കല്‍പ്പറ്റ: അര്‍ബുദ ബാധിതനായ ആദിവാസി വയോധികന് മൂന്ന് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. പരാതി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാനന്തവാടി ട്രൈബല്‍ ഡെവലപ്മെന്റ്, ജില്ലാ സമൂഹികനീതി ഓഫീസര്‍മാര്‍ക്ക് കമ്മീഷന് ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് നിര്‍ദേശം നല്കി.
അര്‍ബുദ ബാധയെത്തുടര്‍ന്ന് മുഖത്ത് പുഴുവരിച്ച നിലയില്‍ തൃശിലേരി കാനഞ്ചേരി കോളിമൂല ഉന്നതിയിലെ ബോളന് എന്ന 66കാരനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രി, നല്ലൂര്‍നാട് കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലും എത്തിച്ചെങ്കിലും ഉത്തരവാദപ്പെട്ടവര്‍ കൈയൊഴിഞ്ഞതായി കമ്മീഷന് ലഭിച്ച പരാതിയില്‍ പറയുന്നു.
നാട്ടുകാരുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണ് ചികിത്സ ലഭ്യമായത്. അടുത്ത ബന്ധുക്കളില്ലാത്ത വയോധികനെ സഹായിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് തയാറായില്ലെന്നും പരാതിയുണ്ട്. ബത്തേരി ടൗണ്‍ ഹാളില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും.