഫാസിസവുമൊക്കെ കടന്നുവന്ന ചരിത്രമുണ്ട്.
അതുകൊണ്ട് നാം എന്തു ചെയ്യണം? തെരഞ്ഞെടുപ്പുകൾ അങ്ങേയറ്റം സുതാര്യമാക്കിയാൽ മാത്രം പോരാ, സുതാര്യമാണെന്നു ജനങ്ങളെ ബോധിപ്പിക്കുകയും വേണം. അതുകൊണ്ടാണ് ബിഹാറിലെ വോട്ടർപട്ടിക പുതുക്കൽ രാജ്യം ചർച്ച ചെയ്യുന്നതും വിഷയം സുപ്രീംകോടതി പരിഗണിക്കുന്നതും.
തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയിരിക്കെ ബിഹാറിൽ വോട്ടർപട്ടിക പരിഷ്കരിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഇറങ്ങിപ്പുറപ്പെട്ടതോടെയാണ് പ്രതിപക്ഷം സംശയമുന്നയിച്ചത്. ജൂൺ 24ന് തുടങ്ങിയ പരിഷ്കരണം ജൂലൈ 25നു പൂർത്തിയാക്കുമെന്നും, ഓഗസ്റ്റ് ഒന്നിന് കരട് വോട്ടർപട്ടികയും സെപ്റ്റംബർ 30ന് അന്തിമ വോട്ടർപട്ടികയും പ്രസിദ്ധീകരിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം നടത്തിയ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച, 7.9 കോടി വോട്ടർമാരുള്ള പട്ടികയാണ് ഒരു മാസംകൊണ്ട് പുതുക്കാൻ ശ്രമിക്കുന്നത്. മുന്‍പ് സമഗ്ര പരിഷ്കരണം നടത്തിയ 2003ലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്ന 4.96 കോടി വോട്ടർമാർക്കു കുഴപ്പമില്ല. അവർ അപേക്ഷ പൂരിപ്പിച്ചു നൽകിയാൽ മതി.
ബാക്കിയുള്ള 2.94 കോടി ആളുകൾ ജനനത്തീയതിയോ പൗരത്വമോ തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം. അതിനുള്ള 11 രേഖകളിൽ ആധാറോ വോട്ടർ ഐഡിയോ റേഷൻ കാർഡോ ഇല്ല. 1987 ജൂലൈ ഒന്നിനു മുമ്പു ജനിച്ചവർ ജനനത്തീയതി, സ്ഥലം എന്നിവ വ്യക്തമാക്കുന്ന രേഖകളും, 1987 ജൂലൈ ഒന്നിനും 2004 ഡിസംബർ രണ്ടിനും ഇടയിൽ ജനിച്ചവർ ഇതിനു പുറമേ മാതാപിതാക്കളിൽ ഒരാളുടെ ജനനരേഖയും, 2004 ഡിസംബർ രണ്ടിനുശേഷം ജനിച്ചവർ മാതാപിതാക്കളിൽ രണ്ടുപേരുടെയും ജനനരേഖകളും കൈമാറണം.
പ്രധാന പ്രശ്നം, ബിഹാറിലെ ജനന രജിസ്ട്രേഷൻ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണ് എന്നതാണ്. മിക്കവരും ജനനം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, ആദ്യം തങ്ങളുടെയും ചില കേസുകളിൽ മാതാപിതാക്കളുടെയും ജനനം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആദ്യം സ്വീകരിക്കേണ്ടിവരും.
ജൂലൈ 24നു മുന്‍പ് ഇതൊക്കെ ചെയ്യാനാവാത്ത രണ്ടുകോടി വോട്ടർമാരെങ്കിലും പട്ടികയിൽനിന്നു പുറത്താകുമെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. ഇതു തെരഞ്ഞെടുപ്പുഫലം അട്ടിമറിക്കും. മറ്റു സംസ്ഥാനങ്ങളിൽ പണിയെടുക്കുന്നവരും ആദിവാസികളും ദളിതരും ഉൾപ്പെടെ പലരും ചുരുങ്ങിയ സമയത്തിനുള്ളിൽ പേര് രജിസ്റ്റർ ചെയ്യാനിടയില്ല.
എതിർപ്പു ശക്തമാകുകയും പ്രതിപക്ഷം ഉൾപ്പെടെ കോടതിയെ സമീപിക്കുകയും ചെയ്തതോടെ കമ്മീഷൻ ഇളവുകളുമായി രംഗത്തെത്തി. ആവശ്യമായ രേഖകൾ കൈവശമില്ലാത്ത വോട്ടർമാർ തത്കാലം അപേക്ഷ പൂരിപ്പിച്ചു നൽകാനാണ് നിർദേശം. പക്ഷേ, എന്തുവന്നാലും പട്ടിക പരിഷ്കരിക്കുമെന്നുകൂടി പറയുന്പോൾ അവ്യക്തതയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ഏതാണ്ട് ഒരു വർഷമുണ്ടായിരുന്നിട്ടും അനങ്ങാതിരുന്ന തെരഞ്ഞെടുപ്പു കമ്മീഷനാണ് ഒരു മാസത്തെ തീവ്രയജ്ഞവുമായെത്തിയത്. വ്യാഴാഴ്ച സുപ്രീംകോടതി ഹർജികൾ പരിഗണിക്കും. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടത്താനിരിക്കുന്ന പശ്ചിമബംഗാൾ, കേരളം, ആസാം, തമിഴ്നാട് എന്നിവിടങ്ങളിലും വോട്ടർപട്ടികാ പരിഷ്കരണം ഉണ്ടായേക്കും.
