കൊച്ചി: പനങ്ങാട്, നെട്ടൂർ മേഖലകളിലെ ആരാധനാലയങ്ങളിൽ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കഴിഞ്ഞ രണ്ടാഴ്ചയായി ക്ഷേത്രങ്ങളും പള്ളികളും കേന്ദ്രീകരിച്ച് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ടാണ് നടപടി.
പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശി സൈനുദ്ദീൻ അജ്മൽ (18), ഇടക്കൊച്ചി സ്വദേശി മുഹമ്മദ് ആർസം (18), പള്ളുരുത്തിയിൽ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ സ്വദേശിയായ 17 വയസുകാരൻ എന്നിവരാണ് പിടിയിലായത്.
രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിച്ചായിരുന്നു മോഷണം. നെട്ടൂർ തണ്ടശേരി കോളനിയിലെ ശ്രീദേവി - സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരവും സംഘം കുത്തിത്തുറന്നിരുന്നു.
രാത്രി പട്രോളിങ്ങിനിടെ നെട്ടൂർ പാലത്തിന് സമീപത്തുനിന്നാണ് പനങ്ങാട് പൊലിസ് പ്രതികളെ പിടികൂടിയത്. പനങ്ങാട് എസ്എച്ച്ഒ മിഥുൻ മോഹന്റെ നേതൃത്വത്തിൽ പി.എസ്. രാജേഷ് , സൈജു ദേവസ്യ, എം. ശ്രീജിത്ത് എന്നിവരടങ്ങിയ പൊലിസ് സംഘമാണ് പ്രതികളെ പിടികൂടിയത്.