ആലപ്പുഴ: യോഗ്യതാ തീയതി 2027 ജനുവരി ഒന്ന് നിശ്ചയിച്ചുകൊണ്ടുള്ള വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ (സ്പെഷൽ സമ്മറി റിവിഷൻ – 2027) നടപടികളുടെ ഭാഗമായി കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു.പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ ആകെ 16,96,707 വോട്ടർമാരാണുള്ളത്. അതിൽ 8,17,689 പുരുഷന്മാരും 8,79,004 സ്ത്രീകളും 14 ട്രാൻസ് ജെൻഡർമാരും ഉണ്ട്.85 വയസിനു മുകളിലുള്ളവരുടെ എണ്ണം - 19,470, 18 വയസിനും 19 നും ഇടയിലുള്ള പുതിയ വോട്ടർമാരുടെ എണ്ണം - 10,224.
കരട് വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എല്ലാ വോട്ടർമാരും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ല കളക്ടർ ഷാജി വി. നായർ അറിയിച്ചു. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും പുതുതായി പേര് ചേർക്കാൻ അർഹതയുള്ളവർക്കും അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. കൂടാതെ, വോട്ടർപട്ടികയിലെ വിവരങ്ങളിൽ തിരുത്തലുകൾ ആവശ്യമായവർക്കും നിലവിലുള്ള എൻട്രികളുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളുള്ളവർക്കും നിശ്ചിത ഫോറങ്ങളിലൂടെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാവുന്നതാണ്.
12 മുതൽ ഡിസംബർ 11 വരെയാണ് അവകാശവാദങ്ങളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള കാലയളവ്. ഈ കാലയളവിനുള്ളിൽ അർഹരായവർക്ക് പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനും ഒഴിവാക്കലുകൾ ആവശ്യപ്പെടുന്നതിനുമുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
വോട്ടർപട്ടിക പരിശോധിക്കുന്നതിനും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വോട്ടർ സേവന പോർട്ടലായ https:// voters.eci.gov.in, ECI Net App എന്നിവ ഉപയോഗിക്കാവുന്നതാണ്. കൂടാതെ, ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഓമാർ), താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ സഹായം ലഭ്യമാകും.
വോട്ടർ പട്ടികകൾ പരിശോധിക്കുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്നതിനുള്ള വോട്ടർ സഹായ കേന്ദ്രങ്ങൾ വില്ലേജ് / താലൂക്ക് ഓഫീസുകളിൽ 14, 15, 22, 29 എന്നീ അവധി ദിവസങ്ങൾ ഉൾപ്പെടെ ഡിസംബർ 11 വരെ എല്ലാ ദിവസവും പ്രവർത്തിക്കും.
ജനാധിപത്യ പ്രക്രിയയിൽ അർഹരായ മുഴുവൻ പൗരന്മാരുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കരട് വോട്ടർപട്ടി രിശോധിച്ച് ആവശ്മായ അപേക്ഷകൾ സമയബന്ധിതമായി സമർപ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അഭ്യർഥിച്ചു. ജില്ല കളക്ടറുടെ ചേംബറിൽകൂടിയ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തിൽ കരട് വോട്ടർ പട്ടികയുടെ പ്രസിദ്ധീകരണ-കൈമാറ്റച്ചടങ്ങ് നടന്നു.
ചടങ്ങിൽ രാഷ്ട്രീയ കക്ഷി പ്രതിനിധികളും തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ കലാ ഭാസ്കർ, അമ്പലപ്പുഴ നിയോജക മണ്ഡലം ഇ.ആർ.ഓയും ഡെപ്യൂട്ടി കളക്ടറുമായ കെ.ആർ.മനോജ് എന്നിവരും പങ്കെടുത്തു.