വെള്ളരിക്കുണ്ട്: കുട്ടികളിൽ വർധിച്ചുവരുന്ന ഡിജിറ്റൽ അഡിക്ഷനെതിരേ ജില്ലാ പൊലിസ് സോഷ്യൽ ഡിവിഷനും വെള്ളരിക്കുണ്ട് ജനമൈത്രി പൊലിസും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി മികച്ച ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പരിപാടിയുടെ ഭാഗമായി വിവിധ സ്കൂളുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിജിറ്റൽ പ്രൊട്ടക്ഷൻ റാലിയും തുടർന്ന് യഷുവ കൺവെൻഷൻ സെന്ററിൽ കൗമാരക്കാർക്കും മാതാപിതാക്കൾക്കുമായി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ഡിജിറ്റൽ പ്രൊട്ടക്ഷൻ മതിലായി അണിനിരന്ന വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കാസർഗോഡ് അഡീഷണൽ എസ്പി പി.പി. കരുണാകരൻ തൂഫാൻ പ്രതിജ്ഞയും നാർകോട്ടിക് സെൽ ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണൻ ഡിജിറ്റൽ സിറ്റിസൺ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ.ലത, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷോബി ജോസഫ്, വെള്ളരിക്കുണ്ട് ഫൊറോന വികാരി ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം, കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രസിഡന്റ് നന്ദകുമാർ, കല്ലഞ്ചിറ ജുമാ മസ്ജിദ് ഖത്തീബ് ഹാഫിസ് മുഹമ്മദ് ഹുനൈഫ് സഖാഫി എന്നിവർ സംബന്ധിച്ചു.
മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി, വള്ളിക്കടവ് സെന്റ് സാവിയോ, വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ്, ബളാൽ, പരപ്പ, ബാനം ഗവ. സ്കൂളുകളിൽ നിന്നുള്ള എസ്പിസി, എൻഎസ്എസ്, റോവർ, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു. വിവിധ റോട്ടറി, ലയൺസ് ക്ലബുകൾ, വ്യാപാരി വ്യവസായി ഏകോപനസമിതി കൊന്നക്കാട്, മാലോം, വെള്ളരിക്കുണ്ട്, ബളാൽ, പരപ്പ യൂണിറ്റുകൾ, വെള്ളരിക്കുണ്ട് ടൗണിലെ ഓട്ടോ-ചുമട്ടുതൊഴിലാളികൾ തുടങ്ങിയവർ പരിപാടിക്ക് പിന്തുണയുമായി അണിനിരന്നു.
തുടർന്ന് നടന്ന പൊതുസമ്മേളനം നാർകോട്ടിക് സെൽ ഡിവൈഎസ്പി ഡോ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് എ. ലത അധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്പി പി.പി. കരുണാകരൻ, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം,
പഞ്ചായത്ത് അംഗങ്ങളായ ഷൈലജ കൃഷ്ണ, ജോമോൻ മാത്യു, ടി.എൻ. ബാബു, ഷാജൻ പൈങ്ങോട്ട്, സി.വി. ശ്രീധരൻ, ടി.വി. ചന്ദ്രൻ, മിനി ആന്റണി, സി. ധന്യ, എം. ലക്ഷ്മി, കുഞ്ഞിരാമൻ, സനോജ് മാത്യു, റോസിലിൻ സിബി, ജോസ് മാത്യു, എം. ശ്രീജ, എ.വി. ശ്യാമള എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ഡിജിറ്റൽ ഉപയോഗം സുരക്ഷിതവും നിയന്ത്രിതവുമാക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടിയ ബോധവത്കരണ സെമിനാറിൽ ഫാ.ഡോ. ജോൺസൺ അന്ത്യാംകുളവും കാസർഗോഡ് സൈബർ സെല്ലിലെ പി.ആർ. ശ്രീനാഥും ക്ലാസുകൾ നയിച്ചു.