ഫോർട്ടുകൊച്ചി: മദ്യലഹരിയിൽ മട്ടാഞ്ചേരി പൊലിസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും പൊലിസുകാരനെ മർദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശി ഹംസത്ത് (40) ആണ് മട്ടാഞ്ചേരി പൊലിസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 10.30ഓടെ മട്ടാഞ്ചേരി ചക്കാമാടം ഭാഗത്തെ അലങ്കാര്‍ ബാറിൽ മദ്യലഹരിയിൽ ഒരാൾ ബഹളം വയ്ക്കുന്നതായി പൊലിസിന് വിവരം ലഭിച്ചു. ഇതേത്തുടർന്ന് ഇവിടെ എത്തിയ പൊലിസ് സംഘത്തെ കണ്ടതോടെ ഹംസത്ത് അവിടെ നിന്ന് പോയി.
തുടര്‍ന്ന് രാത്രി 11.15ഓടെ മട്ടാഞ്ചേരി പൊലിസ് സ്റ്റേഷനിലെത്തിയ ഹംസത്ത് ചുമതലയിലുണ്ടായിരുന്ന എസ്സിപിഒ ശ്രീജിത്തുമായി വാക്ക് തര്‍ക്കത്തിലേർപ്പെടുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി.
സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കായി വാഹനത്തിൽ കയറ്റുന്നതിനിടെ വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് ചവിട്ടിപ്പൊട്ടിച്ചു. അകത്തെ റിയർവ്യൂ മിറർ വലിച്ചുപൊട്ടിക്കുകയും ചെയ്തെന്ന് പൊലിസ് പറഞ്ഞു. അക്രമം തടയാൻ ശ്രമിച്ച പൊലിസ് വാഹനത്തിന്റെ ഡ്രൈവറായ സിപിഒ ശരത്തിനെ പ്രതി ചവിട്ടുകയും ഇടിക്കുകയും ചെയ്തു. പരിക്കേറ്റ ശരത്തിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.