കൊച്ചി: കൊച്ചി മുസിരിസ് ബിനാലെയിലെ (കെഎംബി) കലാസൃഷ്ടികള്‍ ചിന്തോദ്ദീപകവും പ്രചോദനാത്മകവുമാണെന്ന് വേദികള്‍ സന്ദര്‍ശിച്ച പ്രമുഖ നയതന്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.
സിംഗപ്പുരിലെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ പോള്‍ തോപ്പിൽ, ബംഗളൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറും ദക്ഷിണേഷ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ഡെപ്യൂട്ടി ട്രേഡ് കമ്മീഷണറുമായ ചന്ദ്രു അയ്യർ എന്നിവർ ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിച്ചു. കുടുംബത്തോടൊപ്പം കൊച്ചിയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഇരുവരും.
കാലാവസ്ഥാവ്യതിയാനം പോലുള്ള വര്‍ത്തമാനകാല വെല്ലുവിളികളെയും അത് മനുഷ്യരാശിയിലുണ്ടാക്കുന്ന ആഘാതങ്ങളെയും ബിനാലെ മികച്ച രീതിയില്‍ ചിത്രീകരിക്കുന്നുണ്ടെന്ന് പോള്‍ തോപ്പില്‍ പറഞ്ഞു.
നയതന്ത്രജ്ഞരെ കൂടാതെ കല- ചലച്ചിത്ര -സാഹിത്യ മേഖലകളിലെ പ്രമുഖരും ബിനാലെ വേദികളില്‍ സന്ദര്‍ശനം നടത്തി.
സംവിധായകന് ടി.കെ. രാജീവ് കുമാര്‍, കൊച്ചി സബ് കളക്ടര്‍ ഗ്രന്ഥെ സായ് കൃഷ്ണ, കേരള സംസ്ഥാന നിര്‍മിതികേന്ദ്രം ഡയറക്ടറും സിഇഒയുമായ ഡോ. ഫെബി വര്‍ഗീസ്, പ്രശസ്ത ക്യൂറേറ്ററും ഡിസൈനറുമായ രാജീവ് സേത്തി, സാഹിത്യ നിരൂപകന് പ്രഫ. പി. പവിത്രന് തുടങ്ങിയവരും ബിനാലെ കാണാനെത്തിയിരുന്നു.