ഇന്ത്യയിൽ എത്തുന്നത് മെഴ്സിഡസ് ബെൻസ് തങ്ങളുടെ ഐക്കോണിക് മോഡലായ സിഎൽഎ സമ്പൂർണ ഇലക്ട്രിക് പതിപ്പിൽ ഇന്ത്യയിലേക്ക് വീണ്ടും എത്തിക്കുന്നു.
ഏപ്രിൽ 24ന് വിപണിയിലെത്തുന്ന ഈ ലക്ഷ്വറി സെഡാന്റെ ബുക്കിംഗ് ആരംഭിച്ചു. 2020ൽ ഇന്ധന പതിപ്പ് നിർത്തലാക്കിയതിന് ശേഷമുള്ള ഒരു വലിയ തിരിച്ചുവരവാണിത്.
നിലവിലുള്ള എ ക്ലാസ് ലിമോസിൻ, ഇക്യുഎ, ഇക്യുബി എന്നിവയ്ക്ക് പകരമായി മെഴ്സിഡസ് ബെൻസിന്റെ ഏറ്റവും പുതിയ എൻട്രി ലെവൽ സെഡാനായി ഈ ഇലക്ട്രിക് സിഎൽഎ മാറും.
പുതിയ സിഎൽഎ ഇലക്ട്രിക് രൂപകൽപ്പന ചെയ്തിരിക്കുന്നത് അതീവ ആകർഷകമായ കൂപ്പെ സെഡാൻ ശൈലിയിലാണ്. വാഹനത്തിന്റെ മുൻഭാഗത്ത് തിളങ്ങുന്ന ബ്ലാക്ക് ക്ലോസ്ഡ് ഗ്രില്ലും അതിൽ പ്രകാശിക്കുന്ന ത്രീ-പോയിന്റഡ് സ്റ്റാർ ഡിസൈനുകളും നൽകിയിട്ടുണ്ട്.
സ്ലിം ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ച എൽഇഡി ഹെഡ്ലാമ്പുകളും ടെയിൽ ലാമ്പുകളും വാഹനത്തിന് ഒരു ആധുനിക ലുക്ക് നൽകുന്നു. വശങ്ങളിൽ ഫ്ലഷ് ഡോർ ഹാൻഡിലുകളും 18 ഇഞ്ച് എഎംജി അലോയ് വീലുകളും കാണാം.
ക്ലിയർ ബ്ലൂ, കോസ്മിക് ബ്ലാക്ക്, പോളാർ വൈറ്റ്, ആൽപൈൻ ഗ്രേ, പാറ്റഗോണിയ റെഡ് എന്നീ അഞ്ച് നിറങ്ങളിൽ വാഹനം ലഭ്യമാകും. 10.25 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേയും 14 ഇഞ്ച് സെൻട്രൽ ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവുമാണ് പ്രധാന ആകർഷണങ്ങൾ.
മെമ്മറി ഫംഗ്ഷനോട് കൂടിയ ഹീറ്റഡ് സീറ്റുകൾ, പനോരമിക് ഗ്ലാസ് റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും ഇതിലുണ്ട്. സുരക്ഷയുടെ കാര്യത്തിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി കാമറ, ലെവൽ 2 എഡിഎഎസ് തുടങ്ങിയവ ഉൾപ്പെടുത്തിയ ഈ വാഹനം യൂറോ എൻകാപ് സുരക്ഷാ പരിശോധനയിൽ 5സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യം എത്തുക സിഎൽഎ 250+ എന്ന വേരിയന്റായിരിക്കും. 85 kWh ബാറ്ററി പാക്കും 268 hp കരുത്തുള്ള മോട്ടോറുമാണ് ഇതിനുള്ളത്.
ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 792 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും വെറും 20 മിനിറ്റ് ചാർജ് ചെയ്താൽ 400 കിലോമീറ്റർ സഞ്ചരിക്കാനുള്ള കരുത്ത് ലഭിക്കുന്ന 240 kW ഫാസ്റ്റ് ചാർജിംഗും ഇതിൽ ലഭ്യമാണ്.
വെറും 6.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും.