സുല്‍ത്താന്‍ബത്തേരി: കര്‍ക്കടകം പകുതിയായിട്ടും മഴ കനിയാത്തതിനാല്‍ പാടങ്ങളില്‍ പൊടിവിതയുമായി നൂല്‍പ്പുഴ പുലിതൂക്കി പാടശേഖരത്തിലെ കര്‍ഷകര്‍.
മുന്‍കാലങ്ങളില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പുതുമഴയ്ക്കുശേഷം വയലുകളില്‍ നടത്തിയിരുന്നതാണ് പൊടിവിത. മെച്ചമില്ലാത്തതിനാലും പില്ക്കാലത്ത് മഴയെ ആശ്രയിച്ച് കൃഷിയിറക്കാന്‍ തുടങ്ങിയതോടെയുമാണ് പൊടിവിതയ്ക്ക് പ്രചാരം നഷ്ടമായത്. ഈ വര്‍ഷം കാലവര്‍ഷം തീര്‍ത്തും ദുര്‍ബലമായ സാഹചര്യത്തിലാണ് കര്‍ഷകര്‍ വീണ്ടും പൊടിവിത പരീക്ഷിക്കുന്നത്. ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതുമറിച്ച് മണ്ണ് പൊടിപ്പരുവത്തിലാക്കിയാണ് വിത്തേറ് നടത്തുന്നത്. തുടര്‍ന്ന് വീണ്ടും ട്രാക്ടര്‍ ഉപയോഗിച്ച് വിത്തടക്കം ഉഴുതുമറിക്കും.
വിത്തുകള്‍ മണ്ണിനടിയില്‍ പോകാനും കിളികള്‍ കൊത്തിയെടുക്കാതിരിക്കാനുമാണിത്. പൊടിവിത ഇപ്പോഴത്തെ കാലവസ്ഥയില്‍ എത്രത്തോളം വിജയം കാണുമെന്ന ആശങ്ക കര്‍ഷകര്‍ക്കുണ്ട്.