മ്യുൻസ്റ്റർ: ജർമനിയിലെ പ്രവാസി മലയാളികൾക്കിടയിലും സാംസ്കാരിക സംഘടനാ തലത്തിലും ജീവകാരുണ്യ - സാമൂഹിക, മാധ്യമ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ പാലാ ഇടമറ്റം സ്വദേശിയായ ഡോ. മാത്യു മണ്ഡപത്തിൽ (82) മ്യുൻസ്റ്ററിൽ അന്തരിച്ചു.
മ്യുൻസ്റ്റർ രൂപതയുടെ കീഴിൽ സോഷ്യൽ വർക്കറായി ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഡോ. മാത്യു. ജർമനിയിൽ എത്തിയ ആദ്യകാല മലയാളി കുടിയേറ്റക്കാർക്കും പ്രവാസി കുടുംബങ്ങൾക്കും കുട്ടികൾക്കും നേരിടേണ്ടി വന്ന നിരവധി സാമൂഹിക - നിയമ പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്.
മ്യുൻസ്റ്റർ രൂപതയിലെ ഔദ്യോഗിക പദവികൾക്കൊപ്പം ജർമൻ മലയാളി അസോസിയേഷനുകളുടെയും സഭാ കൂട്ടായ്മകളുടെയും വളർച്ചയിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. വത്സമ്മയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
സംസ്കാരം പിന്നീട്. ഡോ. മാത്യുവിന്റെ വേർപാടിൽ ജർമനിയിലെ വിവിധ മലയാളി സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.