വോട്ടർപട്ടികയിൽ കേരളത്തിലുൾപ്പെടെ വ്യാജന്മാർ ഉണ്ട്. പക്ഷേ, അവരെ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ അർഹതയുള്ളവർ പുറത്തുപോകരുത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നത് പല തരത്തിലാണ്. കള്ളവോട്ടിലും ബൂത്തു പിടിത്തത്തിലും ഗുണ്ടായിസത്തിലും അത് ഒതുങ്ങുന്നില്ല.
വോട്ടർപട്ടികയിൽനിന്ന് അർഹരെ ഒഴിവാക്കുന്നതും അനർഹരെ തിരുകിക്കയറ്റുന്നതും, പാർട്ടികൾ അവിശുദ്ധ കൂട്ടുകെട്ടുകളുണ്ടാക്കുന്നതും എങ്ങനെയും അധികാരത്തിലെത്താൻ നീക്കുപോക്കുകൾ നടത്തുന്നതും, കുതിരക്കച്ചവടങ്ങളും ഭീഷണിയുമൊക്കെ അതിലുണ്ട്.
ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒറ്റത്തവണയായി നടത്തുന്നതുമായി ബന്ധപ്പെട്ട് പാർലമെന്റ് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു മുന്പിൽ മുൻ ചീഫ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, രഞ്ജൻ ഗൊഗോയ് എന്നിവർ അഭിപ്രായപ്പെട്ടത്, വ്യക്തമായ മാർഗരേഖയില്ലാതെ തെരഞ്ഞെടുപ്പു കമ്മീഷന് സന്പൂർണ അധികാരം നൽകരുതെന്നാണ്.
തെരഞ്ഞെടുപ്പു കമ്മീഷനെ നിശ്ചയിക്കുന്നതിൽ സുപ്രീംകോടതിയെ ഒഴിവാക്കി സർക്കാരിനു മാത്രം അംഗങ്ങളെ തീരുമാനിക്കാമെന്ന വിധത്തിൽ അഴിച്ചുപണിതു. വിദ്വേഷപ്രസംഗങ്ങളുടെ കാര്യത്തിൽ ഭരണകക്ഷി നേതാക്കളോടും പ്രതിപക്ഷ നേതാക്കളോടും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതും കണ്ടു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ ചിലതിനു കൃത്യമായ മറുപടി ഉണ്ടായിട്ടില്ലെന്നും ബിഹാറിൽ അത് ആവർത്തിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. സ്വതന്ത്രമായിരിക്കേണ്ട തെരഞ്ഞെടുപ്പു കമ്മീഷനും രാജ്യത്തെ അന്വേഷണ ഏജൻസികളെപ്പോലെ സംശയത്തിന്റെ നിഴലിലാകരുത്.
സുപ്രീംകോടതി വിഷയം കൈകാര്യം ചെയ്തുകൊള്ളും. “രാഷ്ട്രീയക്കാരൻ അടുത്ത തെരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുന്പോൾ രാഷ്ട്രതന്ത്രജ്ഞൻ അടുത്ത തലമുറയെക്കുറിച്ചു ചിന്തിക്കുന്നു” എന്നാണ് അമേരിക്കൻ മന്ത്രിയും എഴുത്തുകാരനുമായിരുന്ന ജെയിംസ് ഫ്രീമാൻ ക്ലാർക് നിരീക്ഷിക്കുന്നത്.
നമുക്ക് രാഷ്ട്രതന്ത്രജ്ഞരായ രാഷ്ട്രീയക്കാരെ ആവശ്യമുണ്ട്. കാരണം, ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ച് ഇടയ്ക്കൊക്കെ ആശങ്കപ്പെടേണ്ടിവരുന്നത് അത്ര നല്ല കാര്യമല്ലല്ലോ. ബിഹാറിനെക്കാൾ പ്രധാനമല്ലേ ഇന്ത്യ!
Editorial
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതും തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്നു ഡോക്ടർ ചൂണ്ടിക്കാണിച്ചതും, പുറത്തുവരുന്ന മറ്റു സർക്കാർ ആശുപത്രികളിലെ പരിമിതികളുമൊക്കെ സർക്കാരിന്റെ വീഴ്ചയാണ്.
പക്ഷേ, അതു ചൂണ്ടിക്കാണിക്കുന്നവരോടുള്ള സർക്കാരിന്റെയും പാർട്ടിയുടെയും അസഹിഷ്ണുതയോടെയുള്ള പ്രതികരണങ്ങൾ ജനാധിപത്യത്തെക്കുറിച്ചുള്ള അവസരവാദങ്ങളെ തുറന്നുകാണിക്കുന്നു. കാരണം, യുപിയിലെ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ ഇല്ലാതിരുന്നതിനാൽ കുട്ടികൾ മരിച്ചതിൽ യോഗി സർക്കാരിനെ വിമർശിച്ച ഡോ. കഫീൽഖാന്റെ സഹജീവിസ്നേഹത്തെ പിന്തുണച്ചവരെയൊന്നും ഇപ്പോൾ കാണാനില്ല.
