ബർലിൻ: ജർമനിയിലെ പ്രമുഖ തുറമുഖമായ ബ്രെമർഹാവനിൽ TUI ക്രൂയിസസിന്റെ ഉടമസ്ഥതയിലുള്ള 'മെയ്ൻ ഷിഫ് 3' എന്ന കൂറ്റൻ ആഡംബര ക്രൂയിസ് കപ്പൽ മറ്റ് രണ്ട് കണ്ടെയ്നർ കപ്പലുകളിലേക്ക് ഇടിച്ചുകയറി വൻ അപകടം.
കാനറി ദ്വീപുകളിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ ശക്തമായ കാറ്റിൽപ്പെട്ട് കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ക്രൂയിസ് കപ്പലിന്റെ യാത്ര പൂർണമായും റദ്ദാക്കി.
2,428 യാത്രക്കാരും 922 ജീവനക്കാരുമായി ഞായറാഴ്ച രാത്രി പുറപ്പെടാൻ തയാറെടുക്കുമ്പോഴായിരുന്നു സംഭവം. ടഗ് ബോട്ടിന്റെ സഹായത്തോടെ നീങ്ങുന്നതിനിടയിൽ പെട്ടെന്നുണ്ടായ ശക്തമായ കാറ്റിൽ തെന്നിമാറിയ ക്രൂയിസ് കപ്പൽ, സ്ട്രോംകജെയിൽ നങ്കൂരമിട്ടിരുന്ന വലിയ കണ്ടെയ്നർ കപ്പലുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തിൽ ക്രൂയിസ് കപ്പലിന്റെ വശങ്ങളിലുണ്ടായിരുന്ന നിരവധി ലൈഫ് ബോട്ടുകൾ തകർന്നു. കണ്ടെയ്നർ കപ്പലിന്റെ ഒരുവശം മീറ്ററുകളോളം കീറിപ്പോവുകയും കണ്ടെയ്നർ ഗൈഡുകൾ വളയുകയും ചെയ്തിട്ടുണ്ട്.
ഭാഗ്യവശാൽ, ജലനിരപ്പിന് മുകളിലാണ് കേടുപാടുകൾ സംഭവിച്ചത് എന്നതിനാൽ കപ്പലുകളിൽ വെള്ളം കയറിയില്ല.യാത്രക്കാരോ ജീവനക്കാരോ ആരും പരിക്കേൽക്കാതെ സുരക്ഷിതരാണെന്ന് കപ്പൽ ക്യാപ്റ്റൻ യാൻ എഫ്. ഷുബർട്ട് അറിയിച്ചു.
കേടുപാടുകൾ സംഭവിച്ച കപ്പൽ റിപ്പയറിംഗിനായി ഉടൻ തന്നെ കപ്പൽശാലയിലേക്ക് മാറ്റും. സംഭവം അന്വേഷിക്കുന്നതിന്റെ ഭാഗമായി അപകടത്തിൽപ്പെട്ട മൂന്ന് കപ്പലുകൾക്കും ജർമൻ പോർട്ട് അതോറിറ്റി താൽക്കാലികമായി യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.