Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ബുധനാഴ്ചയും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ബംഗ്ലാദേശിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള പശ്ചിമ ബംഗ്ലാദേശ് തീരങ്ങൾക്കും മുകളിലായി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴയെത്തുന്നത്.
അതേസമയം, കേരള - കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മധ്യ പടിഞ്ഞാറൻ അറബിക്കടൽ, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, സോമാലിയ, ഒമാൻ തീരങ്ങൾ, വടക്കൻ ഗുജറാത്ത് തീരം അതിനോട് ചേർന്ന തെക്കൻ ഗുജറാത്ത് തീരം, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ശ്രീലങ്കൻ തീരം അതിനോട് ചേർന്ന തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖലയും സ്ഥിതിചെയ്യുന്നു.
ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ട്. അതോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ ഇന്നും വ്യാഴാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്നും വ്യാഴാഴ്ചയും കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
Movies
ടെലിവിഷൻ നടി സഞ്ജിത ഉഗാലെ(22)യുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ മരണത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ താരം ജീവനൊടുക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിരുന്നതായി സുഹൃത്ത് ഗീതാഞ്ജലി.
അന്വേഷണത്തെ സഹായിക്കുന്നതിനായി സഞ്ജിതയുമായുള്ള വ്യക്തിപരമായ സന്ദേശങ്ങൾ കൈമാറാൻ താൻ തയാറാണെന്നും ഗീതാഞ്ജലി അറിയിച്ചു. എന്നാൽ, ഈ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലെ വെറും ഉള്ളടക്കങ്ങളായി മാറിപ്പോകരുതെന്നും അവർ ആവശ്യപ്പെട്ടു.
നടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ വെളിപ്പെടുത്തലുകൾ നിർണായകമാകുമെന്നാണ് കരുതുന്നത്.
"ഒരാൾ താൻ ആത്മഹത്യ ചെയ്യുമെന്ന് പലതവണ പറയുന്നുണ്ടെങ്കിൽ, ആ മരണം ഒരിക്കലും അപ്രതീക്ഷിതമല്ല. മരിക്കണമെന്നും ജീവിക്കാൻ താല്പര്യമില്ലെന്നും കഴിഞ്ഞ ആറ് മാസമായി അവൾ നിരന്തരം പറയുമായിരുന്നു.' ഗീതാഞ്ജലി ടെല്ലി ടോക്ക് ഇന്ത്യയോട് വെളിപ്പെടുത്തി.
"വർഷത്തിന്റെ തുടക്കം മുതൽ തന്നെ സഞ്ചിത കടുത്ത വിഷാദരോഗവുമായി പോരാടുകയായിരുന്നു. ജനുവരി മുതലാണ് ഇത് തുടങ്ങിയത്. അവൾ കടുത്ത വിഷാദത്തിലായിരുന്നു. ചില സമയങ്ങളിൽ സഞ്ചിത ദിവസങ്ങളോളം ഉറങ്ങാതെ ഇരിക്കുമായിരുന്നു. തുടർച്ചയായി അഞ്ച് ദിവസത്തോളം ഉറങ്ങാതെ അവൾ കഴിഞ്ഞിട്ടുണ്ട്.' ഗീതാഞ്ജലി കൂട്ടിച്ചേർത്തു.
യഥാർഥത്തിൽ എന്താണ് ഇതിന് കാരണമായതെന്ന് വ്യക്തമല്ല, സഞ്ചിത ഏതെങ്കിലും തരത്തിലുള്ള ആഘാതത്തിലൂടെയോ മാനസിക വിഷമതകളിലൂടെയോ കടന്നുപോകുന്നതായി തനിക്ക് തോന്നിയിരുന്നു. "കുമകും ഭാഗ്യ' പരമ്പരയിൽ പ്രധാന വേഷം ലഭിച്ചിരുന്നിട്ടും, ജോലിയിലുള്ള താല്പര്യം സഞ്ചിതയ്ക്ക് നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങളും പ്രകടമായിരുന്നു.
