പേരൂർക്കട: റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കത്തി നശിച്ചു. കണ്ണൂർ സ്വദേശി ജയ്സിൽ ജഗദീഷിന്റെ ഉടമസ്ഥതയിലുള്ള യമഹ അപ്രീലിയ സ്കൂട്ടർ ആണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടു മണിയോടുകൂടി സ്റ്റാച്യു ഉപ്പളം റോഡിലായിരുന്നു സംഭവം.
സ്റ്റാച്യുവിൽ എത്തിയ ജയ്സിൽ റോഡിൽ സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം കടയിലേക്ക് പോകുകയായിരുന്നു. അഞ്ച് മിനിറ്റിനുള്ളിൽ സ്കൂട്ടറിൽ നിന്ന് തീയും പുകയും ഉയരുകയായിരുന്നു. സംഭവം കണ്ടു നിന്നവരാണ് തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ വിവരമറിയിച്ചത്.
ഷോർട്ട് സർക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. അഗ്നിബാധയെ തുടർന്ന് സ്കൂട്ടർ ഏതാണ്ട് പൂർണമായും കത്തിനശിച്ചു. ഗ്രേഡ് എഎസ്ടിഒ ഷഷീനും സംഘവും ചേർന്നാണ് തീ കെടുത്തിയത്.