ദീർഘവീക്ഷണമുള്ള ഭരണകർത്താക്കൾ എല്ലാ മതങ്ങളുടെയും പുണ്യദിനങ്ങൾ അവരുടേതു മാത്രമാക്കാതെ പൊതു അവധിയാക്കിയത് പരസ്പരം മനസിലാക്കാനും സഹവർത്തിത്വത്തെ ഊട്ടിയുറപ്പിക്കാനും സഹായിച്ചിട്ടുണ്ട്. പക്ഷേ, ക്രൈസ്തവർ വിശുദ്ധവാരമായി ആചരിക്കുന്ന ഓശാന മുതൽ ഈസ്റ്റർ വരെയുള്ള ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് പരിശീലനങ്ങളും പ്രവേശനപരീക്ഷകളുമൊക്കെ കുത്തിനിറച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
ഇത് എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമാകുന്ന പ്രഖ്യാപിത മതേതര നയമായിരുന്നെങ്കിൽ എല്ലാവർക്കും സ്വീകാര്യമാകുമായിരുന്നു. പക്ഷേ, അതല്ല കാണുന്നത്. സ്വതന്ത്ര ഇന്ത്യയിൽ മതവും ഭരണകൂടവും തമ്മിലുള്ള അകലം ഏറ്റവും കുറച്ച സർക്കാരാണ് ഇപ്പോഴുള്ളത്. പക്ഷേ, എല്ലാ മതങ്ങളെയും ചേർത്തുനിർത്തിയില്ല. അങ്ങനെയാണ് ന്യൂനപക്ഷങ്ങൾ മുന്പില്ലാത്ത അരക്ഷിതാവസ്ഥയിലായത്. വിശുദ്ധവാരത്തെ വന്ദിക്കാൻ സർക്കാരിനു ബാധ്യതയൊന്നുമില്ല. പക്ഷേ, ദയവായി നിന്ദിക്കരുത്!
രണ്ടു തലത്തിലാണു കേന്ദ്രതീരുമാനം ഉണ്ടായിരിക്കുന്നത്. ഒന്ന് വിദ്യാർഥികളെയും മറ്റൊന്നു ജീവനക്കാരെയും ബാധിച്ചു. എൻജിനിയറിംഗ് പ്രവേശനപരീക്ഷ (ജെഇഇ-മെയിൻ) ഈസ്റ്റർ ദിനത്തിൽ ഉൾപ്പെടെ വിശുദ്ധ വാരത്തിലെ പ്രധാന ദിവസങ്ങളിൽ നടത്താനാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) തീരുമാനിച്ചത്. പെസഹാവ്യാഴമായ ഏപ്രിൽ രണ്ട്, ദുഃഖശനിയായ ഏപ്രിൽ നാല്, ഈസ്റ്റർ ദിവസമായ ഏപ്രിൽ അഞ്ച് തുടങ്ങിയ പ്രധാന ദിനങ്ങളിലാണ് പരീക്ഷ. ഇതിനു പുറമേ ആറ്, എട്ട് തീയതികളിൽ പേപ്പർ ഒന്ന് (ബിഇ, ബിടെക്) നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ബിആർക്, ബി പ്ലാനിംഗ് എന്നിവയ്ക്കുള്ള പേപ്പർ രണ്ട് ഏപ്രിൽ ഏഴിന് നടത്തുമെന്നും എൻടിഎയുടെ പരീക്ഷാ സമയക്രമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രൈസ്തവരായ ജീവനക്കാർക്ക് പ്രവൃത്തിദിനമാക്കിയത് ഓശാനഞായറാഴ്ചയാണ്. അന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ് ജോലികൾക്കുള്ള പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ എന്നിവർക്ക് ഇലക്ഷൻ കമ്മീഷൻ നടത്തുന്ന ആദ്യഘട്ട പരിശീലനം സമാപിക്കുന്നത്. 24 മുതൽ 29 വരെ സംസ്ഥാനത്ത് വിവിധ പരിശീലനകേന്ദ്രങ്ങളിലാണ് ക്രമീകരണം.
എല്ലാവരുടെയും സൗകര്യം മാനിച്ച് ഞായറാഴ്ച പ്രവൃത്തിദിനമാക്കുന്നത് ആദ്യമല്ല. പക്ഷേ, ഓശാനയും ഈസ്റ്ററും ഉൾപ്പെടെ വിശുദ്ധ വാരത്തിലെ പ്രധാന ദിനങ്ങളെല്ലാം ക്രൈസ്തവർക്ക് ഉൾപ്പെടെ ഇത്തവണ വിലക്കിയിരിക്കുകയാണ്. ഏതാനും വർഷങ്ങളായി ഈസ്റ്ററും ക്രിസ്മസും ഉൾപ്പെടെയുള്ള ക്രൈസ്തവ വിശേഷദിനങ്ങളെ സംഘപരിവാർ കലുഷിതമാക്കിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ അതിന്റെ മറ്റൊരു പതിപ്പാകരുത്. ഇക്കഴിഞ്ഞ ക്രിസ്മസിന് രാജ്യമെങ്ങും, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾക്ക് അപ്രഖ്യാപിത വിലക്കായിരുന്നു. എല്ലാ മതങ്ങൾക്കും ഒരേ അവകാശമുള്ള രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾ അക്രമോത്സുകരായ തീവ്രഹിന്ദുത്വർ അലങ്കോലപ്പെടുത്തിയതും അക്രമം അഴിച്ചുവിട്ടതും സർക്കാരുകളുടെ കൺമുന്നിലായിരുന്നു.