ഗുജറാത്തിലെ ചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തിയ സഞ്ചിതയ്ക്ക് തന്റെ ജോലിയിൽ വൈകാരികമായ ഒരു അടുപ്പവും തോന്നുന്നില്ലെന്ന് പറഞ്ഞിരുന്നു. ലഭിച്ച വലിയ അവസരത്തെക്കുറിച്ച് ഓർമിപ്പിച്ച് സഞ്ചിതയെ പ്രോത്സാഹിപ്പിക്കാൻ താൻ ശ്രമിച്ചപ്പോൾ, "ഇല്ല, എനിക്ക് ഒന്നിനെക്കുറിച്ചും നല്ലൊരു തോന്നലില്ല. ഇതൊക്കെ എന്ത് ജീവിതമാണ്? എനിക്കിത് വലിയൊരു പീഡനമായി തോന്നുന്നു'. എന്ന് സഞ്ചിത പറഞ്ഞതായി ഗീതാജ്ഞലി ഓർത്തെടുത്തു.
നിർമാണ കമ്പനിയുമായി സഞ്ചിതയ്ക്ക് എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉണ്ടായിരുന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഗീതാഞ്ജലി തള്ളിപ്പറഞ്ഞു. സഞ്ചിതയുടെ മാനസികാവസ്ഥ മനസ്സിലാക്കാനും അവളെ സഹായിക്കാനുമായി നിർമാണ കമ്പനിയിലുള്ളവർ നിരവധി ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയിരുന്നതായും ഗീതാഞ്ജലി വ്യക്തമാക്കി.
സഞ്ജിതയ്ക്ക് വിഷാദരോഗം ഉണ്ടായിരുന്നു എന്ന നടിയുടെ പിതാവിന്റെ പ്രസ്താവനയെ ശരിവയ്ക്കുന്നതാണ് സുഹൃത്ത് ഗീതാഞ്ജലിയുടെ ഈ വെളിപ്പെടുത്തലുകൾ.
Leader Page
ഒരു ദിവസം രാവിലെ ഉറക്കമുണർന്നിട്ടും വർക്കിച്ചൻ മച്ചിലേക്ക് കണ്ണുനട്ട് വെറുതെ കട്ടിലിൽ കിടന്നു.
സാധാരണഗതിയിൽ ആറുമണിയോടെ എഴുന്നേൽക്കേണ്ടതാണ്. മാത്രമല്ല, കുറച്ചുദിവസമായി രാത്രി അധികം ഉറങ്ങുന്നുമില്ല. പത്തറുപത് വയസായില്ലേ, അതിന്റെ ഏനക്കേടായിരിക്കുമെന്നാണു പ്രിയതമ കരുതിയത്.
പക്ഷേ, കട്ടിലിൽ ചുരുണ്ടുകിടന്ന് വർക്കിച്ചൻ ചോദിച്ചത് മറ്റൊരു കാര്യമായിരുന്നു: “എന്റെ മേരിക്കുട്ടീ! ഈ ഷാജഹാന്റെ മയൂരസിംഹാസനത്തിന്റെ കാര്യമാണ് ഞാനാലോചിക്കുന്നത്. നമ്മുടെ ബ്രിട്ടീഷുകാർക്കാണ് മുഗളന്മാർ ഇതു കൊടുത്തിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? അങ്ങനെ ചെയ്തിരുന്നെങ്കിൽ ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്കാരുടെ നികുതികൾ കുറയ്ക്കുമായിരുന്നില്ലേ?”
മേരിക്കുട്ടിക്ക് ആദ്യം കാര്യമൊന്നും പിടികിട്ടിയില്ല.
മയൂരത്തിന്റെ ആസനം എന്നുമാത്രം അവർ കേട്ടു.
വർക്കിച്ചൻ തുടർന്ന് ഇപ്രകാരം വിശദീകരിച്ചു:
“പണ്ട് നാദിർഷ എന്നു പറയുന്ന ഒരുവൻ ഇവിടെ വന്ന് ഷാജഹാന്റെ മയൂരസിംഹാസനം പേർഷ്യക്ക് കട്ടോണ്ടുപോയില്ലേ? അത്രയും സമ്പത്ത് കിട്ടിയതുകൊണ്ട് അയാൾ മൂന്നുവർഷത്തേക്ക് പേർഷ്യയിൽ നികുതി പിരിച്ചിരുന്നില്ലത്രെ! പേർഷ്യക്കാരുടെ ഭാഗ്യം!”
ഇതു കേട്ടപ്പോൾ ഭാര്യക്കു ദേഷ്യം വന്നു.
“അതിനിപ്പോ നമ്മളെന്തു വേണം?”-അവർ ചോദിച്ചു.
“അല്ല, ഈസ്റ്റിന്ത്യാ കമ്പനിക്ക് ആദ്യംതന്നെ ഈ സിംഹാസനം മുഗളന്മാരിൽനിന്ന് കിട്ടിയിരുന്നെങ്കിൽ അതവർ നമ്മുടെ ബ്രിട്ടീഷ് രാജ്ഞിക്കു കൊടുക്കുമായിരുന്നു. അപ്പോൾ രാജ്ഞി നമ്മുടെ രാജ്യത്തിന് വലിയ നികുതിയിളവുകൾ തരുമായിരുന്നു. പഴയ ശിപായിലഹള പോലും സംഭവിക്കുമായിരുന്നില്ല.” -ഒരു ചരിത്രപണ്ഡിതനെപ്പോലെ വർക്കിച്ചൻ ചൂണ്ടിക്കാട്ടി.
ഇത്രയുമായപ്പോൾ മേരിക്കുട്ടി പ്രിയതമന്റെ കണ്ണിലേക്ക് ഉറ്റുനോക്കി കുറച്ചുനേരം നിന്നു. ഭർത്താവിന്റെ ശിരസിലെ ആണിയിളകിയോ? പ്രായമാകുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കാവുന്നതാണ്. പോരാഞ്ഞ് കണ്ണിൽക്കാണുന്ന പുസ്തകങ്ങളൊക്കെ വായിച്ച് ആവശ്യമില്ലാത്ത ചിന്താഭാരം തലയിൽ കയറ്റിവയ്ക്കുന്ന ആളുമാണ് കണവൻ.
“നിങ്ങളാരാണെന്നാണ് വിചാരം? ലോകം നിങ്ങളുടെ തലയിൽ ചുമക്കണ്ട” -മേരിക്കുട്ടി താക്കീതു നൽകി.
“അതല്ല! ജഹാംഗീറിന്റെ കാലത്താണു ബ്രിട്ടീഷുകാർ ആദ്യമിവിടെ വന്നത്. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് നാദിർഷ ഡൽഹിയിലെത്തി പണവും സിംഹാസനവും രത്നങ്ങളുമെല്ലാം ഇസ്കിക്കൊണ്ടു പോയത്.”-വർക്കിച്ചൻ ഓർമിപ്പിച്ചു.
“അതിനു ഞാനെന്തു ചെയ്യണം?”-മേരിക്കുട്ടി വീണ്ടും വിറച്ചു.
“അതൊക്കെക്കഴിഞ്ഞ് അയ്യായിരം ബ്രിട്ടീഷ് പട്ടാളക്കാരെ ശ്രീരംഗപട്ടണത്തുവച്ച് ടിപ്പു സുൽത്താൻ തട്ടിയില്ലേ? എനിക്കത് വളരെ ഇഷ്ടപ്പെട്ടു!” -വർക്കിച്ചൻ കട്ടിലിൽ എഴുന്നേറ്റിരുന്ന് പിന്നെയും പ്രസ്താവിച്ചു.
“നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആർക്കും ഒരുചുക്കുമില്ല! വീട്ടുകാര്യം നേരേചൊവ്വേ നോക്കാത്ത മനുഷ്യനാണ് വിശ്വചരിത്രാവലോകനം ചെയ്യാനിറങ്ങിയിരിക്കുന്നത്! ഓൺലൈനിൽ കറന്റ് ബില്ല് അടയ്ക്കാൻ പോലും നിങ്ങൾക്കറിയാമോ?” -മേരിക്കുട്ടി ഒരു ഗോളടിച്ചു.
ഇതു കുട്ടിക്കളിയല്ല!
മറ്റൊരു ദിവസം വർക്കിച്ചൻ ടൗണിൽ പോയി ഉച്ചയ്ക്കാണു വന്നത്.
രണ്ടുമൂന്നു പൊതികൾ മൂപ്പരുടെ ബാഗിലുണ്ടായിരുന്നു. പായ്ക്കറ്റുകൾ പൊട്ടിച്ചപ്പോൾ എല്ലാവരും അമ്പരന്നുപോയി. ചെറിയൊരു കാറും പിന്നെ മരംകൊണ്ടുണ്ടാക്കിയ ഒരു ബസും ഒരു പെട്ടിനിറയെ ചീട്ടുകളുമായിരുന്നു കവറിലുണ്ടായിരുന്നത്.
വർക്കിച്ചൻ ഉച്ചയ്ക്കു ചോറുണ്ടശേഷം ബസും കാറും മുറിയിലെ മേശയിൽ പലവട്ടം ഓടിച്ചു രസിച്ചു. പിന്നീട് കട്ടിലിൽ കയറിയിരുന്ന് ചീട്ടുകൾ കിടക്കയിൽ നിരത്തിവച്ച് ഗൗരവത്തോടെ വിളയാടിത്തുടങ്ങി.
വൈകുന്നേരമായപ്പോൾ ചീട്ടുകൾ മാറ്റിവച്ച് വർക്കിച്ചൻ മറ്റൊരാഗ്രഹം വെളിപ്പെടുത്തി: “എനിക്കൊരു തോക്കു വാങ്ങണം. മുഗൾ സാമ്രാജ്യം സ്ഥാപിക്കാൻ ബാബർക്ക് സാധിച്ചത് ഒന്നാം പാനിപ്പട്ട് യുദ്ധത്തിലെ വിജയമാണ്. ആ യുദ്ധത്തിന് ഇബ്രാഹിം ലോദി തോൽക്കാൻ കാരണം ബാബറിന്റെ കൈയിലെ തോക്കും വെടിമരുന്നുമായിരുന്നു. മാർത്താണ്ഡവർമയ്ക്ക് ഡച്ചുകാർ തോക്കും ഉണ്ടയും കൊടുത്തതുകൊണ്ടാണ് ആധുനിക തിരുവിതാംകൂർ ഉണ്ടായത്.”
“നോക്കാം. പെരുന്നാൾ വരട്ടെ. അപ്പോൾ നല്ല കളിത്തോക്ക് കിട്ടും” -മേരിക്കുട്ടി സ്നേഹം ഭാവിച്ചു ചൊല്ലി.
ദൈവം ഉണ്ടോ?
മറ്റൊരു ദിവസം.
മേരിക്കുട്ടി വർക്കിച്ചന്റെ മുറി അടിച്ചുവാരുകയായിരുന്നു.
കട്ടിലിലിരിക്കുകയായിരുന്ന വർക്കിച്ചൻ ഭാര്യയെ കുറച്ചുനേരം തുറിച്ചുനോക്കി. എന്നിട്ടൊരു ചോദ്യം:
“മേരിക്കുട്ടീ! ദൈവം ഉണ്ടോടീ? ഇപ്പോത്തന്നെ നീ കൃത്യമായി മറുപടി പറയണം!”