അതേ സഹജീവി സ്നേഹം പ്രകടിപ്പിച്ച കേരളത്തിലെ ഒരു ഡോക്ടർ തന്റെ പ്രതികരണം പ്രഫഷണൽ ആത്മഹത്യയായിപ്പോയെന്നു വിലപിക്കുന്നു. സ്വന്തം സർക്കാരിലൊഴികെ മറ്റെല്ലായിടത്തും നടപ്പാക്കാനുള്ളതാണ് ജനാധിപത്യമെന്നത് അവസരവാദമാണ്. കേരളത്തിലെ ആരോഗ്യരംഗം ഇന്ത്യയിൽത്തന്നെ മികച്ചതാണെന്നതിൽ ആർക്കും സംശയമില്ല. പക്ഷേ, അത് അടുത്തയിടെ കൈവരിച്ച നേട്ടമല്ല.
ജനങ്ങളുടെയും മാധ്യമങ്ങളുടെയും, ഓരോ കാലത്തെയും പ്രതിപക്ഷത്തിന്റെയും ജാഗ്രതയ്ക്ക് അതിൽ പങ്കുണ്ട്. മാറിമാറി വന്ന സർക്കാരുകളുടെ വീഴ്ചകളെ ചൂണ്ടിക്കാണിച്ച ആ ജനാധിപത്യ പ്രതികരണബോധമാണ് കേരളത്തെ പലതിലും മുന്നിലെത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വകുപ്പിൽ ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുന്നുവെന്ന് വകുപ്പ് മേധാവി ഡോ. ഹാരിസ് ഹസൻ ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് വിവാദം തുടങ്ങിയത്.
അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത, രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത, രോഗികളോടു മാത്രം പ്രതിബദ്ധതയുള്ള ഡോക്ടർ ഹാരിസിനെ തള്ളിപ്പറയാൻ സർക്കാരിന് എളുപ്പമല്ലായിരുന്നു. അതുകൊണ്ട് ഒരടി പിന്നോട്ടു മാറി; ഉപകരണങ്ങൾ ആശുപത്രിയിലെത്തി. പക്ഷേ, തൊട്ടുപിന്നാലെ രണ്ടടി മുന്നോട്ടുവന്ന്, ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നെന്നു മുഖ്യമന്ത്രി പറഞ്ഞു.
നേതാവിന്റെ താത്പര്യം അറിഞ്ഞു മാത്രം ജനാധിപത്യത്തെ പരിപോഷിപ്പിക്കുന്ന പാർട്ടിക്കാരെല്ലാം പിന്നാലെ മൂന്നടി മുന്നോട്ടു വരുന്നതാണു കണ്ടത്. ഇനിയാരെങ്കിലും എത്ര ഗതികെട്ടാലും ജനപക്ഷത്തു നിൽക്കുമോ? കോട്ടയം മെഡിക്കൽ കോളജിൽ ഇന്നലെ ആശുപത്രിക്കെട്ടിടം തകർന്ന് സ്ത്രീ മരിച്ചത് സർക്കാർ എന്തെങ്കിലും ചെയ്തിട്ടാണോ എന്നല്ല, എന്തെങ്കിലും ചെയ്യാതിരുന്നിട്ടാണോ എന്നാണു ചോദിക്കേണ്ടത്.
എങ്കിൽ അതേയെന്ന് ഉത്തരം പറയേണ്ടിവരും. കാരണം, കെട്ടിടം നിലവിൽ ഉപയോഗിക്കാത്തത് ആയതിനാൽ ആരും കുടുങ്ങിയിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജും മന്ത്രി വി.എൻ. വാസവനും പറഞ്ഞത്. അത് അവർക്ക് ഉദ്യോഗസ്ഥരിൽനിന്നു കിട്ടിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം. പക്ഷേ, അതന്വേഷിക്കണം. മരിച്ച സ്ത്രീയുടെ, ചികിത്സയിലുള്ള മകൾ പറഞ്ഞപ്പോഴാണ് തെരച്ചിൽ നടത്തിയതും കണ്ടെത്തിയതും. അപ്പോഴേക്കും രണ്ടര മണിക്കൂർ വൈകിയിരുന്നു.
ഒരു ജീവൻ പൊലിഞ്ഞു. തീർന്നില്ല, തകർന്നുവീഴാനിടയുള്ള ആ പഴഞ്ചൻ കെട്ടിടത്തിൽ പ്രവേശനം നിഷേധിച്ച് ഒരു ബോർഡുപോലും സ്ഥാപിച്ചിരുന്നില്ലെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞത്. അതുകൊണ്ട് രോഗികളും ഒപ്പമുള്ളവരുമൊക്കെ അവിടത്തെ ശുചിമുറിയുൾപ്പെടെ ഉപയോഗിച്ചിരുന്നു. അതെ, ഉദ്യോഗസ്ഥർ ചെയ്യേണ്ടതു ചെയ്യാതിരുന്നതിന്റെ ഫലമാണ് ഇന്നലത്തെ മരണം.
