തിരുവനന്തപുരം: സംസ്ഥാനത്തു പ്രവർത്തിക്കുന്ന സപ്ലൈകോ എൻഎഫ്എസ്എ ഗോഡൗണുകളിലും റേഷൻ കടകളിലും ഓപ്പറേഷൻ ഭക്ഷ്യസുരക്ഷ എന്നപേരിൽ വിജിലൻസ് പരിശോധന.
പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് ഒട്ടേറെ ക്രമക്കേടുകൾ നടക്കുന്നതായാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നാണു വിവരം. ചിലയിടങ്ങളിൽ രാത്രി വൈകിയും പരിശോധന തുടർന്നു.
തെരഞ്ഞെടുത്ത 14 ഗോഡൗണുകളിലും 54 റേഷൻകടകളിലുമാണ് ഇന്നലെ പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി പരിശോധന നടത്തിയത്. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിൽ കൃത്രിമം വരുത്തി കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായും ഭക്ഷ്യധാന്യങ്ങളുടെയും സ്റ്റോക്കിൽ കൃത്രിമം നടത്തി കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായും കണ്ടെത്തി.
ജീവനക്കാരുടെയും കരാറുകാരുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ ഭക്ഷ്യധാന്യങ്ങൾ അനധികൃതമായി മറിച്ചുവിൽക്കുന്നതായും കണ്ടെത്തി.