ഈ ആവശ്യം കേട്ട് മേരിക്കുട്ടി സ്വയം നിയന്ത്രിച്ചു. എന്നിട്ട് കരുതലോടെ സമ്മതിച്ചു: “കർത്താവേ! ദൈവം ശരിക്കും ഉണ്ട്!”
“ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും നീ വെറുതെ പേടിക്കേണ്ടടീ! നിന്റെ പ്രവൃത്തിയിൽ ദൈവമുണ്ടായാൽ മതി” -ഒരു കുട്ടിയോടെന്നവണ്ണം വർക്കിച്ചൻ ഉപദേശിച്ചു.
മേരിക്കുട്ടി ആശ്വാസത്തോടെ തലയാട്ടി.
“കഴുതേ! വെറുതെ തലയാട്ടിയാൽപ്പോരാ, കാര്യം മനസിലാക്കണം!” -വർക്കിച്ചന്റെ ഭാവം പെട്ടെന്നു മാറി.
മേശപ്പുറത്തുണ്ടായിരുന്ന കുപ്പിഗ്ലാസ് മേരിക്കുട്ടിയുടെ നേരെ പാഞ്ഞുവന്നു.
അവർ ഭയ, വൈഭത്തോടെ ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു.ഡോക്റെ കാണാം!
സംഗതികൾ കൈവിട്ടുപോവുകയാണെന്നും ഭർത്താവിന് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും മേരിക്കുട്ടി സംശയിച്ചു. വിദേശത്തുള്ള ഏകമകൾ ഏലിക്കുട്ടിയോടും മാതാവ് കാര്യങ്ങൾ ചർച്ചചെയ്തു.
ഒരു മനഃശാസ്ത്രജ്ഞനെ കാണിക്കണം എന്നായിരുന്നു മകളുടെ അഭിപ്രായം.
വർക്കിച്ചന്റെ പെങ്ങളുടെ മകൻ മാത്യൂസ് ഗൾഫിലെ പ്രശസ്ത മനഃശാസ്ത്ര വിദഗ്ധനാണ്. ആറുമാസം കൂടുമ്പോൾ നാട്ടിൽ വരാറുണ്ട്.
മേരിക്കുട്ടി അദ്ദേഹത്തെ ഫോൺ വിളിച്ച് വർക്കിച്ചന്റെ ഭാവമാറ്റങ്ങളെക്കുറിച്ച് റിപ്പോർട്ട് നൽകി.
ഡോക്ടർ വന്നു
ഒരു മാസം കഴിഞ്ഞപ്പോൾ മരുമകനായ മനഃശസ്ത്രജ്ഞൻ നാട്ടിൽ വന്നു.
അയാൾ നേരേ വർക്കിച്ചന്റെ വീട്ടിലെത്തി.വർക്കിച്ചൻ അപ്പോൾ സെറ്റിയിലിരുന്ന് പത്രം വായിക്കുകയായിരുന്നു. ആ സെറ്റിയാണ് വർക്കിച്ചന്റെ ഭാഷയിൽപ്പറഞ്ഞാൽ വീട്ടിലെ മയൂരസിംഹാസനം!
മരുമകനുമായി വർക്കിച്ചൻ കുശലം പറഞ്ഞു.
അപ്പോഴാണ് ഒരു കാഴ്ച അദ്ദേഹം കണ്ടത് -
മേരിക്കുട്ടിയുടെ മുറിയിൽ വെറുതെ ഫാൻ കറങ്ങുന്നു! മുറിയിൽ ആരുമില്ല താനും!
ഇതോടെ വർക്കിച്ചൻ പഴയ ഫോമിലായി.