കെടുകാര്യസ്ഥതയുടെ ഈ സിസ്റ്റത്തെയാണ് തിരുവനന്തപുരത്തെ ഡോ. ഹാരിസും ചൂണ്ടിക്കാണിച്ചത്. കഴിഞ്ഞദിവസത്തെ ദീപിക മുഖപ്രസംഗത്തിന്റെ തലക്കെട്ട് ആവർത്തിക്കുകയാണ്, സിസ്റ്റം ശരിയല്ലെങ്കിൽ ആരുടെ കുഴപ്പമാണ്?സർക്കാരിന്റെ ഭാഗമായിരുന്നുകൊണ്ട് അതിനെ വിമർശിക്കുന്നതു ശരിയാണോയെന്ന ചോദ്യവും ഗൗരവമുള്ളതാണ്.
ഒരു പാർട്ടിയുടെയോ സംഘടനയുടെയോ പ്രസ്ഥാനത്തിന്റെയോ ഭാഗമായിരുന്നുകൊണ്ട് അതിനെ അനാവശ്യമായി പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്നയാളെ പുറത്താക്കുന്നതുപോലെയല്ല, ജനാധിപത്യസർക്കാരിനെ വിമർശിക്കുന്നത്. സിസ്റ്റത്തിന്റെ മറ്റെല്ലാ വഴികളും അടഞ്ഞപ്പോൾ ജനങ്ങളുടെ കഷ്ടപ്പാട് സഹിക്കാനാവാതെയാണ് ഡോ. ഹാരിസ് പൊതുസമൂഹത്തിൽ തുറന്നുപറഞ്ഞത്. അദ്ദേഹം പറഞ്ഞതു ശരിയായിരുന്നെന്നു തെളിഞ്ഞു.
ഉപകരണങ്ങൾ ലഭ്യമാക്കിയതോടെ ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. മറ്റെല്ലാ വഴികളും അടഞ്ഞിട്ടും ഒന്നും മിണ്ടാതെ സിസ്റ്റത്തിന്റെ ആനുകൂല്യങ്ങളും പറ്റി അലസനായിരുന്നെങ്കിൽ ഡോ. ഹാരിസ് സിസ്റ്റത്തിന്റെ നല്ലപിള്ളയാകുമായിരുന്നു. അത്തരമാളുകളും വിധേയരുമാണ് ഈ സിസ്റ്റത്തെ ഇവിടെയെത്തിച്ചത്. പക്ഷേ, അദ്ദേഹം ജനപക്ഷത്തു നിൽക്കാൻ ഒരു നിമിഷത്തേക്ക് സിസ്റ്റത്തെ മറന്നു.
ഇത് ജനാധിപത്യത്തിൽ കുറ്റമാണോയെന്ന ചർച്ച തുടരേണ്ടതുണ്ട്. 2018ൽ യുപി സർക്കാരിന്റെയും സിസ്റ്റത്തിന്റെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ, “സഹജീവികളോടുള്ള സ്നേഹമാണ് ഡോ. കഫീൽഖാനെപ്പോലുള്ളവർക്ക് എല്ലാറ്റിലും വലുത്”എന്നു പറഞ്ഞ മുഖ്യമന്ത്രിയും അദ്ദേഹത്തെ പിന്തുണച്ചവരുമൊക്കെ ഡോ. ഹാരിസിനു നേർക്ക് ഒളിഞ്ഞും മറഞ്ഞും അന്പെയ്യുന്പോൾ കേരളം തലകുനിക്കുന്നതിലും ഒന്നാംനന്പറാകുകയാണ്.
ജനാധിപത്യത്തെ പാർട്ടിക്കൊടികളിൽ കെട്ടിയിടുന്നത് ഇത്തരം അവസരവാദങ്ങളാണ്. അത്തരം അവസരവാദ പ്രതിബദ്ധതയും വിധേയത്വവും ജനാധിപത്യത്തിന്റെ ഭാഗമേയല്ല. പറഞ്ഞുപറഞ്ഞ് ഡോ. ഹാരിസിന്റേതു വിശുദ്ധ പാപങ്ങളാണെന്നു സമർഥിക്കുന്നത് രാഷ്ട്രീയമായിരിക്കാം; ആടിനെ മറ്റു ജീവികളാക്കുന്നതുപോലെ. പക്ഷേ, അതിനു റാൻ മൂളലല്ല പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഉത്തരവാദിത്വം.
Kerala
തിരുവനന്തപുരം: ജനങ്ങളുടെയും സമൂഹത്തിന്റെയും നിതാന്ത ജാഗ്രതയാണ് ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കാനും സംരക്ഷിക്കപ്പെടാനും സഹായിക്കുന്നതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഉണ്ടായ അതിക്രമങ്ങളെ അടിസ്ഥാനമാക്കി ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയുടെ 21 മാസങ്ങൾ പൗരസ്വാതന്ത്ര്യത്തെ അടിച്ചമർത്തിയും ജനാധിപത്യ സ്ഥാപനങ്ങളെ തകർത്തുമാണ് മുന്നേറിയത്. അതിക്രമങ്ങളുടെയും ഭീഷണികളുടെയും ഒരു കാലഘട്ടമായിരുന്നു അത്. ജനാധിപത്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തന്നെയാണ് അടിയന്തരാവസ്ഥ അവസാനിപ്പിക്കപ്പെടാനുള്ള വഴി തുറന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ജനാധിപത്യ സംസ്കാരത്തിൽ അവിഭാജ്യ ഘടകങ്ങളാണെന്നും അതു നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്നതുമാണെന്ന് ആന്ധ്രാപ്രദേശ് ഗവർണർ ജസ്റ്റീസ് സയ്യിദ് അബ്ദുൾ നസീർ അഭിപ്രായപ്പെട്ടു. കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ജി. ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ അബ്ദുൾ സലാം, മുൻ ഹൈക്കോടതി ജഡ്ജി എം.ആർ. ഹരിഹരൻ നായർ, കെ. രാമൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Editorial
ജനാധിപത്യത്തെക്കുറിച്ചാണ് പറയുന്നതെങ്കിൽ ഇന്ത്യയിൽ അതു ചട്ടങ്ങളിൽ മാത്രം കേന്ദ്രീകൃതമായിരുന്നില്ല. ഭരണഘടന അനുശാസിക്കുന്നില്ലെങ്കിലും സർക്കാരുകൾ പാലിക്കുന്ന ചില കീഴ്വഴക്കങ്ങൾ നമ്മുടെ ജനാധിപത്യത്തെ ഇടുങ്ങിയ രാഷ്ട്രീയത്തിൽനിന്നു മോചിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.
