തലശേരി: മാഹിയിൽനിന്ന് നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തിയ ഒരു ടാങ്കർ ഡീസൽ തലശേരിയിൽവച്ച് പിടികൂടി. തലശേരി എഎസ്പി ഡോ. നന്ദഗോപന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും തലശേരി പൊലിസും ചേർന്നാണ് ഡീസൽ കടത്ത് പിടികൂടിയത്. 12, 000 ലിറ്റർ ഡീസലും ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ലോറിയിലുണ്ടായിരുന്ന കോഴിക്കോട് ചോറാട് സ്വദേശികളും സഹോദരങ്ങളുമായ ഷിജീഷ്, വിജീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. മാഹിയിൽനിന്ന് ഇന്ധനം വ്യാപകമായി കേരളത്തിലേക്ക് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പൊലിസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. രഹസ്യ വിവരത്തെത്തുടർന്ന് തിങ്കളാഴ്ച രാത്രി കുട്ടിമാക്കൂലിൽവച്ചാണ് ഇന്ധനക്കടത്ത് പിടികൂടിയത്.
പെട്രോൾ, ഡീസൽ എന്നിവയ്ക്ക് കേരളത്തെക്കാളും 12 രൂപ വിലക്കുറവുള്ള മാഹിയിൽനിന്ന് ഇന്ധനം കേരളത്തിലെത്തിച്ച് വിൽപന നടത്തുന്ന സംഘം സജീവമാണെന്ന് റിപ്പോർട്ടുണ്ട്. പ്രധാനമായും കേരളത്തിലെ ക്വാറികളിലേക്കും ഇതുമായി ബന്ധപ്പെട്ട് സർവീസ് നടക്കുന്ന വാഹനങ്ങൾക്കും മത്സ്യബന്ധന തുറമുഖങ്ങളിലേക്കുള്ള ബോട്ടുകൾ, യന്ത്രവത്കൃത യാനങ്ങൾ എന്നിവ ലക്ഷ്യമാക്കിയാണ് മാഹിയിൽ നിന്ന് ഇന്ധനം കടത്തുന്നതെന്നാണ് വിവരം.
കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഡിപ്പോകളിൽനിന്ന് ടാങ്കറുകളിൽ ഇന്ധനം നിറച്ചു കൊടുക്കുകയുള്ളൂ എന്നിരിക്കെ മാഹിയിലേക്കുള്ള ലോഡ് ഇറക്കാതെ മറിച്ചു കടത്തിയതാണോ എന്നും സംശയമുണ്ട്.
മാഹിയിലെ ഏതെങ്കിലും പന്പിൽനിന്ന് വാങ്ങി ടാങ്കറിൽ നിറച്ചു കടത്തിയതാണോ എന്ന കാര്യം മാഹി പൊലിസ് മുഖേനയും അന്വേഷിച്ചുവരികയാണ്. പന്പിൽനിന്ന് ഇത്രയും അധികം ഡീസൽ ടാങ്കറിൽ നിറച്ചു നൽകിയതാണെങ്കിൽ ഡിപ്പോയുമായി ബന്ധപ്പെട്ടും നടപടികൾ സ്വീകരിക്കും.
ഡീസൽ പിടിച്ച സ്ക്വാഡിൽ പൊലിസുകാരായ ലിംനേഷ്, പ്രവീഷ് എന്നിവരുമുണ്ടായിരുന്നു.