നെടുമങ്ങാട്: നിയമസഭാ ഇലക്ഷൻ സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സംഘം പാലോട് മൈലമൂട് ഭാഗത്ത് നടത്തിയ രാത്രികാല പരിശോധനയിൽ വീട്ടിൽ ചാരായം വാറ്റിക്കൊണ്ടിരുന്ന രണ്ടു പേരെ പിടികൂടി. അഞ്ചാനക്കുഴിക്കര സ്വദേശി സെൽവൻ, അബ്കാരി കേസുകളിലെ പ്രതിയായ അഞ്ചാനക്കുഴിക്കര സ്വപ്ന വിലാസത്തിൽ അശോകൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്നു 10 ലിറ്റർ നാടൻ ചാരായവും കോടയും 10000 രൂപ വില വരുന്ന വാറ്റുപകരണങ്ങളും പിടിച്ചടുത്തു. സർക്കിൾ ഇൻസ്പെക്ടർ എച്ച്.എസ്. ഹരീഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ വി. അനിൽകുമാർ, പ്രിവന്റീവ് ഓഫീസർ നജിമുദ്ദീൻ, ഡ്രൈവർ ഉവൈസ് ഖാൻ എന്നിവർ പങ്കെടുത്തു.
ഇലക്ഷനോടനുബന്ധിച്ച് എക്സൈസ് പരിശോധനയും റെയ്ഡും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കുമെന്നും പൊതുജനങ്ങൾക്കുള്ള പരാതികൾ 0472 280 2227 എന്ന നമ്പരിൽ വിളിച്ചറിയിക്കാവുന്നതുമാണെന്ന് നെടുമങ്ങാട് സിഐ അറിയിച്ചു.