അത്തരത്തിലൊന്നാണ് ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു കൊടുക്കുന്ന പതിവ്. പക്ഷേ, ബിജെപി ആറ് വർഷമായി ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിച്ചിട്ടിരിക്കുകയാണ്. അവരുടേതായ ന്യായങ്ങളുണ്ടായിരിക്കാം. പക്ഷേ, ഭരിക്കുന്നവർ കണ്ടെത്തേണ്ടത് ഒഴിവാക്കലുകളുടെയല്ല, ഉൾക്കൊള്ളലിന്റെ ന്യായങ്ങളാണ്.
തെരഞ്ഞെടുപ്പു കഴിഞ്ഞാൽ രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനമെന്ന സന്ദേശം അതിലുണ്ട്. ശശി തരൂരിനെ വിദേശത്തേക്ക് അയയ്ക്കുമ്പോൾ മാത്രം പുറത്തെടുക്കേണ്ട രാഷ്ട്രീയമായി, രാഷ്ട്രീയാതീത ദേശീയതയെയും ജനാധിപത്യത്തെയുമൊക്കെ ചുരുക്കരുത്. അടുത്ത മാസത്തെ പാർലമെൻ്റ് സമ്മേളനത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു കൊടുത്തില്ലെങ്കിലും സർക്കാരിന് ഒന്നും സംഭവിക്കാനില്ല. പക്ഷേ, ജനാധിപത്യത്തെ സർക്കാരിൽ തളയ്ക്കാനിടയാക്കും.
ഒരു കത്താണ് വിഷയത്തെ വീണ്ടും സജീവമാക്കിയത്. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത്. തുടർച്ചയായി രണ്ടാം തവണയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും ജനാധിപത്യ രാഷ്ട്രീയത്തിനുള്ള ദുഃസൂചനയാണിതെന്നും എത്രയും പെട്ടെന്നു തെരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ആവശ്യം. ഡെപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിനു കൊടുക്കാതിരിക്കുമ്പോൾ അധികാര വികേന്ദ്രീകരണത്തിൽ സർക്കാർ എന്തോ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന തോന്നലുണ്ടാകും. അത് ജനാധിപത്യത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 2019നുശേഷം രണ്ട് ലോക്സഭകളിൽ ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്. സാധാരണയായി പുതിയ ലോക്സഭയുടെ രണ്ടാമത്തെയോ മുന്നാമത്തെയോ സമ്മേളനത്തിലാണു ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. അതിനാൽ അട അടുത്തമാസം പാർലമെൻ്റ് സമ്മേളനം ആരംഭിക്കാനിരിക്കേ കോൺഗ്രസിൻ്റെ ആവശ്യം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
തെരഞ്ഞെടുപ്പോടെ രാഷ്ട്രീയം അവസാനിക്കുന്നില്ലെങ്കിലും ഭരണ-പ്രതിപക്ഷങ്ങൾ അതിനെ മുല്യാധിഷ്ഠിതവും നിയന്ത്രിതവുമാക്കുന്നത് ജനാധിപത്യത്തിനു മേൽക്കൈ കൊടുക്കുന്നതും രാഷ്ട്രനിർമിതിക്കു ഗുണകരവുമാണ്. അതിനെ സഹായിക്കുന്ന കീഴ്വഴക്കങ്ങളെ നിർബന്ധിതമല്ലാത്തതിനാൽ ഉപേക്ഷിക്കരുത്. ഇതിൽ, ഏറ്റവും മാതൃകാപരമായ സമീപനം പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു തുടങ്ങിവച്ചിരുന്നു. കോൺഗസിനു മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ആദ്യസർക്കാരിൽ ഹിന്ദു മഹാസഭാ നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയെ വ്യവസായ, വിതരണ മന്ത്രിയാക്കി. നെഹ്റുവിനെ എതിർത്തിരുന്നയാൾ മാത്രമായിരുന്നില്ല, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ നിർണായക വഴിത്തിരിവായിരുന്ന ക്വിറ്റ് ഇന്ത്യ സമരത്തെപ്പോലും എതിർത്തയാളായിരുന്നു മുഖർജി.