“കണ്ടോ! വൈദ്യുതി പാഴാക്കരുതെന്ന് ഇന്ദിരാഗാന്ധിയും ഇലക്ട്രിസിറ്റി ബോർഡും പണ്ടേ പറഞ്ഞിട്ടുണ്ട്. സത്യം പറഞ്ഞാൽ ഇടുക്കി പദ്ധതി വന്നതാണ് ഇത്തരം ദുർവ്യയങ്ങൾക്കൊക്കെ കാരണം. എല്ലാ വീട്ടിലും മിക്സി, ഫാൻ, കുക്കർ, ടിവി എന്നിവയൊക്കെയില്ലേ? ഇടുക്കിയിൽനിന്ന് ഇഷ്ടംപോലെ കിട്ടുന്നതുകൊണ്ട് കറന്റിന് വിലയില്ലാതായി” -ഗൃഹനാഥന്റെ റോളിൽ വർക്കിച്ചൻ അലറി.
കാരണങ്ങൾ ചെറുതല്ല
വർക്കിച്ചന്റെ മനസിന്റെ ഗതിവിഗതികളും പെരുമാറ്റവും ഇതിനോടകം നിരീക്ഷിച്ചു പഠിച്ചുകഴിഞ്ഞിരുന്ന മരുമകൻ പിറ്റേന്നു രാവിലെ മേരിക്കുട്ടിയെ വിളിച്ച് രഹസ്യമായി സുഖദമല്ലാത്ത ചില കാര്യങ്ങൾ പറഞ്ഞു. നിരന്തരം ചലിക്കുന്ന ഈ ലോകത്തിൽ ഏകാന്തനായി കഴിയുന്ന ഒറ്റയാന്മാരെ ബാധിക്കുന്ന വ്യഥകളും ഡിപ്രഷനുമാണ് അങ്കിളും അനുഭവിക്കുന്നത്. ഏകമകൾ വിദേശത്തും മേരിക്കുട്ടി സ്ഥിരം അടുക്കളയിലുമാണ്. പിന്നെ വർക്കിച്ചൻ എന്ന തലനരച്ച മനുഷ്യൻ എന്തു ചെയ്യും? വല്ല ക്ലബ്ബിലോ ചായക്കടയിലോ പോകാറുണ്ടായിരുന്നെങ്കിൽ നാലാളോടു മിണ്ടിയും പറഞ്ഞും ടെൻഷൻ കുറയുമായിരുന്നു.
ഇതൊന്നും പോരാഞ്ഞിട്ട് വിവരസാങ്കേതികവിദ്യയുടെ പുഷ്കലകാലം വന്നതിനാൽ ഇൻഫർമേഷൻ വിപ്ലവമാണ് നാട്ടിൽ അരങ്ങേറുന്നത്. കാലത്തിനനുസരിച്ച് സ്വയം അപ്ഡേറ്റ് ചെയ്യുകയാണ് ഏക മാർഗം. പക്ഷേ, ഒരു പ്രായം കഴിഞ്ഞാൽ ഇതിനൊക്കെ ബുദ്ധിമുട്ടാണുതാനും. ഈ അപ്ഗ്രേഡിംഗ് യത്നമാണ് വർക്കിച്ചന് കൂടുതൽ വിനയായത്.
മരുന്നില്ലാത്ത രോഗം
“നമ്മളെന്തു ചെയ്യുമെന്ന് നീ പറയ്! ഞാൻ ഈ മനുഷ്യനെക്കൊണ്ടു മടുത്തു” -മേരിക്കുട്ടി മരുമകനോടു തേങ്ങി.
“ഇതിന് വലിയ മരുന്നൊന്നുമില്ല. ക്ഷമയും സ്നേഹവും നിറഞ്ഞ ഇടപെടലുകൾ മാത്രമാണ് പരിഹാരം. അതിനാണെങ്കിൽ ആർക്കും നേരമില്ലതാനും. കാലംചെല്ലുംതോറും ഒറ്റപ്പെടൽ വർധിച്ചു സ്ഥിതി വഷളാകാനാണ് സാധ്യത” -മാത്യൂസ് പറഞ്ഞു.