ഉത്തരേന്ത്യയിൽ മിക്കയിടങ്ങളിലും, സ്നേഹഗീതങ്ങൾ പാടുന്ന കരോൾ സംഘങ്ങൾപോലും പുറത്തിറങ്ങരുതെന്നായിരുന്നു വർഗീയവാദികളുടെ തിട്ടൂരം. സന്യസ്തർ ഉൾപ്പെടെ എത്രയോ പേർ ഹിന്ദുത്വവിചാരണയ്ക്കും ആൾക്കൂട്ട ആക്രമണങ്ങൾക്കും ഇരയായി? ഇതൊക്കെയും ന്യായീകരിക്കാൻ ഏതാനും ക്രൈസ്തവരും ഉണ്ടായി. വർഗീയബാന്ധവം എത്ര ഹീനമായിട്ടാണ് മസ്തിഷ്കപ്രക്ഷാളനം നടത്തുന്നത്! ക്രിസ്മസ് ദിനത്തിൽ വാജ്പേയി ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജീവനക്കാർ എത്തണമെന്നാവശ്യപ്പെട്ടു ലോക് ഭവൻ കൺട്രോളർ സർക്കുലർ അയച്ചത് കഴിഞ്ഞ ക്രിസ്മസിനാണ്. വിവാദമായതോടെ നിർബന്ധമില്ലെന്നു തിരുത്തുകയായിരുന്നു.
വർഗീയ ആക്രമണങ്ങളും സർക്കാരുകളുടെ നിസംഗതയും മതരാഷ്ട്രങ്ങളിലെ ന്യൂനപക്ഷവിരുദ്ധ നിയമങ്ങൾക്കു സമാനമായ മതപരിവർത്തന നിരോധന നിയമങ്ങളുമൊക്കെ രാജ്യത്തെ സൗഹൃദാന്തരീക്ഷം തകർത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സർക്കാരിനു ദുരുദ്ദേശ്യമില്ലെന്നു വാദിച്ചാലും, വിശുദ്ധവാരാചരണത്തിൽ ക്രൈസ്തവർക്കു പങ്കെടുക്കാനാകാത്ത സ്ഥിതിയുണ്ടാകുന്നത് ആശങ്കയുണർത്തുന്നു. കാരണം, ഇത്തരം നടപടികൾ ചില പുണ്യദിനങ്ങൾക്കു മാത്രമേ ബാധകമാകുന്നുള്ളൂ. സംഘപരിവാറിനും ബിജെപിക്കും അനുഭാവികൾക്കും മാത്രം ബോധ്യപ്പെടുന്ന രീതിയിലല്ല ഇത്തരം തീരുമാനങ്ങൾ എടുക്കേണ്ടത്. പ്രവേശനപരീക്ഷ, തെരഞ്ഞെടുപ്പ് പരിശീലന തീയതികളിലെ തീരുമാനം മതേതരത്വത്തെയല്ല മതാധിഷ്ഠിത ചിന്തകളെയാണു പ്രതിഫലിപ്പിക്കുന്നതെന്നു തിരിച്ചറിഞ്ഞ് സർക്കാർ തിരുത്തണം. ക്രൈസ്തവരെയും ഈസ്റ്റർ ആചരണത്തിലും ആഘോഷങ്ങളിലും പങ്കെടുക്കുന്ന ഇതര മതസ്ഥരെയും മാനിക്കണം.
നമ്മുടേതു മതേതര രാജ്യമാണ്. നമുക്ക് നിരീശ്വരവാദികളും മതവിശ്വാസികളുമായ പ്രധാനമന്ത്രിമാരുണ്ടായിരുന്നു. പക്ഷേ, മതേതരത്വം അവർക്കു ജീവവായുവായിരുന്നു. ആ സമീപനം ജനാധിപത്യത്തെ ശക്തിപ്പെടുത്തിയിട്ടേയുള്ളൂ. എന്തിനാണ് അതിനെ നിന്ദിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്നത്? എല്ലാ വിശേഷദിവസങ്ങളും ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രൈസ്തവരെന്നോ വ്യത്യാസമില്ലാതെ ആചരിക്കുന്ന നാടിനെ ഓരോ തുരുത്തുകളിലേക്കു ചുരുക്കരുത്. കേരളത്തിലെ ബിജെപി നേതാക്കളും സ്ഥാനാർഥികളും ഉൾപ്പെടെ എല്ലാവരും ചിന്തിക്കേണ്ട കാര്യമല്ലേ ഇത്?