അതുപോലെ, നെഹ്റുവിന്റെയും ഗാന്ധിജിയുടെയും കടുത്ത വിമർശകനായിരുന്ന ഡോ. ബി.ആർ. അംബേദ്കറെയാണ് നിയമമന്ത്രിയാക്കിയത്. സ്വരാജ് പാർട്ടിയിലും ജസ്റ്റീസ് പാർട്ടിയിലും പ്രവർത്തിച്ചിരുന്ന, ബ്രിട്ടീഷ് അനുകൂല വീക്ഷണം ഉണ്ടായിരുന്ന ആർ.കെ. ഷൺമുഖം ചെട്ടിയായിരുന്നു ധനമന്ത്രി. ഇവരെയൊക്കെ ഉൾപ്പെടുത്തുന്നത് കോൺഗ്രസിനു നിർബന്ധമുള്ള കാര്യമായിരുന്നില്ല. ആ ജനാധിപത്യ വിശാലത ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ കൈവിടാൻ പാടില്ലാത്തതാണ്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു നൽകുമ്പോൾ അന്തസേറുന്നത് ഭരണകൂടത്തിനാണ്.
മോദിസർക്കാർ 11 വർഷം പൂർത്തിയാക്കുമ്പോൾ ഭരണനേട്ടങ്ങൾ ഏറെയുണ്ട്. പക്ഷേ, അതോടൊപ്പം ഉറപ്പാക്കേണ്ടത് ബിജെപിയുടെ വളർച്ച മാത്രമല്ല, ജനാധിപത്യത്തിൻ്റേതുകൂടിയാണ്. അടിത്തറ സംരക്ഷിക്കാൻ ഭരണഘടനയുണ്ടെങ്കിലും നിർബന്ധിതമല്ലാത്ത ചില കീഴ്വഴക്കങ്ങൾ ജനാധിപത്യത്തെ പുത്തൻ വെല്ലുവിളികൾക്ക് അനുസൃതമായി പുതുക്കിക്കൊണ്ടിരിക്കും. 11 വർഷത്തിൽ ഒരിക്കലും പ്രധാനമന്ത്രി രാജ്യത്തെ മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യാത്തത്, ന്യൂനപക്ഷവിരുദ്ധ വിദ്വേഷപ്രസംഗങ്ങളെ തടയാത്തത്, വിമർശിക്കുന്നവർക്കെതിരേ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നത്, തെരഞ്ഞെടുപ്പു കമ്മീഷണറെ ഏകപക്ഷീയമായി തീരുമാനിക്കാൻ നിയമന പാനലിൽ മാറ്റം വരുത്തിയത്, വർഗീയ ധ്രുവീകരണങ്ങളിൽ നിശബ്ദത പാലിക്കുന്നത്, പ്രതിപക്ഷമുക്ത ഭാരത നീക്കങ്ങൾ... തുടങ്ങിയ കാര്യങ്ങൾ സർക്കാരിന് സാധിക്കും. പക്ഷേ, ശ്രദ്ധിച്ചുനോക്കിയാൽ അവയിൽ ജനാധിപത്യത്തിന്റെ കുറവ് കാണാം.
അടിയന്തരാവസ്ഥയെ വിമർശിക്കുന്നതു മാത്രമല്ല, ജനാധിപത്യത്തോടുള്ള പ്രതിബദ്ധത. അതുകൊണ്ടാണ്, മാധ്യമങ്ങൾ അടിയന്തരാവസ്ഥയെയും അതിനെ അപലപിക്കുന്നവരുടെ തത്തുല്യ ചെയ്തികളെയും ഒരുപോലെ വിമർശിക്കുന്നത്. അതേ, ഡെപ്യൂട്ടി സ്പീക്കറിലൂടെയും ജനാധിപത്യം ശബ്ദിക്കട്ടെ.
Editorial
സുപ്രീംകോടതി ചീഫ് ജസ്റ്റീസിൻ്റെ ഒരു നിരീക്ഷണവും കേരള ഹൈക്കോടതിയുടെ ഒരു നിർദേശവും ഇന്ത്യൻ ജനാധിപത്യത്തിന്റെ്റെ വ്യതിചലനങ്ങളെ അഭിസംബോധന ചെയ്യുന്നതാണ്. ജഡ്ജിമാർ രാജിവച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിരമിച്ചാലുടൻ സർക്കാർ പദവികൾ സ്വീകരിക്കുന്നതും നീതിന്യായ കോടതികളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി. ആർ. ഗവായ് പറഞ്ഞത്. കേരളതീരത്ത് ലൈബീരിയൻ ചരക്കുകപ്പൽ മുങ്ങിയതിൻ്റെ പ്രത്യാഘാതങ്ങൾ അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും വിശദാംശങ്ങൾ സർക്കാർ പുറത്തുവിടണമെന്നുമാണ് ഹൈക്കോടതി ബെഞ്ചിൻ്റെ നിർദേശം.
ജനങ്ങളുടേതായിരിക്കേണ്ട ജനാധിപത്യാവകാശങ്ങൾ ഭരണകുടങ്ങൾ അൽപ്പാൽപ്പമായി കൈവശപ്പെടുന്നതിനെ ഹൈക്കോടതി ചൂണ്ടിക്കാണിക്കുമ്പോൾ, പ്രലോഭനങ്ങളിലുടെ വശീകരിക്കാനുള്ള ഭരണകൂട ശ്രമങ്ങൾക്ക് ജുഡീഷറി വഴങ്ങുന്നെന്ന ചിന്തപോലും ഒഴിവാക്കണമെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിക്കുന്നതായി നിരീക്ഷിക്കാം. ഭരണകർത്താക്കളും ന്യായാധിപരും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു പ്രത്യാശിക്കുകയും ചെയ്യാം.
