തിരുവനന്തപുരം: കേരളത്തിലൂടെയുള്ള യാത്ര അതിന്റെ പൂർണതയിൽ ആസ്വദിക്കുന്നതിനു വേണ്ടി അന്താരാഷ്ട്ര പ്രചാരണവുമായി കേരള ടൂറിസം. യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ’ (ട്രാവൽ നൗ, പോസ്റ്റ് ലേറ്റർ) എന്ന ഡിജിറ്റൽ പ്രചാരണത്തിനു തുടക്കമായി. സംസ്ഥാനത്തിന്റെ തനതു പ്രകൃതി സൗന്ദര്യവും പൈതൃകവുമെല്ലാം മനസറിഞ്ഞ് ആസ്വദിക്കുന്നതിനായാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.
സാമൂഹ്യമാധ്യമങ്ങളിൽ ലൈക്കും ഷെയറും കിട്ടാൻവേണ്ടി മാത്രമായി വിനോദയാത്രകൾ ഒതുങ്ങിപ്പോകുന്നതു നിരുത്സാഹപ്പെടുത്തുന്നതിനും യഥാർഥ യാത്രാനുഭവം അറിയുന്നതിനുമാണു പുതിയ പ്രചാരണ പരിപാടി. ആഗോളതലത്തിൽ തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യാൻവേണ്ടി മാത്രമായി യാത്രകൾ ഒതുങ്ങിപ്പോകുന്ന രീതി വ്യാപകമാകുകയാണ്. സമൂഹമാധ്യമ ഉള്ളടക്കത്തിനുവേണ്ടി മാത്രമായി യാത്രകൾ മാറുന്പോൾ സ്ഥലങ്ങൾ, ജനത, അനുഭവങ്ങൾ എന്നിവ നഷ്ടമാവുകയാണ്.
എന്നാൽ വൈകാരികമായി യാത്രകളെ കാണുന്നവരും ഉയർന്നുവരുന്നുണ്ട്. സാർഥകവും സൗഖ്യകേന്ദ്രീകൃതവുമായ യാത്രാനുഭവം ആഗ്രഹിക്കുന്നവരും വർധിച്ചുവരുന്നുണ്ട്. ഈ സാധ്യത പൂർണമായും ഉപയോഗപ്പെടുത്താനായാണ് കേരള ടൂറിസം യാത്ര ആസ്വദിക്കൂ, പിന്നീട് പോസ്റ്റ് ചെയ്യൂ എന്ന പ്രചാരണവുമായി മുന്നോട്ടു വരുന്നത്.
ഇതിനായി https:// travelnow postlater.com എന്ന മൈക്രോസൈറ്റും പുറത്തിറക്കിയിട്ടുണ്ട്. ഈ പ്രമേയത്തെ പിന്തുണയ്ക്കുന്ന സേവനങ്ങൾ മൈക്രോസൈറ്റ് വഴി ലഭ്യമാക്കും.