കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മറ്റ് നേതാക്കളെയും കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം, ഡിവൈഎഫ്ഐ സംഘടനകളുടെ മാർച്ച്.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി, വി. ശിവദാസൻ എംപി എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
ജനാധിപത്യപരമായ സമരത്തെ ഭയപ്പെടുന്ന കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. ജനാധിപത്യപരമായി സമരം നടത്തിയ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ അതിക്രൂരമായാണ് ആക്രമിച്ചത്. ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടി സമരം ചെയ്യുന്നവരെ അടിച്ചൊതുക്കി ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.