സുപ്രീംകോടതി ജഡ്ജി ബി. ആർ. ഗവായിയുടെ അഭിപ്രായം ഉയർന്നത്, ലണ്ടനിൽ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും ജഡ്ജിമാർ പങ്കെടുത്ത യുകെ സുപ്രീംകോടതി ചർച്ചയിലാണ്. ജുഡീഷൽ സ്വാതന്ത്ര്യം, ഭരണഘടനാപരമാ യ മേധാവിത്വം, കോടതി നടപടികളുടെ തത്സമയ സംപ്രേഷണം, സോഷ്യൽ മീഡിയയുടെയും വർധിച്ചുവരുന്ന പൊതുജന നിരീക്ഷണത്തിൻ്റെയും യുഗത്തിൽ ജുഡീഷറിയുടെ വികസിതമാകുന്ന പങ്ക് തുടങ്ങിയ സങ്കീർണ വിഷയങ്ങളായിരുന്നു ചർച്ചയ്ക്കെടുത്തത്. എല്ലാം ഗൗരവമുള്ള വിഷയങ്ങളായിരുന്നെങ്കിലും, ജഡ്ജിമാരുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിയുടെ അഭിപ്രായം ഇന്ത്യൻ പശ്ചാത്തലത്തിൽ കുടുതൽ ശ്രദ്ധ നേടി.
വിരമിച്ചയുടനെ ജഡ്ജിമാർ സർക്കാർ പദവി സ്വീകരിക്കുന്നതും രാജിവച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും ജുഡീഷറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അത്തരം രീതികൾ ഗൗരവമായ ധാർമികചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. "വിരമിച്ചശേഷമുള്ള പദവികൾക്കുവേണ്ടി ന്യായാധിപരായിരുന്ന കാലത്ത് ജഡ്ജിമാർ തീരുമാനമെടുത്തിട്ടുണ്ടാകാമെന്ന പൊതുബോധം രൂപപ്പെടാൻ ഇതു വഴിതെളിക്കും. ഇത്തരം ആശങ്കകളുടെ പശ്ചാത്തലത്തിലാണ് വിരമിച്ചശേഷം സർക്കാർ പദവികളൊന്നും വേണ്ടെന്ന്താനും സഹപ്രവർത്തകരിൽ ചിലരും തീരുമാനിച്ചത്. ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം വിമർശനത്തിന് അതീതമല്ല. എന്നാൽ, ജുഡീഷറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ടാകരുത് മറ്റൊരു സംവിധാനം കൊണ്ടുവരുന്നത്. ബാഹ്യ ഇടപെടലുകളിൽനിന്ന് ജഡ്ജിമാർ സ്വതന്ത്രരായിരിക്കണം."-ചീഫ് ജസ്റ്റീസ് പറഞ്ഞു.
കോൺഗ്രസ് ഭരണകാലത്തും ജഡ്ജിമാർ അധികാരസ്ഥാനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴത് വർധിച്ച രീതിയിലാകുകയും സ്ഥാനമാനങ്ങൾ ഏറ്റെടുത്തവരുടെ മുൻകാലവിധികൾ വിമർശിക്കപ്പെടുകയും ചെയ്തതോടെയാണ് ചിലതെങ്കിലും വിവാദമായത്. സുപ്രീംകോടതി ചീഫ് ജസ്റ്റീസുമാരായിരുന്ന പി. സദാശിവം, രഞ്ജൻ ഗൊഗോയ്, ഹൈക്കോടതികളിൽ ചീഫ് ജസ്റ്റീസും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് അരുൺ മിശ്ര, സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന എസ്. അബ്ദുൽ നസീർ തുടങ്ങിയവർ വിരമിച്ചശേഷം സർക്കാരിൽ വിവിധ പദവികൾ സ്വീകരിച്ചിരുന്നു. മലയാളിയായ മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ വിരമിച്ചശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാനായി.
കോൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരിക്കെ രാജിവച്ച അഭിജിത് ഗംഗോപാധ്യായ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുവേണ്ടി മത്സരിച്ചു ജയിച്ചു. രംഗനാഥ് മിശ്ര, ബഹാറുൾ ഇസ്ലാം എന്നിവർ മുമ്പ് കോൺഗ്രസിന്റെ അംഗങ്ങളായി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഭരണകർത്താക്കളും ന്യായാധിപരും ഒരുപോലെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണെങ്കിലും കൊടുക്കൽ വാങ്ങലുകൾ എന്ന് ആക്ഷേപിക്കപ്പെടാനിടയുള്ള ഇത്തരം ക്രിയകളിൽ ഏർപ്പെടുന്നവർ പിൻവാങ്ങുമോയെന്ന് അറിയില്ല. പക്ഷേ, നിഷ്പക്ഷമതികളും എന്തു ചെയ്യണമെന്നു സന്ദേഹമുള്ളവരും തിരുത്താൻ തയാറുള്ളവരുമൊക്കെ ഇത്തരം വിമർശനങ്ങളെ തങ്ങളുടെ തീരു മാനങ്ങൾക്കുള്ള മൂല്യാധിഷ്ഠിത മാനദണ്ഡങ്ങളായി സ്വീകരിക്കും.
