തൃശൂർ: കെഎസ്എഫ്ഇയുടെ 2024-25 സാന്പത്തികവർഷത്തെ ഡിവിഡന്റ് തുകയായ 70 കോടി രൂപയുടെ ചെക്ക് ചെയർമാൻ കെ. വരദരാജനും മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ. സനിലും ചേർന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിനു കൈമാറി. കൃഷിമന്ത്രി പി. പ്രസാദും ചടങ്ങിൽ സന്നിഹിതനായി.
ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ബോർഡ് മെംബർമാരായ ഡോ. കെ. ശശികുമാർ, ബി.എസ്. പ്രീത (ധനവകുപ്പ് അഡീഷണൽ സെക്രട്ടറി), കെ. മനോജ് (നികുതിവകുപ്പ് ജോയിന്റ് സെക്രട്ടറി), ധനകാര്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഡി. ഷൈജൻ , കെഎസ്എഫ്ഇ ജനറൽ മാനേജർ (ഫിനാൻസ്) എസ്. ശരത്ചന്ദ്രൻ, കന്പനി സെക്രട്ടറി എമിൽ അലക്സ്, സംഘടനാനേതാക്കളായ കെ.ബി. സൽജബീൽ, വി.എൽ. പ്രദീപ്, എസ്. സുശീലൻ, എസ്. വിനോദ് എന്നിവർ പങ്കെടുത്തു.
നടപ്പുസാന്പത്തികവർഷം ഡിവിഡന്റ്, ഗ്യാരണ്ടി കമ്മീഷൻ ഇനങ്ങളിലായി റിക്കാർഡ് തുകയായ 235 കോടി രൂപയാണ് കെഎസ്എഫ്ഇ സർക്കാരിനു കൈമാറിയത്. കന്പനിയുടെ അംഗീകൃത മൂലധനം 250 കോടിയായി ഉയർത്തിയിട്ടുണ്ട്.
നടപ്പുസാന്പത്തികവർഷത്തിൽ ഇതുവരെ ആകെ ബിസിനസ് ഒരു ലക്ഷത്തി പതിനായിരം കോടി രൂപയായി. സ്വർണപ്പണയ വായ്പ 13,000 കോടി രൂപ കടന്നിട്ടുണ്ടെന്നും മാനേജിംഗ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ അറിയിച്ചു.