ലിമ: നയതന്ത്രബന്ധം പുനസ്ഥാപിക്കാൻ തീരുമാനിച്ചതായി പെറുവും മെക്സിക്കോയും അറിയിച്ചു. കഴിഞ്ഞ വർഷമാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളായത്. പെറുവിലെ മുൻ പ്രധാനമന്ത്രി ബെറ്റ്സി ചാവേസിന് അഭയം അനുവദിക്കാനുള്ള മെക്സിക്കോയുടെ തീരുമാനമായിരുന്നു കാരണം.
പുറത്താക്കപ്പെട്ട ഇടതുപക്ഷ പ്രസിഡന്റ് പെദ്രോ കാസ്റ്റില്ലോയുടെ പ്രധാനമന്ത്രിയായിരുന്നു ബെറ്റ്സി. 2022ൽ കാസ്റ്റില്ലോ പാർലമെന്റ് പിരിച്ചുവിടാൻ ശ്രമം നടത്തിയ സംഭവത്തിൽ ബെറ്റ്സിക്കെതിരേ ഗൂഢാലോചനാക്കേസുണ്ടായിരുന്നു. ബെറ്റ്സിക്ക് അഭയം നല്കിയതിന്റെ പേരിൽ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിന് പെറുവിലെ പാർലമെന്റ് പ്രവേശന വിലക്ക് പ്രഖ്യാപിക്കുകയുണ്ടായി.
പെറുവിൽ കഴിഞ്ഞമാസം അധികാരത്തിലേറിയ പ്രസിഡന്റ് കെയിക്കോ ഫുജിമോറിയാണ് മെക്സിക്കോയുമായി ബന്ധം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിച്ചത്.
പെറുവിന്റെ തലസ്ഥാനമായ ലിമയിലെ മെക്സിക്കൻ എംബസിയിൽ താമസിച്ചുവന്ന ബെറ്റ്സിയെ സുരക്ഷിതമായി മെക്സിക്കോയിലേക്കു പോകാൻ അനുവദിച്ചതായി പെറുവിന്റെ വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.