മാനന്തവാടി: മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡ് കെട്ടിടം പൊളിച്ചുനീക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. സ്ഥലത്തുനിന്നും കെട്ടിടാവശിഷ്ടങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യുന്നതോടെ പുതിയ കെട്ടിടത്തിന്റെര നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമാകും.
10 കോടി രൂപ ചെലവില്‍ ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. ആധുനിക രീതിയിലുള്ള വിപുലമായ ഷോപ്പിംഗ് കോംപ്ലക്സോടു കൂടിയാണ് മൂന്നുനില കെട്ടിടം നിര്‍മിക്കുന്നത്. പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ ബസ് സ്റ്റാന്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഒരേ സമയം 15ഓളം ബസുകള്‍ക്ക് സര്‍വീസ് നടത്താനും പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യം ബസ് സ്റ്റാന്‍ഡിനുള്ളില്‍ ഉണ്ടാകും. കാത്തിരിപ്പുകേന്ദ്രങ്ങള്‍, ശൗചാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയടക്കം മെച്ചപ്പെട്ട സൗകര്യങ്ങളാണ് പുതിയ സമുച്ചയത്തില്‍ ഒരുക്കുന്നത്.
പഴയ കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലം ശുചീകരിക്കുന്ന പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും നഗരസഭാധികൃതര്‍ അറിയിച്ചു.