ഫോർട്ട് കൊച്ചിയെക്കുറിച്ചുള്ള ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വിദ്വേഷ വീഡിയോയെ പിന്തുണച്ച ദിയ കൃഷ്ണയ്ക്ക് എതിരെ രൂക്ഷവിമർശനം.
ഉത്തരേന്ത്യൻ ഇൻഫ്ലുവൻസറുടെ വീഡിയോയ്ക്ക് താഴെ ‘ദൗർഭാഗ്യകരമായ യാഥാർഥ്യം’ (Sad Reality) എന്നാണ് ദിയ കൃഷ്ണ കമന്റ് ചെയ്തത്.
‘ഇസ്ലാം പ്രചരിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണം വാങ്ങുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ 95 ശതമാനവും മുസ്ലിംകള്, അവിടെ മറ്റെല്ലാവരും പേടിച്ച് ജീവിക്കുന്നു, ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയില്‍ വില്‍ക്കുന്നത് മുഴുവന്‍ ബീഫ് വിഭവങ്ങള്‍...’ ഇങ്ങനെയായിരുന്നു ഫോര്‍ട്ട് കൊച്ചിയെക്കുറിച്ച് ഉത്തരേന്ത്യന്‍ യൂട്യൂബര്‍ പറഞ്ഞത്. ലിറ്റി ഛോക്ക യുപി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് അമൃത് സിംഗ് ഡാരന്‍ ഇക്കാര്യം പറഞ്ഞത്.
അതേസമയം ദിയ കൃഷ്ണയ്ക്കെതിരെ കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോ ഓർഡിനേറ്റർ താരാ ടോജോ അലക്സ് രംഗത്തെത്തി.
നൂറ്റാണ്ടുകളായി വിവിധ മതങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും മനുഷ്യർ ഒത്തുചേർന്നു ജീവിച്ചുവന്ന ചരിത്രഭൂമിയാണ് ഫോർട്ട് കൊച്ചിയെന്നും മറുവിഭാഗത്തിന്റെ സാന്നിധ്യം ഭീഷണിയാണെന്നു വിശ്വസിക്കുന്നതാണോ നിങ്ങളുടെ സാഡ് റിയാലിറ്റിയെന്നും താര ടോജോ അലക്സ് ചോദിച്ചു. ഫെയ്സ്ബുക് പോസ്റ്റിലാണ് താര ടോജോ ദിയയെ വിമർശിച്ചത്.
അതേസമയം, വിമർശനങ്ങളിൽ പ്രതികരിച്ച് ദിയ കൃഷ്ണ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്തു. ‘‘പ്രശസ്തരായ വ്യക്തികളെ മോശക്കാരായി ചിത്രീകരിക്കാനും അനാവശ്യമായ തെറ്റിദ്ധാരണകൾ ഉണ്ടാക്കാനും വേണ്ടി വാർത്തകളെ വളച്ചൊടിക്കുന്നത് മാധ്യമങ്ങളുടെ ജോലിയാണ്.
അവർക്കതിന് പണം ലഭിക്കുന്നുണ്ട്. നിങ്ങൾ അതിൽ വീഴുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം നിങ്ങൾക്ക് മാത്രമാണ്, എനിക്കല്ല. സമാധാനം ആശംസിക്കുന്നു’’ ദിയകൃഷ്ണ പറഞ്ഞു.