പാലക്കാട്: സീറോ മലബാർ സഭയുടെ ശക്തമായ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ക്രിസ്ത്യൻ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ സാഹചര്യം ഉണ്ടായതെന്ന് ജസ്റ്റീസ് ജെ.ബി. കോശി. പാലക്കാട് രൂപത സമുദായ ശക്തീകരണവർഷം മുണ്ടൂർ യുവക്ഷേത്ര കോളജിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സഭാ പിതാക്കന്മാരിൽനിന്നും സംഘടനകളിൽനിന്നും ലഭിച്ച നിർലോഭമായ സഹകരണവും പിന്തുണയുമാണ് ഏറ്റവും കൃത്യമായ റിപ്പോർട്ട് തയാറാക്കാൻ കമ്മീഷനെ തുണച്ചത്. മനുഷ്യർക്കു ജീവിക്കാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ എത്തിയിരിക്കുന്നു എന്നതാണ് റിപ്പോർട്ടിന്റെ കണ്ടെത്തൽ. എന്നാൽ, ഈ റിപ്പോർട്ട് യാതൊരു വിധത്തിലും ഇതരസമുദായങ്ങൾക്ക് എതിരല്ല.
കമ്മീഷൻ റിപ്പോർട്ട് തീരദേശത്തെയും മലയോരത്തെയും മനുഷ്യരുടെ പ്രശ്നങ്ങളെ പ്രത്യേകം പ്രത്യേകമാണ് പരിഗണിച്ചത്. ജനങ്ങളുടെ ജീവൽപ്രശ്നങ്ങളെ വളരെ അടുത്തറിയാൻ കമ്മീഷന്റെ ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്പെട്ടു. പ്രത്യേകിച്ച് മലയോരജനതയ്ക്ക് ഒരുരീതിയിലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് എന്നതു റിപ്പോർട്ടിൽ വ്യക്തമാണ്.
മരത്തിൽ എന്തുണ്ടായാലും അണ്ണാനും കുരങ്ങും കൊണ്ടുപോകും. മണ്ണിൽ നട്ടാൽ കാട്ടുപന്നി കൊണ്ടുപോകും. അന്വേഷിക്കാൻ മനുഷ്യർ പോയാൽ അവരെ വന്യമൃഗം കൊണ്ടുപോകും എന്നതാണ് ഇവിടത്തെ മലയോരത്തെ മനുഷ്യരുടെ ദാരുണാവസ്ഥ എന്നും ജസ്റ്റീസ് ജെ.ബി. കോശി പറഞ്ഞു. വിശ്വാസവും പ്രാർഥനയും നമ്മുടെ ആശ്രയവും തനിമയും ആകണമെന്നു ജസ്റ്റീസ് സൂചിപ്പിച്ചു.
പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ മാറുന്ന സാഹചര്യത്തിൽ സീറോ മലബാർ സമൂഹം ഒരു ആഗോളസമൂഹമായി മാറുന്നുവെന്നും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ-സാന്പത്തിക സാഹചര്യങ്ങൾ കുടിയേറ്റത്തെ ത്വരിതപ്പെടുത്തുന്നുവെന്നും ബിഷപ് സൂചിപ്പിച്ചു. ഇവിടെ ആരും ഔദാര്യങ്ങൾക്കുവേണ്ടി യാചിക്കുന്നവർ അല്ല. രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങൾമാത്രമാണ് ആവശ്യപ്പെടുന്നതെന്നും ബിഷപ് വ്യക്തമാക്കി.