ന്യൂഡൽഹി: കേരളത്തിലെയും തമിഴ്നാട്ടിലെയും അതിർത്തി പങ്കിടുന്ന അഗസ്ത്യമല പാരിസ്ഥിതിക മേഖലയിലെ സംരക്ഷിതവനങ്ങളിലുള്ള കൈയേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്.
വനം കൈയേറിയതായി കണ്ടെത്തിയ സർവീസിലുള്ളവരും വിരമിച്ചവരുമായ 118 സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ കർശനമായ അച്ചടക്ക-നിയമനടപടികൾ സ്വീകരിക്കാനും കോടതി നിർദേശിച്ചു.
മദ്രാസ് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുൻ ഉത്തരവുകൾ നിലനിൽക്കെതന്നെ കളക്കാട് മുണ്ടന്തുറൈ കടുവ സങ്കേതം, ശ്രീവില്ലിപുത്തൂർമേഘമലൈ കടുവ സങ്കേതം, കന്യാകുമാരി വന്യജീവി സങ്കേതം എന്നിവയുൾപ്പെടെയുള്ള അഗസ്ത്യമല മേഖലയിലെ കൈയേറ്റങ്ങൾ പതിറ്റാണ്ടുകളായി തുടരുന്നതായും വർധിച്ചുവരുന്നതായും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
കേവലം ഭരണപരമായ ഉത്തരവാദിത്വത്തിന്റെ പ്രശ്നം മാത്രമല്ലിതെന്നും മറിച്ച് പരിസ്ഥിതിപ്രാധാന്യമുള്ള മേഖലകളെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്റെ ഭരണഘടനാപരമായ ചുമതലയെയും ബാധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്നാട്ടിലെ റിസർവ് വനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പ്രശ്നങ്ങൾ ഉന്നയിച്ചുള്ള ഹർജിയിലാണു നടപടി.
കേന്ദ്ര ഉന്നതാധികാര സമിതി കഴിഞ്ഞ വർഷം ജൂലൈയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തമിഴ്നാട്ടിലെയും കേരളത്തിലെയും നിരവധി ജില്ലകളിലായി 3,500.36 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് അഗസ്ത്യമല പാരിസ്ഥിതികമേഖല വ്യാപിച്ചുകിടക്കുന്നത്.
തമിഴ്നാട്ടിലെ തേനി ജില്ലാ മജിസ്ട്രേറ്റ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ജില്ലയിലെ റിസർവ് വനങ്ങളിൽ മാത്രം 5,072.653 ഹെക്ടർ ഭൂമി കൈയേറിയിട്ടുണ്ട്. എന്നാൽ അതിൽ 1.8 ശതമാനം വനഭൂമി മാത്രമാണു തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുള്ളത്. മുൻകൂർ അനുമതിയില്ലാതെ വനഭൂമിക്കുള്ളിൽ 116 കെട്ടിടങ്ങൾ നിർമിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.