കൊച്ചി തീരത്തു മുങ്ങിയ എംഎസ്സി എൽസ 3 കപ്പലിലെ കണ്ടെയ്നറുകളിലുണ്ടായിരുന്ന വസ്തുക്കളെക്കുറിച്ച് പൊതുജനങ്ങൾ അറിയേണ്ടതുണ്ടെന്ന ഹൈക്കോടതി നിർദേശവും ജനാധിപത്യ സന്ദേശമാണ്. കണ്ടെയ്നറിലുള്ള സാധനങ്ങൾ കടലിൽ കലർന്നാൽ കടലിലും തീരത്തുമുണ്ടാകുന്ന പ്രത്യാഘാതം എന്തൊക്കെയായിരിക്കുമെന്ന വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നും രണ്ടാഴ്ചയ്ക്കകം ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വിശദാംശങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ ഹർജിയിൽ ചീഫ് ജസ്റ്റീസ് നിധിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
വിവരാവകാശ നിയമം ഇല്ലായിരുന്നെങ്കിൽ ഭരണകൂട-ഉദ്യോഗസ്ഥ ചെയ്തികളുടെ, അവർതന്നെ തിരുത്തിയ ഭാഷ്യങ്ങളേ ജനങ്ങൾക്കു വായിക്കാനാകുമായിരുന്നുള്ളു. വ്യക്തിപരമോ വ്യക്തിഹത്യാപരമോ അല്ലാത്ത വിവരങ്ങൾ ജനങ്ങൾ അറിയേണ്ടതുണ്ട്. അതിൻ്റെ ആവശ്യമില്ലെന്നു ഭരണകൂടം പറയുന്നുണ്ടെങ്കിൽ പലതും മറച്ചുവയ്ക്കുന്നുണ്ട് എന്നേ അർഥമുള്ളു. അതു ജനങ്ങളുടെയല്ല ഭരിക്കുന്നവരുടെ ആധിപത്യമാണ്. ഓപ്പറേഷൻ സിന്ദുറിനെക്കുറിച്ച് ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യവും ഈ പശ്ചാ ത്തലത്തിൽ പ്രാധാന്യമുള്ളതാണ്. വിദേശരാജ്യങ്ങൾക്കു മുമ്പ്, സ്വന്തം പാർലമെൻ്റിൽ ആദ്യം വിശദീകരിച്ചിരുന്നെങ്കിൽ അതു നൽകുന്ന സന്ദേശം നമ്മുടെ ജനാധിപത്യത്തിൻ്റെ സുതാര്യതയെ കൂടുതൽ വെളിപ്പെടുത്തുമായിരുന്നു.
ജനാധിപത്യം കാലാനുസൃതമായി പുതുക്കുന്നില്ലെങ്കിൽ അത് പുതിയ കാലത്തിൻ്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതായിരിക്കില്ല. മറച്ചുവയ്ക്കുന്നിടത്ത് സുതാര്യതയില്ല. ടിക്കറ്റിൻ്റെ ബാക്കി പണം തന്നിരുന്നെങ്കിൽ തനിക്ക് മറ്റെന്തെങ്കിലും ആലോചിച്ചിരിക്കാമായിരുന്നെന്നു യാത്രക്കാരൻ ബസ് കണ്ടക്ടറോട് പറയുന്ന ഒരു സമൂഹമാധ്യമ കുറിപ്പുണ്ട്. അതുപോലെ, കപ്പലിൽ എന്തുണ്ടെന്നതും അതിൻ്റെ പ്രത്യാഘാതങ്ങളും ജനങ്ങളോടു പറഞ്ഞാൽ പിന്നെ കുഴപ്പമില്ലെന്നു പറഞ്ഞ് കുഴയേണ്ട ആവശ്യം സർക്കാരിനും കുഴപ്പമാകുമോ എന്ന് ചിന്തിച്ചുകൊണ്ടിരിക്കേണ്ട ആവശ്യം ജനങ്ങൾക്കും ഇല്ലാതാകും.
നിഷ്പക്ഷമായി നീതി നടപ്പാക്കേണ്ട ന്യായാധിപർ പാർട്ടി പ്രവർത്തകരോ ഔദാര്യം സ്വീകരിക്കുന്നവരോ അല്ലെന്നു ബോധ്യപ്പെട്ടാൽ, ഭരണകുടം ദുഷിച്ചോയെന്ന സംശയമുണ്ടാകുമ്പോഴൊക്കെ അവസാന ആശ്രയമെന്ന നിലയിൽ കോടതികളിലേക്കു നോക്കുന്ന ജനത്തിന് ആശ്വാസമാകും. ഭരണകുടത്തിലെ പങ്കല്ല, ജനാധിപത്യത്തിലെ പങ്കാണ് കോടതികൾ ഉറപ്പാക്കേണ്ടത്. ഭരിക്കുന്നവരോ, നീതിന്യായ വ്യവസ്ഥയെ വിലയ്ക്കെടുക്കാൻ ശ്രമിച്ച് സ്വയം ഇരുട്ടത്തേക്കു മാറിനിൽക്കുകയുമരുത്.