മേരിക്കുട്ടിയുടെ വിഷമം കണ്ടപ്പോൾ വിദഗ്ധൻ എന്തായാലും ഒരു പരിഹാരം നിർദേശിച്ചു: “മൂന്നു നേരവും കാപ്പിയിലോ മറ്റോ കുറച്ച് ഉറക്കഗുളിക വിതറിക്കൊടുക്കുക! രോഗി കഴിയുന്നതും ഉണരാതെ നോക്കുക!”
പിറ്റേന്ന് രാവിലെ ഒരു പിടി ഗുളികകൾ കാപ്പിയിൽ ചേർത്ത് ഭർത്താവിന് കൊടുക്കുമ്പോൾ മേരിക്കുട്ടി അറിയാതെ സ്വയം ചോദിച്ചുപോയി: “മകളൊന്നും ഇനി ഇവിടേക്കു തിരിച്ചുവരുന്ന ലക്ഷണമില്ല. അയൽക്കാരും തിരിഞ്ഞുനോക്കില്ല. ഭാവിയിൽ എനിക്കും ഈ ഗുളിക വേണ്ടിവരുമോ കർത്താവേ?”
(www.krpramod.com)
Movies
ഡിപ്രഷൻ എന്ന അവസ്ഥയെക്കുറിച്ച് നടി കൃഷ്ണപ്രഭ നടത്തിയ പരാമർശങ്ങൾ വിവാദമാകുന്നു. പണ്ടത്തെ വട്ടിനെ ഇപ്പോൾ ഡിപ്രഷെന്ന് പേരിട്ടു വിളിക്കുകയാണെന്നും ഒരു പണിയുമില്ലാത്തവർക്ക് വരുന്നതാണ് ഡിപ്രഷൻ എന്നും ഒരു അഭിമുഖത്തിൽ കൃഷ്ണപ്രഭ പറഞ്ഞിരുന്നു.
ഇപ്പോഴിതാ കൃഷ്ണപ്രഭയെ രൂക്ഷമായി വിമർശിച്ച് ഒരു സൈക്കോളജിസ്റ്റ് പങ്കുവച്ച വീഡിയോ, നടി സാനിയ അയ്യപ്പൻ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തതോടെയാണ് വിഷയം കൂടുതൽ ശ്രദ്ധ നേടിയത്.
കൃഷ്ണപ്രഭയും അഭിമുഖം നടത്തിയ ആളും ചേർന്ന് മാനസികാരോഗ്യ പ്രശ്നങ്ങളെ കളിയാക്കി നിസാരവൽക്കരിക്കുന്ന രീതിയിൽ സംസാരിച്ചുവെന്നാണ് ആരോപണം.
പണ്ടൊക്കെ ഇതിനെ വട്ട് എന്നാണു പറഞ്ഞിരുന്നതെന്നും ഇപ്പോൾ ഡിപ്രഷൻ, മൂഡ് സ്വിംഗ്സ് എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്നു എന്നും കൃഷ്ണപ്രഭ പറയുന്നുണ്ട്.
ചിരിച്ചു കളിയാക്കികൊണ്ടാണ് കൃഷ്ണപ്രഭയും ഇന്റർവ്യൂ ചെയ്ത വ്യക്തിയും സംസാരിക്കുന്നത്. കൃഷ്ണപ്രഭയുടെ ഈ പരാമർശങ്ങൾക്കെതിരെ സൈക്കോളജിസ്റ്റ് ശക്തമായ വിമർശനം ഉന്നയിച്ചു വീഡിയോ പങ്കുവച്ചു.
