ഹൈദരാബാദ്: അലുമിനിയം, ചെമ്പ്, ഗ്ലാസ് എന്നിവയുള്‍പ്പെടെ എല്ലാത്തരം പാചക പാത്രങ്ങളും ഉപയോഗിക്കാനാകുന്ന ഇൻഡക്ഷൻ കുക്കറുകൾ വികസിപ്പിച്ച് വാറങ്കല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകര്‍. അടുക്കള സാങ്കേതികവിദ്യയില്‍ ഒരു സുപ്രധാന ചുവടുവയ്പാണിത്.
പ്രഫസര്‍മാരായ എന്‍. വിശ്വനാഥനും എസ്. പോര്പണ്ടിസെല്വിയുമാണ് ഗവേഷണത്തിനു നേതൃത്വം നൽകിയത്. പരമ്പരാഗത ഇന്‍ഡക്ഷന്‍ കുക്കറുകൾ സാധാരണയായി സ്റ്റീൽ പാത്രങ്ങളിൽ മാത്രമാണു പ്രവർത്തിച്ചുവരിക.
വ്യത്യസ്ത വസ്തുക്കൾ കൊണ്ടു നിർമിച്ചിരിക്കുന്ന പാചക പാത്രങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാൻ ഗവേഷകസംഘം നൂതന ഇന്‍വര്‍ട്ടര്‍ ഡിസൈനുകളും സാങ്കേതികവിദ്യകളും പരീക്ഷിച്ചു.
നിരവധി പരീക്ഷണങ്ങൾക്കുശേഷമാണ് പാത്രത്തിന്റെ തരം പരിഗണിക്കാതെതന്നെ ഉപയോഗിക്കാൻ കഴിയുന്ന ഇൻഡക്ഷൻ കുക്കറിലെത്തിയത്. ഹോസ്റ്റലുകള്‍, കമ്യൂണിറ്റി അടുക്കളകള്‍, ചെറുകിട ഭക്ഷ്യ ബിസിനസുകള്‍ എന്നിവർക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.