കോഴിക്കോട്: നഗരത്തിലെ അപകട ഭീഷണി നേരിടുന്ന കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയോ ആവശ്യമായ ബലപ്പെടുത്തലോ നടത്തി അപകടാവസ്ഥ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കോഴിക്കോട് കോർപറേഷൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
മഴക്കാലമായിട്ടും നഗരത്തിലെ അപകട ഭീഷണിയുള്ള കെട്ടിടങ്ങൾ പൊളിക്കാൻ നടപടിയെടുക്കുന്നില്ലെന്നും വലിയങ്ങാടിയിലേത് ഉൾപ്പെടെ 21 കെട്ടിടങ്ങൾ അപകട ഭീഷണി നേരിടുകയാണെന്നും ആരോപിക്കുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.വലിയങ്ങാടി ഹൽവാ ബസാറിലെ ജീർണിച്ച കെട്ടിടം കാലപ്പഴക്കത്താൽ എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണെന്ന് പരാതിയുണ്ടെന്ന് മറ്റൊരു ഉത്തരവിൽ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിരീക്ഷിച്ചു.
ചുവരുകൾ വിണ്ടുകീറുകയും കെട്ടിടത്തിന്റെ മുകൾഭാഗം അപകടാവസ്ഥയിലാണ്. ഈ കെട്ടിടത്തിന്റെ അപകടാവസ്ഥ ഒഴിവാക്കാൻ കോർപറേഷൻ സെക്രട്ടറി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കോഴിക്കോട് കോർപറേഷൻ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന്റെ പല ഭാഗങ്ങളും ദ്രവിച്ച് അടർന്നു വീണിട്ടും കോർപറേഷൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല.
സൺഷൈഡ് സ്ലാബിനൊപ്പം മുകളിലെ കോൺക്രീറ്റ് ഭാഗങ്ങളും അടർന്നു വീണ് കമ്പികൾ പുറത്തുകാണാമെന്ന അവസ്ഥയാണ്. കോർപറേഷൻ സെക്രട്ടറി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണം. ബസ് കാത്തുനിൽക്കുന്നവരും കച്ചവടക്കാരും ജീവൻ പണയം വച്ചാണ് ഇവിടെ കഴിയുന്നത്. മഴക്കാലമായതോടെ കെട്ടിടത്തിന്റെ ബലക്ഷയം കൂടാൻ സാധ്യതയുണ്ട്.
വിദ്യാർത്ഥികൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിനാളുകൾ പാളയം ബസ് സ്റ്റാന്‍ഡില്‍ എത്താറുണ്ട്. മൂന്നു പരാതികളിലും കോർപറേഷൻ സെക്രട്ടറി അടിയന്തര നടപടികൾ സ്വീകരിക്കണം. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ ജില്ലാ കളക്ടറും വിഷയത്തിൽ ഇടപെട്ട് നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.