ഈ വീഡിയോയാണ് സാനിയ അയ്യപ്പൻ ഷെയർ ചെയ്തത്. മാനസികാരോഗ്യ വിഷയങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ, കൃഷ്ണപ്രഭയുടെ ഈ പരാമർശം തികച്ചും അപക്വവും വേദനാജനകവുമാണ് എന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
‘‘ഇപ്പോൾ ഉള്ള ആൾക്കാർ പറയുന്നത് കേൾക്കാം, അവർക്ക് ഓവർ തിങ്കിംഗ് ആണ്, ഡിപ്രഷൻ വരുന്നു എന്നൊക്കെ. ഇങ്ങനെ പല പുതിയ വാക്കുകളും വരുന്നുണ്ട്. മൂഡ് സ്വിംഗ്സ് എന്നൊക്കെ പറയുന്നത് കേൾക്കാം. പക്ഷേ ഞങ്ങൾ ഇങ്ങനെ കളിയാക്കി പറയും, പണ്ടത്തെ വട്ട് തന്നെ.. ഇപ്പോൾ ഡിപ്രഷൻ എന്നൊക്കെ പുതിയ പേരിട്ട് വിളിക്കുന്നു എന്നേ ഉള്ളൂ. ഇതൊക്കെ വരാൻ കാരണം എന്താണെന്നു അറിയാമോ, പണി ഒന്നും ഇല്ലാത്തതുകൊണ്ടാണ്.’’– കൃഷ്ണ പ്രഭ അഭിമുഖത്തിൽ പറയുന്നു.
സാനിയ അയ്യപ്പൻ പങ്കുവച്ച വീഡിയോയിൽ കൃഷ്ണപ്രഭയുടെ വാക്കുകളും അതിനു മറുപടി പറയുന്ന സൈക്കോളജിസ്റ്റിനെയും കാണാം.
‘‘ആരാന്റമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണ് അല്ലേ. പൊതുവായിട്ടുള്ള ഒരു ധാരണയാണ് മടി പിടിച്ചിരിക്കുന്നത് കാരണം, വേറൊന്നും ചെയ്യാൻ ഇല്ലാത്തത് കാരണം ഒരുപാട് ഫ്രീ ടൈം ഉള്ളത് കാരണം..
അതുകൊണ്ട് മാത്രമാണ് ഡിപ്രഷൻ, ഉത്കണ്ഠ, മൂഡ് സ്വിംഗ്സ് ഒക്കെ വരുന്നതെന്ന്. പക്ഷേ ഇതുകൊണ്ടു മാത്രമല്ല മാനസിക രോഗങ്ങൾ വരുന്നതെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ചിലപ്പോൾ ജോലി സബന്ധമായിരിക്കും, ചിലപ്പോൾ സാമ്പത്തിക പ്രശ്നങ്ങൾ ആയിരിക്കും, ചിലപ്പോൾ കുടുംബ സംബന്ധമായത് ആയിരിക്കും, ചിലപ്പോൾ ജൈവികമായ കാരണങ്ങളോ ജനിതക കാരണങ്ങളോ ആയിരിക്കും. ഇതിനൊക്കെ പല കാരണങ്ങൾ ഉണ്ട്.
ഇതൊന്നും അറിയാൻ പാടില്ലെങ്കിൽ ഇതൊക്കെ പഠിക്കാൻ ശ്രമിക്കുക. ഇതൊന്നും ചിരിച്ചു തള്ളാനുള്ള കാര്യങ്ങളല്ല. ബാക്കി ഉള്ളവർക്ക് വരുമ്പോഴേ നമുക്ക് ചിരിച്ചു തള്ളാൻ പറ്റൂ , നമ്മൾ ആ പ്രശ്നങ്ങൾ നേരിടുമ്പോൾ മാത്രമേ നമുക്ക് അത് മനസിലാകൂ.
അതുകൊണ്ടു മാനസിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനു മുൻപ് ഇതൊക്കെ മനസിലാക്കാൻ ശ്രമിക്കുക. അല്ലാതെ ഈ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നവരെ വീണ്ടും പ്രശ്നങ്ങളിലേക്ക് തള്ളിവിടരുത്.’’ കൃഷ്ണപ്രഭയുടെ പരാമർശങ്ങളെ വിമർശിച്ചുകൊണ്ട് സൈക്കോളജിസ്റ്റ് പറഞ്ഞത് ഇങ്ങനെയാണ്.