ചങ്ങരംകുളം: കനത്ത മഴയെത്തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.
കുറ്റിപ്പുറം- തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്താണ് കൂറ്റൻ മരം കടപുഴകി റോഡിൽ വീണത്. കഴിഞ്ഞദിവസം രാത്രി പത്തരയോടെയാണ് സംഭവം. തിരക്കേറിയ പാതയിൽ നിരവധി വാഹനങ്ങൾ പോയിക്കൊണ്ടിരിക്കെയാണ് അപകടം.
മരച്ചില്ലകൾ തട്ടി ഒരു കാറിന് ചെറിയ കേടുപാടുകൾ പറ്റിയെങ്കിലും മറ്റു വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്.
സമീപത്ത് റെസ്റ്റോറന്റിൽ ഉണ്ടായിരുന്ന യുവാക്കൾ ഓടിയെത്തിയാണ് മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗതം നിയന്ത്രിച്ചത്. അപകടത്തെത്തുടർന്ന് ഏറെ നേരം സംസ്ഥാനപാതയിൽ ഗതാഗതം മുടങ്ങി.
സ്ഥലത്തെത്തിയ ചങ്ങരംകുളം പോലീസും യുവാക്കളും ചേർന്ന് ഒരു സൈഡിലൂടെ വാഹനങ്ങൾ കടത്തി വിട്ട് ഗതാഗതതടസം ഒഴിവാക്കി.ആലംകോട് സ്വദേശികളായ തൻവീർ, സുൽത്താൻ, സിയാദ്, റാഷി, സിനാൻ, പി.ടി. അസ് ലം, എം.വി. അസ് ലം, ജിലു തുടങ്ങിയ യുവാക്കളുടെ നേതൃത്വത്തിലാണ് മഴയെ അവഗണിച്ച് മരച്ചില്ലകൾ വെട്ടിമാറ്റി ഗതാഗതം നിയന്ത്രിച്ചത്.