പരവൂർ: രാജ്യത്തെ പാചകവാതക വിതരണ രംഗം പൂർണമായും ഡിജിറ്റൽ ട്രാക്കിലേക്ക്. എൽപിജി സിലിണ്ടറുകളുടെ ഓൺലൈൻ ബുക്കിംഗ് 99 ശതമാനത്തിലെത്തിയതായും ഒടിപി അടിസ്ഥാനമാക്കിയുള്ള വിതരണം 94.5 ശതമാനം കടന്നതായും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
ഉപഭോക്താക്കൾക്കു തടസമില്ലാതെ പെട്രോളിയം ഉത്പന്നങ്ങളും പാചകവാതകവും ലഭ്യമാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കാണുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക വിതരണത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. നിലവിൽ ഒരു വിതരണ കേന്ദ്രത്തിലും സിലിണ്ടർ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല. പൈപ്പ് വഴി പാചകവാതകം എത്തിക്കുന്ന പിഎൻജി കണക്ഷനുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടായി.
കഴിഞ്ഞ മാസം മാത്രം അഞ്ച് ലക്ഷത്തിലധികം പുതിയ പിഎൻജി കണക്ഷനുകൾ സജീവമാക്കി.
ഇതോടെ ആകെ കണക്ഷനുകളുടെ എണ്ണം എട്ട് ലക്ഷത്തോടടുക്കുകയാണ്. ആറ് ലക്ഷത്തോളം പേർ പുതിയ കണക്ഷനായി റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിഎൻജി ലഭ്യമായതോടെ 42,000 ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി കണക്ഷനുകൾ ഉപേക്ഷിച്ചു.
രാജ്യത്തെ എല്ലാ റിഫൈനറികളും പൂർണശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.