പെരിഞ്ഞനം: സ്വന്തം ഭാവി നിർണയിക്കാൻ ശേഷിയുള്ള പ്രാദേശിക സമൂഹങ്ങൾ ഉയർന്നുവരികയെന്നത് സമകാലിക രാഷ്ട്രീയ കടമയാണെന്ന് മുൻ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു.
ആരോഗ്യപ്രവർത്തകനും പൊതു പ്രവർത്തകനുമായിരുന്ന ഒ.എസ്. സത്യൻ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ലോക സാഹചര്യത്തിൽ ഒരു പ്രദേശത്തിനും ഒറ്റപ്പെട്ട് നിൽക്കാനാകില്ല. ലോകത്താകെയുള്ള ചലനങ്ങൾ പ്രദേശിക സമൂഹങ്ങളെ ബാധിക്കുന്നു. സാമ്പത്തികരംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ അസമത്വഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കാലാവസ്ഥാ മാറ്റം നമ്മുടെ ജീവിതസാഹചര്യത്തെ ദുഷ്കരമാക്കി തീർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പെരിഞ്ഞനം
ഗവ. യുപി സ്കൂളിൽ നടത്തിയ അനുസ്മരണ സമ്മേളനം കെ.കെ. വത്സരാജ് എംഎൽഎ ഉദ്ഘാടനംചെയ്തു. അനുസ്മരണ സമിതി ചെയർപേഴ്സൺ ഡോ.എൻ.ആർ. ഹർഷകുമാർ അധ്യക്ഷനായിരുന്നു. ടി.കെ. മീരാഭായ്, ഒ.എസ്. സത്യനെ അനുസ്മരിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് ബാബു മികച്ച ശുചിത്വ ഹരിത വിദ്യാലയങ്ങൾക്കുള്ള പുരസ്കാരങ്ങളും പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാജു കുട്ടികൾക്കുള്ള സമ്മാനങ്ങളും വിതരണംചെയ്തു. കെ.എസ്. ദിലീപ്, പി. രാധാകൃഷ്ണൻ, ജി.സി. രഘുനാഥ്, കൺവീനർ പി.ബി. സജീവ്, ടി.എസ്. സജീവൻ, എം.ഡി.ദിനകരൻ തുടങ്ങിയവർ പ്രസംഗിച്ചു.