പരവൂർ: റെയിൽവ സ്റ്റേഷനുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ അത്യാധുനികമാക്കുന്നതിന്റെ ഭാഗമായി ചെന്നൈ ഡിവിഷനിൽ ആർപിഎഫ് ഹൈടെക് ഇലക്ട്രിക് സ്കൂട്ടറുകൾ അവതരിപ്പിച്ചു.
ചെന്നൈ സെൻട്രൽ സ്റ്റേഷനിലാണ് ആദ്യഘട്ടത്തിൽ രണ്ട് ‘ഇലക്ട്രിക് ത്രീ വീലർ മൊബിലിറ്റി സ്കൂട്ടറുകൾ’ (ട്രൈക്കുകൾ) പട്രോളിംഗിനായി വിന്യസിച്ചത്.
തിരക്കേറിയ സ്റ്റേഷൻ പരിസരങ്ങളിൽ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ എത്തിച്ചേരാനും ജനക്കൂട്ടത്തെ ഫലപ്രദമായി നിയന്ത്രിക്കാനും ഈ സംവിധാനം സഹായകമാകും. ഇത് വിജയകരമാന്നങ്കിൽ രാജ്യത്തെ എല്ലാ സോണുകളിലേക്കും വ്യാപിപ്പിക്കാനാണ് റെയിൽവേ മന്ത്രാലയം തത്വത്തിൽ തീരുമാനം എടുത്തിട്ടുള്ളത്.
സവിശേഷതകൾ
പരിസ്ഥിതി സൗഹൃദമായ ഈ ഇലക്ട്രിക് സ്കൂട്ടറുകളിൽ സുരക്ഷാ പ്രവർത്തനങ്ങൾക്കായി ഒട്ടനവധി സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മണിക്കൂറിൽ പരമാവധി 15 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാം. തിരക്കേറിയ പ്ലാറ്റ്ഫോമുകളിലൂടെ സുരക്ഷിതമായി പട്രോളിംഗ് നടത്താൻ ഇത് അനുയോജ്യമാണ്.
സൈറൺ, പബ്ലിക് അഡ്രസ് സിസ്റ്റം, ജിപിഎസ് ട്രാക്കിംഗ്, ആർഎഫ്ഐഡി ( അധിഷ്ഠിത ഇഗ്നിഷൻ സിസ്റ്റം എന്നിവ വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ദീർഘദൂര പ്ലാറ്റ്ഫോമുകളിൽ നടന്നു പട്രോളിംഗ് നടത്തുന്നതിലൂടെയുള്ള ശാരീരിക ക്ഷീണം കുറയ്ക്കാനും അടിയന്തര സാഹചര്യങ്ങളിൽ ഉടൻ പ്രതികരിക്കാനും ഉദ്യോഗസ്ഥർക്ക് ഇതിലൂടെ സാധിക്കും.
ചെന്നൈ സെൻട്രലിലെ വിജയകരമായ വിന്യാസത്തിന് പിന്നാലെ, ഡിവിഷനിലെ മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കും ഈ സേവനം ഉടൻ തന്നെ വ്യാപിപ്പിക്കാൻ ആർപിഎഫ് ലക്ഷ്യമിടുന്നുണ്ട്. ചെന്നൈ എഗ്മോർ, താംബരം, ആരക്കോണം, ചെങ്കൽപ്പട്ട്, കാട്പാടി, തിരുവള്ളൂർ എന്നീ സ്റ്റേഷനുകളിൽ വൈകാതെ ട്രൈക്ക് സ്കൂട്ടറുകൾ എത്തും. ഉത്സവ സീസണുകളിലെയും മറ്റ് തിരക്കേറിയ സമയങ്ങളിലെയും സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ഈ പുത്തൻ സാങ്കേതികവിദ്യ വലിയ മുതൽക്കൂട്ടാകുമെന്നാണ് റെയിൽവേ അധികൃതരുടെ പ്രതീക്ഷ.