ആലപ്പുഴ: ജില്ലയിൽ തസ്തിക നിർണയത്തിന്റെ ഭാഗമായി പിഎസ്സി വഴി നിയമിതരായ എൽപി എസ്ടിഎ അധ്യാപകരെ പിരിച്ചുവിട്ട നടപടി മരവിപ്പിച്ചു. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ പ്രതിഷേധത്തെത്തുടർന്നാണ് നടപടി മരവിപ്പിച്ചത്.
അധ്യാപക വിദ്യാർഥി അനുപാതം കണക്കിലെടുത്താണ് വിദ്യാർഥികൾ കുറവുള്ള സ്കൂളുകളിലെ ജൂണിയർ അധ്യാപകരെ പിരിച്ചുവിടാൻ വിദ്യാഭ്യാസ ഉപഡയറക്ടർ ഉത്തരവ് ഇറക്കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ഈ ഓർഡർ ഇറങ്ങിയത്. ജില്ലയിലെ വിദ്യാർഥികൾ കുറവുള്ള സ്കൂളുകളിലെ 48 സീനിയർ അധ്യാപകരെ പുനർവിന്യസിപ്പിച്ചപ്പോഴാണ് ജൂണിയർ അധ്യാപകരായ 32 പേരുടെ ജോലി നഷ്ടമായത്.
കഴിഞ്ഞ ജൂണിൽ സർവീസിൽ കയറിയവരാണിവർ. എന്നാൽ, ബിആർസികൾ, മറ്റുജില്ലകളിൽ ഒഴിവുള്ള തസ്തികകൾ, പ്രമോഷൻ വരുമ്പോൾ ഉണ്ടാവുന്ന ഒഴിവുകൾ എന്നിവിടങ്ങളിലേക്ക് ഇവരെ നിയമിക്കാമെന്നിരിക്കെയാണ് ഇവരെ പിരിച്ചുവിട്ടുവെന്ന് കാട്ടി ഉത്തരവിറക്കിയത്. സ്കൂളുകളിൽ 30 കുട്ടികൾക്ക് ഒരു അധ്യാപികയും 31 കുട്ടികളുണ്ടെങ്കിൽ രണ്ട് അധ്യാപികയും എന്നാണ് അനുപാതം.
നിലവിൽ കെടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടക്കുന്നതിനാൽ പ്രൊമോഷൻ ഉത്തരവ് ഇറങ്ങിയിട്ടില്ല. സെൻസസ് ഡ്യൂട്ടിയുടെ ഭാഗമായി ട്രാൻസ്ഫർ ഉത്തരവും വന്നിട്ടില്ലെന്നും അധ്യാപകർ പറയുന്നു.
പ്രതിഷേധവുമായി സംഘടനകൾ
അധ്യാപകരെ പിരിച്ചുവിട്ടതിനെതിരേ കെഎസ്ടിഎ, കെപിഎസ്ടിഎ അധ്യാപക സംഘടനകൾ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം ഉപരോധിച്ചു.
കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ ഉത്തരവ് മരവിപ്പിക്കാൻ തീരുമാനമായി. ഇതിനിടെ കെപിഎസ്ടിഎ ജില്ലാക്കമ്മിറ്റിയും പ്രതിഷേധവുമായെത്തി.
സർക്കാരിനെ കരിവാരിത്തേക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും കെപിഎസ്ടിഎ കുറ്റപ്പെടുത്തി. കെഎസ്ടിഎയുടെ കുത്തിയിരുപ്പ് സമരത്തിന് സംസ്ഥാന എക്സിക്യൂട്ടീവംഗം സി. ജ്യോതികുമാർ നേതൃത്വം നൽകി.