കോട്ടയം: അട വയ്ക്കാനുള്ള മുട്ടകള്‍ കിട്ടാനില്ലാതായതോടെ താറാവ് കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ ഉള്‍പ്പെടെ നിരവധി താറാവ് കര്‍ഷകരാണുള്ളത്. ചങ്ങനാശേരി, കുമരകം, ആര്‍പ്പൂക്കര, അയ്മനം, കല്ലറ, വൈക്കം, തലയാഴം മേഖലകളില്‍ ചെറുതും വലുതുമായ നിരവധി കര്‍ഷകരാണുള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് അട വച്ചു താറാവിന് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്ന മുട്ടകള്‍ ഇപ്പോള്‍ വിപണിയില്‍ കിട്ടാനില്ലാത്ത സാഹചര്യമാണ്.
കുറച്ചുകാലമായി കേരളത്തിലെ നാടന്‍ താറാവുകളെ തമിഴ്നാട്ടില്‍ എത്തിച്ചു വളര്‍ത്തിയാണ് അട മുട്ട ശേഖരിച്ചിരുന്നത്. കുറഞ്ഞ ചെലവില്‍ തീറ്റ ലഭിക്കുന്നതാണ് ഇതിനു കാരണം. ഇത്തരത്തില്‍ ലഭിക്കുന്ന മുട്ടകളാണ് ഇവിടത്തെ ഹാച്ചറികളില്‍ വിരിയിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം 10 രൂപയ്ക്കു ലഭിച്ചിരുന്ന അടമുട്ടയുടെ വില ഈ സീസണില്‍ 18 മുതല്‍ 20 രൂപ വരെയാണ്. മിക്കപ്പോഴും താറാവുമുട്ടയുടെ വിപണിവിലയെക്കാള്‍ അധികമായിരിക്കും അട വയ്ക്കുന്ന മുട്ടയുടെ വില. സാധാരണ താറാവിന് മുട്ടയ്ക്കു രണ്ടുമാസം മുമ്പു വരെ 11 രൂപയായിരുന്നതു വില വര്‍ധിച്ചു 15 രൂപയാണിപ്പോള്‍. വില വര്‍ധനയ്ക്കൊപ്പം മുട്ടയുടെ തൂക്കത്തിലും കുറവ് വന്നിട്ടുണ്ട്.
നേരത്തെ പാടശേഖരങ്ങളില്‍നിന്ന് സ്വാഭാവിക തീറ്റ ലഭിച്ചിരുന്നപ്പോള്‍ ഒരു മുട്ടയ്ക്കു 68 മുതല്‍ 70 ഗ്രാം വരെ തൂക്കമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മുട്ടയ്ക്കു 48 മുതല്‍ 50 ഗ്രാം വരെ തൂക്കമേയുള്ളു. ഏതാനും ദിവസങ്ങളായി വിപണിയില്‍ മുട്ടയുടെ ലഭ്യതയും വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.
തീറ്റച്ചെലവുംവര്ധിച്ചു
അടുത്ത നാളില്‍ തീറ്റച്ചെലവ് വര്‍ധിച്ചതും പാടശേഖരങ്ങളില്‍ നിന്ന് സ്വാഭാവിക തീറ്റ ലഭിക്കാത്തതും കര്‍ഷകര്‍ക്കു വലിയ തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പലരും കൃഷി ഉപേക്ഷിക്കാന്‍ നിര്ബന്ധിതരാകുന്നതിനിടയിലാണ് അട വയ്ക്കുന്ന മുട്ടയുടെ വില ഉയര്‍ന്നതും കിട്ടാനില്ലാത്ത സ്ഥിതിയുണ്ടായിരിക്കുന്നതും.
ആയിരം താറാവുകളുള്ള ഒരു കര്‍ഷകനു ദിവസേന തീറ്റയ്ക്കായി മാത്രം 6000 രൂപയിലധികം ചെലവാകും. ഇതിനുപുറമെ തൊഴിലാളിയുടെ കൂലിയും നല്‍കണം. വിപണിയില്‍ നിന്നും തീറ്റ വാങ്ങി താറാവുകൃഷി ലാഭകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്.
സാധാരണയായി താറാവുകള്‍ അഞ്ചു മാസം വളര്‍ച്ച എത്തുന്ന സയത്താണ് മുട്ടയിട്ടു തുടങ്ങുന്നത്. രണ്ടര മാസക്കാലം തുടര്‍ച്ചയായി മുട്ട ഇടും. തുടര്‍ന്നു തൂവല്‍ പൊഴിച്ചു തുടങ്ങും. ഇതിനുശേഷം 40 ദിവസം കഴിഞ്ഞാണ് പിന്നീടു മുട്ടയിട്ടു തുടങ്ങുന്നത്. ഒരു താറാവ് കുറഞ്ഞത് 2.5 വര്‍ഷം മുട്ടയിടും. അതിനുശേഷം ഇറച്ചിക്കായി വില്‍ക്കുകയാണ് ചെയ്യുന്നത്.
ഇതര സംസ്ഥാന ലോബി സജീവം
പുതിയ സീസണ് ആരംഭിക്കുന്ന സമയമായതിനാല്‍ ഇതര സംസ്ഥാന ലോബി കൂടുതല്‍ കുഞ്ഞുങ്ങളെ ഇവിടെ എത്തിച്ചു വില്പന നടത്താനുള്ള ശ്രമം നടത്തുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു. അടിയന്തരമായി താറാവ് കര്‍ഷകരുടെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
മുട്ടയ്ക്കു വില വര്‍ധിക്കുകയും അടുത്ത സീസണ് ആരംഭിക്കുകയും ചെയ്തതോടെ അധിക കുഞ്ഞുങ്ങളെ ഇറക്കി ലാഭം കൊയ്യാനുള്ള തമിഴ്നാട് ലോബിയുടെ ശ്രമമാണ് അട മുട്ടകള്‍ കിട്ടാനില്ലാത്തതിനു പിന്നിലെന്നും പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടു കര്‍ഷകര്‍ ഒപ്പിട്ട നിവേദനം കൃഷിമന്ത്രിക്കു നല്‍കുമെന്നും കര്‍ഷക കോണ്‍ഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.